Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഷ്യാനെറ്റ് സൂം ചെയ്തു കണ്ടെത്തിയത് ഏലസ്സല്ല!!! അതു പ്രമേഹ നിയന്ത്രണത്തിനുള്ള ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനമെന്ന് ഇടതുകേന്ദ്രങ്ങൾ; പയ്യന്നൂർ പ്രസംഗത്തിനിടെ കോടിയേരിയുടെ കക്ഷത്തിൽ കണ്ടെത്തിയ 'ഏലസ്' പ്രമേഹ രോഗ വിദഗ്ധൻ ജ്യോതിദേവ് നൽകിയതെന്നു വിശദീകരണം

ഏഷ്യാനെറ്റ് സൂം ചെയ്തു കണ്ടെത്തിയത് ഏലസ്സല്ല!!! അതു പ്രമേഹ നിയന്ത്രണത്തിനുള്ള ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനമെന്ന് ഇടതുകേന്ദ്രങ്ങൾ; പയ്യന്നൂർ പ്രസംഗത്തിനിടെ കോടിയേരിയുടെ കക്ഷത്തിൽ കണ്ടെത്തിയ 'ഏലസ്' പ്രമേഹ രോഗ വിദഗ്ധൻ ജ്യോതിദേവ് നൽകിയതെന്നു വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനെറ്റിനും ചിത്രം വിചിത്രത്തിനും തെറ്റി. ഏഷ്യാനെറ്റ് ക്യാമറാമാൻ സൂം ചെയ്തു കണ്ടെത്തിയതും സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചതുമായ 'കോടിയേരിയുടെ ഏലസ്' ഏലസ്സല്ല. പ്രമേഹരോഗിയായ കോടിയേരി ബാലകൃഷ്ണനെ രക്ഷിക്കാൻ ജ്യോതിദേവ് എന്ന പ്രമേഹ ചികിത്സാ വിദഗ്ധൻ നൽകിയ കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ് സംവിധാനമാണ്കോ ടിയേരിയുടെ കൈയിലുള്ളത്.

ഏഷ്യാനെറ്റിന്റെ ചിത്രം വിചിത്രത്തെ ഉദ്ധരിച്ചു സോഷ്യൽ മീഡിയ കോടിയേരിക്കും സിപിഎമ്മിനുമെതിരെ 'ഏലസ് വിവാദം' ആഘോഷമാക്കിയതോടെയാണ് കോടിയേരി ഈ ഉപകരണം പ്രദർശിപ്പിച്ചു കൊണ്ടുള്ള ചിത്രം അടക്കമുള്ള വിശദീകരണം സിപിഐ(എം) കേന്ദ്രങ്ങൾ പുറത്തുവിട്ടത്.

കമ്മ്യൂണിസ്‌റ് നേതാക്കൾക്കു രോഗചികിത്സാമാർഗം പോലും അനുവദനീയമല്ല എന്ന ഹീനമായ മാനസികാവസ്ഥയുടെ ഉല്പന്നമാണ് ഏഷ്യാനെറ്റിന്റെ ഈ ആക്ഷേപമെന്നാണ് സിപിഐ(എം) അനുഭാവികൾ പറയുന്നത്. ഇക്കാര്യത്തെക്കുറിച്ചു നിങ്ങൾക്ക് അന്വേഷിക്കാമെന്നും അതു രക്ഷ തന്നെയാണോ എന്നു ചോദിക്കാമെന്നും പാർട്ടി പ്രവർത്തകർ പറയുന്നു.

കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിട്ടറിങ് ഡയലിങ് എന്ന സംവിധാനമാണു കോടിയേരിയുടെ കൈയിൽ ഘടിപ്പിച്ചിരിക്കുന്നത്. പ്രമേഹരോഗ വിദഗ്ധനായ ഡോ. ജ്യോതിദേവ് കേശവദേവ് ആണ് ഏഷ്യാനെറ്റിന്റെ ഭാഷയിലുള്ള ഈ 'മാന്ത്രിക ഏലസ്' ചികിത്സയ്ക്ക് വേണ്ടി നൽകിയത്. കോടിയേരി അതിളകിപ്പോകാതിരിക്കാൻ ഒരു സെലോടേപ്പ് മുകളിലൂടെ ഒട്ടിച്ചു. അത് ഒരപരാധമാണോ എന്നാണു സിപിഐ(എം) അണികൾ ചോദിക്കുന്നത്.

'നിങ്ങള്ക്ക് അന്വേഷിക്കാം, അത് രക്ഷ തന്നെയാണോ എന്ന് ചോദിക്കാം, മറ്റെന്താണ് എന്ന് ഉറപ്പു വരുത്താം, ഡോക്ടർ ജ്യോതി ദേവിനെ സമീപിക്കാം, ഇത്തരം ഒരുപകരണം ലഭ്യമാണോ എന്നാരായാം. അത് എവിടെയൊക്കെ ഘടിപ്പിക്കും എന്ന് ഉറപ്പു വരുത്താം. ഇവിടെ ചെയ്തത്, ആർ എസ് എസിനെതിരെ ശക്തമായി പ്രതികരിച്ച കോടിയേരി, അത്തരം പ്രതികരണം നടത്താൻ യോഗ്യനല്ല എന്ന് വരുത്തി തീർക്കാനുള്ള വ്യക്തിഹത്യയാണ്. അതിനു മാപ്പില്ല.'- ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് വിശദീകരണക്കുറിപ്പിൽ പറയുന്നു.

'എം ജി രാധാകൃഷ്ണൻ ആണ് ഏഷ്യാനെറ്റിന്റെ വാർത്താ വിഭാഗം തലവൻ. മാന്യത നിലനിർത്തുന്നുന്നുണ്ടെങ്കിൽ, ഈ വാർത്തയുടെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോർട് ചെയ്യാനും തെറ്റായ വാർത്ത കൊടുത്തവർക്ക് ഉചിതമായ ശിക്ഷ നൽകാനും തയാറാകണം. നിങ്ങളുടെ ചാനൽ വിസർജിച്ച മാലിന്യം കമ്മ്യൂണിസ്‌റ് പാർട്ടിയുടെ ശത്രുക്കൾ ആഘോഷമായി ഏറ്റെടുത്തതിനു പകരമായി ഒന്നും ചെയ്യാനാവില്ല എന്നറിയാം. എന്നാൽ, മിനിമം മര്യാദ, തെറ്റ് തിരുത്താനുള്ള ആർജവം-അത് പ്രതീക്ഷിക്കാമോ? ഇന്നാട്ടിലെ, കമ്മ്യൂണിസ്‌റ് പാർട്ടിയെ സ്‌നേഹിക്കുന്ന കലക്ഷങ്ങളോട്, സഖാവ് കോടിയേരിയോട്, മാപ്പ് എന്നൊരു വാക്കു പറയുമെന്നു പ്രതീക്ഷിക്കാമോ? ഇനി അതല്ല, താങ്കളുടെ ക്രൂവിനെ, കമ്മ്യൂണിസ്റ്റുകാരുടെ അടിവസ്ത്രത്തിലേക്ക് കണ്ണോടിക്കാൻ ഇനിയും വിടുമോ?' എന്നും മനോജ് ചോദിക്കുന്നു.

ഏലസല്ലെന്നും മടങ്ങിയ ബനിയന്റെ തുമ്പാണിതെന്നും പറഞ്ഞു നേരത്തെ സിപിഐ(എം) അണികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, വ്യക്തമായ ചിത്രം സഹിതമാണ് ഇപ്പോൾ പി എം മനോജിന്റെ ഫേസ്‌ബുക്ക് പേജിൽ വിശദീകരണം വന്നിരിക്കുന്നത്. 

ഇക്കാര്യം കോടിയേരി ബാലകൃഷ്ണനും മാദ്ധ്യമങ്ങളോടു വ്യക്തമാക്കി. കോടിയേരിക്ക് ഉപകരണം പിടിപ്പിച്ച ഡോ. ജ്യോതിദേവും ഇക്കാരം സ്ഥിരീകരിച്ചതോടെ ഏഷ്യാനെറ്റിന്റെ കണ്ടെത്തൽ പൊളിഞ്ഞു. പാർട്ടി നേതാവിന്റെയും ഡോക്ടറുയെും സ്ഥിരീകരണം വന്നതിനു പിന്നാലെ മൂന്നു വണി വാർത്താബുള്ളറ്റിനിൽ ഇക്കാര്യം ഏഷ്യാനെറ്റും റിപ്പോർട്ടു ചെയ്തു.

പ്രമേഹരോഗിയായ താൻ ശരീരത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കാൻ ഉപയോഗിക്കുന്ന ചിപ്പാണ് കൈയിൽ കെട്ടിയിരിക്കുന്നതെന്നും തന്നെ കരിവാരിത്തേക്കാനാണ് ചില മാദ്ധ്യമങ്ങൾ ഏലസ് പ്രചാരണത്തിലൂടെ ശ്രമിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റീസ് സെന്ററിൽ ചികിത്സയിലാണ് താൻ. ഒരാഴ്ചമുമ്പാണ് ശരീരത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിരന്തരം പരിശോധിക്കാൻ ചിപ്പ് ഉപയോഗിക്കാൻ തുടങ്ങിയത്. അത് ശരീരത്തോടു ഘടിപ്പിക്കാനാണ് കൈയിൽ കെട്ടിയത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനമായ കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിട്ടറിങ് ഡയറിയുടെ ഭാഗമായുള്ള ചിപ്പാണ് അത്.

ഇതാണ് ചാനലിന്റെ പരിപാടിയിൽ താൻ ഏലസ് കെട്ടിയിട്ടുണ്ടെന്ന പേരിൽ നൽകിയത്. മാദ്ധ്യമങ്ങൾ സംഭവങ്ങളെ വളച്ചൊടിക്കുന്നതു പതിവാണ്. ഇക്കാര്യത്തിൽ കാട്ടിയതു ശരിയായില്ലെന്നും കോടിയേരി പറഞ്ഞു.

ഒരാഴ്ച മുമ്പാണ് ചിപ്പ് ഉപയോഗിക്കാൻ തുടങ്ങിയത്. രണ്ടാഴ്ച കഴിയുമ്പോൾ ഇതെടുത്തുമാറ്റി രക്തസമ്മർദവും പ്രമേഹവും പരിശോധിക്കും. ഇതിന്റെ ഫലം പരിശോധിച്ചാണ് ഇപ്പോഴത്തെ മരുന്നിന്റെ അളവ് കുറയ്ക്കണോ കൂട്ടണോ എന്നും ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങളും തീരുമാനിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കാൻസർ പോലെ തന്നെ മാരകമായ അസുഖമാണ് പ്രമേഹം. നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് (NCD) കാറ്റഗറിയിൽ പെടുന്നവയാണ് ഇവ. ഒരു സൈലന്റ് കില്ലർ എന്നറിയപ്പെടുന്ന ഈ രോഗം നിസ്സാരവൽക്കരിക്കുന്നത് അപകടമാണ് എന്നതാണു വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP