Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ചാക്കോയുടെ കുടുംബത്തിന് സ്വന്തമായി വീടു വേണം; മകന്റെ പഠനം തുടർന്നു കൊണ്ടുപോകണം; കുഞ്ചാക്കോയുടെ കുടുംബത്തെ സംരക്ഷിക്കാൻ കരളുറപ്പോടെ കോരുത്തോട് ഗ്രാമം; റോജിക്ക് കരൾ പകുത്തു നൽകി മരണം വരിച്ച മനുഷ്യസ്‌നേഹിയുടെ കുടുംബത്തെ നിങ്ങൾക്കും സഹായിക്കാം

കുഞ്ചാക്കോയുടെ കുടുംബത്തിന് സ്വന്തമായി വീടു വേണം; മകന്റെ പഠനം തുടർന്നു കൊണ്ടുപോകണം; കുഞ്ചാക്കോയുടെ കുടുംബത്തെ സംരക്ഷിക്കാൻ കരളുറപ്പോടെ കോരുത്തോട് ഗ്രാമം; റോജിക്ക് കരൾ പകുത്തു നൽകി മരണം വരിച്ച മനുഷ്യസ്‌നേഹിയുടെ കുടുംബത്തെ നിങ്ങൾക്കും സഹായിക്കാം

മറുനാടൻ മലയാളി ബ്യൂറോ

മുണ്ടക്കയം: യാതൊരു പരിചയവും ഇല്ലാത്ത യുവാവിന് വേണ്ടി കരൾ പകുത്തു നൽകി ജീവൻ വെടിഞ്ഞ കുഞ്ചാക്കോയുടെ ഓർമ്മകളിലാണ് കോരുത്തോട് ഗ്രാമം. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങൾ ഇന്നും അവിടുത്തെ ജനത ഓർക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ചെയ്ത മഹാകാര്യത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി ഗ്രാമം മുഴുവൻ രംഗത്താണ്. വാടക വീട്ടിലാണ് കുഞ്ചാക്കോയും കുടുംബവും താമസിക്കുന്നത്. ഇവിടെ നിന്നും സ്വന്തം വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കും മുമ്പാണ് അദ്ദേഹം യാത്രയായത്.

അവയവദാനത്തിന്റെ മഹത്വം ഉയർത്തി സ്വന്തം കരൾ പാറത്തോട് സ്വദേശി റോജിക്ക് പകുത്തു നൽകിയ കുഞ്ചാക്കോ അമൃത ആശുപത്രി അധികൃതരുടെ പിഴവിനാലാണ് മരണപ്പെട്ടത്. പതിനായിരങ്ങൾ ഒഴുകിയെത്തിയാണ് അദ്ദേഹത്തിന് യാത്രാമൊഴി നൽകിയതും. ബസ് ഡ്രൈവർ ജോലി ഉപേക്ഷിച്ച് ഒരു നിയോഗം പോലെയാണ് കുഞ്ചാക്കോ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. കോൺഗ്രസിലൂടെ രംഗത്തെത്തിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാടിന്റെ പ്രിയങ്കരനായി മാറുകയായിരുന്നു.

നാട്ടുകാരുടെ ഏതാവശ്യത്തിനും തനിക്കാവുന്ന സഹായം ചെയ്യാൻ സന്നദ്ധനായിരുന്ന കുഞ്ചാക്കോയുടെ നന്മയുടെ നിറവ് അനുഭവിച്ചവർ അനവധിയാണ്. രാഷ്ട്രീയ - രാഷ്ട്രീയ ഇതര സംഘടനകളുടെ അമരക്കാരനായിരുന്ന കുഞ്ചാക്കോയുടെ പരിശ്രമഫലമായി നാട്ടിൽ രൂപമെടുത്ത പ്രസ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതാണ് കോരുത്തോട് പഞ്ചായത്തിലെ ഏക സിബിഎസ്ഇ സ്‌കൂളായ സെന്റ് ജോർജ് പബ്ലിക് സ്‌കൂൾ.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ കോരുത്തോട്ടിൽ നിരവധി വികസന പദ്ധതികൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു. സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് ത്രിതല പഞ്ചായത്തുകളിൽ നിന്നും മറ്റ് സർക്കാർ ഏജൻസികളിൽ നിന്നും ധനസഹായം നേടികൊടുക്കുന്നതിൽ കുഞ്ചാക്കോ ബദ്ധശ്രദ്ധനായിരുന്നു. കുടിയേറ്റ ഗ്രാമമായ കോരുത്തോടിന്റെ 2-ാം ഘട്ട വികസനത്തിന് ചുക്കാൻ പിടിച്ചത് കുഞ്ചാക്കോ ആയിരുന്നു.

നാടിനെയും നാട്ടുകാരെയും നെഞ്ചിലേറ്റിയ കുഞ്ചാക്കോ വിടചൊല്ലിയത് തന്റെ കുടുംബത്തിന് യാതൊന്നും കരുതിവെയ്ക്കാതെയാണ്. നാടിന്റെ നല്ല ഭാവി സ്വപ്‌നം കണ്ടിരുന്ന അദ്ദേഹത്തിന് സ്വന്തമായി ഒരു വീടുപോലുമില്ല. ബാങ്ക് ബാലൻസുകൾക്ക് പകരം ബാങ്ക് വായ്പകളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കൈവശാവകാശ രേഖകളോ പട്ടയമോ ഇല്ലാത്ത കുറച്ചു സ്ഥലം കൊമ്പുകുത്തിയിൽ ഉള്ളത് മാത്രമാണ് കുഞ്ചാക്കോയുടെ ഏക സമ്പാദ്യം. ആ ഭൂമിയുടെ രേഖകൾ ശരിയാക്കുന്നതിന് പകരം കാട്ടാന ശല്യത്താൽ വലയുന്ന കൊമ്പുകുത്തിയിൽ വൈദ്യുതി വേലി സ്ഥാപിക്കുന്നതിനും കിടങ്ങുകൾ കുഴിക്കുന്നതിനും ഗവൺമെന്റിൽ നിന്നുള്ള ധനസഹായം ഉറപ്പാക്കി.

കുടുംബത്തിന്റെയും നാടിന്റെയും നെടുംതൂണായിരുന്ന കുഞ്ചാക്കോയുടെ നിര്യാണം സൃഷ്ടിച്ച ഞെട്ടലിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബം ഇനിയും കരകയറിയിട്ടില്ല. മകന്റെ പഠനവും വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്കുള്ള മാറ്റവും എല്ലാം ആ കുടുംബത്തിന് മുമ്പിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. സന്മനസ്സുകളായ നാട്ടുകാരുടെ കൈത്താങ്ങിലാണ് ഇനി അവരുടെ പ്രതീക്ഷ. എന്നാൽ കുഞ്ചാക്കോയുടെ ത്യാഗത്തിന് പകരമായി ഇവർ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ കുഞ്ചാക്കോയെ സഹായിക്കാൻ വേണ്ടി കോരുത്തോട് നിവാസികൾ ഒറ്റക്കെട്ടായി രംഗത്തുണ്ട്. സെന്റ് ജോർജ് ചർച്ച് പള്ളിവികാരിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് വേണ്ടി സഹായധനം സ്വരൂപിക്കുന്നുണ്ട്.

കൈയും മെയ്യും മറന്ന് നാടിനെയും നാട്ടുകാരെയും സഹായിച്ച പ്രിയപ്പെട്ട നേതാവിനോടുള്ള ആദരവായിരിക്കും അദ്ദേഹത്തിന്റെ കുടുംബത്തിന് നല്കുന്ന ഓരോ സഹായവും. സ്വപ്‌നങ്ങൾ മാത്രം ബാക്കിവച്ച് അകാലത്തിൽ കടന്നുപോയ കുഞ്ചാക്കോ എന്ന മനുഷ്യസ്‌നേഹിയെ സഹായിക്കാനുള്ള പരിശ്രമത്തിൽ പങ്കാളിയാകാം.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. ജിൻസൺ കുന്നത്തുപുരയിടം
വികാരി, സെന്റ് ജോർജ് ചർച്ച്
കോരുത്തോട് - 686513
ഫോൺ: 9447870271

ലിസ്സമ്മ  ചാക്കോ (പരേതനായ കുഞ്ചാക്കോയുടെ ഭാര്യ), കുറ്റിക്കാട്ട്, കോരുത്തോട് - 686513

Account Name: LISSAMMA CHACKO

ബാങ്ക് അക്കൗണ്ട് നമ്പർ: 67 27 17 23 625
ബാങ്ക് - സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കോരുത്തോട് ശാഖ
ഐഎഫ്എസ് സി കോഡ്: SBTR0000380

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP