Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതൃഭൂമി കാർട്ടൂണിൽ മുന്തി നിൽക്കുന്നത് കുമ്മനത്തിന്റെ കറുത്ത നിറം; ട്രോളുകളിൽ സൂപ്പർ കറുത്ത നായർ പ്രയോഗം; ഡെക്കാൺ ക്രോണിക്കൾ എഡിറ്റർ കളിയാക്കാൻ ഉപയോഗിച്ചത് നായയോട് ഉപമിച്ച്; പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത കുമ്മനത്തെ പുരോഗമനം നടിക്കുന്നവർ പോലും അധിക്ഷേപിക്കുന്നത് വംശീയ വിദ്വേഷത്തോടെ

മാതൃഭൂമി കാർട്ടൂണിൽ മുന്തി നിൽക്കുന്നത് കുമ്മനത്തിന്റെ കറുത്ത നിറം; ട്രോളുകളിൽ സൂപ്പർ കറുത്ത നായർ പ്രയോഗം; ഡെക്കാൺ ക്രോണിക്കൾ എഡിറ്റർ കളിയാക്കാൻ ഉപയോഗിച്ചത് നായയോട് ഉപമിച്ച്; പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത കുമ്മനത്തെ പുരോഗമനം നടിക്കുന്നവർ പോലും അധിക്ഷേപിക്കുന്നത് വംശീയ വിദ്വേഷത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ഉജ്വലമായ ഉദ്ഘാടനത്തിന്റെ തിളക്കം കെടുത്താൻ സി.പി.എം മുൻ കൈയെടുത്ത് ആസൂത്രണം ചെയ്ത കള്ളപ്രചരണത്തിന്റെ മുനയൊടിഞ്ഞുവെന്നാണ് ബിജെപി പറയുന്നത്. ഇതിന് വേണ്ടിയാണ് പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മെട്രോ ട്രെയിനിൽ യാത്ര ചെയ്തിനെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അഴിച്ചു വിട്ട അപവാദ നീക്കം. ഇത് ട്രോളുകളും വിമർശനങ്ങളുമായപ്പോൾ അത് അതിരുവിട്ടതുമായി. വംശീയമായി കുമ്മനത്തെ അധിക്ഷേപിച്ചു. അതിന് മാതൃഭൂമി പത്രം പോലും മുതിർന്നുവെന്നാതാണ് ബിജെപിയെ അലോസരപ്പെടുത്തുന്നത്.

ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കറുത്ത നിറത്തെ അധിക്ഷേപിച്ച മാതൃഭൂമി മാപ്പു പറയണമെന്ന് ബിജെപി ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടത്.''തൊലിയുടെ നിറം നോക്കി ടാഗ് ചെയ്യുന്നതിനെ സംസ്‌കാരമില്ലായ്മയെന്നു പറയും,മാപ്പ് പറയണം മാതൃഭൂമി. റേസിസത്തിന്റെ പാരമ്യത്തിൽ നിന്ന് പച്ച മനുഷ്യരുടെ ഇടയിലേക്ക് വരണം. ഞങ്ങളുടെ രാജേട്ടൻ കറുത്തിട്ടാണ്, എന്നാൽ മനസ്സിൽ നിങ്ങളെ പോലെ കുഷ്ടമില്ല.'' എന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. . കൂടാതെ മാതൃഭൂമി കുമ്മനത്തെ അധിക്ഷേപിച്ച ഫോട്ടോയും ബിജെപിയും ചർച്ചയാക്കുന്നുണ്ട്. പലവിധ ട്രോളുകളെത്തി. ഇതിൽ കുമ്മനത്തെ കറുത്ത നായർ കള്ളവണ്ടി കയറിയെന്ന പ്രയോഗമായിരുന്നു സൂപ്പർ ഹിറ്റ്. ഇതിനൊപ്പം പുരോഗമനവാദികളായ ഇടതുപക്ഷക്കാർ പോലും വംശീയമായി കുമ്മനത്തെ കളിയാക്കി.

ഇടത് സഹായത്രികനായ കെ ജെ ജേക്കബ് ഇത്തരത്തിലൊരു ചിത്രം ഷെയർ ചെയ്തു. ബോബനും മോളിയും ചിത്രത്തിലെ നായയാരുന്നു ചർച്ചാവിഷയം. . ബോബനും മോളിയിലെ പട്ടിയാണ് പുള്ളിയുടെ ഇഷ്ടകഥാപാത്രം എന്നാണ് ഒരാൾ ഫേസ്‌ബുക്കിൽ കമന്റിട്ടത്. ഡെക്കാൺ ക്രോണിക്കളിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ ജേക്കബ് പിന്നീട് ഈ ചിത്രം ഫേസ്‌ബുക്കിൽ നിന്ന് നീക്കി. അങ്ങനെ പുരോഗമന വാദികൾ പോലും വംശീയമായി കുമ്മനത്തെ സോഷ്യൽ മീഡിയയിൽ കളിയാക്കി. ഇതിൽ ബിജെപിയും പ്രകോപിതരായി. അവരും മറു ട്രോളുകൾ കൊണ്ട് മറുപടി നിറച്ചു.

പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന എസ്‌പിജിയുടെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി പൊലീസാണ് കുമ്മനത്തിനു യാത്രയൊരുക്കിയതെന്ന വെളിപ്പെടുത്തലിൽ സിപിഎമ്മിനു മുഖം നഷ്ടപ്പെട്ടെന്ന് ബിജെപി പറയുന്നു. കുമ്മനവും ഒ. രാജഗോപാലുമടക്കം മെട്രോയിൽ യാത്ര ചെയ്യേണ്ടവരുടെ പട്ടിക എസ്‌പിജി, കൊച്ചി സിറ്റി പൊലീസിനു ഇന്നലെ രാവിലെ തന്നെ നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വാഹനത്തിലാണ് നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് കുമ്മനം പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ എത്തിയത്. കുമ്മനം പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെന്നും അക്കാര്യം അന്വേഷിക്കണമെന്നും ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ട കടകംപള്ളി സുരേന്ദ്രനാണ് വിവാദത്തിനു തുടക്കമിട്ടത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലും ട്രോളുകൾ പ്രവഹിച്ചിരുന്നു.

എല്ലാറ്റിനും കാരണം, കുമ്മനം രാജശേഖരനോടുള്ള 'കൊതിക്കെറുവാണെ'ന്നാണ് വിലയിരുത്തപ്പെടുന്നത്. കുമ്മനം പ്രധാനമന്ത്രിക്കൊപ്പം മെട്രോ യാത്ര ചെയ്യുമെന്ന കാര്യം ബന്ധപ്പെട്ടവർ പിണറായിയെ അറിയിച്ചിരുന്നു. അതോടെ തുടങ്ങിയതാണീ പ്രശ്‌നങ്ങളെന്ന് ബിജെപി വിലയിരുത്തുന്നു. മെട്രോയിലെ ആദ്യ യാത്രയിൽ പ്രധാനമന്ത്രി, ഗവർണർ, കേന്ദ്രമന്ത്രി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. ഈ യാത്രയുടെ ചിത്രം പിണറായി ഫേസ്‌ബുക്കിൽ ചേർത്തു. രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ഒന്ന്: കുമ്മനത്തിന്റെ പേര് ഒഴിവാക്കി. രണ്ട്: കുമ്മനത്തിനെ ചിത്രത്തിൽ നിന്നൊഴിവാക്കാൻ കഴിയാത്തതിനാൽ, പ്രധാനമന്ത്രിയുടെ ഉയർത്തിയ കൈയുടെ മറയത്ത് കുമ്മനത്തിന്റെ മുഖമുള്ള ചിത്രം തെരഞ്ഞുപിടിച്ച്ചേർത്തു. അക്കൂട്ടത്തിൽ ഗവർണറുടെ മുഖവും കാണാനാവാതായി. ഇതു ശരിയായില്ലെന്നും ബിജെപി പറയുന്നു.

യാത്ര ചെയ്യേണ്ടവരുടെ പട്ടികയിൽ പേരുള്ളതിനാലാണ് ഒപ്പം പോയതെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. യാത്ര ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് അനുവാദം നൽകിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സർക്കാരിനും വ്യക്തമായി അറിയാം, കുമ്മനം പറഞ്ഞു. പ്രധാനമന്ത്രി എത്തുന്നിടത്ത് വെറുതെ ഒരാൾക്ക് പ്രവേശിക്കാൻ പറ്റില്ല. പ്രധാനമന്ത്രിയോടൊപ്പം ആരൊക്കെ യാത്രചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യുന്നതിൽ എന്താണ് തെറ്റ്. ആരുടെയും അനുവാദം കൂടാതെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിൽ അതിക്രമിച്ചു കയറാൻ പറ്റുമെങ്കിൽ ഇവിടെ സുരക്ഷാ ക്രമീകരണങ്ങളില്ല എന്നാണർഥം. അങ്ങനെയാണെങ്കിൽ അതിന് ഉത്തരവാദി സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുമാണ്.-ബിജെപി പറയുന്നു.

യാത്രാ വിവാദത്തെപ്പറ്റി മുഖ്യമന്ത്രി പ്രതികരിക്കണം. മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താൻ ചില ഗൂഢശക്തികൾ ശ്രമിച്ചു. വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇത്തരം ഗൂഢശക്തികളുടെ കളിപ്പാവയായി മാറരുത്. മറ്റാർക്കെങ്കിലും സീറ്റ് കൊടുത്തോ, നിഷേധിച്ചോ എന്ന കാര്യം അറിയില്ല. തനിക്ക് അനുവാദമുണ്ടോ എന്നു മാത്രമാണ് നോക്കിയതെന്നും കുമ്മനം പറയുന്നു. ഈ വിവാദത്തിൽ ഇതുവരെ പ്രധാനമന്ത്രിയുടോ ഓഫീസ് പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയും മൗനം തുടരുന്നു. വിവാദത്തിനില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെ്‌നിത്തല പറയുന്നത്. അതിനിടെ അനുമതിയുണ്ടായിരുന്നുവെന്ന കുമ്മനത്തിന്റെ വാദം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ തള്ളുകയും ചെയ്തു.

മെട്രോയിൽ യാത്ര കുമ്മനത്തെ വെറുതെ വിടാൻ ട്രോളർമാർ തയ്യാറായില്ലെന്നാതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ശ്രീധരനെയും ചെന്നിത്തലയേയും ഒഴിവാക്കാൻ ശ്രമിച്ചവർ കുമ്മനം എങ്ങനെ കയറിയെന്ന് വ്യക്തമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. 'കൊച്ചി മെട്രോയിൽ ആദ്യ കള്ളവണ്ടി കയറി കുമ്മനം മാതൃകയായി, ചരിത്രം സൃഷ്ടിച്ചു' തുടങ്ങിയ ട്രോളുകളും എത്തിത്തുടങ്ങി. കുമ്മനം വലിഞ്ഞുകയറുമെന്ന് ഉറപ്പുണ്ടായിരുന്നു. അയാൾക്ക് ഉളുപ്പുണ്ടാകുമെന്ന് കരുതുന്നത് അബദ്ധമാണ്ചിലർക്ക് എത്രയായലും ആ നിലവാരത്തിൽ നിന്ന് ഉയരാൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകനായ എസ്.ലല്ലു പോസ്റ്റ് ചെയ്തു. പ്രോട്ടോക്കോൾ പ്രകാരം 1857ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരാൾ ചടങ്ങിനു വേണം എന്നു തോന്നുന്നു എന്നാണ് മറ്റൊരു പോസ്റ്റ്.

നമുക്കെല്ലാവർക്കും ഉണ്ടാകും വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞുകേറി വരുന്ന ഒരു ഫ്രണ്ട്.. 'ഇത് കുമ്മനത്തെ ഉദ്ദേശിച്ചല്ലെന്ന് പറയാൻ പറഞ്ഞു.. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കള്ള വണ്ടി കയറണമെന്ന കറുത്ത നായരുടെ മോഹം സഫലമായി എന്നതായിരുന്നു. ആദ്യയാത്രയിൽ പ്രതിപക്ഷ നേതാവ്, എംപിമാർ, സ്ഥലം എംഎ‍ൽഎ, ഗതാഗതമന്ത്രി, മേയർ തുടങ്ങിയവരെ ഒഴിവാക്കിയിരുന്നു. ഈ സ്ഥാനത്താണ് കുമ്മനത്തിന്റെ യാത്ര. അതുകൊണ്ടാണ് അത് വിവാദത്തിന് എരിവും പുളിയും കൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP