Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കാനിയ ബസ് വാടകയ്‌ക്കെടുത്തത് പവാറിന്റെ അടുപ്പക്കാരന്റെ കമ്പനിയിൽ നിന്ന്; ആദ്യ ദിവസത്തെ സർവ്വീസ് ആനവണ്ടിക്കുണ്ടാക്കിയത് അരലക്ഷത്തിന്റെ നഷ്ടം; നേട്ടം കൊയ്തത് മുംബൈയിലെ എൻസിപിക്കാരും; മന്ത്രിസ്ഥാനം നഷ്ടമാകാതിരിക്കാനുള്ള തോമസ് ചാണ്ടിയുടെ മോഹം തളർത്തുന്നത് കെ എസ് ആർ ടി സിയെ; ഗതാഗത വകുപ്പിനെ മന്ത്രി പ്രത്യുപകാര സർവ്വീസ് ആക്കുന്നത് ഇങ്ങനെ

സ്‌കാനിയ ബസ് വാടകയ്‌ക്കെടുത്തത് പവാറിന്റെ അടുപ്പക്കാരന്റെ കമ്പനിയിൽ നിന്ന്; ആദ്യ ദിവസത്തെ സർവ്വീസ് ആനവണ്ടിക്കുണ്ടാക്കിയത് അരലക്ഷത്തിന്റെ നഷ്ടം; നേട്ടം കൊയ്തത് മുംബൈയിലെ എൻസിപിക്കാരും; മന്ത്രിസ്ഥാനം നഷ്ടമാകാതിരിക്കാനുള്ള തോമസ് ചാണ്ടിയുടെ മോഹം തളർത്തുന്നത് കെ എസ് ആർ ടി സിയെ; ഗതാഗത വകുപ്പിനെ മന്ത്രി പ്രത്യുപകാര സർവ്വീസ് ആക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിക്കു വേണ്ടി സ്‌കാനിയ ബസുകൾ വാടകയ്ക്കെടുത്ത് ദീർഘദൂര സർവീസ് നടത്താൻ തീരുമാനിച്ചതും അഴിമതിയോ? എൻ.സി.പിക്കാരനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി ആവിഷ്‌കരിച്ച പദ്ധതിയിൽനിന്നു ലാഭം കൊയ്യുന്നത് മഹാരാഷ്ട്രയിലെ എൻ.സി.പി. നേതാക്കളെന്നാണ് റിപ്പോർട്ട്. ഇതോടെ കടക്കണയിൽ കിതയ്ക്കുന്ന കെ എസ് ആർ ടി സിക്ക് ഏറെ തിരിച്ചടിയുമാകും തീരുമാനം. ആദ്യ ദിവസത്തെ സർവീസുകൾ കെ.എസ്.ആർ.ടി.സിക്കു നഷ്ടക്കച്ചവടമായിരുന്നു. മഹാരാഷ്ട്രയിലെ മഹാവോയേജ് കമ്പനിയിൽ നിന്നുള്ള സ്‌കാനിയ ബസുകൾക്കു വാടക നിശ്ചയിച്ചതിൽ മന്ത്രിക്കു സാമ്പത്തികനേട്ടമെന്ന് ആക്ഷേപം ഉയരുകയും ചെയ്തു.

എൻ.സി.പി. മുംബൈ മേഖലാ സെക്രട്ടറി നന്ദർ പുരുഷോത്തമൻ മാനേയുടെ സഹോദരൻ വിക്രം പുരുഷോത്തമൻ മാനേയ്ക്കു പങ്കാളിത്തമുള്ള കമ്പനിയാണ് മഹാവോയേജ്. എൻ.സി.പി. മുംബൈ ഘടകത്തിലെ നിരവധി നേതാക്കൾക്ക് കമ്പനിയിൽ പങ്കാളിത്തമുണ്ട്. ശരത് പവാറിന്റെ വിശ്വസ്തനാണ് വിക്രം പുരുഷോത്തമൻ മാനേ. സ്‌കാനിയകൾ ഓടുന്ന ഓരോ കിലോമീറ്ററിനും 23 രൂപയാണു വാടക. ഇതിൽ മൂന്നു രൂപ അഴിമതി വിഹിതമാണെന്നാണ് ആക്ഷേപം. കെ.എസ്.ആർ.ടി.സിയുടെ സ്‌കാനിയ ബസുകൾ ഷെഡിൽ ഒതുക്കിയിട്ട് വാടകവണ്ടികൾ ഓടിക്കുന്നതിൽ കള്ളക്കളിയുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നത് മംഗളമാണ്. ഭൂമി കൈയേറ്റ വിഷയത്തിൽ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടിക്ക് മറ്റൊരു വെല്ലുവിളിയാണ് മംഗളത്തിലെ വാർത്ത.

എല്ലാ മാസവും ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്ത് ശമ്പളം നൽകുന്ന കെ.എസ്.ആർ.ടി.സിയെ വീണ്ടും കടക്കെണിയിലേക്കു തള്ളുന്നതാണ് വാടക ബസ് പദ്ധതിയെന്നാണ് തുടക്കത്തിലെ അനുഭവം. 90 ബസുകൾ കൂടി വരാനുണ്ട്. അവയും സർവീസ് ആരംഭിക്കുന്നതോടെ ലാഭമുണ്ടാക്കുന്നത് മഹാവോയേജ് കമ്പനിയും എൻ.സി.പി. നേതാക്കളുമായിരിക്കും. തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സംസ്ഥാന എൻസിപിയിലെ പല നേതാക്കൾക്കും അഭിപ്രായമുണ്ട്. എന്നാൽ എൻസിപി ദേശീയ നേതൃത്വം തോമസ് ചാണ്ടിക്കൊപ്പമാണ്. ഇതിന് പ്രത്യുപകാരമാണ് ഈ ബസ് വാടകയ്‌ക്കെടുക്കൽ എന്നാണ് ഉയരുന്ന വിമർശനം.

വാടകയ്ക്കെടുത്ത സ്‌കാനിയ ബസ് തിരുവനന്തപുരം-ബംഗളുരു സർവീസ് (ബത്തേരി വഴി ഉച്ചയ്ക്ക് രണ്ടിനു പുറപ്പെട്ടത്) കന്നിയോട്ടം പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ കെ.എസ്.ആർ.ടി.സിക്കു നഷ്ടം 3906 രൂപ. 87,719 രൂപയായിരുന്നു കളക്ഷൻ. 1575 കിലോമീറ്റർ ഓടിയതിന് 36,225 രൂപ വാടക നൽകണം. 787.5 ലിറ്റർ ഡീസലിന് 50,400 രൂപ (ഒരു ലിറ്റർ ഡീസലിന് രണ്ടു കിലോമീറ്റർ). ബംഗളൂരു സർവീസ് അഞ്ചു ഡ്യൂട്ടിയായി പരിഗണിച്ച് 5000 രൂപ കണ്ടക്ടർക്കു നൽകണം. അങ്ങനെ മൊത്തം ചെലവ് 91,625 രൂപ! വൈകിട്ട് അഞ്ചിനു പുറപ്പെട്ട തിരുവനന്തപുരം- ബംഗളുരു ബസിന്റെ കളക്ഷൻ 73681 രൂപയായിരുന്നു. ഈ സർവീസ് 17,944 രൂപ നഷ്ടമുണ്ടാക്കി.

നാഗർകോവിൽ വഴി ബംഗളുരു (1604 കി.മി) സർവീസ് നടത്തിയ ബസിന്റെ കളക്ഷൻ 51,428 രൂപയും തിരുവനന്തപുരം-മൂകാംബിക(1633കി.മി) ബസിന്റെ കളക്ഷൻ 61,574 രൂപയുമാണ്. 20,000 രൂപയ്ക്കു മുകളിലാണ് ഈ സർവീസുകളുടെ നഷ്ടം. കെ.എസ്.ആർ.ടി.സിയുടെ 28 സ്‌കാനിയ ബസുകൾ ഗ്യാരേജിലേക്ക് മാറ്റിയിട്ടാണ് വാടക ബസുകൾ നിരത്തിലിറക്കിയത്. വാടകബസുകൾ ആദ്യദിനം തന്നെ നഷ്ടമായതോടെ ഗതാഗതമന്ത്രിയുടെയും കെ.എസ്.ആർ.ടി.സി. മുൻ എം.ഡി: എം.ജി. രാജമാണിക്യത്തിന്റെയും പദ്ധതിയിലെ ചെമ്പുതെളിഞ്ഞുവെന്ന് മംഗളം പറയുന്നു.

ശരാശരി 5000 രൂപ നഷ്ടം എന്നു കണക്കാക്കിയാൽ ഒരു മാസം വാടക വണ്ടികൾ വഴി കെ.എസ്.ആർ.ടി.സിക്ക് ഒന്നര ലക്ഷം രൂപ നഷ്ടമാകും. കൊള്ള ലാഭം കൊയ്യുന്ന മഹാരാഷ്ട്രാ കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ മന്ത്രി തോമസ്ചാണ്ടി കെ.എസ്.ആർ.ടി.സി. എംഡിയെ സമ്മർദത്തിലാക്കിയിരുന്നു. ബസുകൾ വാങ്ങുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും വലിയ ബാധ്യതയുണ്ടാക്കുമെന്ന പേരിലാണ് പുതിയ പദ്ധതിയെന്ന നിലയിൽ വാടക ബസുകളെ അവതരിപ്പിച്ചത്. കമ്പനിയാണ് ഡ്രൈവർമാരെ നിയോഗിക്കുന്നത്. ഇക്കൂട്ടത്തിൽ മലയാളികളില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP