Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോന്നി പെൺകുട്ടികളുടെ മരണം: മന്ത്രി അടൂർ പ്രകാശിന് മുഖം രക്ഷിക്കാൻ തലകൾ ഉരുണ്ടു തുടങ്ങി; അടൂർ ഡിവൈ.എസ്‌പി തെറിച്ചു: കുറ്റക്കാരനായ കോന്നി സിഐക്ക് സ്ഥാനചലനമില്ല

കോന്നി പെൺകുട്ടികളുടെ മരണം: മന്ത്രി അടൂർ പ്രകാശിന് മുഖം രക്ഷിക്കാൻ തലകൾ ഉരുണ്ടു തുടങ്ങി; അടൂർ ഡിവൈ.എസ്‌പി തെറിച്ചു: കുറ്റക്കാരനായ കോന്നി സിഐക്ക് സ്ഥാനചലനമില്ല

കോന്നി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആതിര, രാജി, ആര്യ എന്നീ പെൺകുട്ടികളുടെ തിരോധാനവും തുടർന്നുണ്ടായ ആത്മഹത്യയും മൂലം നഷ്ടമായ മുഖം തിരിച്ചുപിടിക്കാൻ മന്ത്രി അടൂർ പ്രകാശിന്റെ ശ്രമം. ഇതിന്റെ ഭാഗമായി അടൂർ ഡിവൈ.എസ്‌പി, എ. നസീമിനെ സ്ഥലം മാറ്റി. ഡി.സി.ആർ.ബിയിലേക്കാണ് മാറ്റം. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള ഡിവൈ.എസ്‌പി മധുസൂദനനെ അടൂരിൽ നിയമിച്ചു. എന്നാൽ കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ സിഐയ്ക്ക് സ്ഥാന ചലനവുമില്ല. മന്ത്രിയുമായുള്ള അടുപ്പമാണ് സിഐ്ക്ക് തുണയാകുന്നത്.

കഴിഞ്ഞ മാസം ഒമ്പതിനാണ് മൂന്നു പെൺകുട്ടികളെ കാണാതായത്. അന്നു തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും കോന്നി സിഐ സജി മോന്റെ മണ്ടത്തരം കാരണം ഇവരെ കണ്ടെത്തുന്നതിൽ വീഴ്ച വന്നു. തുടർന്ന് 13 ന് പെൺകുട്ടികൾ മൂവരും ഐലൻഡ് എക്സ്‌പ്രസിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലക്കിടിയിലെ റെയിൽവേ ട്രാക്കിൽ ആതിരയുടെയും രാജിയുടെയും മൃതദേഹവും ആര്യയെ പരുക്കേറ്റ നിലയിലും കാണപ്പെട്ടു. 21 ന് ചികിൽസയിലിരുന്ന ആര്യയും കൂടി മരിച്ചതോടെ ദുരന്തം പൂർണമായി.

തന്റെ മണ്ഡലത്തിൽ അംഗൻവാടി, പഞ്ചായത്ത് റോഡ് എന്നിവ വരെ ഉദ്ഘാടനം ചെയ്യാൻ ഓടിയെത്തുന്ന മന്ത്രി അടൂർ പ്രകാശിനെ മാത്രം ദുരന്തത്തിന് ഇരയായ പെൺകുട്ടികളുടെ വീടുകളിൽ കണ്ടില്ല. ഐ.ജി. മനോജ് ഏബ്രഹാം വിവാദപ്രസ്താവന നടത്തി പുലിവാലു പിടിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ ആഗമനം. ഇതോടെ ഈ വിഷയത്തിൽ മന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേറ്റു. പിന്നാലെ അന്വേഷണസംഘത്തെ മാറ്റിപ്പിടിച്ചെങ്കിലും രക്ഷയില്ലാതെ വന്നു. തക്കം പാർത്തിരുന്ന ബിജെപിയും എൽ.ഡി.എഫും കളം കൊഴുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തി.

മന്ത്രിയുടെ നിലപാടുകൾ കോന്നിയിലെ ജനങ്ങളുടെ ഇടയിലും വിമർശനത്തിന് കാരണമായി. ഇതോടെ എന്തെങ്കിലും കാട്ടിക്കൂട്ടി മുഖം രക്ഷിക്കാനുള്ള തിടുക്കമായി. അങ്ങനെയാണ് മരിച്ച പെൺകുട്ടികളുടെ കുടുംബത്തിന് അഞ്ചുലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചത്. കോന്നി സിഐ സജി മോനെതിരേ നടപടിയുണ്ടാകുമെന്നും സൂചന നൽകി. യഥാർഥത്തിൽ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ സജി മോനാണ്. മന്ത്രിയുടെ അടുത്തയാളായതിനാൽ സജിമോന്റെ തൊപ്പി തലയിൽ ഭദ്രമാണ്. പിന്നെ ചെയ്യാനുള്ള ഏക വഴി സബ്ഡിവിഷന്റെ ചുമതലയുള്ള ഡിവൈ.എസ്‌പിയെ തെറിപ്പിക്കുക എന്നതായിരുന്നു. അങ്ങനെയാണ് അടൂർ ഡിവൈ.എസ്‌പി എ. നസിം തെറിച്ചത്.

ഇദ്ദേഹം ഇതിന് മുൻപു തന്നെ തെറിക്കേണ്ടതായിരുന്നുവെന്നാണ് ഇവിടെയുള്ള പൊലീസുകാർ പറയുന്നത്. സബ് ഡിവിഷന് കീഴിലുള്ള പല പ്രമാദ കേസുകളിലും നടപടിയെടുക്കുന്നതിൽ ഇദ്ദേഹത്തിന് വീഴ്ച പറ്റി. ഒരു വർഷം മുമ്പ് പന്തളം സ്റ്റേഷൻ അതിർത്തിയിലെ കുളനടയ്ക്ക് അടുത്ത് പൈവഴിയിൽ കാരംവേലി സ്വദേശിനി സരോജിനി എന്ന വീട്ടമ്മയെ കൊന്നു വഴിയിൽ തള്ളിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ അന്വേഷണച്ചുമതലയുള്ള നസീമിന് കഴിയാതിരുന്നതും വിമർശിക്കപ്പെട്ടു. സരോജിനിയെ മൃഗീയമായിട്ടാണ് കൊലപ്പെടുത്തിയത്. ഇരുകൈകളും വെട്ടിമാറ്റിയിരുന്നു.

പന്തളം സി.ഐ റെജി ഏബ്രഹാമാണ് ആദ്യം ഈ കേസ് കൈകാര്യം ചെയ്തത്. ഒരു തുമ്പും കിട്ടാതെ വന്നതോടെ റെജി ഏബ്രഹാം സ്ഥലം മാറ്റം വാങ്ങി മുങ്ങി. തുടർന്നാണ് നസീമിന് അന്വേഷണച്ചുമതല കൈമാറിയത്. അടൂരിലെ മണ്ണു മാഫിയയ്ക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയെന്നും നസീമിനെതിരേ ആരോപണം വന്നിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ ലോറിയും മണ്ണു കടത്തിനുണ്ടായിരുന്നു. അന്നൊക്കെ ഡിവൈ.എസ്‌പിയെ സംരക്ഷിച്ചിരുന്നതു മന്ത്രി അടൂർ പ്രകാശും ഒരു കെപിസിസി സെക്രട്ടറിയും ചേർന്നായിരുന്നു.

അടുത്ത കാലത്താണ് ഡിവൈ.എസ്‌പി മന്ത്രിക്ക് അനഭിമതനായത്. ഡിവൈ.എസ്‌പിയെ തെറിപ്പിച്ചതോടെ ഉദ്യോഗസ്ഥർക്ക് എതിരായ നടപടിയും നിലയ്ക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. കോന്നി കേസ് അന്വേഷണം ഏതാണ്ട് നിലച്ച മട്ടാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP