Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുമ്പളാംപൊയ്ക ബാങ്കിലെ അഞ്ചുകോടിയുടെ തട്ടിപ്പിൽ പ്രതിയെ സംരക്ഷിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമം തുടരുന്നു; പ്രതിയുടെ വസ്തുവകകൾ പിതാവ് പ്രസിഡന്റായ മറ്റൊരു ബാങ്കിൽ പണയം വച്ച് 60 ലക്ഷം വായ്പയെടുത്തു; തട്ടിപ്പു കേസിൽ അറസ്റ്റിലായാലും സ്വന്തം ഭൂമി പോകില്ലെന്ന ഉറപ്പിൽ ജീവനക്കാരൻ; ബാങ്ക് പ്രസിഡന്റായ സിപിഎം ജില്ലാ കമ്മറ്റിയംഗത്തിന് മൗനം

കുമ്പളാംപൊയ്ക ബാങ്കിലെ അഞ്ചുകോടിയുടെ തട്ടിപ്പിൽ പ്രതിയെ സംരക്ഷിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമം തുടരുന്നു; പ്രതിയുടെ വസ്തുവകകൾ പിതാവ് പ്രസിഡന്റായ മറ്റൊരു ബാങ്കിൽ പണയം വച്ച് 60 ലക്ഷം വായ്പയെടുത്തു; തട്ടിപ്പു കേസിൽ അറസ്റ്റിലായാലും സ്വന്തം ഭൂമി പോകില്ലെന്ന ഉറപ്പിൽ ജീവനക്കാരൻ; ബാങ്ക് പ്രസിഡന്റായ സിപിഎം ജില്ലാ കമ്മറ്റിയംഗത്തിന് മൗനം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎം ജില്ലാനേതാക്കൾ ഭരിക്കുന്ന ബാങ്കിൽ നിന്ന് സിപിഎം ലോക്കൽ കമ്മറ്റിയംഗമായ ജീവനക്കാരൻ അഞ്ചുകോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ ജില്ലാ നേതൃത്വം അരയും തലയും മുറുക്കി രംഗത്ത്. സിപിഎം ജില്ലാ കമ്മറ്റിയംഗങ്ങളായ മത്തായി ചാക്കോ പ്രസിഡന്റും കോമളം അനിരുദ്ധൻ ഡയറക്ടർ ബോർഡ് അംഗവുമായ കുമ്പളാംപൊയ്ക സർവീസ് സഹകരണബാങ്കിന്റെ തലച്ചറി ശാഖയിൽ നിന്നാണ് സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മറ്റിയംഗവും ജൂനിയർ ക്ലാർക്കുമായ പ്രവീൺ പ്രഭാകരൻ അഞ്ചുകോടി രൂപ തട്ടിയത്.

മൂന്നുമാസം മുൻപ് ഇന്റേണൽ ഓഡിറ്റിങ്ങിൽ കണ്ടെത്തിയ തട്ടിപ്പിന്മേൽ ഒരു നടപടിയും ബാങ്ക് നേതൃത്വം സ്വീകരിച്ചിരുന്നില്ല.. ഒടുവിൽ തലച്ചിറ ശാഖയുടെ സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടി സഹകരണസംഘം അസി. രജിസ്ട്രാറിന് പരാതി നൽകിയതോടെയാണ് തട്ടിപ്പ് ഒതുക്കാൻ സിപിഎം നടത്തിയ നീക്കങ്ങൾ പുറത്തു വന്നിട്ടുള്ളത്.

തട്ടിപ്പ് നടത്തിയ തുകയിൽ 70 ലക്ഷം പ്രവീൺ തിരിച്ചടച്ചിരുന്നു. ഇതിനായി സ്വന്തം വീടും വസ്തുവും പണയപ്പെടുത്തിയതാകട്ടെ പിതാവ് പ്രഭാകരൻ പ്രസിഡന്റായ വടശേരിക്കര സർവീസ് സഹകരണബാങ്കിലും. തട്ടിപ്പുകേസിൽ അകപ്പെട്ട് കോടികൾ വിലമതിക്കുന്ന സ്വന്തം വീടും വസ്തുവും ജപ്തി ചെയ്യപ്പെട്ട് പോകാതിരിക്കുന്നതിന് വേണ്ടി ആസുത്രിതമായിട്ടാണ് പിതാവ് പ്രസിഡന്റായ ബാങ്കിൽ തന്നെ ഇയാൾ വസ്തു ഈടു വച്ചത്. ഇനി അത് അവിടെ നിന്ന് കണ്ടുകെട്ടണമെങ്കിൽ നിയമതടസങ്ങൾ ഏറെയുണ്ട് താനും.

പ്രവീൺ പ്രഭാകരൻ നയിച്ചത് ആഡംബരജീവിതമായിരുന്നു. വിലകൂടിയ പലതരം കാറുകളിലായിരുന്നു ഇയാളുടെ സഞ്ചാരം. തട്ടിയെടുത്ത പണം കാറുകൾ വാങ്ങുന്നതിനും അമ്മായിഅപ്പന് കരാർ പണി നടത്തുന്നതിനും വേണ്ടി ഉപയോഗിച്ചുവെന്നാണ് സൂചന. ഭാര്യാപിതാവിന് പ്രവീൺ വൻതോതിൽ പണം നൽകി സഹായിച്ചിരുന്നുവെന്ന് പാർട്ടിക്കാർക്ക് ഇടയിൽ തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവായ പ്രഭാകരന്റെ മകനാണ് പ്രവീൺ. വടശേരിക്കര സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് വർഷങ്ങളായി പ്രഭാകരൻ.

താൻ തലപ്പത്തിരിക്കുന്ന ബാങ്കിൽ മകനെ നിയമിക്കാൻ സാധിക്കാത്തതു കൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് വടശേരിക്കര ലോക്കൽ കമ്മറ്റിയുടെ അധികാര പരിധിയിൽ വരുന്ന കുമ്പളാംപൊയ്ക സർവീസ് സഹകരണ ബാങ്കിന്റെ തലച്ചിറ ശാഖയിൽ പ്രവീണിനെ നിയമിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി, സിപിഎം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വടശേരിക്കരയിൽ വൈസ് പ്രസിഡന്റായിരുന്നു പ്രവീൺ. അന്ന് ഇയാൾക്കെതിരേ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തലച്ചിറ വാർഡിൽ നിന്ന് മത്സരിച്ച പ്രവീൺ ഇരുന്നൂറിൽപ്പരം വോട്ടിന് തോറ്റു.

പാർട്ടിയുടെ തണലിലാണ് പ്രവീണിന്റെ തട്ടിപ്പ് നടന്നതെന്ന കാര്യം വ്യക്തമാണ്. എന്നിട്ടും നടപടി സ്വീകരിക്കാതെ ഇയാളെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മലയാലപ്പുഴ പൊലീസ് പ്രവീണിനെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടുമില്ല. പൊലീസ് പരാതി കൊടുത്ത് കേസ് എടുപ്പിച്ചത് സഹകാരികളുടെ കണ്ണിൽ പൊടിയിടാനാണെന്നുള്ള ആരോപണവും ശക്തമാണ്. മറുപടി പറയേണ്ട ബാങ്ക് പ്രസിഡന്റും സിപിഎം ജില്ലാ നേതൃത്വവും മൗനത്തിലാണ്. പൊലീസ് സ്റ്റേഷനിൽ ഒരു കേസ് കൊടുത്തതോടെ തങ്ങളുടെ ഡ്യൂട്ടി കഴിഞ്ഞുവെന്നാണ് ഇവർ കരുതുന്നത്.

തലച്ചിറ ബാങ്ക് ശാഖയുടെ സെക്രട്ടറി പരാതി നൽകിയിരുന്നില്ലെങ്കിൽ ഈ തട്ടിപ്പ് ആരും അറിയുകയുമില്ലായിരുന്നു. പണം തിരിച്ചടയ്ക്കാമെന്ന പ്രവീൺ പ്രഭാകരന്റെ വാഗ്ദാനം വിശ്വസിച്ച സിപിഎം നേതൃത്വം അതിനായി മൂന്നു മാസത്തോളം സമയവും നൽകിയിരുന്നു. തട്ടിപ്പിന് പിന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും പങ്കുണ്ടെന്നാണ് സഹകാരികളുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP