മാതൃഭൂമിയിൽ നിന്ന് ഏഷ്യാനെറ്റ് വഴി ജയ്ഹിന്ദ് ടിവിയിൽ; കോൺഗ്രസ് ചാനലിൽ നിന്ന് പുറത്തായ കെപി മോഹനനെ ജനം ടിവിയുടെ തലപ്പത്തെത്തിക്കാൻ അണിയറയിൽ നീക്കങ്ങളെന്ന് ആരോപിച്ച് പരിവാറിലെ ഒരു വിഭാഗം; കെപിസിസി അംഗത്തെ സിഇഒയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; എല്ലാം നടക്കുന്നത് ആർഎസ്എസ് ഉന്നതനേതൃത്വം അറിയാതെ; ഓഹരിയെടുത്ത് ചാനൽ മേധാവിയാകാൻ വീണ്ടും കെപി മോഹനൻ
July 12, 2018 | 01:25 PM IST | Permalink

ആർ പീയൂഷ്
കൊച്ചി: ജയ്ഹിന്ദ് ടിവിയുടെ മുൻ സിഇഒ കെ പി മോഹനനെ സംഘപരിവാർ ചാനലായ ജനം ടിവിയുടെ തലപ്പത്ത് എത്തിക്കാൻ അണിയറയിൽ നീക്കം സജീവമെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്ത്. ആർ എസ് എസിന്റെ തലപ്പത്തുള്ള ഒരു പ്രമുഖനാണ് ഇതിന് പിന്നീലെന്നാണ് ഉയരുന്ന ആരോപണം. കെപിസിസി അംഗമായിരുന്ന കെ പി മോഹനനെ ജനം ടിവിയുടെ ചുമതലയിൽ കൊണ്ടു വരുന്നതിനോടാണ് സംഘപരിവാറിലെ തന്നെ ഒരു വിഭാഗത്തിന് എതിർപ്പ്. അതിനിടെ ഇത്തരമൊരു നീക്കത്തെ കുറിച്ച് ആർഎസ്എസ് നേതൃത്വത്തിന് അറിവില്ലെന്നും മറുനാടൻ മലയാളിക്ക് വ്യക്തമായ സൂചന ലഭിച്ചു. ആർഎസ്എസ് നേതൃത്വത്തിന്റെ ഭാഗമായിരുന്ന കൊച്ചിയിലെ പ്രമുഖനുമായാണ് കെപി മോഹനൻ ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ട്.
ജനം ടിവിയുടെ നിയന്ത്രണം തൃശൂരുകാരനായ വിശ്വരൂപനാണ്. ആർ എസ് എസുമായി ബന്ധമുള്ള ഒരു പ്രമുഖനും ഇതുമായി സഹകരിച്ചിരുന്നു. ഇദ്ദേഹവുമായാണ് കെ പി മോഹനൻ ആശയ വിനിമയം നടത്തിയതെന്നാണ് ആർ എസ് എസിലെ ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. ജനം ടിവിയിലേക്ക് കെപി മോഹനൻ നിക്ഷേപം നടത്താമെന്ന് ഉറപ്പു കൊടുത്തതായും ഈ സാഹചര്യത്തിൽ ചാനലിന്റെ ചുമതല കെപി മോഹനനെ ഏൽപ്പിക്കാനുമാണ് നീക്കമെന്നാണ് ആരോപണം. കോൺഗ്രസ് ചാനലായ ജയ്ഹിന്ദിന്റെ സിഇഒയായിരുന്നു മോഹനൻ. ജയ്ഹിന്ദ് ടിവി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ പി മോഹനനെ കോൺഗ്രസ് നേതൃത്വം ചാനലിന്റെ ചുമതയിൽ നിന്നൊഴിവാക്കിയത്. ഇതോടെ കുറച്ചു കാലമായി വിശ്രമ ജീവിതം നയിക്കുകയാണ് മോഹനൻ.
ഇതിനിടെയാണ് ജനം ടിവിയുമായി അടുക്കാൻ നീക്കം നടത്തുന്നത്. കണ്ണൂരിലെ അറിയപ്പെടുന്ന കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ് മോഹനൻ. മാതൃഭൂമിയിലൂടെ മാധ്യമ പ്രവർത്തനം തുടങ്ങിയ മോഹനൻ പിന്നീട് ഏഷ്യാനെറ്റിലെത്തി. ഏഷ്യാനെറ്റിന്റെ മാനേജിങ് എഡിറ്ററുമായിരുന്നു. ഏഷ്യാനെറ്റ് രാജീവ് ചന്ദ്രശേഖറിന്റെ കീഴിലായതോടെയാണ് ന്യൂസിൽ നിന്ന് കെപി മോഹനൻ പടിയിറങ്ങിയതും ജയ്ഹിന്ദിലെത്തിയതും. കുവൈറ്റിൽ സ്കൂളുമായി ബന്ധപ്പെട്ടും സംശയ നിഴലിൽ നിന്ന വ്യക്തിയാണ് കെപി മോഹനൻ. കിളിരൂർ പീഡന വിവാദത്തിലും പേര് സജീവ ചർച്ചയായി. മുൻ മന്ത്രി തോമസ് ചാണ്ടിയുമായുള്ള അടുപ്പവും കെപി മോഹനനെ വിവാദത്തിലാക്കിയിരുന്നു. ഇതെല്ലാം ഉയർത്തിയാണ് കോൺഗ്രസുകാരനായ കെപി മോഹനനെ ജനം ടിവിയിൽ കൊണ്ടു വരാനുള്ള നീക്കത്തെ പരിവാറിലെ ഒരു വിഭാഗം എതിർക്കുന്നത്.
കെപിസിസി അംഗമായ കെപി മോഹനനെ സംഘപരിവാറിൽ അടുപ്പിക്കുന്നത് വഴി ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടി പരിവാറിലെ ചിലർക്കുണ്ട്. ചില പ്രമുഖ കോൺഗ്രസ് നേതാക്കളെ ബിജെപിയിൽ എത്തിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് ബിജെപിയിലെ ചിലർ പ്രചരിപ്പിക്കുന്നത്. കോൺഗ്രസിനെ തളർത്തുന്നതിന്റെ ഭാഗമായുള്ള നീക്കമാണിതെന്ന വ്യാഖ്യാനങ്ങളും സജീവമാണ്. എന്നാൽ ഇതൊന്നും പരിവാറിലെ ബഹുഭൂരിപക്ഷത്തിനും പിടിച്ചിട്ടില്ല. ചാനലിനെ രക്ഷിക്കാൻ കെപി മോഹനന് കഴിയില്ലെന്നാണ് അവരുടെ വാദം. ജയ്ഹിന്ദ് ടിവി പലവിധ പ്രശ്നങ്ങളിലൂടെ കടന്നു പോയപ്പോൾ അതിന്റെ നേതൃത്വത്തിൽ കെപി മോഹനനായിരുന്നു. കാര്യമായ സംഭവാനയൊന്നും പ്രശ്നപരിഹാരത്തിന് മോഹനന് നൽകാനായില്ല. ഇതേ തുടർന്നാണ് തന്ത്രപരമായി മോഹനനെ കോൺഗ്രസ് നേതൃത്വം ഒഴിവാക്കിയത്.
ഈ സാഹചര്യത്തിൽ ജനം ടിവിയെ മുന്നോട്ടേക്ക് നയിക്കാനുള്ള കരുത്ത് കെപി മോഹനനില്ലെന്നാണ് എതിർക്കുന്നവരുടെ നിലപാട്. മോഹനന് വന്നാലും ഒരു കോൺഗ്രസുകാരനും ബിജെപിയിൽ എത്തില്ലെന്നും അവർ പറയുന്നു.