Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ ലഭിക്കാൻ വേണ്ടി വന്നാൽ സെക്രട്ടറിയേറ്റും പൊളിച്ചു പണിയും എന്ന് പറയുന്നത് വെറുതേയല്ല; പണി കിട്ടിയില്ലെങ്കിൽ ഊരാളുങ്കൻ സർക്കാറിനിട്ടും പണി കൊടുക്കും; ഇടതു സമ്മർദ്ദം മറികടന്ന് കെഎസ്ആർടിസിയെ ഊറ്റി വെട്ടിച്ചുകൊണ്ടിരുന്ന ഓൺലൈൻ ബുക്കിങ് കരാർ റദ്ദു ചെയ്തതോടെ കെഎസ്ആർടിസിയുടെ വെബ്സൈറ്റ് തന്നെ അടിച്ചുമാറ്റി ഊരാളുങ്കൽ; പരാതിയുമായി തച്ചങ്കരി വീണ്ടും സർക്കാറിന് മുമ്പിൽ; റിസർവേഷന് പുതിയ വെബ്സൈറ്റ്

ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ ലഭിക്കാൻ വേണ്ടി വന്നാൽ സെക്രട്ടറിയേറ്റും പൊളിച്ചു പണിയും എന്ന് പറയുന്നത് വെറുതേയല്ല; പണി കിട്ടിയില്ലെങ്കിൽ ഊരാളുങ്കൻ സർക്കാറിനിട്ടും പണി കൊടുക്കും; ഇടതു സമ്മർദ്ദം മറികടന്ന് കെഎസ്ആർടിസിയെ ഊറ്റി വെട്ടിച്ചുകൊണ്ടിരുന്ന ഓൺലൈൻ ബുക്കിങ് കരാർ റദ്ദു ചെയ്തതോടെ കെഎസ്ആർടിസിയുടെ വെബ്സൈറ്റ് തന്നെ അടിച്ചുമാറ്റി ഊരാളുങ്കൽ; പരാതിയുമായി തച്ചങ്കരി വീണ്ടും സർക്കാറിന് മുമ്പിൽ; റിസർവേഷന് പുതിയ വെബ്സൈറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി. മലബാർ മേഖലയിൽ സർക്കാറുമായി ബന്ധപ്പെട്ട എന്ത് നിർമ്മാണ പ്രവർത്തനം ഉണ്ടെങ്കിലു അത് ഏറ്റെടുക്കാൻ തയ്യാറാണ് ഇക്കൂട്ടർ. നിർമ്മാണ രംഗത്ത് മിടുക്കരാണെങ്കിലും കരാറുകൾ നേടുന്ന കാര്യത്തിൽ ഏറെ വിമർശനം ഇവർ കേൾക്കേണ്ടി വന്നിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് ടെണ്ടർപോലും വിളിക്കാതെ കരാർ നൽകിയ നിരവധി സംഭവങ്ങളുണ്ട്. അനർഹമായി ആനുകൂല്യം പറ്റുന്നതും ഇക്കൂട്ടരുടെ പതിവാണെന്ന വിമർശനം അടുത്തിടെ ശക്തമായത് കെഎസ്ആർടിസിയുടെ കാര്യത്തിലാണ്.

കോർപ്പറേഷനെ ഷ്ടത്തിൽ നിന്നും കരകയറ്റാൻ വേണ്ടി ടോമിൻ തച്ചങ്കരി പാടുപെടുമ്പോഴും നഷ്ടത്തിലോടുന്ന സ്ഥാപനത്തിന്റെ കഴുക്കോൽ ഊരുന്ന നിലപാടാണ് ഈ സൊസൈറ്റി സ്വീകരിച്ചത്. ഓൺലൈൻ ടിക്കറ്റ് ബുക്കിന്റെ കാരാർ ഏറ്റെടുത്തായിരുന്നു സൊസൈറ്റിയുടെ തട്ടിപ്പ്. കോർപ്പറേഷന് നഷ്ടമുണ്ടാക്കുന്ന ഈ കരാർ സിഎംഡി റദ്ദാക്കിയതോടെ സർക്കാറിനെ മുഴുവൻ വെല്ലിവിളിക്കുന്ന നിലപാടുമായി ഊരാളുങ്കൽ രംഗത്തെത്തി. തങ്ങൾക്ക് കൊള്ളലാഭം കൊയ്യാൻ കരാർ ലഭിക്കില്ലെന്ന് വ്യക്തമായതോടെ കെഎസ്ആർടിസിയുടെ നിലവിലുള്ള വെബ്‌സൈറ്റ് തന്നെ അടിച്ചു മാറ്റിയിരിക്കയാണ് ഇക്കൂട്ടർ. കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ സൈറ്റാണ് മുൻ കരാറുകാരായ ഊരാളുങ്കൽ പ്രതികാര നടപടിയുടെ ഭാഗമായി അടിച്ചുമാറ്റിയത്. ഇതോടെ നിലവിലുള്ള വെബ് അഡ്രസിന് പകരം പുതിയ വെബ്‌സൈറ്റിന് രൂപം നൽകി.

www.keralartc.in, www.kurtcbooking.com എന്നീ സൈറ്റുകൾ വഴിയായിരിക്കും ഇനി ഓൺലൈൻ ടിക്കറ്റ് ബുക്കിങ്. നേരത്തേ, കെൽട്രോൺ വഴി കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ കരാർ എടുത്തിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് www.ksrtconline.com എന്ന സൈറ്റിലെ സേവനം നിർത്തിയത്. ഓൺലൈൻ റിസർവേഷനുള്ള കമ്മിഷൻ കൂടുതലാണെന്നു ചൂണ്ടിക്കാട്ടി അടുത്തിടെ കെൽട്രോണുമായുള്ള കരാർ കെഎസ്ആർടിസി അവസാനിപ്പിച്ചിരുന്നു. കോർപ്പറേഷന് നഷ്ടമുണ്ടാക്കുന്നു എന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു ഈ നടപടി. നിലവിലെ കരാർ റദ്ദു ചെയ്ത് പുതിയ കമ്പനിക്ക് കരാർ നൽകുകയും ചെയ്തു. ഇതുവരെ അമിത ചാർജ്ജ് ഈടാക്കിയവർ ഇതോടെ കരാർ കിട്ടാനായി പുതിയ കമ്പനിയുടേതിനേക്കാൾ കുറഞ്ഞ നിരക്കിൽ റിസർവേഷൻ നടത്താമെന്ന് ഊരാളുങ്കൽ അറിയിച്ചിച്ചു. എന്നാൽ ഇതുവരെ ഈടാക്കിയ അമിത തുക തിരികെ നൽകണമെന്ന് കെഎസ്ആർടിസി എംഡി ആവശ്യപ്പെടുകയായിരുന്നു.

കരാർ തുടർന്നു ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഊരാളുങ്കൽ വെബ് വിലാസം പിൻവലിക്കുകയായിരുന്നു. തുടർന്ന്, ഇന്നലെ പകൽ മുഴുവൻ കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ മുടങ്ങി. ഒരു സർക്കാർ സംവിധാനത്തെ മുഴുവൻ ബ്ലാക്‌മെയിൽ ചെയ്യുന്ന വിധത്തിലാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ഇപ്പോഴത്തെ നടപടി. കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കിയ കരാറുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനാണ് ടോമിൻ തച്ചങ്കരിയുടെ തീരുമാനം.

സിപിഎം സഹായത്തോടെ കോർപ്പറേഷനിൽ കടിച്ചു തൂങ്ങി ഓൺലൈൻ റിസർവേഷന്റെ ഇടനിലക്കാരിയ നിന്ന് കോടികൾ കൊണ്ടുപോയ ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ തുടക്കം മുതൽ തച്ചങ്കരി കർശന നിലപാട് സ്വീകരിച്ചിരുന്നു. നേരിട്ടു കരാർ നൽകിയതു വഴി യാത്രക്കാർക്കും കോർപ്പറേഷനും ലാഭമുണ്ടാക്കാമായിരുന്നിടത്താണ് ഇവർ നുഴഞ്ഞു കയറി പണം അടിച്ചുമാറ്റിയത്. ഇത് മനസിലാക്കിയതോടെയാണ് ഇവരെ ഒഴിവാക്കാൻ തച്ചങ്കരി തീരുമാനം കൈക്കൊണ്ടത്.

ഓൺലൈൻ റിസർവേഷൻ സംവിധാനത്തിനുള്ള ഇടനിലക്കാരെ ഒഴിവാക്കി ബെംഗളൂരുവിലുള്ള കമ്പനിയുമായി കെ.എസ്.ആർ.ടി.സി. കുറഞ്ഞ നിരക്കിൽ കരാർ ഒപ്പിട്ടു കൊണ്ടാണ് തച്ചങ്കരി തീരുമാനം കൈക്കൊണ്ടത്. ഇതോടെ ടിക്കറ്റൊന്നിന് കമ്മിഷൻ 3.25 രൂപയായി ചെലവ് കുറഞ്ഞിരുന്നു. കെൽട്രോണും ഊരാളുങ്കൽ സർവീസ് സൊസൈറ്റിയും ഇടനിലക്കാരായിരുന്ന കരാർപ്രകാരം ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെ.എസ്.ആർ.ടി.സി. നൽകേണ്ടിയിരുന്നത്. കെൽട്രോൺ കരാറെടുത്ത ശേഷം ചെറിയകമ്മീഷന് ഊരാളുങ്കൽ സൊസൈറ്റിക്ക് മറിച്ച നൽകുകയായിരുന്നു ഇതുവരെ. ഇത് കോർപ്പറേഷനെ സംബന്ധിച്ചിടത്തോളം നഷ്ടച്ചക്കവടമായിരുന്നു.

അതേസമയം രാജമാണിക്യം കെ.എസ്.ആർ.ടി.സി. മേധാവിയായിരുന്നപ്പോൾ ടിക്കറ്റൊന്നിന് എട്ടു രൂപമാത്രമേ നൽകാൻ കഴിയൂയെന്ന നിലപാട് എടുത്തു. തീരുമാനം നടപ്പാക്കുകയും ചെയ്തു. കെൽട്രോൺ ഇതിനെ എതിർത്തില്ല. കരാറിൽ 15.50 രൂപ പറയുന്നെങ്കിലും ഒന്നരവർഷമായി എട്ടുരൂപയാണ് നൽകുന്നത്. ഇടപാടിലെ നഷ്ടം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ തച്ചങ്കരി കെൽട്രോണുമായുള്ള കരാർ റദ്ദാക്കിയത്.

ആന്റണി ചാക്കോ എം.ഡി.യായിരുന്നപ്പോൾ അഞ്ചുവർഷം മുൻപാണ് കെൽട്രോണുമായി കരാർ ഒപ്പിട്ടത്. കെൽട്രോൺ ഈ കരാർ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കും അവർ അത് ബെംഗളൂരു ആസ്ഥാനമായ റേഡിയന്റ് എന്ന കമ്പനിക്കും നൽകി. നേരിട്ടു കരാർ നൽകാമായിരുന്നെങ്കിലും ഇടനിലക്കാരെ ആശ്രയിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ ഇടപാടിലൂടെ കോടികളുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ടായത്. ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ മറ്റുപല കോർപ്പറേഷനുകളും ഓൺലൈൻ സൗകര്യം നേടുന്നതായി ടോമിൻ തച്ചങ്കരി പറഞ്ഞു.

രാജ്യത്തെ ഒട്ടുമിക്ക പൊതുമേഖലാ, സ്വകാര്യ റോഡ് ട്രാൻസ്‌പോർട്ട് സ്ഥാപനങ്ങൾക്കും ഓൺലൈൻ സൗകര്യം ഒരുക്കുന്നത് റേഡിയന്റാണ്. അവരുമായി കരാറിൽ ഏർപ്പെടുന്നതിന് അംഗീകൃത നിരക്ക് കേന്ദ്ര ഏജൻസി നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം ടിക്കറ്റൊന്നിന് 3.25 രൂപയ്ക്ക് റേഡിയന്റ് റിസർവേഷൻ സൗകര്യം ഒരുക്കും. ഇത് ഫലത്തിൽ കോർപ്പറേഷന് ഗുണകരമായ കാര്യമായി മാറുകയും ചെയ്തു. കെ.എസ്.ആർ.ടി.സി.യിൽനിന്ന് കെൽട്രോൺ അധികമായി ഈടാക്കിയ 4.08 കോടി രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ടോമിൻ തച്ചങ്കരി കത്ത് നൽകിയിട്ടുണ്ട്. ടോട്ടൽ സർവീസ് പ്രൊവൈഡർ എന്ന നിലയിൽ ഈടാക്കേണ്ടതിൽ കൂടുതൽ ലാഭം കെൽട്രോൺ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ നിരക്കു പ്രകാരം പരമാവധി 5.50 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്.

ഊരാളുങ്കൽ സൊസൈറ്റിക്ക് വേണ്ടി സിപിഎം നേതാക്കൾക്കിടയിൽ കടുത്ത സമ്മർദ്ദമാണ് ഉണ്ടായിരുന്നത്. ഇടനിലക്കാരായി ഇവരെ നിലനിർത്താൻ കടുത്ത സമ്മർദ്ദവുമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ചില ഇടപെടൽ ഉണ്ടായെങ്കിലും കെഎസ്ആർടിസിക്ക് ഗുണകരമാകുമെങ്കിൽ അത് സൗകര്യപ്രദമെന്ന നിലപാടിലായരുന്നു പിണറായി വിജയൻ. ഇതോടെയാണ് തച്ചങ്കരിയുടെ സർജിക്കൽ സ്ട്രൈക്ക് ഉണ്ടായതും. സൊസൈറ്റിയി മാറ്റിയതും. എന്നാൽ, ഇതിന്റെ പേരിലാണ് ഇപ്പോൾ വെബ്‌സൈറ്റ് തന്നെ പിൻവലിച്ച് ഊരാളുങ്കൽ സൊസൈറ്റിയുടെ വെല്ലുവിളി ഉണ്ടായിരിക്കുന്നത്.

നേരത്തെ കെഎസ്ആർടിസി നവീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ബസ് ബുക്കിങ് കാര്യത്തിലും ചില മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ടിക്കറ്റുകൾ ഇനി മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ യാത്രാ ടിക്കറ്റ് ബുക്കിങ് സേവനദാതാക്കളായ റെഡ് ബസിലും(redbus) ലഭ്യമാക്കാൻ നടപടി തച്ചങ്കരി സ്വീകരിച്ചു. റെഡ് ബസുമായി കരാറിൽ ഏർപ്പെടുമ്പോൾ മുൻകൂറായി അവർക്ക് റീച്ചാർജ്ജ് വൗച്ചർ നൽകുന്നത് വഴി കെഎസ്ആർടിസിക്ക് പണം സ്വരൂപിക്കാൻ സാധിക്കും. റെഡബസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരന് 4.5 ശതമാനം സർവീസ് ചാർജ്ജ് ഈടാക്കും.

കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ സഹായകമാകുമെന്ന രീതിയിൽ തുടങ്ങിയതാണ് ഓൺലൈൻ റിസർവേഷൻ. എന്നാൽ ഇതിന്റെ മൊത്തം ഗുണം കെഎസ്ആർടിസിക്ക് ലഭിക്കുന്നില്ലെന്നതാണ് സത്യം. ദീർഘദൂര യാത്രക്കായി റിസർവേഷൻ നടത്തുന്നതിൽ നിന്നും 20 രൂപ റിസർവേഷൻ ഫീസായി ഈടാക്കുമ്പോൾ കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. വെറും 5 രൂപ 50 പൈസ മാത്രമാണ്. ബാക്കി തുക ലഭിക്കുന്നത് ഓൺലൈൻ റിസർവേഷൻ നടത്തുന്ന ഏജൻസിക്കാണ്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് ഓൺലൈൻ റിസർവേഷൻ ചുമതല നൽകിയത്.

എന്തുകൊണ്ട് സ്വന്തം നിലയ്ക്ക് വെബ്സൈറ്റ് തുടങ്ങിക്കൂടെന്ന സംശയം കെഎസ്ആർടിസിയിലെ പലരും അന്ന് തന്നെ ഉന്നയിച്ചിരുന്നു. പൊതുമേഖല സ്ഥാപനമെന്ന ന്യായം പറഞ്ഞാണ് കെൽട്രോണിന് കരാർ നൽകിയത്. പിന്നീട് അവർ അത് മറ്റൊരു ഏജൻസിക്ക് നൽകുകയായിരുന്നു. ഓൺലൈൻ റിസർവ്വേന്റെ വെബ്സൈറ്റാകട്ടെ പല ദിവസങ്ങളിലും പണിമുടക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി. ഇതിലും വേണ്ടത്ര ലാഭമുണ്ടാക്കാനുള്ള സാധ്യത ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റ് യാത്രാ ടിക്കറ്റ് ബുക്കിങ് ഏജൻസികളുമായി കോർപ്പറേഷൻ കൈകോർക്കുന്നത്.

റെഡ്ബസ് വഴി ബുക്കിങ് നടത്തുന്നത് ഭാവിയിൽ കെഎസ്ആർടിസിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. റെഡ്ബസ് വഴി സ്വകാര്യ ബസുകളുടെ ടിക്കറ്റുകൾ വലിയ തോതിൽ വിറ്റഴിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ ഈ സേവനം ഉപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദ്വീർഘദൂര സർവീസുകൾ നടത്തുന്ന ബസുകളിൽ സീറ്റുകൾ കാലിയായി ഓടാതിരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP