Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂരിൽ ട്രയിനിറങ്ങിയപ്പോൾ കാത്ത് നിന്ന പൊലീസ് സന്നാഹത്തെ സ്‌നേഹപൂർവ്വം ഒഴിവാക്കി നേരെ പോയത് സ്വാമിനി കൃഷ്ണമാതാജിയെ കാണാൻ; മാറാടിലെ ജനങ്ങളുടെ സ്‌നേഹം കൈപ്പറ്റിയതിന് പിന്നാലെ ആറന്മുളയിലേക്ക്; ബാലാശ്രമത്തിലെ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചും ചിരിച്ചും രസിച്ചും സമയം കളഞ്ഞപ്പോൾ ടെൻഷൻ അടിച്ചത് ഏഴയലത്ത് അടുപ്പിക്കാതിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ; സ്വന്തം തട്ടകത്തിലേക്കുള്ള കുമ്മനത്തിന്റെ മടക്കയാത്ര ഒരിക്കലും മായാത്ത പുഞ്ചിരിയോടെ

ചെങ്ങന്നൂരിൽ ട്രയിനിറങ്ങിയപ്പോൾ കാത്ത് നിന്ന പൊലീസ് സന്നാഹത്തെ സ്‌നേഹപൂർവ്വം ഒഴിവാക്കി നേരെ പോയത് സ്വാമിനി കൃഷ്ണമാതാജിയെ കാണാൻ; മാറാടിലെ ജനങ്ങളുടെ സ്‌നേഹം കൈപ്പറ്റിയതിന് പിന്നാലെ ആറന്മുളയിലേക്ക്; ബാലാശ്രമത്തിലെ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചും ചിരിച്ചും രസിച്ചും സമയം കളഞ്ഞപ്പോൾ ടെൻഷൻ അടിച്ചത് ഏഴയലത്ത് അടുപ്പിക്കാതിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ; സ്വന്തം തട്ടകത്തിലേക്കുള്ള കുമ്മനത്തിന്റെ മടക്കയാത്ര ഒരിക്കലും മായാത്ത പുഞ്ചിരിയോടെ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: മറാട് കലാപങ്ങളുടെ ശിൽപ്പിയെന്ന വ്യാജ പ്രചരണമാണ് കുമ്മനം രാജശേഖരനെന്ന പൊതു പ്രവർത്തകനെ ഏറ്റവും വേദനിപ്പിക്കുന്നത്. മാറാട് സമാധാന ദൂതുമായെത്തിയ ഹിന്ദു ഐക്യവേദി നേതാവായിരുന്നു കുമ്മനം. അതിന് ശേഷം മാറാട് കലാപങ്ങൾ ഉണ്ടായില്ല. അക്രമം പോലും വഴിമാറി. ഈ തീരവുമായി കുമ്മനത്തിന് ആത്മബന്ധം ഏറെയാണ്. താൻ പറയുന്നത് കേട്ട് സമാധാനത്തിന്റെ പാതയിലെത്തിയ സമൂഹം. അതുകൊണ്ട് തന്നെ മിസ്സോറാം ഗവർണ്ണറായി കോഴിക്കോട്ടെത്തിയ കുമ്മനത്തിന് മാറാട് ജനത സ്‌നേഹത്തോടെ വരവേൽപ്പ് നൽകി.

കോഴിക്കോട്ട് സ്‌നേഹം ഏറ്റുവാങ്ങിയ ശേഷം സാധാരണക്കാരെ പോലെ ട്രെയിനിൽ സ്വന്തം തട്ടകത്തിലേക്ക്. മിസ്സോറാമിന്റെ ഗവർണ്ണറാണ്. ഇസ്ഡ് പ്ലസ് സുരക്ഷയും ഉണ്ട്. അതുകൊണ്ട് തന്നെ പറന്നു നടക്കാൻ ഹെലികോപ്ടറും ഉപയോഗിക്കാം. എന്നാൽ അതൊന്നും വേണ്ടെന്ന് പറഞ്ഞ് കുമ്മനം സ്വന്തം തട്ടകമായ ആറന്മുളയിലേക്ക് പോകാൻ ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങി. പിന്നെ സുരക്ഷയെല്ലാം വേണ്ടെന്ന് വച്ച് സാധാരണക്കാരിൽ സാധാരണക്കാരാനായി യാത്ര.

ഒരിക്കലും മായാത്ത ചിരിയുമായി സഹപ്രവർത്തകരെ കണ്ടു. ഇവിടെ എത്തുമ്പോൾ ആറന്മുളക്കാരുടെ സ്വന്തം രാജേട്ടനെ സ്വീകരിക്കാൻ പൈതൃക ഗ്രാമം ഒന്നിച്ചു. ചെങ്ങന്നൂരിൽ ട്രെയിനിൽ വന്നിറങ്ങിയ കുമ്മനം രാജശേഖരനെ ബിജെപി നേതാക്കൾ ചേർന്ന് സ്വീകരിച്ചു. അവിടെനിന്ന് നാൽക്കാലിക്കൽ വിജയാനന്ദാശ്രമത്തിലെത്തി സ്വാമിനി കൃഷ്ണമാതാജിയെ കണ്ടശേഷമാണ് അദ്ദേഹം ആറന്മുളയിലേക്ക് എത്തിയത്. ജീവിതത്തിൽ ഏറിയ പങ്കും ചെലവഴിച്ച ആറമുള ശബരി ബാലാശ്രമത്തിൽ രാവിലെ 7.30ന് എത്തിയ അദ്ദേഹം കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ഇതിനുശേഷം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഈ ബാലാശ്രമം സ്ഥാപിച്ചത് കുമ്മനമാണ്. ഗവർണ്ണറുടെ വേതനവും എത്തുക ഇവിടേക്കാണെന്നാണ് സൂചന. കുട്ടികൾക്കൊപ്പം ചെലവഴിക്കുമ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരെ അടുത്ത് പോലും അനുവദിച്ചില്ല. ഇത് മുതിർന്ന ഐപിഎസുകാരെ പോലും വെട്ടിലാക്കി. എന്റെ നാടും നാട്ടുകാരും കുട്ടികളും ഇതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുമ്മനം നൽകിയ നിർദ്ദേശം.

തുടർന്ന് ആറന്മുള പൗരാവലിയുടെ സ്വീകരണത്തിനായി കിഴക്കേ നടയിലെ പുത്തരി ആലിൻ ചുവട്ടിലെത്തി. പൊലീസുകാരെയും അംഗരക്ഷകരെയും അവിടേയും അദ്ദേഹം മാറ്റിനിറുത്തി. ആറന്മുള സമരത്തിന് നേതൃത്വം നൽകിയ പൈതൃക ഗ്രാമ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. വള്ളപ്പാട്ടിന്റെയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തിയ അദ്ദേഹത്തെ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി പൂർണ കുംഭം നൽകി സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനുശേഷം തുലാഭാരം നടത്തി. ഇവിടെ നിന്ന് മാരാമണ്ണിലെത്തി ഡോ. ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്തയെ സന്ദർശിച്ചു. ക്രിസോസ്റ്റത്തിന്റെ അനുഗ്രഹം വാങ്ങിയ ശേഷം കുമ്മനം താഴൂർക്കടവ് ആശ്രമത്തിലെത്തി മഠാധിപതിയെ സന്ദർശിച്ചു. തുടർന്ന് കൂനങ്കരയിലെ ശബരി ശരണാശ്രമത്തിൽ നിന്ന് ശബരിമല യാത്രയ്ക്ക് കെട്ടുനിറച്ച് അട്ടതോട് വനവാസി കോളനിയിലേക്കും

കോളനിയുടെ മൂട്ടുകാണി (അധികാരി) പെരുമാൾ അയ്യപ്പൻ, ഭാര്യ പെരുമാൾ അയ്യപ്പൻ, ഊരുമൂപ്പൻ നാരായണൻ എന്നിവരെ കണ്ട് ദക്ഷിണ നൽകി. ഇവിടെ അമ്പലംപാറ ശിവക്ഷേത്രം സന്ദർശിച്ച കുമ്മനം കോളനി നിവാസികൾക്ക് മിസോറാമിൽ നിന്ന് കൊണ്ടുവന്ന തലപ്പാവുകൾ, ഷാൾ, കമ്പിളി എന്നിവ നൽകി. കോളനി സന്ദർശിക്കുന്ന ആദ്യത്തെ ഗവർണറാണ് കുമ്മനമെന്ന് ആദിവാസി മൂപ്പൻ പറഞ്ഞു. ഗവർണർക്കുവേണ്ടി നാടൻ കലാപരിപാടികളും കോളനി നിവാസികൾ ഒരുക്കിയിരുന്നു. തുടർന്ന് ശബരിമലയിലെത്തിയ അദ്ദേഹം ദർശനത്തിനുശേഷം ജന്മ നാടായ കോട്ടയത്തേക്ക് തിരിക്കും, 21 നാണ് മടക്കം. തിരുവനന്തപുരത്ത് പൗര സ്വീകരണവും ഉണ്ട്. ഇവിടെല്ലാം സാധാരണക്കാരിൽ സാധാരണക്കാരനായ കുമ്മനത്തെ തന്നെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ പരിവാറുകാർ പഴയ പ്രചാരകനെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

വഴിയരികിൽ ഭക്ഷണം പാചകം ചെയ്ത് ഉണ്ടും ഉറങ്ങിയും കിടന്ന് ജീവിച്ചൊരു ഭൂതകാലമുണ്ട് കുമ്മനം രാജശേഖരൻ എന്ന നേതാവിന്. അയ്യപ്പ സേവാ സംഘത്തിൽ പ്രവർത്തിച്ച കാലത്ത് അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെയായിരുന്നു. മിസോറാം ഗവർണറായി സ്ഥാനമേറ്റ ശേഷം കേരളത്തിലേക്ക് എത്തുമ്പോഴും കുമ്മനം രാജശേഖരൻ എല്ലാവരെയും ഞെട്ടിക്കുകയാണ്. കാരണം ഗവർണർക്ക് വേണ്ടി അതീവ സുരക്ഷയാണ് കേരളത്തിലും ഒരുക്കുന്നത്. ഇതൊന്നും കുമ്മനത്തിന് ചുറ്റും ഇപ്പോഴില്ല. ഇവരെയെല്ലാം മാറ്റി നിർത്തി തന്റെ സുഹൃത്തുക്കളെ അടുപ്പിച്ച് നിർത്തുകയാണ് കുമ്മനം.

മിസോറാമിലെ രാജ്ഭവനിലും വലിയ സുരക്ഷകൾക്ക് നടുവിലാണ് കുമ്മനം കഴിയുന്നത്. ആയുധ ധാരികളായ 100 സിആർപിഎഫ് ഭടന്മാർ അദ്ദേഹത്തിന് കാവൽ നിൽക്കും. അസം റൈഫിൾസിന്റെ 50 ഭടന്മാർ അദ്ദേഹം പോകുന്ന വഴികളിൽ വഴിക്കണ്ണുമായി വീട്ടുമുറ്റത്തും. എയർഫോഴ്സിന്റെ ഹെലികോപ്ടറും മെഡിക്കൽ സംഘവും കാമ്പസിലുണ്ട്. ഇത് കൂടാതെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ ചുറ്റുമുണ്ട്.അൻപതോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും കൂടാതെയുണ്ട്. സർവ പ്രതാപിയായുള്ള ജീവിതത്തിന് ഇടയിലും കുമ്മനം ആഗ്രഹിക്കുന്നത് ജനങ്ങൾക്കിടയിലുള്ള ജീവിതമാണ്.

മറ്റു ഗവർണർമാർക്ക് ഇല്ലാത്ത ചില ചുമതലകളുമുണ്ട് മിസോറാം ഗവർണർക്ക്. മൂന്നു ജില്ലാ കേന്ദ്രം നേരിട്ട് ഏറ്റെടുത്ത് ഭരിക്കുകയാണ്, ഗവർണറുടെ മേൽനോട്ടത്തിൽ, കേന്ദ്രഫണ്ടിൽ. വികസനം, ക്രമസമാധാനം എല്ലാം ഗവർണറുടെ ഓഫിസിൽ നിന്നാണ് നോക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ ഗവർണർമാരുടെ യോഗമായിരുന്നു. മിസോറം വികസനത്തിന് ഒരു പ്ലാനുണ്ടാക്കിയാണ് കുമ്മനം രാജശേഖരൻ യോഗത്തിനു പോയത്. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചു വരുത്തി ചർച്ച നടത്തിയാണ് മിസോറമിനുവേണ്ടി പദ്ധതി തയാറാക്കിയത്. 'യാത്രാസൗകര്യമില്ലായ്മയാണ് മിസോറമിന്റെ ഒരു പ്രശ്നം. ആഴ്ചയിൽ രണ്ടു ദിവസമേ ഡൽഹിക്കു വിമാനമുള്ളു. ദിവസവും കൊൽക്കത്തയ്ക്ക് ഒരു സർവീസുണ്ട്. അതുപോലെ, ട്രെയിനുമില്ല മിസോറമിലേക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP