Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

240 തൊഴിലാളികൾ രാവും പകലും നിന്ന് അധ്വാനിച്ചത് 130 ദിനങ്ങൾ; പണി തുടങ്ങി ഒരു വർഷം തികയും മുമ്പ് പൂർത്തീകരിച്ചത് വലിയ നേട്ടം; പാറ പൊട്ടിക്കാൻ നടത്തിയത് ആയിരത്തോളം സ്ഫോടനങ്ങൾ; കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കം പിറവിയെടുത്തതിന് പിന്നിലെ അധ്വാനത്തിന്റെ കഥ ഇങ്ങനെ

240 തൊഴിലാളികൾ രാവും പകലും നിന്ന് അധ്വാനിച്ചത് 130 ദിനങ്ങൾ; പണി തുടങ്ങി ഒരു വർഷം തികയും മുമ്പ് പൂർത്തീകരിച്ചത് വലിയ നേട്ടം; പാറ പൊട്ടിക്കാൻ നടത്തിയത് ആയിരത്തോളം സ്ഫോടനങ്ങൾ; കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കം പിറവിയെടുത്തതിന് പിന്നിലെ അധ്വാനത്തിന്റെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരളത്തിലെ സാങ്കേതിക നേട്ടത്തിന്റെ ഒരു അടയാളമാണ് കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കം. തുരങ്കത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ദേശീയപാത 544ൽ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലുള്ള തുരങ്കം ഒരു കിലോമീറ്ററോളം ദൂരത്തിലുള്ളതാണ്. മല തുരന്ന് നിർമ്മക്കുന്ന പാലത്തിന്റെ അവസാന ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോഴത്തെ നിലയിൽ നിർമ്മാണം അതിവേഗം പുരോഗമിച്ചാൽ 2018 ആദ്യം ഗതാഗതത്തിന് സജ്ജമാകുമെന്നുറപ്പായി. മാസ്റ്റർ പ്‌ളാൻ പ്രകാരം 920 മീറ്ററാണ് ഇരട്ടക്കുഴൽ തുരങ്കത്തിന്റെ നീളം.

തൃശ്ശൂർ-പാലക്കാട് റോഡിൽ എന്നും കുരുക്കായിരുന്ന കുതിരാൻകയറ്റം കയറാതെ അനായാസം സഞ്ചരിക്കാൻ അവസരം ഒരുക്കുന്നതാണ് ഈ തുരങ്കം. വീതി കണക്കാക്കിയാൽ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ തുരങ്കങ്ങൾ പൂർണമായും യാത്രാസജ്ജമാകാൻ ഇനി ഏതാനും മാസങ്ങൾ മാത്രം. പാലക്കാടു നിന്ന് വരുമ്പോൾ ഇടതുവശത്തുള്ള തുരങ്കത്തിലൂടെ ഓഗസ്റ്റിൽ വണ്ടിയോടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തേതിൽ ഡിസംബറോടെയും. മല തുരന്ന് മൂലമറ്റം പവർഹൗസ് നിർമ്മിച്ചതിനുശേഷം ഇതുപോലൊരു സംരംഭം കേരളത്തിൽ ആദ്യമാണ്.

945 മീറ്ററുള്ള തുരങ്കങ്ങളിൽ അവസാനവട്ട പണികളാണ് ഇപ്പോൾ നടക്കുന്നത്. 240 തൊഴിലാളികൾ. കഠിനാധ്വാനത്തിന്റെ നൂറ്റിമുപ്പതോളം ദിനങ്ങൾ. പ്രാദേശിക എതിർപ്പുകൾ മൂലം നാലരമാസത്തോളം പണി നടക്കാതിരുന്നിട്ടും ഒരു വർഷം തികയും മുമ്പ് തുരങ്കനിർമ്മാണം പൂർത്തിയാക്കിയത് തൊഴിലാളികളുടെ മിടുക്ക്. ഡൽഹിയിൽ ദേശീയപാത അഥോറിറ്റിയുടെ ചീഫ് ജനറൽ മാനേജരായിരുന്ന കന്തസ്വാമിയും പാലക്കാട് പ്രോജക്ട് ഡയറക്ടറായിരുന്ന എം. കൃഷ്ണനുമാണ് ഇരട്ടക്കുഴൽ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. 2006ൽ വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കി. പക്ഷേ, കുതിരാനിൽ സംരക്ഷിത വനവും വന്യജീവി സങ്കേതവുമുണ്ട്. സ്ഥലമെടുക്കാൻ സുപ്രീംകോടതിയുടെ അനുമതി വേണം. തുല്യമായ സ്ഥലം സർക്കാരിനു വിട്ടു നൽകണം. വനം പോകുന്നതിന് നഷ്ടപരിഹാരം കെട്ടിവെക്കണം. ഇതെല്ലാം പൂർത്തിയാവാൻ വർഷങ്ങളെടുത്തു. 2007ലും 2008ലും ടെൻഡർ ചെയ്തിരുന്നെങ്കിലും ആരും വന്നില്ല.

2010ലാണ് കരാർ ഉറപ്പിച്ചത്. ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി. കമ്പനി തുരങ്കംപണി പ്രഗതി ഗൂപ്പിന് ഉപകരാർ നൽകുകയായിരുന്നു. രണ്ടും ഹൈദരാബാദിലെ കമ്പനികൾ. അന്തിമാനുമതി കിട്ടിയത് 2013ൽ. പക്ഷേ, അപ്പോഴേക്കും പ്രാദേശിക എതിർപ്പുകൾ ഉയർന്നു. പദ്ധതി മുമ്പോട്ടു പോകില്ലെന്നു മനസ്സിലാക്കിയ ദേശീയപാത അഥോറിറ്റി 2015ൽ ഉപേക്ഷിക്കാൻ തീരുമാനിക്കുകയും വിവരം ഗതാഗതമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ, അവസാനവട്ടം ഒരു ശ്രമം കൂടി നടത്താൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതോടെയാണ് തുരങ്കത്തിന്റെ പിറവിക്ക് ഇടയായത്.



അതേവർഷം തന്നെ ആദ്യജോലികൾ ആരംഭിച്ചു. കഴിഞ്ഞവർഷം മെയ് 13ന് ഡ്രില്ലിങ് ജമ്പോസ് എന്ന ഉപകരണങ്ങളുമായി രണ്ടറ്റത്തു നിന്നും പാറ തുരക്കൽ തുടങ്ങി. ആദ്യ പൊട്ടിക്കലിൽതന്നെ പാറക്കഷണങ്ങൾ ദേശീയപാതയിലും സമീപപ്രദേശങ്ങളിലും തെറിച്ചുവീണതോടെ പണി നിർത്തേണ്ടിവന്നു. ജൂണിലാണ് വീണ്ടും തുടങ്ങിയത്. പാലക്കാട് നിന്നു വരുമ്പോൾ ഇടതുവശത്തുള്ള തുരങ്കം ഫെബ്രുവരി 22നും രണ്ടാം തുരങ്കം ഏപ്രിൽ 21നും കൂട്ടിമുട്ടി.

തുരങ്കം പണിതു പരിചയമുള്ള ഉത്തരേന്ത്യക്കാരാണ് 240 തൊഴിലാളികളും. പരിചയസമ്പന്നർക്ക് കനത്ത ശമ്പളമാണ്. അപകടം പിടിച്ച ജോലിയാണിത്. പാറക്കഷണങ്ങൾ ഏതു നിമിഷവും ദേഹത്തുവീഴാം. ജലാറ്റിൻ സ്റ്റിക്കുപയോഗിച്ചുള്ള പൊട്ടിക്കലിനുശേഷം പുക നിറയും. വെള്ളം തളിച്ച് പൊടി കുറയ്ക്കുമെങ്കിലും മനോധൈര്യമുള്ളവർക്കേ ഇപ്പണി ചെയ്യാനാകൂ. ഒരു തൊഴിലാളി മരിച്ചു. ജെ.സി.ബി. ഓപ്പറേറ്ററായിരുന്നു. കല്ലുകൾ അടർന്നുവീണ് നാലുപേർക്ക് പരിക്കേറ്റു. ഒരു തവണ കവാടത്തിൽ മണ്ണിടിഞ്ഞെങ്കിലും അപകടമുണ്ടായില്ല.

ഷിഫ്റ്റുകളിലായി 24 മണിക്കൂറും ജോലിയാണ്. സീനിയർ ഫോർമാൻ തിരുവനന്തപുരം കല്ലമ്പലംകാരൻ എം. സുദേവൻ, ഫോർമാന്മാരായ തൃശ്ശൂർ പഴുവിൽ സ്വദേശി ബിജു, കുന്നംകുളത്തുകാരനായ വി.കെ. ചന്ദ്രൻ, ഹരിപ്പാടുകാരനായ മോഹനദാസ്, ചാലക്കുടിക്കാരനായ നാരായണൻ എന്നിവരെക്കൂടാതെ എൻജിനീയർ വടക്കഞ്ചേരിക്കാരനായ ശ്രീനുവുമുണ്ട് മലയാളികളായി. ആയിരത്തോളം സ്ഫോടനങ്ങളാണ് നടത്തിയതെന്ന് പ്രഗതി കമ്പനി മാനേജിങ് ഡയറക്ടർ എം വി എസ്. കൃഷ്ണംരാജു വ്യക്തമാക്കുന്നു.

പ്രതിദിനം അഞ്ചുമീറ്ററോളം തുരന്നു. ഇനിയുള്ള ജോലികൾക്കാണ് സമയം കൂടുതലെടുക്കുക. ഉള്ളിൽ അപകടം ഉണ്ടായാൽ ഗതാഗതം തിരിച്ചുവിടാൻ രണ്ടു ഇടനാഴികൾ പൂർത്തിയാവണം. വൈദ്യുതീകരണം, അഴുക്കുചാൽ, ഉള്ളിൽ ഓക്സിജൻ ഉറപ്പാക്കാൻ എക്സോസ്റ്റുകൾ, സി.സി.ടി.വി., നടപ്പാത, 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കൽ എന്നിവയാണ് ഇനി തീരാനുള്ളത്. ഇതിനായി അറുപതോളം തൊഴിലാളികൾ കൂടിയെത്തും.

തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. നിർമ്മാണത്തിന്റെ പല ഘട്ടത്തിലും സൂക്ഷ്മമായാണ് കാര്യങ്ങൾ നീങ്ങിയത്. ഭൂകമ്പത്തെ ചെറുക്കുന്ന രീതിയിലാണ് തുരങ്കം സജ്ജമാക്കുന്നത്. ഇരുമ്പു പാലം ഭാഗത്തുനിന്ന് ആരംഭിച്ച് കുതിരാൻ ക്ഷേത്രത്തിന് താഴെ വഴുക്കുംപാറയിലാണ് തുരങ്കം അവസാനിക്കുന്നത്. നാലുവരിപ്പാതയുള്ള റോഡിന് സമമായിരിക്കും തുരങ്കത്തിന്റെ ഉൾവശം.

തുരങ്കത്തിനുള്ളിൽ യാത്രക്കാരുടെ സുരക്ഷക്ക് ഹൈടെക് സംവിധാനമാണ് ഒരുക്കുന്നത്. ഇതിനുള്ളിൽ പത്ത് സി.സി ടി.വി കാമറകളുടെ നിരീക്ഷണമുണ്ടാവും. കാമറക്കാഴ്ച കാണാൻ പുറത്ത് സ്‌ക്രീനുകൾ ഒരുക്കും. പൊടിപടലങ്ങളോ മഞ്ഞോ കാഴ്ചയെ മറക്കില്ല. പൊടി വലിച്ചെടുത്ത് പുറത്തു കളയാനുള്ള ബ്‌ളോവറുകൾ തുരങ്കത്തിന്റെ ഇരുവശത്തും സ്ഥാപിക്കും. രണ്ടറ്റത്തും കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും.

മുകളിൽ മധ്യഭാഗത്ത് ലൈറ്റുകൾ സ്ഥാപിക്കും. തുരങ്കത്തിനകത്ത് സ്ഥിരം ആംബുലൻസ് സംവിധാനവുമുണ്ടാകും. തുരങ്കത്തിനുള്ളിലൂടെ എത്ര വലിയ ചരക്കു വാഹനങ്ങൾക്കും ഇതുവഴി സുഗമമായി പോകാം. 80 കി.മീ. വേഗതയിലത്തെുന്ന ചരക്കുലോറികൾക്ക് അതേ വേഗത്തിൽ തുരങ്കത്തിലൂടെ പോകുന്നതിന് തടസ്സമുണ്ടാകില്ല. തിരുവനന്തപുരം കല്ലുവിള സ്വദേശിയും സീനിയർ ഫോർമാനുമായ ചരുവിള സുദേവനാണ് തുരങ്കത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. സുദേവനോടൊപ്പം മലയാളികളായ മൂന്ന് ഫോർമാന്മാരും സഹായത്തിനുണ്ട്. ഇരുമ്പു പാലത്തിന് താഴെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശമാണ്. ഇതിന് മുകളിലൂടെ തുരങ്കത്തിലത്തൊൻ പാലം വേണം. 150 മീറ്റർ അകലെവച്ചാണ് പാലത്തിലേക്ക് പ്രവേശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP