Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചുറ്റിനും പൊലീസുകാരും ഹെലികോപ്ടറും ഒക്കെ ഉണ്ടെങ്കിലും അതിരാവിലെ ശബരിമല ഇറങ്ങാൻ നേരം കുമ്മനത്തിന് വഴി കാട്ടാൻ മൊബൈൽ ഫോണിലെ വെട്ടം മാത്രം; വഴി വിളക്കുകൾ തെളിയാതെ വരികയും ജനറേറ്റർ ഓണാക്കാൻ മറക്കുകയും ചെയ്തപോൾ മിസോറാം ഗവർണ്ണർ വീഴാതെ മലയിറങ്ങിയത് ഭാഗ്യം കൊണ്ട്

ചുറ്റിനും പൊലീസുകാരും ഹെലികോപ്ടറും ഒക്കെ ഉണ്ടെങ്കിലും അതിരാവിലെ ശബരിമല ഇറങ്ങാൻ നേരം കുമ്മനത്തിന് വഴി കാട്ടാൻ മൊബൈൽ ഫോണിലെ വെട്ടം മാത്രം; വഴി വിളക്കുകൾ തെളിയാതെ വരികയും ജനറേറ്റർ ഓണാക്കാൻ മറക്കുകയും ചെയ്തപോൾ മിസോറാം ഗവർണ്ണർ വീഴാതെ മലയിറങ്ങിയത് ഭാഗ്യം കൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ഇസഡ് പ്ലസ് സുരക്ഷയുള്ള ഗവർണ്ണറാണ് കുമ്മനം രാജശേഖരൻ. നോർത്ത് ഈസ്റ്റിലെ ഗവർണ്ണർമാരിൽ ഏറ്റവും അധികം ഭീഷണിയുള്ള വ്യക്തി. ചില മത മൗലിക വാദികൾ കുമ്മനത്തിനെതിരെ പരസ്യ നിലപാടും എടുത്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ വമ്പൻ സുരക്ഷാ ക്രമീകരണമാണ് കുമ്മനത്തിന് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ജന്മനാട്ടിൽ എത്തിയപ്പോൾ ഇതെല്ലാം വേണ്ടെന്ന് വച്ച് സാധാരണക്കാരനായാണ് കുമ്മനത്തിന്റെ യാത്ര. അപ്പോഴും ഈ വ്യക്തിക്ക് പഴുതടച്ച സുരക്ഷയൊരുക്കേണ്ട ബാധ്യത കേരളാ പൊലീസിനുണ്ട്. അത് അവർ മറന്നു പോവുകയാണ്. ശബരിമല ദർശനത്തിന് ശേഷം കുമ്മനം മലയറിങ്ങയത് ഇരുട്ടിൽ തപ്പിത്തടഞ്ഞു. പക്ഷേ ആരോടും പരാതിയില്ല. താൻ ഓടിനടന്ന കാനനപാതയിൽ എന്തിനാണ് അധിക സുരക്ഷയെന്ന ചോദ്യമാണ് വിവാദങ്ങൾ ഉന്നയിക്കുന്നവർക്ക് കുമ്മനത്തിന് ചോദിക്കാനുള്ളത്.

ഏത് സാഹചര്യത്തിലും വഴി വിളക്കുകൾ അടയാത്ത കാനനപാതയാണ് ശബരിമലയിലേത്. ഇത് വൈദ്യുത വകുപ്പ് ഉറപ്പുവരുത്താറുമുണ്ട്. വിവിഐപികൾ എത്തുമ്പോൾ പ്രത്യേകിച്ചും. മിസോറാം ഗവർണ്ണർ എത്തിയപ്പോൾ പക്ഷേ ഈ കരുതലൊന്നും ആരുമെടുത്തില്ല. കോരിച്ചൊരിയുന്ന മഴയിൽ ഇരുട്ടിൽ തപ്പിത്തടഞ്ഞ് മിസോറം ഗവർണർ മലയിറങ്ങിയത് അതുകൊണ്ട് മാത്രമാണ്. ഗവർണ്ണറുടെ സന്ദർശനത്തിന് വ്യക്തമായ പ്രോട്ടോകോൾ ഉണ്ട്. മുൻകൂട്ടി അറിയിച്ച ശേഷമാണ് ഗവർണ്ണർ ശബരിമലയിൽ എത്തിയത്. പക്ഷേ എല്ലാ മാസവും ശബരിമലിയിൽ എത്തുന്ന കുമ്മനത്തിന് എന്ത് പ്രാധാന്യം കൊടുക്കാനെന്ന ചിന്തയിലെന്ന വണ്ണം കേരളാ പൊലീസ് പ്രവർത്തിച്ചു. ഗവർണ്ണർക്ക് മതിയായ വെളിച്ചം പോലും നൽകിയില്ല. വൈദ്യുത വകുപ്പുമായി ഇതുമായി ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്തതുമില്ല.

ശബരിമലയിൽ നിന്നു മടങ്ങുംവഴി ഗവർണർക്കു വെളിച്ചത്തിന് ആകെയുണ്ടായിരുന്നത് മൂന്നു ടോർച്ചും മൊബൈൽ ഫോണിലെ വെളിച്ചവും. നിർമ്മാല്യം കഴിഞ്ഞ് പുലർച്ചെ 4.20നു കുമ്മനം മലയിറങ്ങാൻ തുടങ്ങി. കനത്ത മഴ പെയ്തതോടെ കുറ്റാക്കൂരിരുട്ട്. മരക്കൂട്ടം വരെ പ്രശ്‌നമില്ലാതെ ഇറങ്ങി. സ്വാമി അയ്യപ്പൻ റോഡിലെത്തിയപ്പോഴേക്കും ഭീതി പടർന്ന അന്തരീക്ഷമായി. മാസ പൂജയായതിനാൽ വഴിയിലും അയ്യപ്പന്മാരില്ല. അപ്പാച്ചിമേടു പോകാമെന്ന് ഉപദേശിച്ചില്ലെങ്കിലും സ്വാമി അയ്യപ്പൻ റോഡിലൂടെ തന്നെ പോകേണ്ടി വന്നു. ഗവർണറുടെ ഇരുവശവും പൊലീസുകാർ നിന്നു ടോർച്ച് തെളിച്ചു. ഒരു പൊലീസുകാരൻ മുന്നേ വെളിച്ചം കാട്ടി നീങ്ങി. ബാക്കിയുള്ളവർ മൊബൈൽ ഫോണിലെ ൈലറ്റ് ഓൺ ചെയ്തു. വഴി വ്യക്തമാകാത്തതിനാൽ ഗവർണർ തെന്നി വീഴും എന്ന ഭയമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർക്ക്.

ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വഴിവിളക്കുകൾ കത്തിക്കണമെന്നു പൊലീസ് കെഎസ്ഇബിയെ അറിയിച്ചതായി പറയുന്നു. പക്ഷേ, വിളക്കുകളൊന്നും തെളിഞ്ഞില്ല. മറ്റ് അയ്യപ്പന്മാരും മൊബൈൽ വെളിച്ചത്തിലാണ് മലയിറങ്ങിയത്. മാസപൂജയ്ക്കു നട തുറന്നെങ്കിലും വഴിവിളക്കുകൾ കത്തിക്കാൻ കെഎസ്ഇബി തയാറായിട്ടില്ല. വൈദ്യുതി മുടങ്ങുമ്പോൾ പകരം സംവിധാനമായി ജനറേറ്റർ ക്രമീകരിക്കണമെന്നു ദേവസ്വം ബോർഡിനു ഹൈക്കോടതി നൽകിയ ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. വലിയ സുരക്ഷാ വീഴ്ചയായി ഇതിനെ വിലയിരുത്താം. ഉറങ്ങിക്കിടന്നവർ മറുപടി പറയേണ്ട സംഭവം. എന്നാൽ കുമ്മനം ആയതിനാൽ ഒരിടത്തും പരാതി നൽകില്ലെന്ന് പൊലീസിനും കെ എസ് ഇ ബിയിലെ മടിയന്മാർക്കും അറിയാം. അതുകൊണ്ട് തന്നെ അവർക്ക് ഇതിൽ കുലുക്കവുമില്ല.

കേരളം ഭരിക്കുന്നത് ഇടത് സർക്കാരാണ്. അതുകൊണ്ട് തന്നെ കുമ്മനത്തിന് ഉണ്ടായ ദുരിതത്തിൽ സർക്കാർ സ്വയം അറിഞ്ഞ് നടപടിയും എടുക്കില്ല. അങ്ങനെ ആരും പരാതിപ്പെടാത്ത സുരക്ഷാ വീഴ്ചയായി ശബരിമലയിലെ മിസോറാം ഗവർണ്ണറുടെ യാത്ര മാറും. തിരക്കിട്ട പരിപാടികളാണ് കുമ്മനത്തിനുള്ളത്. ഇതെല്ലാം കേരളാ പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതുമാണ്. എന്നിട്ടും വേണ്ട സുരക്ഷ ഒരുക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് വിലയിരുത്തൽ. പുലർച്ചെ ശബരിമലയിൽ നിർമ്മാല്യദർശനവും നെയ്യഭിഷേകവും കഴിഞ്ഞ് നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ സ്വാഗതം ചെയ്ത് പൊലീസിന്റെ ഗാർഡ് ഒഫ് ഓണർ. ഇന്നലെ തിരുനക്കര മഹാദേവക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ദർശനം നിശ്ചയിച്ചിരുന്നെങ്കിലും സമയം വൈകിയതിനാൽ ഇന്നത്തേക്ക് മാറ്റി.

മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം, പള്ളിക്കത്തോട് അരവിന്ദ സ്‌കൂൾ, കൂരോപ്പട മാതൃമല, പത്രപ്രവർത്തകനായി ആദ്യം ജോലി ചെയ്ത ദീപിക' ഓഫീസ് എന്നിവിടങ്ങളിലെ സന്ദർശനത്തിനു ശേഷം ജന്മഭൂമി'യുടെ കോട്ടയത്തെ പുതിയ ഓഫീസ് ഉദ്ഘാടനച്ചടങ്ങിലും, മാതൃവിദ്യാലയമായ കുമ്മനം യു.പി സ്‌കൂളിലെ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. കുമ്മനം ദേവീക്ഷേത്ര ദർശനം കഴിഞ്ഞാണ് കുടുംബവീടായ പാർവതിമന്ദിരത്തിലെത്തിയത്. വീടിനോട് ചേർന്നുള്ള ഇളങ്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനും അമ്മയുടെ ആണ്ടുബലിക്കും ശബരിമലയാത്രയ്ക്കുള്ള കെട്ടുമുറുക്കിനും മാത്രമാണ് സാധാരണ ഇവിടെ എത്താറുള്ളത്. സഹോദരന്മാരായ ജയപ്രകാശും രവീന്ദ്രനാഥും ചേർന്ന് സ്വീകരിച്ചു. പരിചയക്കാരോടെല്ലാം കുശലം പറഞ്ഞു. അവർക്കൊപ്പം ദോശയും ചമ്മന്തിയും കഴിച്ചാണ് ഗസ്റ്റ്ഹൗസിലേക്ക് മടങ്ങിയത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ പൗരസ്വീകരണം നൽകും. തുടർന്ന് വിശ്രമജീവിതം നയിക്കുന്ന പഴയകാല ജനസംഘം നേതാവ് പ്രൊഫ. ഒ.എം. മാത്യുവിനെ സന്ദർശിക്കും. ഏറ്റുമാനൂർ ക്ഷേത്രം, ഓണംതുരുത്ത് ക്ഷേത്രം, കാരൂരിന്റെ മകൾ സരസ്വതിഅമ്മയുടെ വീട്, മാതൃവിദ്യാലയങ്ങളായ കാരാപ്പുഴ എൻ.എസ്.എസ് സ്‌കൂൾ, സി.എം.എസ് കോളേജ് എന്നിവയും സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷമുള്ള ഒരു മണിക്കൂറാണ് കോട്ടയം പ്രസ്‌ക്ലബിൽ മാധ്യമപ്രവർത്തകർക്കൊപ്പം ചെലവഴിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP