Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നും ആഗ്രഹിക്കാതെ ഹിന്ദുത്വത്തിന് വേണ്ടി വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും മെത്രാന്മാർക്കും മൗലവിമാർക്കും വരെ ഇഷ്ടമുള്ള സൗമ്യമുഖം; അംഗത്വം പോലും ഇല്ലാതിരുന്നിട്ടും ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാക്കി; ഗവർണർ പദവിയിൽ എത്തുന്നതും ചരടുവലികൾ ഒന്നും നടത്താതെ; ഇനി കുമ്മനം രാജശേഖരന് കൊട്ടാരം പോലൊരു വീടും വൻ പൊലീസ് അകമ്പടിയും

ഒന്നും ആഗ്രഹിക്കാതെ ഹിന്ദുത്വത്തിന് വേണ്ടി വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും മെത്രാന്മാർക്കും മൗലവിമാർക്കും വരെ ഇഷ്ടമുള്ള സൗമ്യമുഖം; അംഗത്വം പോലും ഇല്ലാതിരുന്നിട്ടും ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാക്കി; ഗവർണർ പദവിയിൽ എത്തുന്നതും ചരടുവലികൾ ഒന്നും നടത്താതെ; ഇനി കുമ്മനം രാജശേഖരന് കൊട്ടാരം പോലൊരു വീടും വൻ പൊലീസ് അകമ്പടിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംഘപരിവാർ രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു കുമ്മനം രാജശേഖരൻ. പരിസ്ഥിതി സ്‌നേഹവും അയ്യപ്പഭക്തിയും ഹിന്ദുത്വത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതവുമായിരുന്നു അദ്ദേഹത്തിന്റേത്. ഒന്നും ആഗ്രഹിക്കാതേ ഒരുങ്ങിക്കഴിയുന്ന വേളയിലാണ് അദ്ദേഹത്തെ തേടി ബിജെപിയുടെ അധ്യക്ഷ പദവി എത്തുന്നത്. ഈ പദവിയിലേക്ക് എല്ലാവരെയും ഇഷ്ടക്കാരനായ രാജേട്ടനെ നിയമിക്കുമ്പോൾ ബിജെപിക്ക് ഏറെ പ്രതീക്ഷയായിരുന്നു. ക്രൈസ്തവ മതനേതാക്കൾക്കും മൗലവിമാർക്കും പോലും ഒരുപോലെ ഇഷ്ടക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ട് കുമ്മനത്തിന് വ്യക്തിപരമായി ലഭിച്ച സ്വീകാര്യത കേരളത്തിൽ ബിജെപിക്കും ലഭിക്കുമെന്ന് കരുതി. എന്നാൽ, അതുണ്ടായില്ല എന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ മിസോറാം ഗവർണറാക്കി നിയമിച്ച കേരള രാഷ്ട്രീയത്തിൽ നിന്നും കെട്ടുകെട്ടിരിച്ചിരിക്കുന്നത്.

പാർട്ടി പ്രസിഡന്റ് ആരാകും എന്ന ചർച്ചയിൽ സംസ്ഥാന ഘടകം രണ്ടു തട്ടിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തുന്നത്. അതുപോലെ തന്നെയാണ് പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയിൽ ഉറച്ചു നിന്ന അദ്ദേഹത്തെ തേടി മിസോറം ഗവർണർ പദവി എത്തുന്നതും. നരേന്ദ്ര മോദി സർക്കാരിന്റെ നാലാം വാർഷികവേളയിലാണ് കുമ്മനം രാജശേഖരനെത്തേടി ഗവർണർപദവിയെത്തുന്നത്. മുതിർന്ന നേതാവായ ഒ. രാജഗോപാലിന്റെ പേരിനൊപ്പം മുൻപ് പലവട്ടംകേട്ട ഈ പദവി കുമ്മനത്തെ തേടിയെത്തുന്നത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ നടുവിലാണെന്ന പ്രത്യേകതയുമുണ്ട്. ഇതോടെ കുമ്മനം രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഗവർണർ പദവിയെന്നാണു സൂചന. എന്നാൽ ഗവർണർ പദവി താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ചോദിച്ചിട്ടില്ലെന്നും കുമ്മനം പ്രതികരിച്ചു. കേരളത്തിനു കിട്ടിയ സമ്മാനമാണോ പദവിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇതിനെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു മറുപടി. 'മറ്റുള്ളവർ പറഞ്ഞ അറിവേയുള്ളൂ. എനിക്ക് ഇതുവരെ ഉത്തരവൊന്നും ലഭിച്ചിട്ടില്ല. അതു ലഭിക്കാതെ ഇതിന്മേൽ മറുപടി പറയാനുമാകില്ല. പദവി ഞാനാഗ്രഹിച്ചിട്ടില്ല, ആരോടും ചോദിച്ചിട്ടുമില്ല കുമ്മനം വ്യക്തമാക്കി.

നിലവിലെ ഗവർണർ നിർഭയ് ശർമയുടെ കാലാവധി മെയ്‌ 28ന് അവസാനിക്കാനിരിക്കെയാണു കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ചത്. ഹരിയാനയിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ഗണേശ് ലാലിനെ ഒഡീഷ ഗവർണറായും നിയമിച്ചതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. എന്തായാലും ഒരിക്കലും ആഡംബരങ്ങൾ മോഹിക്കാതെ ലളിത ജീവിതം നയിച്ച കുമ്മനം രാജശേഖരനെ ഇനി കാത്തിരിക്കുന്നതുകൊട്ടാരം പോലത്തെ വീട്ടിലെ സുഖവാസവും വൻ പൊലീസ് അകമ്പടിയുമുള്ള ജീവിതമാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വേരോട്ടമുറപ്പിക്കാൻ യത്നിക്കുന്ന ബിജെപി.ക്ക് മിസോറം നിർണായകസംസ്ഥാനമാണ്. കോൺഗ്രസിന്റെ കൈവശമിരിക്കുന്ന മിസോറമിൽ മോദിയും അമിത് ഷായും കണ്ണുവെച്ചിട്ടുണ്ട്. കുമ്മനത്തെ അവിടെ നിയോഗിക്കാനുള്ള തീരുമാനത്തിനുപിന്നിൽ ഇതുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയാലോചനകൾക്കും സാധ്യതയുണ്ട്. നാല് വർഷം മുമ്പ് മിസോറം രാജ്ഭവന്റെ അധിപൻ വക്കം പുരുഷോത്തമൻ ആയിരുന്നു. മോദി അധികാരത്തിൽ വന്നപ്പോൾ വക്കത്തെ സ്ഥലം മാറ്റി. ഇതോടെ വക്കം ഗവർണർ സ്ഥാനം രാജി വെച്ചു. ആ പദവിയിലേക്കാണ് കുമ്മനം ഇപ്പോൾ എത്തുന്നത്.

കുമ്മനത്തിന്റെ മാറ്റം പാർട്ടിയിൽ സൃഷ്ടിക്കുന്ന അലയൊലികൾ അടങ്ങാൻ സമയമെടുക്കും. പ്രത്യേകിച്ച് ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കുമ്മനത്തെ മാറ്റിയത് എതിരാളികൾ ആയുധമാക്കുമെന്ന ആശങ്ക സംസ്ഥാന നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്. ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നിർദേശപ്രകാരം കുമ്മനത്തെ മാറ്റിയത് പാർട്ടിയിലെ ആഭ്യന്തര കലഹത്തെത്തുടർന്നാണെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആർഎസ്എസ് നിർദേശിച്ച കുമ്മനം രാജശേഖരനും സംഘടനാ ജനറൽ സെക്രട്ടറി ഗണേശനും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല എന്ന വിലയിരുത്തൽ കുറേനാളായി ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. പാർട്ടിക്ക് കേരളത്തിൽ പ്രതീക്ഷിച്ച വളർച്ച നേടാനായില്ല. നേതാക്കളെ ഒരുമിച്ച് കൊണ്ടുപോകുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും വിലയിരുത്തലുണ്ടായി. കുമ്മനത്തിനു മന്ത്രിപദവി നൽകി പുതിയൊരാളെ കൊണ്ടുവരാൻ ശ്രമം നടന്നെങ്കിലും മെഡിക്കൽ കോളജ് വിവാദം തടസമായി. വിവാദത്തിനിടെ അധ്യക്ഷനെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിലായിരുന്നു കേന്ദ്ര നേതൃത്വം. ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലെ വീഴ്ചയും പ്രശ്‌നമായെന്ന വിലയിരുത്തലുണ്ട്.

പാർട്ടിയിലെ ഭിന്നത കാരണമാണ് കുമ്മനത്തെ മാറ്റിയതെന്ന വാദങ്ങൾ സംസ്ഥാന നേതൃത്വം നിഷേധിക്കുന്നു. പാർട്ടിയിൽ പ്രശ്‌നങ്ങളില്ലെന്നും കുമ്മനത്തിന് കേന്ദ്രപദവി നൽകുന്ന കാര്യം ഏറെക്കാലമായി ആലോചിക്കുന്നതാണെന്നും അവർ വ്യക്തമാക്കുന്നു. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുൻപ് തിരക്കുപിടിച്ച മാറ്റം എന്താണെന്ന ചോദ്യത്തിന് സംസ്ഥാന നേതൃത്വത്തിന് മറുപടിയുമില്ല. വി.മുരളീധരനു പകരം പുതിയ അധ്യക്ഷനെ കണ്ടെത്താൻ കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങിയതു മുതൽ ബിജെപി സംസ്ഥാന നേതൃത്വം രണ്ടു തട്ടിലായിരുന്നു. കേന്ദ്ര നേതൃത്വം നിർദേശിച്ച ബാലശങ്കറിനെ ഒ.രാജഗോപാൽ, സി.കെ.പത്മനാഭൻ, പി.എസ്.ശ്രീധരൻപിള്ള, പി.കെ.കൃഷ്ണദാസ് എന്നിവർ പിൻതാങ്ങി. വി.മുരളീധരനും, കെ.സുരേന്ദ്രനും, ഉമാകാന്തനും കുമ്മനത്തിന്റെ പേര് നിർദേശിച്ചു.

2015 ഡിസംബർ 18 നാണ് ദേശീയ അധ്യക്ഷൻ അമിത്ഷാ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനായി നിയോഗിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം മുന്നിൽ നിൽക്കെ ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറിയായിരുന്ന കുമ്മനത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയ കേന്ദ്ര നേതൃത്വം അന്ന് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനാണ് വഴിയൊരുക്കിയത്. ഹിന്ദു സമുദായ സംഘടനകളെ കോർത്തിണക്കാനും സംഘപരിവാർ അണികൾക്ക് ആവേശം പകരാനും കുമ്മനത്തിന്റെ നേതൃത്വം ബിജെപിക്കു സഹായകമാകുമെന്ന വിലയിരുത്തലും കേന്ദ്രത്തിനുണ്ടായിരുന്നു. അതിൽ വിജയമോ, പരാജയമോ എന്ന് കേന്ദ്രം വ്യാഖ്യാനിച്ചയിടത്ത് കുമ്മനത്തിന് പാർട്ടി സംസ്ഥാന അധ്യക്ഷ പദവി നഷ്ടമായി.

1952 ഡിസംബർ 23ന് കോട്ടയം ജില്ലയിൽ അയ്മനം കുമ്മനത്താണു രാജശേഖരന്റെ ജനനം. അച്ഛൻ: അഡ്വ. വി.കെ. രാമകൃഷ്ണപിള്ള. അമ്മ: പി. പാറുക്കുട്ടിയമ്മ, സഹോദരങ്ങൾ ആറുപേർ. അവിവാഹിതനാണ്. കോട്ടയം എൻഎസ്എസ് ഹൈസ്‌കൂളിലും സിഎംഎസ് കോളജിലുമായിരുന്നു ആദ്യകാല പഠനം. പിന്നീട് ജേണലിസം ആൻഡ് പബ്ലിക് റിലേഷൻസ് യോഗ്യത നേടി. പത്രപ്രവർത്തനം 1974ൽ ദീപികയിൽ തുടങ്ങി. രാഷ്ട്രവാർത്ത, കേരളദേശം, കേരള ഭൂഷണം, കേരള ധ്വനി പത്രങ്ങളിൽ സബ് എഡിറ്ററായിരുന്നു. ആർഎസ്എസ് മുഖപത്രം ജന്മഭൂമിയിൽ 1989ൽ പത്രാധിപരും 2007ൽ എംഡിയും 2011ൽ ചെയർമാനുമായി.

1976 മുതൽ 1987വരെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്നു. ശബരിമലയ്ക്കു സമീപം നിലയ്ക്കലിൽ ആറു മാസം നീണ്ട പ്രക്ഷോഭത്തിന്റെ നായകത്വം വഹിച്ചു. ഈ സമരമാണ് കുമ്മനം രാജശേഖരൻ എന്ന നേതാവിനെ കേരളത്തിനു സുപരിചിതനാക്കിയത്. വിദ്യാർത്ഥിയായിരിക്കെ ആർഎസ്എസിൽ ചേർന്നു. 1981ൽ വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി.1987ൽ സർക്കാർജോലി രാജിവച്ച് ആർഎസ്എസ് പ്രചാരകനായി.

1992ൽ ഹിന്ദു ഐക്യവേദി ജനറൽ കൺവീനറായി. 1996ൽ വിഎച്ച്പി സംഘടനാ സെക്രട്ടറിയായി. ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ മൽസരിച്ചു രണ്ടാം സ്ഥാനത്തെത്തി. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിന് 2012 മുതൽ നേതൃത്വം നൽകുന്നു. കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂർക്കാവിൽ നിന്നു മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു കുമ്മനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP