Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈന്തപ്പനകളുടെ തണലിൽ വിരിച്ച ഇരിപ്പിടങ്ങളും വ്യൂപോയിന്റുകളും അലങ്കാര വിളക്കുകളുമെല്ലാമായി കണ്ടാൽ ഒരറേബ്യൻ കടൽതീരം; മൂക്ക് പൊത്താതെ നടക്കാൻ കഴിയാതിരുന്ന ബീച്ചിന്റെ പുതിയ രൂപം കണ്ട് അന്തിച്ച് കോഴിക്കോട്ടുകാർ; മാലിന്യങ്ങൾ നീക്കി സൗന്ദര്യവത്കരണം പൂർത്തിയായതോടെ പഴയ ചീത്തപ്പേര് മറവിയിലേക്കിട്ട് സൗത്ത് ബീച്ച്

ഈന്തപ്പനകളുടെ തണലിൽ വിരിച്ച ഇരിപ്പിടങ്ങളും വ്യൂപോയിന്റുകളും അലങ്കാര വിളക്കുകളുമെല്ലാമായി കണ്ടാൽ ഒരറേബ്യൻ കടൽതീരം; മൂക്ക് പൊത്താതെ നടക്കാൻ കഴിയാതിരുന്ന ബീച്ചിന്റെ പുതിയ രൂപം കണ്ട് അന്തിച്ച് കോഴിക്കോട്ടുകാർ; മാലിന്യങ്ങൾ നീക്കി സൗന്ദര്യവത്കരണം പൂർത്തിയായതോടെ പഴയ ചീത്തപ്പേര് മറവിയിലേക്കിട്ട് സൗത്ത് ബീച്ച്

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും ഇത്രയും കാലം അടിഞ്ഞുകൂടിയിരുന്ന ഇടമായിരുന്നു കോഴിക്കോട്ടെ സൗത്ത് ബീച്ച്. എന്നാൽ ഇന്ന് അതിന്റെ രൂപം ആകെ മാറിയിരിക്കുന്നു. അറേബ്യൻ കടൽതീരങ്ങളുടെ ഓർമിപ്പിക്കും വിധം മനോഹരമായിരിക്കുന്നു ഇന്ന് സൗത്ത്ബീച്ചിന്റെ രൂപം. തെക്കേ കടൽപാലം മുതൽ 800 മീറ്റർ നീളത്തിലാണ് ബീച്ചിന്റെ സൗന്ദര്യവത്കരണ നിർമ്മാണങ്ങൾ പൂർത്തിയാക്കിയത്.

നിർമ്മാണം പൂർ്ത്തിയാക്കിയ ഭാഗം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഈന്തപ്പനകളുടെ തണലിൽ നിർമ്മിച്ച ഇരിപ്പിടങ്ങളും കടലിലേക്കിറക്കി നിർമ്മിച്ച നാല് വ്യൂപോയിന്റുകളും എല്ലാമായി കോഴിക്കോട് സൗത്ത് ബീച്ചിന്റെ പുതിയ രൂപം ആരെയും ആകർഷിക്കുന്നതാണ്. ഈന്തപ്പനകളുടെ തണലിലുള്ളത് കൂടാതെ വെയിലും മഴയുമേൽക്കാതെ ഇരിക്കാനുള്ള ഷെൽട്ടറുകളും, രാത്രികാലങ്ങളിൽ വെളിച്ചം ചൊരിയാനുള്ള മിനിഹൈമാസ് ലൈറ്റുകളും പുതിയ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. ഭിന്നഷേഷിക്കാർക്കായി പ്രത്യേക റാമ്പുകളും ഇവിടെയൊരുക്കിയിട്ടുണ്ട്. പ്രത്യേക അലങ്കാരവിളക്കുകളും പുതിയതായി ഒരുക്കിയിട്ടുണ്ട്. കടലിലേക്കിറങ്ങൻ പ്രത്യേക പടവുകളും ഇവിടെ പുതുതായി നിർമ്മിച്ചിട്ടുണ്ട്.

3.85 കോടി രൂപ ചെലവഴിച്ചാണ് സൗന്ദര്യവത്കരണം പൂർത്തിയാക്കിയിട്ടുള്ളത്. അവസാനഘട്ട മിനുക്കുപണികൾക്ക് ശേഷം ഇന്ന് വൈകിട്ടാണ് ബീച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. നേരത്തെ മൂക്ക് പൊത്താതെ നടക്കാൻ കഴിയാതിരുന്ന ബീച്ചിന്റെ പുതിയ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് കോഴിക്കോട്ടുകാർ. നേരത്തെ കോഴിക്കോട് നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളടക്കം ഇവിടെയായിരുന്നു കൊണ്ടുവന്ന് തള്ളിയിരുന്നത്. ഇതിനുപുറമെ കടലിൽ നിന്ന് ഒഴുകിയെത്തി അടിഞ്ഞുകൂടിയ മാലിന്യങ്ങളും കൂടിയായതോടെ ഈ ഭാഗത്തേക്ക് ആർക്കും മൂക്കുപൊത്താതെ പ്രവേശിക്കാനാകുമായിരുന്നില്ല.

ഡിടിപിസിയുടെ ശുചീകരണ തൊഴിലാളികളും കോസ്റ്റ്ഗാർഡും നിരന്തരം ശ്രമിച്ചിട്ടും മാലിന്യത്തിൽ നിന്ന് മോചനമുണ്ടാവാതിരുന്നതോടെയാണ് ബീച്ചിന്റെ രൂപം തന്നെ മാറ്റാൻ അധികൃതർ ആലോചിച്ചത്. ദിനം പ്രതി പതിനായിരക്കണക്കിന് സ്വദേശികളും വിദേശകളുമായ സഞ്ചാരികളെത്തുന്ന ബിച്ചിലെ മാലിന്യപ്രശ്നം തലവേദനയായതോടെയാണ് ഭരണകൂടവും വിഷയത്തിലേക്ക് പ്രത്യേക ശ്രദ്ധ നൽകിയത്. നിപ്പയടക്കം കോഴിക്കോട് വലിയതോതിലുള്ള അസുഖങ്ങൾ പടർന്ന് പിടിച്ച സമയത്തുപോലും ഡിടിപിസിയുടെ ശുചീകരണ തൊഴിലാളികൾ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാതെ സൗത്ത് ബീച്ചിലെ മാലിന്യങ്ങൾക്കിടയിൽ പണിയെടുക്കുന്നത് വാർത്തയിൽ ഇടംപിടിച്ചിരുന്നു.

എത്ര തന്നെ ശുചീകരിച്ചാലും ഏറ്റവും വൃത്തിഹീനമായ ബീച്ചാണ് കോഴിക്കോട് ബീച്ചെന്ന് ചീത്തപ്പേരും കോഴിക്കോട് സൗത്ത് ബീച്ചിനുണ്ടായിരുന്നു. പുതിയ സൗന്ദര്യവത്കരണത്തിലൂടെ അതിനൊക്കെയാണ് പരിഹാരമായിരിക്കുന്നത്. ഇത്രയൊക്കെ ചെയ്ത് ബിച്ചീന്റെ മുഖംതന്നെ മാറ്റിയിട്ടും വീണ്ടും ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പും ബന്ധപ്പെട്ട അധികാരികളും. ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കാനെത്തുന്നവരെ പിടികൂടാനുള്ള സംവിധാനങ്ങളൊരുക്കുന്നതിനെ കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്. ഏതായാലും രൂപം മാറിയ സൗത്ത്ബീച്ചിലെത്തി തകർന്ന കടൽപാലത്തിലേക്ക് കണ്ണുംനട്ടിരിക്കാൻ നിരവധിയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP