Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉന്നത ഉദ്യോഗസ്ഥനായ യൂണിയൻ നേതാവിന്റെ പീഡനവും ജോലി നിഷേധവും പതിവായി; മനംനൊന്ത കെഎസ്ആർടി എം പാനൽ കണ്ടക്ടർ ആത്മഹത്യ ചെയ്തു സംഭവത്തിൽ ജീവനക്കാരിൽ പ്രതിഷേധം ഇരമ്പുന്നു; കൂലിപ്പണിക്കരന്റെ വേതനം പോലുമില്ലാതെ ആനവണ്ടിയെ മുന്നോട്ട് നയിക്കുന്ന 9000ത്തോളം വരുന്ന എം പാനലുകാർ മൂന്നാർ മോഡൽ സമരത്തിന്

ഉന്നത ഉദ്യോഗസ്ഥനായ യൂണിയൻ നേതാവിന്റെ പീഡനവും ജോലി നിഷേധവും പതിവായി; മനംനൊന്ത കെഎസ്ആർടി എം പാനൽ കണ്ടക്ടർ ആത്മഹത്യ ചെയ്തു സംഭവത്തിൽ ജീവനക്കാരിൽ പ്രതിഷേധം ഇരമ്പുന്നു; കൂലിപ്പണിക്കരന്റെ വേതനം പോലുമില്ലാതെ ആനവണ്ടിയെ മുന്നോട്ട് നയിക്കുന്ന 9000ത്തോളം വരുന്ന എം പാനലുകാർ മൂന്നാർ മോഡൽ സമരത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തല്ലുകൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാർ, എന്നു പറയുന്നതു പോലയാണ്. കെഎസ്ആർടിയിലെ ജീവനക്കാരുടെ കാര്യങ്ങൾ. നഷ്ടത്തിലോടുന്ന കോർപ്പറേഷനെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നത് 9000ത്തോളം വരുന്ന എം പാനൽ ജീവനക്കാരാണ്. സ്ഥിരം ജീവനക്കാർ യഥേഷ്ടം ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി യൂണിയൻ കളിച്ചിരിക്കുമ്പോൾ ആനവണ്ടിയെ മുന്നോട്ടു നയിക്കുന്നത് കൂലിപ്പണിക്കാരുടെ പോലും ശമ്പളം ലഭിക്കാത്ത ഇക്കൂട്ടരായിരുന്നു. എന്നാൽ ഇവരുടെ ജോലി നിശ്ചയിക്കുന്ന യൂണിയൻ നേതാക്കളായ ഉദ്യോഗസ്ഥർ പലപ്പോഴും ഡ്യൂട്ടി നൽകാതെ പീഡിപ്പിക്കുക പതിവാണ്. ഈ പീഡനത്തിന്റെ രക്തസാക്ഷിയാണ് ആലപ്പുവ അറക്കപ്പറമ്പിൽ സ്റ്റീഫന്റെ മകൻ എ എസ് ആന്റണി. പത്ത് വർഷമായി പരാതികളൊന്നുമില്ലാതെ ജോലി ചെയ്തുവന്ന ഇദ്ദേഹം രണ്ട് ദിവസം മുമ്പ് ജീവനൊടുക്കുകയായിരുന്നു.

ഡ്യൂട്ടികാര്യത്തിൽ ചീഫ് ഓഫീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ചില ജീവനക്കാരുടെ കണ്ണിലെ കരടായ ആന്റണി പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തത്. തൊഴിലാളി യൂണിയൻ നേതാക്കളാൽ തന്നെ പീഡിപ്പിക്കപ്പെട്ട വ്യക്തിയായിരുന്നു. ഒടുവിൽ എല്ലാം സഹിച്ചു മടുത്താണ് ഇദ്ദേഹം ജീവനൊടുക്കിയത്. ഈ സംഭവം എംപാനലുകാർക്കിടയിൽ കടുത്ത അമർഷത്തിനാണ് ഇടയാക്കിയത്. ഇതോടെ രാഷ്ട്രീയ വ്യത്യസം അമർഷം ശക്തമായിട്ടുണ്ട്. ഇതോടെ തൊഴിലാളി, തൊഴിലാളി യൂണിയൻ, യൂണിറ്റ് മാനേജ്മെന്റ് ബന്ധത്തിലെ അഭയത്വ അനാഭാവത്തിനെതിരെയും മൂന്നാർ പെമ്പിളൈ ഒരുമൈ ശൈലിയിൽ രാഷ്ട്രീയേതര മുന്നേറ്റത്തിനു തയ്യാറെടുക്കുകയാണ് ഇക്കൂട്ടർ. ഇതൊരു മുല്ലപ്പൂ വിപ്ലവമാകുമെന്നാണ് ജീവനക്കാർ പറയുന്നത്.

തൊഴിലാളി താൽപ്പര്യം സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് ഹനിക്കുന്നു എന്ന ആക്ഷേപമാണ് ഇതോടെ ശക്തമായിരിക്കുന്നത്. ശക്തമായ തൊഴിലാളി യൂണിയൻ പ്രവർത്തനമുള്ള കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസിയിൽ തൊഴിൽ സംബന്ധമായ ഒരു പരിതിയെ തുടർന്ന് ഒരു ജീവനക്കാരൻ പീഡിപ്പിക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തത് ചെറിയ സംഭവമല്ലെന്നാണ് അറിയുന്നത്. ചീഫ് ഓഫീസിൽ പരാതി അറിയിച്ചതോടെ ആന്റണിയുടെ അവസ്ഥ കൂടുതൽ ദുരിതത്തിലായെന്നും ഇവർ പറയുന്നു.

എറണാകുളം കെഎസ്ആർടിസിയിലെ ജനറൽ കൺട്രോളിങ് ഇൻപ്കെടറും എഐറ്റിയുസി യൂണിയൻ നേതാവുമായ ഉണ്ണികൃഷ്ണന്റെയും മറ്റൊരു ഇൻസ്പെക്ടറായ ഷിബുവിന്റെയും ദിവസങ്ങൾ നീണ്ടു നിന്ന പീഡനവും ഏപ്രിൽ രണ്ടാം ആഴ്ച മുതൽ ജോലിയിൽ നിന്നും മാറ്റ് നിർത്തിയതുമാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നാണ് ആരോപണം. ഇക്കാര്യം ആന്റണി തന്റെ ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളതായും അറിയുന്നുണ്ട്.

ഒരു ജീവനക്കാരൻ ചീഫ് ഓഫീസിൽ പരാതി നൽകിയാൽ ജീവനക്കാരൻ ജോലി ചെയ്യുന്ന യൂണിറ്റിന് ഏറ്റവും അടുത്തുള്ള വിജിലൻസ് സ്‌കാഡ് ആണ് പരാതി അന്വേഷിക്കേണ്ടത്. ആത്മഹത്യ ചെയ്ത ആന്റണി എറണാകുളം യൂണിറ്റിലാണ് ജോലി ചെയ്യുന്നതെന്നിരിക്കെ ആന്റണിയുടെ പരാതി അന്വേഷിക്കേണ്ടിയിരുന്നത് എറണാകുളം സ്‌ക്വാഡ് തന്നെയായിരുന്നു. സാധാരണ ഗതിയിൽ ഒരു മാസം 21 ഡ്യൂട്ടി ചെയ്യേണ്ട സ്ഥാനത്ത് 30 - 40 ഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടറായിരുന്നു ആന്റണി. യാത്രക്കാർക്കും ജീവനക്കാർക്കും ഏറെ പ്രിയങ്കരനായിരുന്നു ഇദ്ദേഹം. അങ്ങനെയുള്ള ആന്റണിയുടെ പരാതിയിൽ എറണാകുളം സ്‌ക്വാഡ് അന്വേഷണം നടത്തിയാൽ ആന്റണിയുടെ പരാതി ശരിയാണെന്നു ബോധ്യപ്പെടും എന്ന് മനസ്സിലാക്കിയാണ് യൂണിയൻ നേതാവ് കൂടിയായ ഉണ്ണികൃഷ്ണൻ ചീഫ് ഓഫീസിൽ സ്വാധീനം ചെലുത്തി ആന്റണിയുടെ പരാതി പെരുമ്പാവൂർ സ്‌ക്വാഡിനെ കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു.

ജീവനക്കാർക്കെതിരെ കള്ളക്കേസുകൾ തയ്യാറാക്കുന്നതിലും യൂണിയൻ സ്വാധീനത്തിന്റെ പേരിൽ കുറ്റവാളികളെ രക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലും വിദഗ്ദ്ധരായ ചില ജീവനക്കർ പെരുമ്പാവൂർ കെഎസ്ആർടിസി സ്‌ക്വാഡിലുണ്ട്. നോട്ടു പിൻവലിക്കൽ കാലഘട്ടത്തിൽ മൂവാറ്റുപുഴ കെഎസ്ആർടിസി ഓഫീസിൽ അസാധുവാക്കിയ 500, 1000 രൂപയുടെ കാൽകോടി രൂപ നോട്ടുകൾ നിയമവിരുദ്ധമായി മാറ്റി നൽകിയ കേസിൽ സംസ്ഥാന വിജിലൻസ് കോടതിയും കുറ്റക്കാരാണെന്നു കണ്ടെത്തിയ ജീവനക്കാർ കുറ്റക്കാരല്ലെന്നു ചീഫ് ഓഫീസിനു റിപ്പോർട്ടു നൽകിയവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥരായ സുനിൽ, സന്തോഷ് എന്നിവർ.

ഈ സന്തോഷും സുനിലുമടങ്ങുന്ന പെരുമ്പാവൂർ സംഘം ആന്റണിയെ മാനസികമായി പീഡിപ്പിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന ആക്ഷേപവുമുണ്ട്. ഏപ്രിൽ ആദ്യ വാരം തൊട്ട് ആന്റണിക്ക് കെഎസ്ആർടിസിയിൽ ഡ്യൂട്ടിയും നൽകിയില്ല. എംപാനൽ ജീവനക്കാരനായതുകൊണ്ട് മേലധികാരികൾ ഡ്യൂട്ടി നൽകിയില്ലെങ്കിൽ ദിവസക്കൂലി എന്ന ശമ്പളം കിട്ടില്ല. സാധാരണ കണ്ടക്ടർമാർക്ക് നൽകുന്നതിന്റെ പകുതി ശമ്പളം പോലും എംപാനൽ ജീവനക്കാർക്ക് ലഭിക്കുന്നില്ല. ഏറ്റവും ജൂണിയറായ സ്ഥിരം കണ്ടക്ടർക്ക് ഒരു ഡ്യൂട്ടിക്ക് 1000 രൂപാ ശമ്പളം ലഭിക്കുമ്പോൾ ഒരു എംപാനലുകാരനു ലഭിക്കുന്നത് 430 രൂപാ മാത്രമാണ്. ഒരു സ്ഥിരം ജീവനക്കാരൻ പ്രതിദിനം 300 കിലോമീറ്റർ ഓടിക്കുമ്പോൾ എംപാനൽ ജീവനക്കാരൻ 450 മുതൽ 500 കിലോമീറ്റർ വരെ ഓടിക്കണം.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ജീവനക്കാരുടെ മാറ്റം. അതിന്റെ മുന്നോടിയായി കെഎസ്ആർടിസിയിലെ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ ഏറ്റവും സീനയറായ സ്ഥിരം ജീവനക്കാരായിരിക്കണം. ഓടിക്കേണ്ടതെന്ന് ഓപ്പറേഷൻസ് മേധാവി അനിൽ കുമാർ TRIb 037674b 2011 de 18. 3. 2017 ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇത് യൂണിയൻ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ പേരിൽ അട്ടിമറിക്കപ്പെട്ടു. വേണ്ടപ്പെട്ടവർക്കെതിരെ അധ്വാനഭാരം കുറഞ്ഞ ''അലുവ'' ഡ്യൂട്ടികൾ നൽകുകയും ഏറ്റവും കഠിനമായ ഡ്യൂട്ടികൾ എംപാനലുകാരുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്തു. ഇതൊക്കെ എംപാനലുകാർക്കിടയിൽ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. ഇത്തരം പ്രശ്നങ്ങൾ യൂണിറ്റ് തലത്തിനു പരിഹരിക്കപ്പെടാതെ വന്നതിനാലാണ് എറണാകുളം യൂണിറ്റലെ കണ്ടക്ടറായ ആന്റണി ചീഫ് ഓഫീസിനു പരാതിപ്പെട്ടത്.

യൂണിറ്റുതല ഉദ്യോഗസ്ഥരുടെ ഇത്തരം നിയമവിരുദ്ധ നീക്കങ്ങളെ നേരത്തെയും ആന്റണി ചോദ്യം ചെയ്തിരുന്നു. ''ഇത്തവണ നിന്നെ തീർത്തു തരും'' എന്ന ഉണ്ണികൃഷ്ണൻ ആന്റണിയെ ഭീക്ഷണിപ്പെടുത്തിയിരുന്നുതായും അതിനുള്ള രേഖകൾ കൃത്രിമമായി ചമയ്ക്കാൻ വിരുതന്മാരയവർ അടങ്ങുന്ന പെരുമ്പാവൂർ സ്‌ക്വാഡിനെ വിളിച്ചു വരുത്തുകയായിരുന്നു. എറണാകുളം സ്‌ക്വാഡിലും ഇതിന്റെ എതിർപ്പുയരുകയാണ്. ആന്റണിയുടെ ആത്മഹത്യ എംപാനൽ ജീവനക്കാരെ കടുത്ത നടപടികളിലേക്കു നീങ്ങാൻ പ്രേരിപ്പിക്കുകയാണ്. കെഎസ്ആർടിസിയിൽ 12149 സ്ഥിരം കണ്ടക്ടർമാരുണ്ടെങ്കിൽ 4250 എംപാനൽ കണ്ടക്ടർമാരുണ്ട്. മിക്കവരും വിവിധ യൂണിയനുകളിൽ അംഗങ്ങളാണ്. ''നക്കാപ്പിച്ച'' ദിവസക്കൂലി ലഭിക്കുന്ന എംപാനൽ ജീവനക്കാരെ 'അധകൃത' രായിട്ടാണ് യൂണിയനുകളും അതിന്റെ നേതൃത്വത്തിൽ നിൽക്കുന്ന സ്റ്റേഷൻ മാസ്റ്റർ ഇൻസ്പെക്ചർ തുടങ്ങിയ ഉദ്യോഗസ്ഥരും കാണുന്നത്. കൊടിയ ജോലി സ്ഥലത്തെ മാനസിക പീഡനത്തിനിരയാക്കുകയാണ് മിക്ക എംപാനൽ ജീവനക്കാരും. ആകെ 9175 എംപാനൽ ജീവക്കാരാണ് കെഎസ്ആർടിസിയിലുള്ളത്.

താൽക്കാലിക ജീവനക്കാർക്കും സ്ഥിരം ജീവനക്കാരുടെ പേരിലും നൽകണമെന്ന് 26. 10. 2016 ൽ സുപ്രീം കോടതി സ്റ്റേറ്റ് ഓഫ് പഞ്ചാബ് ജഗജിത് സിങ് എന്ന സിവിൽ അപ്പീൽ 213/ 2013 കേസിൽ സുപ്രാധന വിധി പ്രഖ്യാപിച്ചിട്ടും കെഎസ്ആർടിസിയിലെ സിഐറ്റിയു യൂണിയനും റ്റിഡിഎഫ് യൂണിയനും ഇക്കാര്യത്തിൽ സമരം ചെയ്യാൻ തയ്യാറാകാത്തതും എംപാനൽ ജീവനക്കാർക്ക് സ്ഥിരം ജീവനക്കാരുടേതിനു സമാനമായ ശമ്പളം നൽകണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതും എംപാനൽ ജീവനക്കാരെ അസംതൃപ്തരാക്കിയതിനാലുമാണഅ ആന്റണിയുടെ ആത്മഹത്യയും.

ആന്റണിയുടെ ആത്മഹത്യയ്ക്കു കാരണക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് പുറത്തു നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റിനെ സ്വാധീനിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാനത്തൊട്ടാകെ പണിയെടുക്കുന്ന എംപാനൽ ജീവനക്കാർ. ആന്റണിയുടെ മരണമടക്കമുള്ള കാര്യത്തിൽ അംഗീകൃത യൂണിയനുകളുടെ താൽപ്പര്യക്കുറവും എംപാനൽ ജീവനക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാത്തതും ചൂണ്ടിക്കാട്ടിയും കെഎസ്ആർടിസിയുടെ നിലവിലെ പ്രതിസന്ധിയിൽ രാഷ്ട്രീയ തൊഴിലാളി യൂണിയനുകളേക്കാൾ നല്ലത് സ്വതന്ത്ര തൊഴിലാളി യൂണിയനാണെന്നും അണിനിരത്തിയൊരു നീക്കം നടത്തേണ്ടത് ആന്റണിയുടെ ആത്മത്യയുടെ വെളിച്ചത്തിൽ ഏറെ പ്രസക്തമാണെന്നും കെഎസ്ആർടിസി ജീവനക്കാർ തന്നെ ചൂണ്ടിക്കാണിക്കുന്നു.

സംഘടിത തൊഴിലാളി യൂണിയൻ പ്രവർത്തനത്തിലെ പുഴുക്കുത്തുകളാണ് ആന്റണിയുടെ ആത്മഹത്യ വെളിച്ചത്തുകൊണ്ടു വരുന്നത്. തൊഴിലാളി യൂണിയനുകളിലും ഉയർന്ന ശമ്പളം വാങ്ങുന്നവരുടെ സ്വാധീനത്തിലുമാണ് യൂണിയൻ നേതാക്കളെന്നും ജീവനക്കാർ പരാതിപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP