Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നലുമണിക്കൂർ ചാർജ് ചെയ്താൽ 40 യാത്രക്കാരുമായി 250 കിലോമീറ്റർ യാത്ര ചെയ്യാം; ഇന്ധനം വേണ്ടാത്ത ശബ്ദമില്ലാത്ത എസി ബസ് കെഎസ്ആർടിസിക്ക് ഭാഗ്യം കൊണ്ടുവരുമോ? ഒന്നരക്കോടിയുടെ വാടക ബസ് 15 ദിവസം കൊണ്ട് നേട്ടമുണ്ടാക്കിയാൽ കേരളത്തിലെ നിരത്തുകളിലെത്തുന്നത് 150 ഇലക്ടിക് ബസ്സുകൾ

നലുമണിക്കൂർ ചാർജ് ചെയ്താൽ 40 യാത്രക്കാരുമായി 250 കിലോമീറ്റർ യാത്ര ചെയ്യാം; ഇന്ധനം വേണ്ടാത്ത ശബ്ദമില്ലാത്ത എസി ബസ് കെഎസ്ആർടിസിക്ക് ഭാഗ്യം കൊണ്ടുവരുമോ? ഒന്നരക്കോടിയുടെ വാടക ബസ് 15 ദിവസം കൊണ്ട് നേട്ടമുണ്ടാക്കിയാൽ കേരളത്തിലെ നിരത്തുകളിലെത്തുന്നത് 150 ഇലക്ടിക് ബസ്സുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഷ്ടത്തിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി.യുടെ അവസാന പ്രതീക്ഷകളിലൊന്നാണ് ഇലക്ട്രിക് ബസ്സുകൾ. നാലുമണിക്കൂർ ചാർജ് ചെയ്താൽ 250 കിലോമീറ്റർ ദൂരം താണ്ടാൻ കഴിയുന്ന ഇലക്ട്രിക് ബസ് നാളെ തിരുവനന്തപുരത്ത് ഓടിത്തുടങ്ങും. ഹൈദരാബാദിൽനിന്ന് വാടകയ്‌ക്കെടുത്തിരിക്കുന്ന ഈ ബസ് വിജയമെന്ന് കണ്ടാൽ, 150 ബസുകൾകൂടി വാടകയ്‌ക്കെടുത്ത് ഓടിക്കാനാണ് കെ.എസ്.ആർ.ടി.സി. തയ്യാറെടുക്കുന്നത്. തുടക്കത്തിൽ 15 ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഒരു ബസ് ഓടുക.

ലോഫ്‌ളോർ ബസ്സുകളുടെ അതേ നിരക്കിലാകും ഈ എ.സി. ബസ്സുകളും ഓടുക. ഹൈദാബാദിലുള്ള ഗോൾഡ് സ്‌റ്റോൺ ഇൻഫ്രാടെക് ആണ് ബസ്സുകൾ ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ബിവൈഡി എന്ന ചൈനീസ് കമ്പനി നിർമ്മിക്കുന്ന ബസിന് ഇന്ധനം വേണ്ടെന്നുമാത്രമല്ല, മറ്റ് ഡീസൽ ബസുകളെക്കാൾ ശബ്ദവും കുറവാണ്. നിരത്തിലൂടെ നിശബ്ദമായി കുതിക്കുന്ന ഈ ബസ് ഭാഗ്യം കൊണ്ടുവരുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

നേരത്തെ, വാടകയ്‌ക്കെടുത്ത് കെഎസ്ആർടിസി നടത്തിയ സ്‌കാനിയ അടക്കമുള്ള സർവീസുകൾ നഷ്ടമാണെന്ന് തെളിഞ്ഞിരുന്നു. എങ്കിലും, മാറുന്ന കാലത്തിനനുസരിച്ച് മോടികൂട്ടാതെ തരമില്ലെന്ന അവസ്ഥയിലാണ് കേരളത്തിന്റെ ഔദ്യോഗിക പൊതുയാത്രാവിഭാഗം. ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യബസുകളോടും കർണാടക ആർ.ടി.സി. ബസുകളോടും മത്സരിക്കുന്നതിന് പുതിയ തരത്തിലുള്ള വാഹനങ്ങളെ ആശ്രയിക്കാതെ കെ.എസ്.ആർ.ടി.സിക്ക് വേറെ മാർഗമില്ല.

ഇന്ധനം വേണ്ടെന്നത് ഇലക്ട്രിക് ബസുകൾ കൂടുതൽ ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി. വൈദ്യുതിയിലൂടെ ചാർജ് ചെയ്യുന്ന ബസുകൾ ലാഭകരമാവുകയാണെങ്കിൽ ഭാവിയിൽ സോളാർ പോലുള്ള ബദൽ മാർഗങ്ങൾ പരീക്ഷിക്കാനും സാധിക്കും. ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ബസിന് കിലോമീറ്ററിന് 45 രൂപ നിരക്കിലാണ് കെഎസ്ആർടിസി വാടകയ്‌ക്കെടുക്കുന്നത്. കൂടുതൽ ഇലക്ട്രിക് ബസുകൾ വരുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ചാർജിങ് പോയന്റ് തയ്യാറാക്കാനും നടപടിയായിട്ടുണ്ട്.

മണിക്കൂറിൽ 70 കിലോമീറ്റർവരെ വേഗത്തിൽ കുതിക്കുന്ന ഈ ബസിൽ മുന്നിലും പിന്നിലും എയർ സസ്‌പെൻഷനുള്ളതിനാൽ സുഖകരമായ യാത്ര സാധിക്കും. പുഷ്ബാക്ക് സീറ്റും നാവിഗേഷനും സിസിടിവി ക്യാമറയുമുണ്ട്. സുഖകരമായ യാത്ര സമ്മാനിക്കുന്ന ഇലക്ട്രിക് ബസുകളെ കേരളത്തിലെ യാത്രക്കാർ സ്വീകരിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ.

പെട്രോൾ ഡീസൽ വില ദിനം പ്രതി കൂടി വരുന്നത് പോതുജനങ്ങളെ എന്നപോലെ തന്നെ കഷ്ടത്തിലാക്കുന്നത് നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കൂടിയാണ്. ദൈനംീിന ചെലവ്ക്കുൾക്ക് പണം കണ്ടെത്തി കട ബാധ്യതയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന കെഎസ്ആർടിസിക്ക് ഇന്ധനവില തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകൾ വാടകയ്‌ക്കെടുത്ത് ഓടിക്കാനാണ കെഎസ്ആർടിസി പദ്ധതി. വില കൂടുതലായതിനാൽ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം വെറ്റ് ലീസ് മാതൃകയിൽ വാടകയ്‌ക്കെടുക്കും. ഇതിന്റെ പരീക്ഷണമാണ് നടക്കാൻ പോകുന്നത്.

പതിനഞ്ചു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ആകും സർവീസ്. നിരവധി മേന്മകളുണ്ട് ഈ സർവീസിന്. ഡീസൽ, സിഎൻജി ബസ്സുകളേക്കാൾ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും പ്രത്യേകതയാണ്. ശബ്ദരഹിതവും എസിയുമായിരിക്കും ബസ്സുകൾ. 40 പുഷ്ബാക്ക് സീറ്റുകൾ, ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ്, എന്റർടെയ്ന്മെന്റ് സിസ്റ്റം എന്നിവയുമുണ്ട്. കേന്ദ്രസർക്കാർ ഏജൻസിയായ എഎസ്ആർടിയുവിന്റെ റേറ്റ് കരാർ ഉള്ള ഗോൾഡ് സ്റ്റോൺ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും ട്രയൽ റൺ നടത്തുന്നത്. കർണാടകം, ആന്ധ്ര, ഹിമാചൽ, മഹാരാഷ്ട്ര, തെലങ്കാന എന്നിവടങ്ങളിൽ ഇലക്ട്രിക് ബസ് ഓപ്പറേറ്റ് ചെയ്യുന്നതും ഇവരാണ്. പരീക്ഷണ ട്രിപ്പുകൾ വിജയിച്ചാൽ മുന്നൂറോളം വൈദ്യുത ബസ്സുകൾ ഇവിടെയും നടപ്പാക്കാനാകും. ഡീസൽ ബസ്സുകൾ ക്രമേണ കുറയുകയും ചെയ്യുമെന്നും സിഎംഡി അറിയിച്ചു.

കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനി വഹിക്കും. പദ്ധതിക്കുള്ള രൂപരേഖയും ടെൻഡറും തയാറാക്കാൻ കേന്ദ്രസർക്കാർ സ്ഥാപനമായ പുണെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിനെ ചുമതലപ്പെടുത്തും. നേരത്തെ ഇലക്ട്രിക് ബസുകൾ വാങ്ങി സർവീസ് നടത്താനാണ് കെഎസ്ആർടിസി ആലോചിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ സബ്‌സിഡി കൂടി പ്രയോജനപ്പെടുത്തിയാലും വൻ സാമ്പത്തികബാധ്യത വരുമെന്നതിനാൽ ഈ ശ്രമം മുന്നോട്ടുപോയില്ല. 1.5 കോടി മുതലാണ് ഇബസുകളുടെ വില. തുടർന്നാണ് കർണാടക മാതൃകയിൽ ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP