Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലങ്ങും വിലങ്ങും ടിപ്പറുകൾ ചീറി പാഞ്ഞുതുടങ്ങിയതോടെ പൊടി ശല്യം രൂക്ഷം; പൊലീസിനോട് പരാതി പറഞ്ഞിട്ടും മെമ്പറുടെ വാക്കിന് കൊടുത്തത് പുല്ലുവില; ഒടുവിൽ നേരിട്ടിറങ്ങി മാഫിയയെ കെട്ടുകെട്ടിച്ചു; ടാപ്പിംഗിനിറങ്ങി അരിക്കാശ് ഒപ്പിച്ച ശേഷമുള്ള ജനസേവനം സത്യസന്ധമാക്കി ബിനോയ് ജോസഫ്; കോട്ടപ്പടി പഞ്ചായത്തിലെ ഏക കേരളാ കോൺഗ്രസ് അംഗം കൈയടി നേടുന്നത് ഇങ്ങനെ

തലങ്ങും വിലങ്ങും ടിപ്പറുകൾ ചീറി പാഞ്ഞുതുടങ്ങിയതോടെ പൊടി ശല്യം രൂക്ഷം; പൊലീസിനോട് പരാതി പറഞ്ഞിട്ടും മെമ്പറുടെ വാക്കിന് കൊടുത്തത് പുല്ലുവില; ഒടുവിൽ നേരിട്ടിറങ്ങി മാഫിയയെ കെട്ടുകെട്ടിച്ചു; ടാപ്പിംഗിനിറങ്ങി അരിക്കാശ് ഒപ്പിച്ച ശേഷമുള്ള ജനസേവനം സത്യസന്ധമാക്കി ബിനോയ് ജോസഫ്; കോട്ടപ്പടി പഞ്ചായത്തിലെ ഏക കേരളാ കോൺഗ്രസ് അംഗം കൈയടി നേടുന്നത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അനധികൃത മണ്ണ് കടത്ത് നടക്കുന്നതായി വിവരം ലഭിച്ചപ്പോൾ പരിശോധിക്കണമെന്ന് പൊലീസിൽ വിളിച്ചുപറഞ്ഞു. വൈകിട്ട് നാട്ടിലെത്തിയപ്പോഴും മണ്ണ് കടത്തൽ ഊർജ്ജിതം. ജനങ്ങൾക്കൊപ്പം വാഹനം തടഞ്ഞപ്പോൾ സ്ഥത്തെത്തിയ പൊലീസ് അവഗണിച്ചെന്നും മണ്ണ് മാഫിയയ്ക്ക് ക്ലീൻ ചീട്ട് നൽകിയെന്നും വെളിപ്പെടുത്തൽ. ഉന്നതാധികൃതർക്ക് വിവരം കൈമാറി, പ്രതിരോധത്തിന് നേതൃത്വം നൽകിയ പഞ്ചായത്തംഗത്തിന് പരക്കെ പ്രശംസ.

കോട്ടപ്പടി പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബിനോയി ജോസഫാണ് പൊലീസിന്റെ തല തിരിഞ്ഞ നടപടിക്കെതിരെ നാട്ടുകാരെകൂട്ടി നടുറോഡിലിറങ്ങി 'നീതി 'ഉറപ്പാക്കിയത്. കഴിഞ്ഞ ഞായറാഴ്ച മുതൽ പഞ്ചായത്തിലെ മൂന്നാംതോട് ഭാഗത്തുനിന്നും മലയിടിച്ച് മണ്ണ് കടത്തൽ നടന്നിരുന്നു.കോട്ടപ്പടി സ്റ്റേഷനിന് മൂക്കിന് താഴെ നടന്ന സംഭവം പൊലീസ് കണ്ട ഭാവം നടിച്ചിരുന്നില്ല. തുടർച്ചയായി മണ്ണ് ലോഡുമായി തലങ്ങും വിലങ്ങും ടിപ്പറുകൾ ചീറി പാഞ്ഞുതുടങ്ങിയതോടെ പൊടി ശല്യം രൂക്ഷമായി. കൂടാതെ റോഡ് വ്യാപകമായി വിണ്ടുകീറുകയും ചെയ്തു. പൊറുതിമുട്ടിയപ്പോൾ വിവരമറിയിക്കാൻ ഉച്ചയോടെ നാാട്ടുകാർ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ വാർഡ് മെമ്പർ കൂടിയായ ബിനോയി എറണാകുളത്തായിരുന്നു.

വിവരമറിഞ്ഞ ബിനോയി ഉടൻ കോട്ടപ്പടി പൊലീസിൽ വിളിച്ച് വിവരം പറയുകയും ഉടൻ വേണ്ടത് ചെയ്യുമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പുനൽകുകയും ചെയ്തു. വൈകിട്ട് 5 മണിയോടെ ബിനോയി തിരിച്ച് കോട്ടപ്പടിലെത്തിയപ്പോഴും മണ്ണ് കടത്ത് സജീവമാണെന്ന് വ്യക്തമായി. തുടർന്ന് ചേറങ്ങനാൽ കവലയ്ക്ക് സമീപം മണ്ണുമായി എത്തിയ ടിപ്പറുകൾ ബിനോയിയും ഒപ്പമുണ്ടായിരുന്ന നാട്ടുകാരും ചേർന്ന് തടഞ്ഞു.പൊലീസെത്തി കാര്യങ്ങൾ വ്യക്തമാക്കിയിട്ട് വാഹനങ്ങൾ വിട്ടാൽ മതിയെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തിയ പൊലീസിന്റെ ഇടപെടൽ മെമ്പറടക്കമുള്ള നാട്ടുകാരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു.മണ്ണുമാഫീയയെ പൂർണ്ണമായും വെള്ളപൂശിയും പഞ്ചായത്തംഗത്തെ അവഗണിച്ചും പൊലീസ് 'കരുത്തു'കാട്ടിയെന്നാണ് ദൃസാക്ഷികളിൽ നിന്നും ലഭ്യമായ വിവരം.

ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെയാണ് മണ്ണ്് കടത്തെന്നും തങ്ങൾക്കൊന്നും ചെയ്യാനില്ലന്നുമായിരുന്നു പൊലീസ് നിലപാട്.എന്നാൽ രേഖകൾ കൃത്യമായി പരിശോധിക്കണമെന്നും മണ്ണ് കടത്ത് അനധികൃതമാണെന്നും മെമ്പർ വാദിച്ചെങ്കിലും പൊലീസ് കേട്ടഭാവം നടിച്ചില്ല. നേരത്തെ കെട്ടിടം പണിയാൻ മാത്രം മണ്ണ് നീക്കാൻ പഞ്ചായത്തിൽ നിന്നും നൽകിയ അനുമതിയുടെ മറപിടിച്ച് സ്ഥലമുടമയുടെ ഒത്താശയോടെ മണ്ണ് മാഫീയ വിസ്തൃതമായി പ്രദേശത്തെ മട്ടിപ്പാറ നീക്കം ചെയ്‌തെന്നാണ് പുറത്തായ വിവരം.

പൊലീസിന്റെ പോക്ക് വളഞ്ഞവഴിക്കാണെന്ന് തിരിച്ചറിഞ്ഞതോടെ ബിനോയി റവന്യൂവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നതരെ വിവരം ധരിപ്പിച്ചു. പണി കിട്ടുമെന്നുറപ്പായതോടെ മണ്ണ് മാഫീയ ഉടൻതന്നെ ഇവിടെ നിന്നും പിൻവാങ്ങി. വാഹനം തടഞ്ഞപ്പോൾ സ്ഥലത്തെത്തിയ ഇക്കൂട്ടരിൽ ചിലരുടെ ശരീരഭാഷ ഭീഷിണിപ്പെടുത്തുന്ന തരത്തിലായിരുന്നെന്ന് ബിനോയി വ്യക്തമാക്കി.

എൽ ഡി എഫ് -12,യൂ ഡി എഫ് -12 ,കേരള കോൺഗ്രസ് മാണി-1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.എൽ ഡി എഫ് ആണ് ഭരിക്കുന്നത്. മാണി വിഭാഗത്തിന്റെ ഏക അംഗമാണ് ബിനോയി. ഭരണ പക്ഷത്തും പ്രതിപക്ഷത്തുമല്ലാതെ നിൽക്കുന്ന പാർട്ടി അംഗമായതിനാലാണ് പൊലീസ് തന്നെ അവഗണിച്ചതെന്നും ജനപിൻതുണയുള്ളതിനാൽ ഇത്തരം ഉമ്മാക്കികളൊന്നും കണ്ട് താൻ ഭയപ്പെടില്ലന്നും ബിനോയി മാറുനാടനോട് വ്യക്തമാക്കി.

രാവിലെ ടാപ്പിംഗിനിറങ്ങി അരിക്കാശ് ഒപ്പിച്ച ശേഷമാണ് എന്റെ ജനസേവനം. അർഹതയില്ലാത്ത ഒരു രൂപയും ഞാൻ കൈപ്പറ്റാറില്ല.എന്റെ കൈകൾ ശുദ്ധമാണ്.അതുകൊണ്ട് തന്നെ എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ല.നീതിക്കായി ഏതറ്റം വരെ പോകാൻ മടിയുമില്ല.ബിനോയി നയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP