Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കിൽ മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചാൽ നല്ലത്.. എപ്പോഴാ..എന്താ വരുകാ എന്ന് പറയാൻ ഒരു പിടുത്തോണ്ടാകില്ല. ഓർത്ത് വയ്ക്കാൻ പറയുകാ.. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും നടത്തുക..അല്ലെങ്കിൽ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം; ശശികല ടീച്ചറുടെ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയ

മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കിൽ മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചാൽ നല്ലത്.. എപ്പോഴാ..എന്താ വരുകാ എന്ന് പറയാൻ ഒരു പിടുത്തോണ്ടാകില്ല. ഓർത്ത് വയ്ക്കാൻ പറയുകാ.. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും നടത്തുക..അല്ലെങ്കിൽ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം; ശശികല ടീച്ചറുടെ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയ

മറുനാടൻ ബ്യൂറോ

പറവൂർ: ഗൗരി ലങ്കേഷ് വധത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദുഐക്യവേദി നേതാവ് കെ.പി.ശശികല നടത്തിയ പ്രസംഗം വിവാദത്തിൽ. ശശികല ടീച്ചർ മതേതരവാദികളായ എഴുത്തുകാരെ ഭീഷണിപ്പെടുത്തി എന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ശബ്ദരേഖ പ്രചരിക്കുന്നത്. ആയുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം കഴിച്ചാൽ നല്ലതാണെന്നും ഇല്ലെങ്കിൽ ബെംഗളൂരുവിൽ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നുമാണ് ശശികല പ്രസംഗിച്ചത്.

പ്രസംഗത്തിനെതിരെ പരാതിയുമായി കോൺഗ്രസ് എംഎൽഎ വി ഡി സതീശൻ രംഗത്തെത്തിയിട്ടുണ്ട്. പ്രസംഗം പരിശോധിച്ച പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. പൂർണരൂപം ലഭ്യമായിട്ടില്ല. വിവാദമായ പ്രസംഗഭാഗം ഇങ്ങനെയാണ്:

'ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കിൽ മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചാൽ നല്ലത്. എപ്പോഴാ..എന്താ വരുകാ എന്ന് പറയാൻ ഒരു പിെേടുത്താണ്ടാകില്ല..ഓർത്ത് വയക്കാൻ പറയുകാ.. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും നടത്തുക..അല്ലെങ്കിൽ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം.'

പറവൂരിൽ പൊതുയോഗത്തിലായിരുന്നു ശശികലയുടെ വിവാദ പ്രസംഗം. പ്രസംഗം സോഷ്യൽ മീഡിയയിലൂടെ വിവാദമായപ്പോൾ വിശദീകരണവുമായി ശശികല രംഗത്തെത്തി. എഴുത്തുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, കോൺഗ്രസുകാരാണ് എഴുത്തുകാരെ കൊല്ലുന്നതും അവരെ കരുതിയിരിക്കണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും ശശികല ടീച്ചർ വിശദീകരിച്ചു. കോൺഗ്രസുകാരെ കരുതിയിരിക്കണമെന്നാണ് താൻ അർഥമാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ശശികലയുടെ പ്രസംഗം പരിശോധിച്ചുവരികയാണെന്ന് പറവൂർ പൊലീസ് വ്യക്തമാക്കി. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച് ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നാണ് പൊലീസ് നിലപാട്. പറവൂരിലെ പൊതുയോഗത്തിൽ ശശികലയെ കൂടാതെ മറ്റു ഹിന്ദുഐക്യവേദി നേതാക്കളും വിവാദ പരാമർശങ്ങൾ നടത്തിയെന്ന് വി.ഡി.സതീശൻ എംഎൽഎ ആരോപിച്ചു.

പറവൂരിൽ മുജാഹിദീൻ ആശയങ്ങളടങ്ങുന്ന ലഘുലേഖകൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുൻപ് മുജാഹിദീൻ വിഭാഗവും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ ഇവിടെ തർക്കം ഉടലെടുത്തിരുന്നു. മുജാഹിദീനിലെ ഒരു വിഭാഗം വടക്കൻ പറവൂരിലെ ചില വീടുകളിൽ കയറിയിറങ്ങി ലഘുലേഖകൾ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആർഎസ്എസ്സുകാർ രംഗത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

ഈ സംഭവത്തിൽ സ്ഥലം എംഎൽഎയായ വി.ഡി.സതീശൻ മുജാഹിദീൻ വിഭാഗത്തിനു പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് ആർഎസ്എസ്, ഹിന്ദു ഐക്യവേദി പ്രവർത്തകർ എംഎൽഎയുടെ വീട്ടിലേക്കു മാർച്ച് നടത്തിയിരുന്നു. ഇതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വിശദീകരണ യോഗം സംഘടിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് ശശികലയുടെ വിവാദ പ്രസംഗം ഉൾപ്പെട്ട പരിപാടി പറവൂരിൽ നടന്നത്. ഹിന്ദു ഐക്യവേദി പ്രസിഡന്റ് കൂടിയായ ശശികലയായിരുന്നു പരിപാടിയുടെ ഉദ്ഘാടക. തുടർന്നു നടത്തിയ പ്രസംഗത്തിലാണ് ഇവർ വിവാദ പ്രസംഗം നടത്തിയത്.

നേരത്തെ,മത വിദ്വേഷം വളർത്തുന്ന രീതിയിൽ പ്രസംഗം നടത്തിയെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ ശശികലയ്‌ക്കെതിരെ കേസെടുത്തിരുന്നു.എന്നാൽ തനിക്കെതിരെ കേസെടുത്തത് നന്നായെന്നായിരുന്നു ശശികലയുടെ പ്രതികരണം. താൻ വർഗീയ പ്രഭാഷകയാണ് എന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. തന്റെ പ്രഭാഷണം കേൾക്കാത്തവരോ അടർത്തിയെടുത്ത ഭാഗങ്ങൾ മാത്രം കേട്ട് തെറ്റിദ്ധരിച്ചവരോ ആയ ആളുകൾക്ക് തന്നെ ശരിയായി മനസിലാക്കാൻ പറ്റും. അങ്ങനെ തെളിയിക്കണം എന്ന് ആവശ്യമുണ്ടായിട്ടൊന്നും അല്ലെന്നും ശശികല പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP