Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അരയ്ക്കൊപ്പം വെള്ളത്തിലൂടെ കുന്നിന്മുകളിലേക്ക് ഓടിച്ചു കയറ്റിയത് എട്ടു കെഎസ്ആർടിസി ബസുകൾ; തിരിച്ചു വന്നപ്പോൾ കണ്ടത് കെട്ടിടത്തിന് മുകളിൽ പ്രാണന് വേണ്ടി യാചിക്കുന്ന നാലു പേരെ; അവരെയും രക്ഷപ്പെടുത്തി സ്വന്തം വീട്ടിൽ ചെന്നപ്പോൾ കണ്ടത് മുങ്ങി നിൽക്കുന്ന വീടും; റാന്നി കെഎസ്ആർടിസി ഡിപ്പോയിലെ മെക്കാനിക്ക് മഹേഷ് നടത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം; അംഗീകരിക്കാതെ കെഎസിആർടിസി

അരയ്ക്കൊപ്പം വെള്ളത്തിലൂടെ കുന്നിന്മുകളിലേക്ക് ഓടിച്ചു കയറ്റിയത് എട്ടു കെഎസ്ആർടിസി ബസുകൾ; തിരിച്ചു വന്നപ്പോൾ കണ്ടത് കെട്ടിടത്തിന് മുകളിൽ പ്രാണന് വേണ്ടി യാചിക്കുന്ന നാലു പേരെ; അവരെയും രക്ഷപ്പെടുത്തി സ്വന്തം വീട്ടിൽ ചെന്നപ്പോൾ കണ്ടത് മുങ്ങി നിൽക്കുന്ന വീടും; റാന്നി കെഎസ്ആർടിസി ഡിപ്പോയിലെ മെക്കാനിക്ക് മഹേഷ് നടത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം; അംഗീകരിക്കാതെ കെഎസിആർടിസി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: റാന്നി കെഎസ്ആർടിസി ഡിപ്പോയിലെ മെക്കാനിക് പെരുനാട് എരുവാപ്പുഴ പുന്നമൂട്ടിൽ മഹേഷ് എന്ന ചെറുപ്പക്കാരൻ ഈ പ്രളയകാലത്ത് നടത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ്. എട്ട് കെഎസ്ആർടിസി ബസ്, പ്രാണന് വേണ്ടി യാചിച്ച അഞ്ചു മനുഷ്യർ എന്നിവരെ സുരക്ഷിത കേന്ദ്രങ്ങളിലാക്കി ഇദ്ദേഹം തിരികെ ചെല്ലുമ്പോൾ പ്രളയ ജലത്തിൽ മുങ്ങിയിരിക്കുകയാണ് വീട്. നഷ്ടം ഒന്നരലക്ഷം. വെള്ളപ്പൊക്കം കണ്ടപ്പോഴേ റാന്നിയിൽ നിന്ന് തിരികെ വീട്ടിൽ എത്തിയിരുന്നെങ്കിൽ സാധന സാമഗ്രികളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി നഷ്ടത്തിന്റെ തോത് കുറയ്ക്കാമായിരുന്നു. ഇത്രയുമൊക്കെയായിട്ടും ഒരു നന്ദി വാക്കു പോലും കെഎസ്ആർടിസി അധികൃതർ മഹേഷിന് നൽകിയില്ല. പകരം, എത്രയും വേഗം ഡ്യൂട്ടിക്ക് ഹാജരാകാനുള്ള കർശന നിർദ്ദേശം മാത്രം കൊടുത്തു.

ഓഗസ്റ്റ് 15 ന് രാവിലെയായിരുന്നു മഹേഷിന്റെ രക്ഷാപ്രവർത്തനം. കണ്ണടച്ച് തുറക്കും മുൻപായിരുന്നു പമ്പ കരകവിഞ്ഞ് റാന്നിയിൽ സംഹാരതാണ്ഡവമാടിയത്. ഇട്ടിയപ്പാറയിലെ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നാണ് കെഎസ്ആർടിസി ഡിപ്പോ. ഇവിടെ ആകെ 20 ബസുകളാണ് ഉള്ളത്. മലവെള്ളത്തിന്റെ വരവ് കണ്ട് ജീവനക്കാർ ഭയന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. മുഴുവൻ ബസുകളും അപകടത്തിലാണെന്ന് മനസിലാക്കിയ മഹേഷ് അരയ്ക്കൊപ്പം വെള്ളത്തിലൂടെ നീന്തി ചെന്ന് എട്ടെണ്ണം റാന്നി സെന്റ് തോമസ് കോളജിന് സമീപത്തേക്ക് മാറ്റിയിട്ടു.

12 എണ്ണം അപ്പോഴേക്കും പൂർണമായി മുങ്ങിയിരുന്നു. ബസുകൾ കൊണ്ടിട്ട് മടങ്ങി ഡിപ്പോയ്ക്ക് സമീപത്തേക്ക് വരുമ്പോഴാണ് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഒറ്റ നിലക്കെട്ടിടത്തിന് മുകളിൽ രണ്ടു കോളജ് വിദ്യാർത്ഥികൾ രക്ഷയ്ക്കായി കേഴുന്നത് കണ്ടത്. ഇവരെ രക്ഷിക്കാൻ വന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വരെ വെള്ളത്തിലിറങ്ങാൻ മടിച്ച് അമ്പരന്ന് നിൽക്കുകയാണ്. അനുനിമിഷം പ്രളയജലം വളരുന്നതും കുട്ടികൾ രക്ഷയ്ക്കായി കേഴുന്നതും കണ്ട മഹേഷ് പിന്നൊന്നും ചിന്തിച്ചില്ല. ഫയർഫോഴ്സുകാരിൽ നിന്ന് ഒരു ലൈഫ് ജാക്കറ്റ് വാങ്ങി ധരിച്ച് നേരെ നീന്തിച്ചെന്ന് ഓരോരുത്തരെയായി കരയ്ക്ക് എത്തിച്ചു.

തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിന് മുകളിൽ നിന്ന് മൂന്നു പേരെയും മഹേഷ് കരയ്ക്ക് എത്തിച്ചു. ഇതിനിടെ വീട്ടിൽ നിന്ന് വിളിയെത്തി. കക്കാട്ടാറ് വീടിനുള്ളിലേക്ക് കടന്നു തുടങ്ങിയിരിക്കുന്നു. റാന്നിയിൽ നിന്ന് വിട്ട് വീടിന് സമീപം എത്തിയപ്പോഴേക്കും അതു മുങ്ങി. പിന്നെ സുരക്ഷിത സ്ഥാനത്തേക്ക്. വെള്ളമിറങ്ങിയപ്പോൾ വീട്ടിനുള്ളിൽ ഉണ്ടായ നഷ്ടം ഒന്നര ലക്ഷം. അതെല്ലാം വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടെ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വിളിയെത്തി-എത്രയും വേഗം ഡ്യൂട്ടിക്ക് ഹാജരാകാൻ. മഹേഷ് രക്ഷിച്ചത് കെഎസ്ആർടിസിയെ കൂടിയാണ്. എന്നിട്ടും ഒരു നന്ദി വാക്ക് മേലധികാരികളുടെ ഭാഗത്തു നിന്നുമുണ്ടായില്ല. എത്ര കുത്തൊഴുക്കിലും നീന്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് താൻ രക്ഷാപ്രവർത്തനത്തിന് തയാറായതെന്ന് മഹേഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP