Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളക്കാരന്റെ മുഖത്തു നോക്കി ശശി തരൂർ പറഞ്ഞതൊക്കെ വെറുതെയായി; കോഹിനൂർ രത്‌നം ബ്രിട്ടന്റെയാണെന്നു സമ്മതിച്ചു കേന്ദ്രസർക്കാർ; രാജ്ഞിയുടെ കിരീടത്തിലെ 105 കാരറ്റ് രത്‌നത്തെക്കുറിച്ചുള്ള മോഹം ഇനി ഉപേക്ഷിക്കാം

വെള്ളക്കാരന്റെ മുഖത്തു നോക്കി ശശി തരൂർ പറഞ്ഞതൊക്കെ വെറുതെയായി; കോഹിനൂർ രത്‌നം ബ്രിട്ടന്റെയാണെന്നു സമ്മതിച്ചു കേന്ദ്രസർക്കാർ; രാജ്ഞിയുടെ കിരീടത്തിലെ 105 കാരറ്റ് രത്‌നത്തെക്കുറിച്ചുള്ള മോഹം ഇനി ഉപേക്ഷിക്കാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകസമ്പത്തിന്റെ കാൽഭാഗം ഉണ്ടായിരുന്ന ഇന്ത്യയിൽ നിന്ന് കോഹിനൂർ രത്‌നമുൾപ്പെടെയുള്ളവ കൊള്ളയടിച്ചുകൊണ്ടു പോയി എന്ന് ബ്രിട്ടനിൽ നടന്ന സംവാദത്തിൽ ശശി തരൂർ എംപി തുറന്നടിച്ചതൊക്കെ വെറുതെയായി. കോഹിനൂർ രത്‌നം ബ്രിട്ടന്റെയാണെന്നു തുറന്നുസമ്മതിച്ചിരിക്കുകയാണു കേന്ദ്രസർക്കാർ.

രത്‌നം മോഷ്ടിച്ചോ ബലം പ്രയോഗിച്ചോ ഇന്ത്യയിൽ നിന്നു കൊണ്ടു പോയതല്ല എന്നാണു കേന്ദ്ര സർക്കാർ പറയുന്നത്. സുപ്രീം കോടതിയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്.

അതിനാൽ തന്നെ ഇനി ലോകപ്രശസ്തമായ കോഹിനൂർ രത്‌നത്തിനായി അവകാശം ഉന്നയിക്കില്ലെന്നാണു കേന്ദ്രസർക്കാരിന്റെ വാദം. മഹാരാജാ രഞ്ജിത്ത് കുമാർ കോഹിനൂർ രത്‌നം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയതാണെന്നാണു സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. ഇക്കാര്യം സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റ് ജനറൽ രഞ്ജിത്ത് കുമാറാണു സാംസ്‌കാരിക മന്ത്രാലയത്തിന്റെ തീരുമാനമായി കോടതിയെ അറിയിച്ചത്. നേരത്തെ പാക്കിസ്ഥാനും കോഹിനൂർ രത്‌നത്തിൽ അവകാശമുന്നയിച്ചു രംഗത്തെത്തിയിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 9നാണു രത്‌നം തിരികെ കൊണ്ടുവരുന്നതിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ആറാഴ്ചയ്ക്കുള്ളിൽ വ്യക്തമായ മറുപടി അറിയിക്കാനും നിർദ്ദേശിച്ചിരുന്നു. ഇതെത്തുടർന്നാണു കേന്ദ്രം സുപ്രീം കോടതിയിൽ നിലപാടു വ്യക്തമാക്കിയത്.

ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ടത്. രത്‌നം തിരികെ കൊണ്ടുവരാൻ സർക്കാർ ഒരു ശ്രമവും നടത്തുന്നില്ലെന്ന് ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. 1850ൽ ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ നിർബന്ധപ്രകാരമാണ് കോഹിനൂർ രത്‌നം വിക്ടോറിയ രാജ്ഞിക്ക് സമ്മാനിച്ചത്. 105 കാരറ്റ് രത്‌നം തിരികെ കൊണ്ടുവരണമെന്ന് ജനങ്ങൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 2013ൽ കോഹിനൂർ തിരികെ നൽകണമെന്ന ആവശ്യം ബ്രിട്ടീഷ് ഗവൺമെന്റ് തള്ളിക്കളഞ്ഞിരുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിധ്യത്തിന്റെ 400 വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിലാണ് 2014 സെപ്റ്റംബറിൽ ശശി തരൂർ ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞു കിടന്ന സത്യങ്ങൾ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ തയ്യാറായത്. ജഹാംഗീറിന്റെ കൊട്ടാരത്തിൽ 1614 ൽ കിങ് ജെയിംസ് ഒന്നാമന്റെ ദൂതനായി സർ തോമസ് റോ എത്തിയതിന്റെ വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിൽ ആണ് തരൂർ ബ്രിട്ടന്റെ അധിനിവേശം ഇന്ത്യയെ സാമ്പത്തികമായി എത്രത്തോളം തകർത്തു എന്ന് ചൂണ്ടിക്കാട്ടിയത്. ബ്രിട്ടൺ ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നത്തെ കുറിച്ച് ഏറെ സംവാദങ്ങൾ നടന്നിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ കൊള്ളയടിക്കപ്പെട്ട മുതലിനെ കുറിച്ച് ഇന്നും വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നും തരൂർ വ്യക്തമാക്കി. ഇൻഡോ ബ്രിട്ടീഷ് ഹെറിറ്റേജ് മുൻകൈ എടുത്തു ബ്രിട്ടീഷ് സുപ്രീം കോടതി ചേംബറിലായിരുന്നു സംവാദം സംഘടിപ്പിച്ചത്.

പ്രഭാഷണത്തിന്റെ ചില സന്ദർഭങ്ങളിൽ തരൂർ ശക്തമായ ഭാഷയിലാണ് ബ്രിട്ടനെ വിമർശിച്ചത്. താൻ നിൽക്കുന്ന ഈ കെട്ടിടത്തിൽ ഉള്ളവർ പോലും ബ്രിട്ടന്റെ കൊളോണിയലിസം വഴി ഇന്ത്യക്ക് ഏറെ ഗുണം കിട്ടി എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ കിട്ടിയതുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം ആയതിന് തന്നെയാണ് മുൻതൂക്കം. ഇന്ത്യ വിരുദ്ധർ എന്നറിയപ്പെടുന്ന എഴുത്തുകാരനായ വില്യം ഡാർലിമ്പിൾ, നിക്ക് റോബിൻസ്, എഡിറ്റർ കൂടിയായ പാക്കിസ്ഥാൻ വംശജ നിലോഫർ ഭക്ത്യാർ, മുൻ ബിബിസി ലേഖകൻ മാർട്ടിൻ ബെൽ, കൺസർവേറ്റീവ് പാർട്ടി എംപിയും ആഫ്രിക്കൻ വംശജനും ആയ ക്വാസി ക്വർറെൻഗ് എന്നിവരായിരുന്നു പ്രധാന പ്രാസംഗികർ. തന്റെ വാദമുഖങ്ങൾ ശക്തമായി തരൂരിന് അവതരിപ്പിക്കാൻ കഴിഞ്ഞതോടെ ബ്രിട്ടീഷ് അനുകൂലികൾക്ക് മൊഴിമുട്ടുകയായിരുന്നു. ഇന്ത്യയുടെ ഭരണകാലം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സ്വത്തു സമ്പാദനത്തിനുള്ള അവസരം ആയി മാറുക ആയിരുന്നു എന്ന് തരൂർ വ്യക്തമാക്കി. യൂറോപ്പ് മുഴുവൻ ചേർന്നാലും ലഭ്യമായതിനെക്കാൾ അധികം പണം ഇന്ത്യയിൽ ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടൺ ഉപേക്ഷിച്ച ഇന്ത്യ സാമ്പത്തികമായി തകർന്ന നിലയിലായിരുന്നു. ബ്രിട്ടൺ ഇക്കാലത്ത് വ്യാവസായികമായി മുന്നേറിയപ്പോൾ ഇന്ത്യ വ്യാവസായികമായി തകരുക ആയിരുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വസ്ത്ര വ്യവസായം ബ്രിട്ടണിലേക്ക് പറിച്ചു നട്ട് അസംസ്‌കൃത വസ്തുക്കൾ ബ്രിട്ടണിൽ എത്തിച്ചു വീണ്ടും ഉൽപ്പന്നം ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന കൗശലം ആണ് ബ്രിട്ടൺ കാട്ടിയത്. ബംഗാളിലെ നെയ്ത്തുകാർ ലോകത്തിലെ ഏറ്റവും മികച്ച വസ്ത്രങ്ങൾ ആയിരുന്നു നെയ്തിരുന്നത്. എന്നാൽ നെയ്ത്തുകാരുടെ കൈവിരലുകൾ മുറിച്ചു മാറ്റുന്ന ക്രൂരതയാണ് ബ്രിട്ടൺ പകരം നൽകിയത്. കൂടാതെ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന വസ്ത്രങ്ങൾക്ക് നികുതിയും ഏർപ്പെടുത്തി.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും സകലതും ഉയർന്ന വിലയ്ക്ക് ബ്രിട്ടണിൽ നിന്നും തള്ളുന്ന കമ്പോളം ആയി ഇന്ത്യ മാറിക്കഴിഞ്ഞിരുന്നു. ഉയർന്ന ശമ്പളം നൽകി സർക്കാർ ജീവനക്കാരെ സ്വന്തം ചെലവിൽ നിയമിക്കേണ്ടി വന്നു ഇന്ത്യക്ക്. ഒരർത്ഥത്തിൽ അസ്വാതന്ത്ര്യത്തിന് വില പണമായി തന്നെ നൽകുക എന്ന അസാധാരണ പ്രതിഭാസമാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നടന്നിരുന്നത്. എല്ലാം മർക്കട ഭരണത്തിന്റെ സ്വാധീനം മൂലം. ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടും മൂന്നു കോടിയോളം ജനങ്ങൾ പട്ടിണി മരണത്തിന് വിധേയരായത് കണ്ടുനിൽക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണക്കാർ. ഇത്തരം മരണം അതിന് മുൻപോ പിൻപോ ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും തരൂർ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, കോഹിനൂർ രത്‌നം സംബന്ധിച്ചു തരൂർ നടത്തിയ പരാമർശങ്ങളൊക്കെ വിലയില്ലാതാക്കുന്നതായിരുന്നു കോടതിയിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലം. കോഹിനൂറും ടിപ്പു സുൽത്താന്റെ വാളും മോതിരവും ഉൾപ്പെടെ ഭാരതത്തിൽ നിന്ന് ബ്രിട്ടീഷുകാർ കൊണ്ടുപോയ അമൂല്യവസ്തുക്കൾ തിരികെ എത്തിക്കണമെന്ന ആവശ്യം വന്നപ്പോഴാണു കോഹിനൂർ മോഷ്ടിച്ചതോ, പിടിച്ചെടുത്തതോ അല്ല എന്ന് സർക്കാർ വ്യക്തമാക്കിയത്. കോഹിനൂർ രത്നത്തെ ചൊല്ലിയുള്ള കേസ് ഉപേക്ഷിക്കണോ എന്നും രത്നം ആവശ്യപ്പെടുന്നത് ഭാവിയിൽ നിയമപ്രശ്നങ്ങളിലേക്ക് വഴിതെളിക്കുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കേസിൽ വിദേശമന്ത്രാലയത്തിന്റെ നിലപാട് ഇതുവരെ സുപ്രീംകോടതിയെ അറിയിച്ചിട്ടില്ല. വിക്ടോറിയ രാജ്ഞിക്ക് 1850-ലാണ് മഹാരാജ രഞ്ജിത് സിങ് കോഹിനൂർ സമ്മാനിച്ചത്. കിരീടത്തിൽ പതിച്ച ഈ രത്നം, ഇപ്പോൾ ടവർ ഓഫ് ലണ്ടനിൽ പ്രദർശനത്തിന് വച്ചിരിക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP