Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കാശില്ല; എന്നിട്ടും പുതിയ മന്ത്രിക്ക് 900 പുതിയ ബസുകൾ വാങ്ങിയേ പറ്റൂ; സിഎൻജി വാഹനങ്ങൾ വാങ്ങണമെന്ന നിബന്ധന മറികടന്ന് ഡീസൽ ബസുകൾ വാങ്ങുന്നതിന് പിന്നിലും ദുരൂഹത; കട്ടപ്പുറത്തായ കെ എസ് ആർ ടി സി വീണ്ടും വണ്ടികൾ വാങ്ങുന്നത് അഴിമതിക്ക് വേണ്ടിയോ?

ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കാശില്ല; എന്നിട്ടും പുതിയ മന്ത്രിക്ക് 900 പുതിയ ബസുകൾ വാങ്ങിയേ പറ്റൂ; സിഎൻജി വാഹനങ്ങൾ വാങ്ങണമെന്ന നിബന്ധന മറികടന്ന് ഡീസൽ ബസുകൾ വാങ്ങുന്നതിന് പിന്നിലും ദുരൂഹത; കട്ടപ്പുറത്തായ കെ എസ് ആർ ടി സി വീണ്ടും വണ്ടികൾ വാങ്ങുന്നത് അഴിമതിക്ക് വേണ്ടിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്ത് ബസുകൾ വാങ്ങുമ്പോൾ ഒരെണ്ണം ഫ്രീ കിട്ടും. ഈ ഫ്രീ വാങ്ങാത്ത മന്ത്രിമാരും കേരളത്തിലുണ്ട്. മാത്യു ടി തോമസ് മന്ത്രിയായിരുന്നപ്പോൾ അതും സംഭവിച്ചിരുന്നു. എന്നാൽ എല്ലാവരും ഈ ഫ്രീയിൽ കണ്ണിട്ടാണ് പുതിയ ബസുകൾ വാങ്ങിക്കൂട്ടുന്നത്. അങ്ങനെ കെ എസ് ആർ ടി സിയുടെ പ്രതിസന്ധി ഇരട്ടിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ബസ് വാങ്ങുന്നു. ശമ്പളവും പെൻഷനും കൊടുക്കാൻ പോലും കാശില്ലാത്ത കെ എസ് ആർ ടി സിയെ കൊണ്ട് ബസ് വാങ്ങിക്കുന്നതിന് പിന്നിൽ ചിലരുടെ അഴിമതിക്കണ്ണാണെന്ന സംശയവും വ്യാപകമാണ്.

കിഫ്ബി ധനസഹായത്തോടെ 333 കോടി രൂപ ചെലവിട്ടു കെഎസ്ആർടിസി 900 ബസുകൾ വാങ്ങുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി പറയുന്നത്. 250 ബസുകൾ എസി ആയിരിക്കും. സിഎൻജി ബസുകളാണു വാങ്ങാൻ തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തടസ്സം കാരണം ഡീസൽ ബസുകളാണു വാങ്ങുന്നത്. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു. സിഎൻജി ബസുകൾ വാങ്ങാനുള്ള തീരുമാനം അട്ടിമറിച്ചതിന് പിന്നലും ഗൂഡലക്ഷ്യമുണ്ടെന്നാണ് സൂചന. പ്രത്യേക ബസ് കമ്പനികളിൽ നിന്ന് വാഹനം വാങ്ങാനുള്ള തന്ത്രമായി ഇത് മാറാൻ സാധ്യത ഏറെയാണ്. കെഎസ്ആർടിസിയുടെ കടഭാരം കുറയ്ക്കാൻ പ്രത്യേക രക്ഷാപാക്കേജ് വകയിരുത്തിയിട്ടുള്ള ബജറ്റിൽ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകൾ സിഎൻജിയിലേക്ക് മാറ്റുമെന്നായിരുന്നു പ്രഖ്യാപനം.

ഇതോടെ ഇന്ധനച്ചെലവ് ഭാരമാകുന്ന കെഎസ്ആർടിസിയുടെ ചെലവ് പകുതിയായി കുറയും. ഇതാണ് ഇപ്പോൾ അട്ടിമറിക്കപ്പെടുന്നത്. സിഎൻജി ബസുകൾ വാങ്ങാത്തത് അതുകൊണ്ട് തന്നെ വലിയ ചർച്ചയാവുകയാണ്. ഗതാഗത മന്ത്രിസ്ഥാനത്ത് നിന്ന് എകെ ശശീന്ദ്രൻ മാറിയ ശേഷമാണ് ഈ കളികൾ തുടങ്ങിയത്. കെ എസ് ആർ ടി സി എംഡി രാജമാണിക്യവും ഡീസൽ ബസ് വാങ്ങുന്നതിന് എതിരാണ്. എന്നാൽ ചില കേന്ദ്രങ്ങൾ ഉറച്ചു നിൽക്കുകയാണ്. ഇതോടെ ഡീസൽ വിലക്കയറ്റം എന്നും കെ എസ് ആർ ടി സിക്ക് പ്രശ്‌നമായി തുടരും. ഇതര സംസ്ഥാനങ്ങളിലേക്കും ഈ ബസുകൾ ഉപയോഗിച്ചു സർവീസ് നടത്തും. കെഎസ്ആർടിസി പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി ഒൻപതു ശതമാനം പലിശ നിരക്കിൽ 3000 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുക്കും. 20 വർഷമാണു തിരിച്ചടവു കാലാവധി. ഇങ്ങനെ ഡീസൽ ബസുകൾ വാങ്ങുമ്പോൾ കെ എസ് ആർ ടി സിക്ക് ഭാവിയിൽ ബാധ്യതകൾ ഏറും.

ഡീസൽ എൻജിന്റെ ശക്തി സിഎൻജി എൻജിന് ഇല്ലാത്തതിനാൽത്തന്നെ മലയോരമേഖലകളിലും മറ്റും സിഎൻജി ബസ് ഓടിക്കുക ബുദ്ധിമുട്ടുള്ളകാര്യവുമായിരിക്കും. നിലവിൽ സർവ്വീസ് നടത്തുന്ന 5870 ബസുകളിൽ 625 ബസുകൾ മാത്രമേ സിഎൻജി സംവിധാനത്തിലേയ്ക്ക് മാറ്റാൻ കഴിയുകയുള്ളു. ഇനി ബസുകൾ സിഎൻജിയിൽ ആക്കിയാൽത്തന്നെ സിഎൻജി നിറയ്ക്കാനുള്ള സ്റ്റേഷനുകളുടെ കാര്യവും ചിന്തിക്കണം. 50 സിഎൻജി ഫില്ലിങ് സ്റ്റേഷനുകളെങ്കിലും തുടങ്ങേണ്ടിവരും. ഇത്തരത്തിൽ ഒരു സ്റ്റേഷന് 3 കോടിയിലധികമാണ് ചെലവ് വരുക തുടങ്ങിയ ന്യായങ്ങളാണ് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ പറയുന്ന ന്യായം. എന്നാൽ ഭാവിയിൽ ബസുകളെല്ലാം സിഎൻജിയിലേക്ക് മാറണമെന്ന തീരുമാനം കേന്ദ്ര സർക്കാർ ഏടുക്കാൻ സാധ്യത ഏറെയാണ്. ഇത് മുൻനിർത്തിയുള്ള സഹായ പദ്ധതികൾ കേന്ദ്രം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരമൊരു നയപരമായ തീരുമാനം കേന്ദ്രം എടുത്താൽ ഇപ്പോൾ വാങ്ങുന്ന 900 ബസും ഉപയോഗശൂന്യമാകും. അപ്പോൾ അധിക തുക മുടക്കി ഇവയെല്ലാം പരിഷ്‌കരിച്ച് സിഎൻജിക്ക് അനുകൂലമാക്കേണ്ടിവരും.

സിഎൻജി ഉപയോഗിച്ച് കെഎസ്ആർടിസി ഓടിക്കാൻ നേരത്തേ തന്നെ ശ്രമം നടന്നതാണ്. എന്നാൽ ബസുകളുടെ യന്ത്രഘടന മാറ്റുക, സിഎൻജി ലഭിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ മുൻനിർത്തി ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ കേരളത്തിൽ സിഎൻജി പ്ലാന്റ് പൂർത്തിയാക്കാൻ ഇനി രണ്ട് വർഷം കൂടിയേ കാത്തിരിക്കേണ്ടതൂള്ളൂവെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷം സിഎൻജിയിലേക്ക് മാറുമ്പോൾ ബസുകൾ മുഴുവൻ പുതുക്കേണ്ടി വരും. ഗ്യാസ് പ്രത്യേക മർദ്ദത്തിൽ നിറയ്ക്കാൻ കഴിയുന്ന ടാങ്ക് ബസിൽ ഘടിപ്പിക്കണം, കൂടാതെ എൻജിനിലെ പിസ്റ്റൺ സംവിധാനത്തിലും മാറ്റം വരുത്തണം, ഒരു ബസ് സിഎൻജിയിൽ ഓടിക്കാനായി തയ്യാറാക്കുന്നത് രണ്ടരലക്ഷം രൂപയോളം ചെലവുവരും. പുതിയ ബസ് വാങ്ങുമ്പോൾ ഇതെല്ലാം മുൻനിർത്തിയുള്ള തീരുമാനമായിരുന്നു ജീവനക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ഏകപക്ഷീയമായി 900 ഡീസൽ ബസുകൾ വാങ്ങാൻ മന്ത്രി തോമസ് ചാണ്ടി തീരുമാനിക്കുകയായിരുന്നു. ഡീസൽ എൻജിന്റെ ശക്തി സിഎൻജി എൻജിന് ഇല്ലാത്തതിനാൽത്തന്നെ മലയോരമേഖലകളിലും മറ്റും സിഎൻജി ബസ് ഓടിക്കുക ബുദ്ധിമുട്ടുള്ളകാര്യവുമായിരിക്കുമെന്ന ന്യായമാണ് മന്ത്രിയെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്.

സി.എൻ.ജി ബസുകൾ വാങ്ങുമെന്നാണ് ബഡ്ജറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ അവ കിട്ടാനുള്ള കാലതാമസവും അറ്റകുറ്റപ്പണിയടക്കമുള്ള വലിയചിലവും കാരണമാണ് സി.എൻ.ജി വേണ്ടെന്ന് തീരുമാനിച്ചത്. പുതിയ ബസുകൾ വരികയും ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുകയും ചെയ്യുന്നതോടെ കോർപ്പറേഷൻ ലാഭത്തിലാവും. സുശീൽ ഖന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കോർപ്പറേഷൻപുനഃസംഘടിപ്പിക്കുന്നത്. തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചർച്ചനടത്തിയെന്നും അവരെ വിശ്വാസത്തിലെടുത്താണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച ജീവനക്കാരുടെ ആശങ്ക പരിഹരിക്കും. ഒരു വർഷത്തിനകം കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്നും മന്ത്രി പറയുന്നു. എന്നാൽ 900 ബസ് വാങ്ങാനുള്ള തീരുമാനം ആനവണ്ടിയെ കട്ടപ്പുറത്താക്കുമെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ. 508 കോടി നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കൂടുതൽ കടക്കെണിയിലേക്ക് ഇത് തള്ളിവിടും.

കെ.എസ്.ആർ.ടി.സി ഡ്യൂട്ടി പരിഷ്‌കരണത്തെ തുടർന്ന്. വരുമാനത്തിൽ ഒന്നേമുക്കാൽ കോടി രൂപ വർദ്ധിച്ചിരുന്നു. എംഡിയായ രാജമാണിക്യത്തിന്റെ കാർക്കശ്യമാണ് ഇതിന് കാരണം. ഇത്തരം തീരുമാനങ്ങളിലൂടെ ഉണ്ടാക്കുന്ന ലാഭവും ബസ് വാങ്ങുന്നതിലൂടെ ഉപയോഗമില്ലാതെയാകും. ഡ്യൂട്ടി പരിഷ്‌കരണം കാരണമാണ് വരുമാനം വർധിച്ചത്. നാലരക്കോടിയുണ്ടായിരുന്ന വരുമാനം ഇപ്പോൾ ആറേകാൽ കോടി രൂപയായി. ജൂലായ് 15-നാണ് ഡബിൾഡ്യൂട്ടി സമ്പ്രദായം ഒന്നര ഡ്യൂട്ടിയാക്കി മാറ്റിക്കൊണ്ടുള്ള ഓർഡർ പുറത്തിറങ്ങിയത്. പുതിയ ഓർഡർ പ്രകാരം ജോലിസമയം (സ്റ്റീറിങ് മണിക്കൂറുകൾ) 13 മണിക്കൂർ ആണെങ്കിൽ മാത്രമേ ഡബിൾ ഡ്യൂട്ടി ആകുന്നുള്ളു. യാത്രക്കിടയിലുള്ള വിശ്രമ സമയവും ഭക്ഷണത്തിനുള്ള സമയവും കോർപ്പറേഷന്റെ പുതിയ ഡ്യൂട്ടി സമയത്തിൽ പെടുന്നില്ല. ഇവയെല്ലാം ഡബിൾ ഡ്യൂട്ടിയിൽ ഉൾപ്പെടുത്തി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ അനുവദിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ ഇല്ലാതായത്.

പത്ത് മണിക്കൂറിൽ അവസാനിച്ചിരുന്ന സർവീസുകളെല്ലാം ഡബിൾ ഡ്യൂട്ടി സമ്പ്രദായത്തിൽ ഉൾപ്പെടുത്തിയിരുന്നപ്പോൾ ജീവനക്കാർക്ക് പിറ്റേന്ന് അവധിയെടുക്കാനുള്ള അവസരമുണ്ടായിരുന്നു. മാസത്തിൽ ലഭിക്കുന്ന സ്ഥിരം അവധികളും ഉൾപ്പെടെ പതിമൂന്ന് ദിവസമായിരുന്നു ഒരു ജീവനക്കാരന്റെ ഡ്യൂട്ടി. എന്നാൽ പുതിയ പരിഷ്‌കാരം വന്നതോടെ നാലു ദിവസം അധികം ജോലിക്കെത്തണം. എന്നാൽ പതിനായിരം രൂപയിൽ കൂടുതൽ വരുമാനമുള്ള ഓർഡിനറി സർവീസുകളെ നിലവിലുണ്ടായിരുന്നതു പോലെ ഡബിൾ ഡ്യൂട്ടിയിൽ ഉൾപ്പെടുത്തി മുന്നോട്ടു പോകാമെന്നും ഓർഡറിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP