Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

925 പേർക്ക് കയറാവുന്ന മെട്രോയിൽ ഇടിച്ചു കയറിയത് 1500 പേർ; ടിക്കറ്റെടുത്തത് വെറും 200 പേർ മാത്രം; ക്രോസ് ബാറുകളും എസ്‌കലേറ്ററുകളും തകർത്തു; സ്‌റ്റേഷനുകൾക്ക് കേടുപാടുകൾ; ഉമ്മൻ ചാണ്ടിയുടെ ജനകീയ യാത്ര കൊച്ചി മെട്രോയ്ക്കുണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം

925 പേർക്ക് കയറാവുന്ന മെട്രോയിൽ ഇടിച്ചു കയറിയത് 1500 പേർ; ടിക്കറ്റെടുത്തത് വെറും 200 പേർ മാത്രം; ക്രോസ് ബാറുകളും എസ്‌കലേറ്ററുകളും തകർത്തു; സ്‌റ്റേഷനുകൾക്ക് കേടുപാടുകൾ; ഉമ്മൻ ചാണ്ടിയുടെ ജനകീയ യാത്ര കൊച്ചി മെട്രോയ്ക്കുണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും കന്നി മെട്രോയാത്ര ആഘോഷമാക്കാൻ തള്ളിക്കയറിയ കോൺഗ്രസുകാർ നിരവധി സ്റ്റേഷനുകളിലെ സംവിധാനങ്ങൾ തകർത്തു. ഇതു മൂലം ലക്ഷക്കണക്കിന് രൂപയുടെ നാശം ഉണ്ടായെന്നാണ് കെ എം ആർ എല്ലിന്റെ പ്രാധമിക വിലയിരുത്തൽ. ടിക്കറ്റെടുക്കാതെ കള്ളവണ്ടി യാത്ര ചെയ്തവരും ഏറെയാണ്. സ്റ്റേഷനുകൾ തകർക്കുകയും മെട്രോ സർവീസ് തടസ്സപ്പെടുത്തുകയും ചെയ്തു.

നിയമവിരുദ്ധമായി സ്റ്റേഷനുകളിൽ പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവം അന്വേഷിക്കാൻ കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. മൂന്നുദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മെട്രോ അധികൃതർ യാത്രയുടെ സംഘാടകരോട് വിശദീകരണം ചോദിക്കും. സി.പി.എം നേതൃത്വം ഇക്കാര്യത്തിൽ പരാതിപ്പെട്ടിരുന്നു. യുഡിഎഫ് പ്രവർത്തകരുടെ തള്ളിക്കയറ്റത്തിൽ നിരവധി സ്റ്റേഷനുകൾക്ക് കേടുപാടു സംഭവിച്ചുവെന്നാണ് പരാതി.

ഇത് പ്രാഥമികമായി കെ എം ആർ എല്ലും ശരിവയ്ക്കുകയാണ്. പ്രവേശന കൗണ്ടറിലെ ക്രോസ്ബാറുകൾ തകർത്തു. എസ്‌കലേറ്റർ കേടാക്കി. സുരക്ഷാ പരിശോധനയ്ക്കുള്ള മെറ്റൽ ഡിറ്റക്ടറുകൾ തിരക്കിൽ ഇളകിയാടി. ഓട്ടോമാറ്റിക് ഫെയർ കലക്ഷൻ ഗേറ്റുകൾ തുറന്നുവയ്‌ക്കേണ്ടിവന്നു. പ്രവർത്തകർ ഇടിച്ചുകയറിയതോടെ എസ്‌കലേറ്ററുകൾ സ്തംഭിച്ചു. സുരക്ഷാ പരിശോധനകൾ ഒന്നുമില്ലാതെ യുഡിഎഫ് പ്രവർത്തകർ മെട്രോ സ്റ്റേഷനിലേക്ക് ഇടിച്ചുകയറി. അപകടകരമായ രീതിയിൽ പ്‌ളാറ്റ്‌ഫോമിൽവരെ തിരക്കും ബഹളവുമായി.

തിരക്കിനിടെ പലരും പ്‌ളാറ്റ്‌ഫോമിലെ മഞ്ഞവര മറികടന്ന് ട്രാക്കിനടുത്ത് എത്തിയത് കനത്ത അപകടഭീഷണി ഉയർത്തി. സുരക്ഷാജീവനക്കാരുടെ നിർദ്ദേശം വകവച്ചില്ല. 925 പേർക്ക് കയറാവുന്ന മെട്രോയിൽ 1500 പേർ ഇടിച്ചു കയറി. ഇതിൽ 200 പേർ മാത്രമാണ് ടിക്കറ്റെടുത്തത്. സാധാരണ യാത്രക്കാർ മൊടയിൽ കയറാനാകാതെ വലഞ്ഞു. സ്റ്റേഷനിൽ മുദ്രാവാക്യംവിളി പാടില്ലെന്നാണ് ചട്ടം. ഇതു സൂചിപ്പിച്ച് തുടരെ അറിയിപ്പു നൽകിയെങ്കിലും ഒരുമണിക്കൂറോളം സ്റ്റേഷനുകളിൽ കോൺഗ്രസുകാർ മുദ്രാവാക്യം വിളിച്ചു.

മെട്രോ നിർമ്മാണം പൂർത്തിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണെന്ന് അവകാശപ്പെട്ടും ഉദ്ഘാടനച്ചടങ്ങിൽ നേതാക്കളെ അവഗണിച്ചെന്നും പറഞ്ഞാണ് യുഡിഎഫ് സംഘം യാത്ര സംഘടിപ്പിച്ചത്. ആലുവ സ്റ്റേഷന്മുതൽ മെട്രോ നിയമത്തിനു വിരുദ്ധമായാണ് പ്രവർത്തകർ പെരുമാറിയത്. ആലുവ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. സ്റ്റേഷനുകളിൽ പ്രകടനം നടത്തിയതും മുദ്രാവാക്യം വിളിച്ചതും 1000 രൂപവരെ പിഴയും ആറുമാസംവരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. മറ്റു യാത്രക്കാർക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടായാൽ 500 രൂപയാണ് പിഴ. മെട്രോയുടെ സാധാരണ രീതിയിലുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് ശിക്ഷാർഹമാണ്.

ആലുവ സ്റ്റേഷനിലേതു കൂടാതെ മറ്റു സ്റ്റേഷനുകളിലും പ്രവർത്തകർ ഇടിച്ചുകയറാൻ ശ്രമിച്ചെന്നും ഇതും സാങ്കേതികപ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും കെഎംആർഎൽ അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP