Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദളിതനു സഞ്ചാരസ്വാതന്ത്ര്യം നേടിക്കൊടുത്ത കൂടൽമാണിക്യം കുട്ടംകുളം സമരം അറുപതാണ്ട് പിന്നിട്ടപ്പോൾ പൊതുവഴിയടച്ച് കൂടൽമാണിക്യം ദേവസ്വം തമ്പ്രാക്കൾ; നൂറോളം കുടുംബങ്ങളെ വഴിനടത്താൻ അനുവദിക്കുന്നില്ല; സമരത്തിനിറങ്ങാൻ മടിച്ച് രാഷ്ട്രീയ സംഘടനകൾ; ചെറുക്കാനായി രംഗത്തുള്ളത് പുലയസഭയും സിപിഐ-എംഎൽ റെഡ് സ്റ്റാറും മാത്രം

ദളിതനു സഞ്ചാരസ്വാതന്ത്ര്യം നേടിക്കൊടുത്ത കൂടൽമാണിക്യം കുട്ടംകുളം സമരം അറുപതാണ്ട് പിന്നിട്ടപ്പോൾ പൊതുവഴിയടച്ച് കൂടൽമാണിക്യം ദേവസ്വം തമ്പ്രാക്കൾ; നൂറോളം കുടുംബങ്ങളെ വഴിനടത്താൻ അനുവദിക്കുന്നില്ല; സമരത്തിനിറങ്ങാൻ മടിച്ച് രാഷ്ട്രീയ സംഘടനകൾ; ചെറുക്കാനായി രംഗത്തുള്ളത് പുലയസഭയും സിപിഐ-എംഎൽ റെഡ് സ്റ്റാറും മാത്രം

ഇരിങ്ങാലക്കുട: ദളിതന് കൂടൽമാണിക്യം ക്ഷേത്രമതിലിനോട് ചേർന്നുള്ള പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യത്തിനായിരുന്നു 1946 ലെ ചരിത്ര പ്രസിദ്ധമായ കുട്ടംകുളം സമരം. പോരാട്ടങ്ങൾക്കൊടുവിൽ ജാതിഭ്രാന്തർക്ക് വഴി തുറന്നു നൽകേണ്ടി വന്നു. ആ സമരത്തിന്റെ 60 വർഷത്തിനിപ്പുറം ഇതേ വഴി കെട്ടിയടച്ച് നൂറോളം ദളിത് കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിലെ തമ്പ്രാക്കൾ. പൊതുവഴിയിലെ തടസ്സങ്ങൾ നീക്കി നൽകാൻ തൃശൂർ ആർ.ഡി.ഒ. ഉത്തരവിട്ടിട്ടും ജാതിതടസ്സങ്ങൾ മാറുന്നില്ല. നമുക്ക് ജാതിയില്ലെന്ന് ഇടതുപക്ഷ സർക്കാർ നിരവധി കാമ്പയിനുകൾ നടത്തി പ്രഖ്യാപിക്കുമ്പോഴും പ്രസംഗത്തിലും പ്രഖ്യാപനത്തിലുമൊഴികെ എല്ലാറ്റിലും ജാതി ഉയർന്നുനിൽക്കുന്നു.

മുകുന്ദപുരം തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനോട് ചേർന്നുള്ള പൊതുവഴിയിലെ തടസ്സങ്ങൾ നീക്കി, വഴി 7 ദിവസത്തിനകം പൂർവസ്ഥിതിയിലാക്കാൻ തൃശൂർ സബ് ഡിവിഷനൽ മജിസ്‌ട്രേട്ട് കോടതി 2017 ഫെബ്രുവരി 9 ന് ഉത്തരവിട്ടു. ദേവസ്വം അഡ്‌മിനിസ്‌ട്രേറ്ററും ഇരിങ്ങാലക്കുട മുനിസിപ്പൽ സെക്രട്ടറിയുമാണ് എതിർകക്ഷികൾ. എന്നാൽ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രശ്‌നം നീട്ടിക്കൊണ്ടുപോകാനാണ് പനമ്പിള്ളി രാഘവമേനോൻ ചെയർമാനായ ക്ഷേത്രത്തിലെ കോൺഗ്രസ്സ് ഭരണസമിതി ശ്രമിക്കുന്നത്. ഇതു പൊതുവഴിയാണെന്നും ഇവിടെ പോസ്റ്റുകളും ചെറുമതിലും നിർമ്മിച്ച് മാർഗതടസ്സം സൃഷ്ടിച്ചിരിക്കുകയാണെന്നും തഹസിൽദാരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഉത്തരവ്. ന്യായം ദളിതനൊപ്പമാണെങ്കിലും ക്ഷേത്ര ഭാരവാഹികളുടെ അനീതിക്കെതിരെ നടപടികളെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. വീണ്ടും മാർച്ച് എട്ടാം തീയതിയിലേക്ക് ഹിയറിങ് മാറ്റിവച്ചിരിക്കുകയാണ്.

2015 ഏപ്രിൽ മാസത്തിലാണ് പെരുവല്ലി പാടത്തെ പട്ടികജാതി കോളനിയിലേക്കുള്ള ഈ വഴി ദേവസ്വം അധികൃതർ ഭാഗികമായി അടച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തിയത്. ഉണ്ണായിവാര്യർ കലാനിലയത്തിലേക്കുള്ള പ്രധാനവഴി കൂടിയാണിത്. കിഴക്ക് ക്ഷേത്രമതിലിനോട് ചേർന്നുള്ള ഈ വഴി ദേവസ്വം ഭൂമിയാണെന്ന് പ്രചാരണം നടത്തിക്കൊണ്ടായിരുന്നു വഴി അടച്ചത്. ഈ എളുപ്പവഴിയിലൂടെയാണ് പ്രദേശത്തുള്ള പട്ടികജാതി കോളനിയിലേക്കും തിരിച്ചു നഗരത്തിലേക്കും സഞ്ചരിച്ചിരുന്നത്. 100 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. രണ്ടുവർഷം മുൻപ് വഴി അടച്ചതിനെ തുടർന്ന് ദേവസ്വം-മുനിസിപ്പൽ അധികൃതർക്ക് ന്ിവേദനങ്ങൾ നൽകുകയും നിരന്തരമായ സമരങ്ങൾ സംഘടിപ്പിക്കുകയുമുണ്ടായി. പക്ഷേ പരിഹാരമുണ്ടായില്ല. പല പ്രമുഖ രാഷ്ട്രീയപാർട്ടികളും വ്യക്തമായ നിലപാട് സ്വീകരിക്കാതെ ഇരട്ടത്താപ്പാണ് നടത്തിയതെന്ന് സമരരംഗത്തുള്ളവർ ആരോപിക്കുന്നു. നടവരമ്പ് സ്വദേശി തങ്കമ്മയാണ് ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോയത്. ഇവരുടെ പരാതിയെ തുടർന്ന കഴിഞ്ഞ ദിവസം പട്ടികജാതി-ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് വിജയകുമാർ സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പൊതുവഴിയിലൂടെയുള്ള പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം തടയാൻ ആർക്കും അവകാശമില്ലെന്ന് പറയുമ്പോഴും രണ്ടുവർഷമായി ദേവസ്വം ചെയ്യുന്നത് ഇതാണ്.

പുരോഗമന കലാസാഹിത്യസംഘം ഉൾപ്പടെയുള്ള ചില സംഘടനകൾ സമരത്തിനെത്തിയെങ്കിലും തുടർസമരങ്ങൾക്കൊ വിഷയം ഏറ്റെടുക്കാനോ തയ്യാറായില്ല. ജാതി വിവേചനത്തിനെതിരെ നമുക്ക് ജാതിയില്ല എന്നും ഉദ്‌ഘോഷിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികൾക്ക് പകരം, ഉദ്യോഗസ്ഥർ വിഷയം ലഘൂകരിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് ആരോപണമുണ്ട്. ഇരിങ്ങാലക്കുടയിലെ മുൻ എംഎൽഎ തോമസ് ഉണ്ണിയാടൻ ഹിന്ദുജാതി വിഷയമായതിനാൽ സവർണകോപം ഭയന്ന് അകന്നുനിന്നപ്പോൾ, പ്രദേശത്തെ ബിജെപി നഗരസഭാ കൗൺസിലർ ഇരുചക്രവാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന തരത്തിൽ മണ്ണിട്ട് ഉയർത്തി പ്രതിഷേധത്തെ തണുപ്പിക്കാനാണ് ശ്രമിച്ചത്. സിപിഐ(എം) എംഎൽഎ അരുണനും വിഷയത്തിൽ കൃത്യമായൊരു നിലപാട് സ്വീകരിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.

പരസ്യമായി മതം പറയുന്ന ബിജെപിയും മതേതരത്വം പറയുന്ന കോൺഗ്രസ്സും സിപിഎമ്മും എല്ലാം ജാതിയുടെയും മതത്തിന്റെയും പ്രശ്‌നം വരുമ്പോൾ ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കുട്ടംകുളം സമര ഐക്യദാർഢ്യസമിതി ചെയർമാൻ രാജേഷ് അപ്പാട്ട് ആരോപിക്കുന്നു. ഹിന്ദു വിശ്വാസികളെ എതിർപ്പുമായി രംഗത്തിറക്കി വോട്ടു നഷ്ടപ്പെടുത്തുമോ എന്ന ഭീതിയിൽ എല്ലാ പാർട്ടിക്കാരും മൃദുസമീപനം സ്വീകരിച്ചപ്പോൾ സ്വതന്ത്ര പുലയ മഹാസഭയാണ് ദേവസ്വത്തിന്റെ അനീതിക്കെതിരെ പരാതി നൽകാനും സമരത്തിനും മുന്നിട്ടിറങ്ങിയത്. ഈ സംഘടനയിലുള്ളവരാണ് പെരുവല്ലി പാടത്തെ ഭുരിഭാഗം ദളിതുകൾ. ഇവർക്കൊപ്പം സിപിഐ (എം എൽ) റെഡ്സ്റ്റാർ പ്രവർത്തകരുമുണ്ട്. കിഴക്കു ഭാഗത്തേക്കുള്ള വഴി അടച്ച് ദളിതുകളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചവർ പടിഞ്ഞാറു ഭാഗത്തുള്ള വഴിയിൽ ഇത്തരം തടസ്സങ്ങൾ ഉണ്ടാക്കാത്തതിനു കാരണം അവിടത്തെ താമസക്കാർ സവർണർ ആയതുകൊണ്ടാണെന്നും സമരക്കാർ ചൂണ്ടിക്കാണിക്കുന്നു.

ദളിതന് പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള അവകാശത്തിനായി 1946-ൽ ഇരിങ്ങാലക്കുടയിൽ കുട്ടംകുളം സമരം നടക്കുമ്പോൾ, സഹോദരൻ അയ്യപ്പൻ അയ്യങ്കാവ് മൈതാനിയിലെത്തി യോഗം ഉദ്ഘാടനം ചെയ്തിരുന്നു. കുറുമ്പയും കാളിയും ചാത്തനുമെല്ലാമായിരുന്നു സമരനേതാക്കൾ. ഇത്തരം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് ഈ ഡിജിറ്റൽ യുഗത്തിൽ അതേ ജാതിയത പറയാതെ പറഞ്ഞ് നിഷേധിക്കാൻ സവർണ്ണ തമ്പ്രാക്കൾ ശ്രമിക്കുന്നത്. ജാതി-മത ഭ്രാന്തിന്റെ ഭയാനകമായ ദിശയിലേക്കാണ് കേരളം ഇപ്പോൾ തിരിച്ചുനടക്കുന്നത്. ഇതിനുള്ള ഏറ്റവും വലിയ സാക്ഷ്യമാണ് കൂടൽമാണിക്യം ക്ഷേത്ര അധികാരികളുടെ ചെയ്തികൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP