Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറബിയുടെ പീഡനവും അജ്ഞാത വാസവും; ഫോൺ വിളി പോലും നിഷേധിച്ചു; ഇമാനോട് ദുരിതം വിവരിച്ചത് ആംഗ്യഭാഷയിൽ; കരിപ്പൂരിൽനിന്ന് വ്യാജപാസ്‌പോർട്ടിൽ കുവൈറ്റിലേക്ക് 'ചവിട്ടിക്കയറ്റിയ' വീട്ടമ്മയെ കണ്ടെത്തിയത് സ്‌നേഹക്കൂട്ടായ്മ; കൊടുമൺ സ്വദേശിനി മണിയുടെ ദുരിത കഥ

അറബിയുടെ പീഡനവും അജ്ഞാത വാസവും; ഫോൺ വിളി പോലും നിഷേധിച്ചു; ഇമാനോട് ദുരിതം വിവരിച്ചത് ആംഗ്യഭാഷയിൽ; കരിപ്പൂരിൽനിന്ന് വ്യാജപാസ്‌പോർട്ടിൽ കുവൈറ്റിലേക്ക് 'ചവിട്ടിക്കയറ്റിയ' വീട്ടമ്മയെ കണ്ടെത്തിയത് സ്‌നേഹക്കൂട്ടായ്മ; കൊടുമൺ സ്വദേശിനി മണിയുടെ ദുരിത കഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മനുഷ്യക്കടത്ത് റാക്കറ്റിന്റെ കൈയിൽപ്പെട്ട് രണ്ടു വർഷമായി കുവൈറ്റിൽ വീട്ടുതടങ്കലിൽ ക്രൂരപീഡനങ്ങൾ അനുഭവിച്ചു കഴിഞ്ഞിരുന്ന വീട്ടമ്മയെ ഒടുവിൽ കണ്ടെത്തി. സ്‌നേഹക്കൂട്ടം എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകർ കണ്ടെത്തിയ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൊടുമൺ ഐക്കാട് മഠത്തിനാൽ മേലേതിൽ നാരായണന്റെ ഭാര്യ പി. മണിയെ(42) ആണ് കണ്ടെത്തിയിരിക്കുന്നത്.

പട്ടിണിയിലും ജീവിത പ്രാരബ്ധങ്ങളിലും കഴിഞ്ഞു വന്ന വീട്ടമ്മയെ മെച്ചപ്പെട്ട ശമ്പളം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്തിയ വാർത്ത മറുനാടൻ പുറത്തു വിട്ടിരുന്നു. കുവൈറ്റിലേക്കാണ് കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ ഇങ്ങനെ ഒരാൾ അവിടില്ലെന്ന് ഇന്ത്യൻ എംബസിയും വ്യക്തമാക്കി. പിന്നീട് നടന്ന അന്വേഷണത്തിലാണ് മണിയെ പാസ്‌പോർട്ടിൽ തല വെട്ടിമാറ്റിയാണ് കൊണ്ടുപോയതെന്ന കാര്യം വ്യക്തമായത്.

നെടുമ്പാശേരി, തിരുവനന്തപുരം എന്നീ എയർപോർട്ടുകൾ തൊട്ടടുത്തുണ്ടായിരിക്കേ കരിപ്പൂരിൽ നിന്നുമാണ് ഇവരെ കയറ്റി വിട്ടത്. 2015 ജൂൺ 18 നാണ് മണി കുവൈറ്റിലേക്ക് ആയയുടെ ജോലിക്ക് പോയത്. 25,000 രൂപ മാസശമ്പളം വാഗ്ദാനം ചെയ്ത് പത്തനാപുരം സ്വദേശിയായ ബാലൻപിള്ള എന്നയാളാണ് ഇവരെ സമീപിച്ചത്. ബാലൻപിള്ളയുടെ ശിപാർശ പ്രകാരം കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് മണിയെ കൊണ്ടുപോയത്. കരിപ്പൂരിൽ നിന്നാണ് വിമാനം കയറിയത്. ആദ്യ മൂന്നുമാസം മണി വിളിക്കുകയും പൈസ അയയ്ക്കുകയും ചെയ്തിരുന്നു. പിന്നെ വിവരമൊന്നുമില്ലാതായി.

സ്‌നേഹക്കൂട്ടം എന്ന സംഘടന നടത്തിയ ഇടപെടലുകൾ ക്കൊടുവിലാണ് അറബിയുടെ തടവറയിൽ നിന്ന് മണി മോചിപ്പിക്കപ്പെട്ടത്. ഇവർ കുവൈറ്റിലെ ഇന്ത്യൻ എംബസിയിലാണിപ്പോൾ. ഒരു മാസത്തിനകം ഇവർ നാട്ടിൽ തിരിച്ചെത്തും. കുവൈറ്റിലേക്കുള്ള ടിക്കറ്റിനും മറ്റുമായി ബാലൻപിള്ള, മണിയിൽ നിന്നും ആദ്യം 25,000 രൂപ വാങ്ങിയിരുന്നു. പിന്നീട് കമ്മിഷൻ ഇനത്തിൽ 8,000 രൂപയും കൈപ്പറ്റി. തുടർന്നാണ് മണി കുവൈറ്റിലെത്തിയത്. വിമാനത്താവളത്തിൽ ഷംസുദ്ദീൻ ഇവരെ സ്വീകരിച്ച ശേഷം അജ്ഞാതസ്ഥലത്തേക്ക് കൊണ്ടുപോയി.

അടച്ചിട്ടിരുന്ന ഒരു മുറിയിൽ മണി രണ്ടു ദിവസം താമസിച്ചു. ഒടുവിൽ മൻസൂർ -അൽ സിമാരി എന്ന അറബിക്ക് ഇവരെ കൈമാറി. മൂന്നുമാസം ഇയാളുടെ വീട്ടിൽ പ്രശ്‌നങ്ങൾ കൂടാതെ കഴിഞ്ഞു. ഈ കാലയളവിൽ 30,000 രൂപ മണി വീട്ടിലേക്ക് അയച്ചു. പിന്നീട് ഒന്നര വർഷക്കാലം ഇവരെപ്പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. വീട്ടിലേക്ക് വിളിച്ചിട്ടുമില്ല. മണിയുടെ രണ്ടുകുട്ടികൾ ഇലന്തൂരുള്ള അനുജത്തി പൊന്നമ്മക്കൊപ്പമാണ് താമസിച്ചുവന്നത്. ഇവർ മണിയുമായി ബന്ധപ്പെടുന്നതിന് പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല.

ഈ സമയം അറബിയുടെ പീഡനം മൂലം സഹികെട്ട് കുവൈറ്റിലെ അജ്ഞാതമായ സ്ഥലത്ത് കഴിഞ്ഞുകൂടുകയായിരുന്നു മണി. നാലു ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഫോൺ വിളിക്കാൻ പോലും അനുവാദമില്ലായിരുന്നു. ഒരിക്കൽ ലഭിച്ച അവസരം മുതലാക്കി അവർ ഇലന്തൂരിലുള്ള സഹോദരി പൊന്നമ്മയെ വിളിച്ചു. കാര്യം പറഞ്ഞു. ഒന്നര വർഷക്കാലം പിന്നെയും മണിയെപ്പറ്റി വിവരമൊന്നും ഉണ്ടായില്ല. ഒടുവിൽ പൊന്നമ്മയും മണിയുടെ കുട്ടികളും വിവരം സ്‌നേഹക്കൂട്ടം പ്രവർത്തകരെ അറിയിച്ചു. സ്‌നേഹക്കൂട്ടം ഡയറക്ടർ മഞ്ജു വിനോദ് ഗൾഫിലുള്ള പ്രവാസി ഫെഡറേഷനുമായി ബന്ധപ്പെട്ടു.

തുടർന്ന് കുവൈറ്റിലും സൗദി അറേബ്യയിലുമുള്ള നിരവധി സംഘടനകൾക്ക് ഇ-മെയിൽ സന്ദേശം നൽകി. ഈ അവസരത്തിൽ സൗദി അറേബ്യയിലുള്ള സാമൂഹിക പ്രവർത്തകൻ മുരളിയും കുവൈറ്റിലുള്ള അനൂപ് വാസുവും സഹായിക്കാനായി രംഗത്തെത്തി. അവർ കുവൈറ്റ് എംബസിയുമായി ബന്ധപ്പെട്ട് പരാതി നൽകി. ഇതിനിടെ മഞ്ജു വിനോദ് കേന്ദ്ര വിദേശമന്ത്രാലയം, സംസ്ഥാന മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, നോർക്ക ഭാരവാഹികൾ എന്നിവരഅടക്കം നിരവധി പേരുമായി ബന്ധപ്പെട്ടു. അന്വേഷണം വ്യാപിച്ചതോടെ മൻസൂർ-അൽ സിമാരി, മണിയെ സ്വന്തം വീട്ടിൽ നിന്നും മാറ്റി ബന്ധുവായ ഇമാൻ എന്ന യുവതിയുടെ വീട്ടിൽ പാർപ്പിച്ചു.

ഇമാനോട് ആംഗ്യഭാഷയിൽ തനിക്കുണ്ടായ ദുരിതം മണി വിവരിച്ചു. ഇമാനാണ് മണി തന്റെ അരികിലുണ്ടെന്ന വിവരം സ്‌നേഹക്കൂട്ടം പ്രവർത്തകരെയും ഇലന്തൂരിലുള്ള പൊന്നമ്മയേയും അറിയിച്ചത്. എങ്ങനെയെങ്കിലും മണിയെ ഇന്ത്യൻ എംബസിയിൽ ഏൽപ്പിക്കാൻ സ്‌നേഹക്കൂട്ടം പ്രവർത്തകർ ഇമാനെ നിർബന്ധിച്ചു. അങ്ങനെയാണ് കഴിഞ്ഞ ദിവസം മണിയെ ഇന്ത്യൻ എംബസിക്ക് കൈമാറിയത്. നിലവിൽ ഇവരുടെ കൈവശം പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ല. അതെല്ലാം അറബിയുടെ പക്കലാണ്. ഒരു മാസത്തിനുള്ളിൽ മണി തിരികെ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ.

മണി കുവൈറ്റിലേക്ക് പോയതിന് പിന്നാലെ മക്കളായ നന്ദകുമാറിനെയും നന്ദുജയെയും ഉപേക്ഷിച്ച് പിതാവ് നാരായണനും സ്ഥലം വിട്ടു. പിന്നെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഈ കുട്ടികൾക്ക് നേരെ സ്‌നേഹക്കൂട്ടം പ്രവർത്തകർ കരം നീട്ടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP