Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമരം നടത്തി തല്ലുകൊണ്ടത് പാവം എംഎസ്എഫുകാർ; സമരം വിജയിച്ചതോടെ പ്രശ്‌നം തീർക്കാൻ പിടിഎ യോഗം വിളിച്ച് മാതൃകകാട്ടി വിമൽജ്യോതി മാനേജ്‌മെന്റ്; ലീഗ് വിദ്യാർത്ഥി സംഘടനയ്ക്ക് കയ്യടി കിട്ടുമെന്ന് കണ്ടപ്പോൾ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് കെഎസ് യുവും എസ്എഫ്‌ഐയും; ചെമ്പേരി കോളേജിന് മുന്നിൽ നടന്ന സമരാഭാസങ്ങളുടെ കഥ ഇങ്ങനെ

സമരം നടത്തി തല്ലുകൊണ്ടത് പാവം എംഎസ്എഫുകാർ; സമരം വിജയിച്ചതോടെ പ്രശ്‌നം തീർക്കാൻ പിടിഎ യോഗം വിളിച്ച് മാതൃകകാട്ടി വിമൽജ്യോതി മാനേജ്‌മെന്റ്; ലീഗ് വിദ്യാർത്ഥി സംഘടനയ്ക്ക് കയ്യടി കിട്ടുമെന്ന് കണ്ടപ്പോൾ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് കെഎസ് യുവും എസ്എഫ്‌ഐയും; ചെമ്പേരി കോളേജിന് മുന്നിൽ നടന്ന സമരാഭാസങ്ങളുടെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: എംഎസ്എഫിന്റെ സമരം ഫലംകാണുകയും അവരുടെ പ്രതിനിധികൾക്ക് നൽകിയ ഉറപ്പുപാലിച്ച് പ്രശ്‌നംതീർക്കാൻ ചെമ്പേരി വിമൽജ്യോതി കോളേജ് വിളിക്കുകയും ചെയ്തതിന് പിന്നാലെ സമരാഭാസവുമായി എസ്എഫ്‌ഐയും കെഎസ്‌യുവും കോളേജിനെതിരെ തിരിഞ്ഞത് ചർച്ചയാകുന്നു.

പാമ്പാടിയിലും മറ്റക്കരയിലുമുൾപ്പെടെ സംസ്ഥാനത്തെ നിരവധി സ്വാശ്രയ കോളേജുകൾക്കെതിരെ വിദ്യാർത്ഥി സംഘടനകൾ സമരരംഗത്താണെങ്കിലും പ്രശ്‌നം വഷളാകാതെ നോക്കാനാണ് എംഎസ്എഫ് സമരം നടത്തിയതിന് പിന്നാലെ കത്തോലിക്ക സഭാ വൈദികർ നടത്തുന്ന വിമൽ ജ്യോതി കോളേജ് ചർച്ചയ്ക്ക് തയ്യാറായത്.

വിദ്യാർത്ഥികൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കോളേജ് മാതൃകകാട്ടുകയും മേലിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാൻ ഇന്ന് അദ്ധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികളും മാനേജ്‌മെന്റ് പ്രതിനിധികളും ഉൾപ്പെടെ വിപുലമായ പിടിഎ യോഗം വിളിച്ച് മാതൃക കാട്ടുകയായിരുന്നു മാനേജ്‌മെന്റ്.

ഫൈൻകൊള്ളയും വിദ്യാർത്ഥി പീഡനവും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് കോളേജിനെതിരെ ഉയർന്നതും കഴിഞ്ഞദിവസങ്ങളിൽ വലിയ ചർച്ചയായതും.

ഇതിന് പിന്നാലെ എംഎസ്എഫ് കഴിഞ്ഞയാഴ്ച കോളേജിലേക്ക് മാർച്ച് നടത്തുകയും പ്രവർത്തകരെ ഗുണ്ടകൾ തല്ലിച്ചതയ്ക്കുകയും പൊലീസ് ലാത്തിച്ചാർജ് നടത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പ്രശ്‌നങ്ങളെല്ലാം തീർക്കാമെന്ന് എംഎസ്എഫിന് ഉറപ്പുലഭിക്കുകയും ചെയ്തു.

ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്ന് വിപുലമായ പിടിഎ യോഗം വിളിച്ചത്. അന്യായ ഫൈൻ ഈടാക്കലുൾപ്പെടെയുള്ള വിദ്യാർത്ഥിവിരുദ്ധമെന്ന ആരോപിക്കപ്പെട്ട കാര്യങ്ങളെല്ലാം പിൻവലിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകുകയും ചെയ്തിരുന്നു. 

ഇത്രയേ ഉണ്ടായിരുന്നുള്ളൂ വിമൽ ജ്യോതിയിലെ പ്രശ്‌നങ്ങൾ എന്നും വിമൽജ്യോതി കുടുംബം ഒന്നിച്ചിരുന്നു സംസാരിച്ചപ്പോൾ അത് തീർന്നുവെന്നും വ്യക്തമാക്കി പിടിഎ യോഗത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വന്നുകഴിഞ്ഞു. എന്നിട്ടും അതിന് പിന്നാലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ കെഎസ് യു സംഘടനകൾ സമരവുമായി ഇറങ്ങിയതിന്റെ പിന്നിലെ ഉദ്ദേശ്യമാണിപ്പോൾ ചർച്ചയാകുന്നത്.

അതേസമയം, പ്രശ്‌നം ഉന്നയിക്കപ്പെട്ട് ഇത്രയും ദിവസം മിണ്ടാതിരുന്ന സിപിഐ(എം) വിദ്യാർത്ഥി-യുവജന സംഘടനകളായ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഇന്ന് സമരവുമായി കോളേജിന് മുന്നിലേക്കെത്തി. മാത്രമല്ല, കോളേജിന്റെ ബസ് തടഞ്ഞ് കെഎസ്‌യുവും ഇന്ന് സമരം നടത്തുകയും തുടർന്ന് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് അവകാശപ്പെടുകയും ചെയ്തു.

മറ്റു മാനേജ്‌മെന്റുകൾക്കെതിരെ സമരം നടത്തുകയും കത്തോലിക്ക സഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിൽജ്യോതിക്കെതിരെയുൾപ്പെടെ സമരം നടത്താതെ മാറിനിൽക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെ നിലപാട് ചോദ്യംചെയ്യപ്പെട്ടിരുന്നു. സഭയ്‌ക്കെതിരെ ചെറുവിരലനക്കാതെ ഉരുണ്ടുകളിക്കുന്ന നിലപാടു സംബന്ധിച്ച് മറുനാടൻ റിപ്പോർട്ട് നൽകുകയും സോഷ്യൽ മീഡിയയിൽ വിഷയം വലിയ ചർച്ചയായി മാറുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഇന്ന് ഇരുകക്ഷികളുടേയും വിദ്യാർത്ഥി, യുവജന സംഘടനകൾ സമരവുമായി കോളേജിനെതിരെ തിരിഞ്ഞത്. എന്നാൽ പശ്‌നം പരിഹരിക്കാൻ മാനേജ്‌മെന്റ് തന്നെ മുൻകൈയെടുത്തിരിക്കെ ഇത്തരത്തിൽ സമരം നടത്തിയത് ഇതിന്റെ ഗുണഫലങ്ങൾ കൊണ്ടുവന്നത് ഞങ്ങളാണ് എന്ന് വരുത്തിത്തീർക്കാനുള്ള കാട്ടിക്കൂട്ടൽ മാത്രമാണെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. യഥാർത്ഥത്തിൽ ഓരോ കോളേജിലേയും പ്രശ്‌നങ്ങൾ ഇത്തരത്തിൽ അദ്ധ്യാപകരും മാനേജ്‌മെന്റും രക്ഷാകർത്താക്കളും വിദ്യാർത്ഥികളും ഉൾപ്പെട്ട ഒരു സംഘം ഒരുമിച്ചിരുന്ന് ചർച്ചചെയ്താൽ തീരാവുന്നതേയുള്ളൂ എന്നതാണ് വിമൽജ്യോതി നൽകുന്ന പാഠം.

എന്നാൽ കാര്യങ്ങൾ ഒത്തുതീർപ്പിലാകുകയും വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് എംഎസ്എഫിന് നൽകിയ ഉറപ്പ് പാലിക്കാൻ മാനേജ്‌മെന്റ് യോഗം വിളിക്കുകയും ചെയ്ത വേളയിൽ തന്നെ കെഎസ്‌യുവും എസ്എഫ്‌ഐയും എന്തിന് സമരവുമായി എത്തിയെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.

കോളേജിലെ ഫൈൻകൊള്ളയ്‌ക്കെതിരെയും ചിരിച്ചാൽപോലും ഫൈൻ ഈടാക്കുന്നതിനെതിരെയും മാർച്ച് നടത്തിയ എംഎസ്എഫ് കോളേജിന് മുന്നിൽ ചിരിസമരവും പ്രതിഷേധവുമാണ് സംഘടിപ്പിച്ചത്. ഇതിനെ കോൺഗ്രസ് ഗുണ്ടകളും പൊലീസും ചേർന്ന് നേരിട്ടുവെന്ന ആക്ഷേപം എംഎസ്എഫ് ഉന്നയിച്ചിരുന്നു. മുന്മന്ത്രി കെസി ജോസഫിന്റെ നേതൃത്വത്തിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ തന്നെ എംഎസ്എഫ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ കൂട്ടുനിന്നുവെന്ന് കെഎസ് യു കമ്മിറ്റി തന്നെ അന്ന് പ്രതിഷേധ കുറിപ്പിറക്കി വ്യക്തമാക്കിയിരുന്നു.

വിമൽജ്യോതിക്കെതിരെ ഒരു വിദ്യാർത്ഥി സംഘടന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചപ്പോൾ അത് തടയാൻ നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടരി ജോഷി കണ്ടത്തിലും കോൺഗ്രസ് എരുവേശി മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയും ആണെന്ന് കെഎസ് യു തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചത്. ഇതോടെ ലീഗിന്റെ വിദ്യാർത്ഥി പ്രവർത്തകരെ നേരിടാൻ കോളേജിനു വേണ്ടി കോൺഗ്രസ് ഗുണ്ടകളെ രംഗത്തിറക്കിയെന്നതും വലിയ ചർച്ചയായിട്ടുണ്ട്.

തങ്ങൾ കത്തോലിക്ക സഭയുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നവരാണെന്ന ആക്ഷേപം ഉയർന്നതോടെ ഇപ്പോൾ എംഎസ്എഫ് സമരം നടത്തി നേടിയ വിജയം സ്വന്തമാക്കാൻ എസ്എഫ്‌ഐയും കെഎസ് യുവും രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് കോളേജിനെതിരെ വലിയ മാർച്ച് നടത്തിയെന്ന് വ്യക്തമാക്കി എസ്എഫ്‌ഐയുടേയും ഡിവൈഎഫ്‌ഐയുടേയും പേരിൽ വലിയ പ്രചരണമാണ് സോഷ്യൽ മീഡിയയിൽ.

കെഎസ്‌യുവും വിട്ടുകൊടുക്കുന്നില്ല. മാനേജ്‌മെന്റിന് മുന്നിൽ മുട്ടുമടക്കാൻ കെഎസ് യുവിന് മനസ്സില്ല എന്ന് പറഞ്ഞാണ് അവരുടെ പ്രചരണം. മാത്രമല്ല വിമൽ ജ്യോതി കോളേജ് ബസ്സുകൾ കെഎസ് യു തടഞ്ഞതിനെ തുടർന്ന് മാനേജ്‌മെന്റ് വിളിച്ച പ്രതിനിധി യോഗം വിജയം കാണുന്നുവെന്ന് അവകാശപ്പെട്ട് ചർച്ചയുടെ ചിത്രങ്ങളും കെഎസ് യു പ്രചരിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP