Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളമൊഴുകി പോയാൽ അവശേഷിക്കുക പാലങ്ങൾ മാത്രം; തുരുത്തുകളിലെ 50,000 വീടുകളിലും വെള്ളം കയറി; വീട്ടുപകരണങ്ങളും വാഹനങ്ങളും വളർത്തു മൃഗങ്ങളും കൃഷിയും പൂർണ്ണമായും നഷ്ടമായി; സ്‌കൂളുകളും വെള്ളത്തിനടയിൽ; ചങ്ങനാശ്ശേരി മുതൽ എരുമേലി വരെ നീളുന്ന ദീർഘകാല ദുരിതാശ്വാസ ക്യാമ്പുകളെ കുറിച്ചാലോചിച്ച് സർക്കാർ; തകരുന്നത് കേരളത്തിന്റെ നെല്ലറകളിൽ ഒന്ന്; പലായനം ചെയ്തത് ഒന്നരക്ഷം പേർ; കുട്ടനാട് കണ്ണീർ കാഴ്ചയാകുമ്പോൾ

വെള്ളമൊഴുകി പോയാൽ അവശേഷിക്കുക പാലങ്ങൾ മാത്രം; തുരുത്തുകളിലെ 50,000 വീടുകളിലും വെള്ളം കയറി; വീട്ടുപകരണങ്ങളും വാഹനങ്ങളും വളർത്തു മൃഗങ്ങളും കൃഷിയും പൂർണ്ണമായും നഷ്ടമായി; സ്‌കൂളുകളും വെള്ളത്തിനടയിൽ; ചങ്ങനാശ്ശേരി മുതൽ എരുമേലി വരെ നീളുന്ന ദീർഘകാല ദുരിതാശ്വാസ ക്യാമ്പുകളെ കുറിച്ചാലോചിച്ച് സർക്കാർ; തകരുന്നത് കേരളത്തിന്റെ നെല്ലറകളിൽ ഒന്ന്; പലായനം ചെയ്തത് ഒന്നരക്ഷം പേർ; കുട്ടനാട് കണ്ണീർ കാഴ്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

നെടുമുടി: കുട്ടനാട്ടിൽ വെള്ളം സമുദ്രനിരപ്പിന് സമാനമാണ്. എന്ന് ഇതിറങ്ങുമെന്ന് ആർക്കും ഒരു പിടിയുമില്ല. പമ്പയുടെ തീരത്ത് മഴ പെയ്യുമ്പോൾ വേമ്പനാട് കായലിലേക്ക് ഇനിയും വെള്ളമെത്തും. ഇപ്പോൾ തന്നെ വേമ്പനാട് കായൽ ഒരു മീറ്റർ ഉയർന്നു കഴിഞ്ഞു. ഇതും പതിവില്ലാ കാഴ്ചയാണ്. അതുകൊണ്ട് തന്നെ കേരളത്തെ വിഴുങ്ങിയ പേമാരി കുട്ടനാടിനെ പൂർണ്ണമായും തച്ചുടയ്ക്കുമെന്ന ആശങ്കയാണ് സജീവമാകുന്നത്. ചെറു ടൗണുകളെല്ലാം മുങ്ങിക്കഴിഞ്ഞു. വമ്പൻ റിസോർട്ടുകളും ദുരിതകയത്തിലേക്കായി. സാധാരണക്കാരന്റെ കൃഷിയും കന്നുകാലികളും എല്ലാം ചത്തൊടുങ്ങി. ഇനി വെള്ളമിറങ്ങി തിരികെയെത്തിയാലും ജീവിതം കെട്ടിപ്പെടുക്കുക കുട്ടനാട്ട് കാർക്ക് ആയാസകരമാകും. കേരളത്തിന്റെ കാർഷിക സംസ്‌കൃതിക്ക് കരുത്തായിരുന്ന മേഖലമാണ് തളർന്ന് വീഴുന്നത്.

വെള്ളത്തിൽ കാണുന്നത് ചില പാലങ്ങൾ മാത്രം. ആകാശക്കാഴ്ചയിൽ കുട്ടനാട് ഇപ്പോൾ ഏതാണ്ട് ഈ അവസ്ഥയിലാണ്. കാലുകുത്താൻ മണ്ണില്ല. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ ആളൊഴിഞ്ഞ നാടായി കുട്ടനാട് മാറുന്നു. ഒന്നര ലക്ഷത്തിലേറെപ്പേരാണു കുട്ടനാട്ടിൽനിന്നു പലായനം ചെയ്തത്. ഒരാൾ പൊക്കത്തിലേറെ വെള്ളമുള്ള ചെറിയ ഇടവഴികൾക്കുള്ളിലാണ് ഒറ്റപ്പെട്ടുപോയവരിൽ ഭൂരിഭാഗവും കഴിയുന്നത്. ആലപ്പുഴ, തകഴി, ചങ്ങനാശേരി എന്നീ മൂന്നു കരകളിലേക്കാണു കുട്ടനാട്ടുകാരെ എത്തിക്കുന്നത്. കൂടുതൽ ചങ്ങനാശ്ശേരിയിലേക്കും. ചില ബഹുനിലവീടുകളും ഉയർന്ന ഏതാനും പാലങ്ങളും മരങ്ങളും ഒഴികെ, വേമ്പനാട്ടുകായൽ പരന്നപോലെ വെള്ളപ്പരപ്പു മാത്രമാണു കുട്ടനാട് ഇപ്പോൾ.

കടലിന് സമാനമായ അവസ്ഥ. നാൽക്കാലികൾ സ്വന്തമായുള്ളവരാണ് ഇപ്പോൾ കുട്ടനാട്ടിൽ തങ്ങുന്നവരിൽ അധികവും. ഭൂരിഭാഗംപേരും നാൽക്കാലികളെ ഉയർന്ന പ്രദേശങ്ങളിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇനിയും രക്ഷാപ്രവർത്തനത്തിനു പോകുന്നവർ ചെറുവള്ളങ്ങൾകൂടി കരുതണമെന്നു കുടുങ്ങിക്കിടക്കുന്നവർ പറയുന്നു.ക്യാമ്പുകൾ ഒന്നും കുട്ടനാട്ടിൽ പ്രവർത്തിപ്പിക്കാൻ കഴിയാത്തവിധം വെള്ളത്തിന്റെ കുത്തൊഴുക്കാണ്. വരും ദിവസങ്ങളിലും ശക്തമായ വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയബോട്ടുകൾക്ക് മാത്രമേ ഉൾപ്രദേശങ്ങളിൽ കടന്നുചെന്ന് രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുകയുള്ളു. കുട്ടനാട്ടുകാർക്ക് ഇതിനിടെയിലും എംഎൽഎയെ കാണാനാകുന്നില്ല. കുട്ടനാട്ടിലെ എംഎൽഎ തോമസ് ചാണ്ടി രക്ഷാപ്രവർത്തനത്തിനൊന്നും മുന്നിൽ ഇല്ല. മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനുമാണ് എല്ലാ പ്രവർത്തനത്തിനും നേതൃത്വം നൽകിയത്.

ആഴ്ചകളായി വെള്ളത്തിനടിയിലായിരുന്ന കുട്ടനാട്ടിലേക്ക് മലവെള്ളംകൂടി പാഞ്ഞെത്തിയതോടെയാണ് ദുരിതം ഇരട്ടിച്ചത്. യുദ്ധകാലാടിസ്ഥാനത്തിലാണ് കുട്ടനാട്ടിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചത്. ചങ്ങനാശ്ശേരിയിലും ആലപ്പുഴ നഗരത്തിലും കുട്ടനാട്ടുകാർക്കായി പ്രത്യേകം ക്യാമ്പുകൾ സജ്ജീകരിച്ചു. അതുകൊണ്ട് തന്നെ ആൾനാശം കുട്ടനാട്ടിൽ ഉണ്ടാകുന്നില്ല. വെള്ളത്തോട് മല്ലിട്ട് കഴിഞ്ഞവർക്ക് നീന്തൽ നന്നായി വശമുള്ളതും ഇതിന് കാരണമായി. എന്നാൽ ജീവനൊഴികെ എല്ലാം വെള്ളമെടുത്ത അവസ്ഥയിലാണ് കുട്ടനാട്. ഇതുവരെ കുട്ടനാട് കാണാത്ത വെള്ളപ്പൊക്കമാണ് ഇപ്പോൾ നേരിടുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവ് ഇപ്പോഴും ശക്തമാണ്. എല്ലാ പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമാണ്. രണ്ട് നിലകളിലുള്ളവർ പോലും സുരക്ഷിതരല്ല. സാധാരണ വെള്ളപ്പൊക്കം കുട്ടനാട്ടുകാരെ അധികം അലട്ടാറില്ല. അത്തരം സന്ദർഭങ്ങളിൽ കുട്ടനാട്ടിൽതന്നെ ഒട്ടേറെ ക്യാമ്പുകൾ പ്രവർത്തിക്കും. ആരുംതന്നെ അവിടംവിട്ട് പുറത്തേക്ക് പോകാറില്ല. എന്നാൽ ഇത്തവണ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു കാര്യങ്ങൾ.

കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട് മുങ്ങുകയായിരുന്നു. ചമ്പക്കുളം, രാമങ്കരി, എന്നിവിടങ്ങളിൽ നിന്നെല്ലാം ജനങ്ങൾ ജീവനും കൊണ്ട് രക്ഷപ്പെട്ടു. മിത്രങ്കരി, കണ്ടങ്കരി, ചേമങ്കരി, പുളിങ്കുന്ന്, കൈനകരി, നെടുമുടി, പള്ളാത്തുരുത്തി എന്നീ നഗരങ്ങളെല്ലാം മുങ്ങി. ഇതിനൊപ്പം വേമ്പനാട്ടു കായലിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതോടെയാണ് ആലപ്പുഴ നഗരത്തിന് മധ്യത്തിലൂടെ കടന്നുപോകുന്ന വാടക്കനാലും വാണിജ്യകനാലും നിറഞ്ഞത്. മാതാ ബോട്ടുജെട്ടി വെള്ളത്തിനടിയിലായി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും വെള്ളം കയറിത്തുടങ്ങി. ദേശീയപാതയ്ക്ക് സമാന്തരമായുള്ള ആലപ്പുഴ-ചേർത്തല കനാലും നിറഞ്ഞു. അങ്ങനെ കുട്ടനാട്ടിനൊപ്പം ആലപ്പുഴയേയും ദുരിതം തകർക്കുകയാണ്. ഇടുക്കി ഡാമും മുല്ലപ്പെരിയാറും തുറന്നതോടെ ആലുവ വെള്ളത്തിലായി. എന്നാൽ അതിവേഗം വെള്ളം തിരിച്ചിറങ്ങുകയും ചെയ്തു. എന്നാൽ പാടശേഖരങ്ങളാൽ നിറഞ്ഞ് കുട്ടനാടിനെ വലിയ പ്രതിസന്ധിയിലേക്കാണ് ഇത്തവണത്തെ വെള്ളപ്പൊക്കം എത്തിച്ചത്.

ചങ്ങനാശേരിയിലേക്കാണ് ആളുകൾ രക്ഷപ്പെട്ടെത്തിയത്. ഇവിടെ ഒന്നരലക്ഷത്തോളം പേർ ഇപ്പോൾ തന്നെയുണ്ട്. നെടുങ്കുന്നം വരെ കുട്ടനാട്ടുകാരുടെ ദുരിതാശ്വാസ ക്യാമ്പുകൾ നീണ്ടുകഴിഞ്ഞു. ഇത് എരുമേലി വരെ നീളുമെന്നാണ് സൂചന. കാരണം ഉടനൊന്നും ഇവർക്ക് വീട്ടിലേക്ക് മടങ്ങാനാവില്ല. കുട്ടനാട്ടിലെ സ്‌കൂളുകളും കോളേജുകളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. അങ്ങനെ കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാകുന്ന തരത്തിലേക്കാണ് കിഴക്കൻ വെള്്‌ളം അടിച്ചു കയറിയത്. ഇനിയും കുറച്ചു പേർ മേഖലകളിൽ കുടുങ്ങി കിടപ്പുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പള്ളാത്തുരുത്തി മുതൽ പൂപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ എ.സി.റോഡിന് ഇരുകരകളിലുമുള്ള താമസക്കാർ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറി. ചമ്പക്കുളം, നെടുമുടി, മങ്കൊമ്പ്, കിടങ്ങറ, പുളിങ്കുന്ന്, കാവാലം ഭാഗങ്ങളിലാണ് ഇനി നൂറുകണക്കിന് പേർ ഉള്ളത്.

കുട്ടനാട്ടിൽ ഒന്നും ബാക്കിയില്ലെന്ന് രക്ഷപ്പെട്ടത്തിയവരും പറയുന്നു.വെള്ളമൊഴിയുമ്പോൾ പാലങ്ങൾ മാത്രമാകും ബാക്കി. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം. ഇനിയെല്ലാം ആദ്യമേ തുടങ്ങണം. വെള്ളം ഇരച്ചുകയറിയതോടെ ലക്ഷക്കണക്കിനാളുകളാണ് കുട്ടനാട് ഉപേക്ഷിച്ച് ജീവനും കൊണ്ടോടിയത്. നാലുദിവസമായി തുടരുന്ന കൂട്ടപ്പലായനം ഏതാണ്ട് അവസാനിച്ചിട്ടുണ്ട്. 'പശുക്കളെയും ആടുകളെയും അഴിച്ചുവിട്ടു. ചത്തോ ജീവിച്ചിരിക്കുന്നുണ്ടോ എന്നൊന്നും ഒരുറപ്പുമില്ല. ചിലർ നായകളെ രക്ഷിച്ചു. വീടുകളുടെ അടിത്തറയും ഭിത്തിയുമൊക്കെ വെള്ളം കയറി ദ്രവിച്ചു തുടങ്ങി. വെള്ളമൊഴിഞ്ഞാലും അവിടെ താമസിക്കാനാവില്ല. ഇടിഞ്ഞുപൊളിഞ്ഞുവീഴുമെന്ന് ഉറപ്പ്'- കുട്ടനാട്ടുകാർ പങ്കുവയ്ക്കുന്ന വികാരം ഇതാണ്. ആദ്യവെള്ളപ്പൊക്കത്തിൽതന്നെ കുട്ടനാട്ടിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിരുന്നു. അതിനെ അതിജീവിച്ചു. പിന്നീട് മലവെള്ളം ഇരച്ചു കയറി വന്നപ്പോൾ കുട്ടനാട്ടിലെ ഏതാണ് അരലക്ഷം വീടുകളും വെള്ളത്തിലായി. വീടിന് മുമ്പ് പാർക്ക് ചെയ്തിട്ടുണ്ടായിരുന്ന വാഹനങ്ങളും നശിച്ചു.

ഉടുക്കാനുള്ള തുണിമാത്രമെടുത്താണ് എല്ലാവരും രക്ഷപ്പെട്ടത്. ചിലർ ബന്ധുവീടുകളിലേക്കാണ് പോയത്. ചിലർ ക്യാമ്പുകളിലേക്കും. കുടനാട്ടിലെ എല്ലാ ആശുപത്രികളിലും വെള്ളം കയറി പ്രവർത്തനം മുടങ്ങി. ഉപകരണങ്ങളും നശിച്ചു. വെള്ളമിറങ്ങിയാലും ചികിത്സ പുനരാരംഭിക്കാൻ ഉടനൊന്നും കഴിയില്ല. കുട്ടനാട്ടിലെ 116 റേഷൻകടകളിൽ സൂക്ഷിച്ച 6000 ക്വിന്റൽ ഭക്ഷ്യധാന്യം നശിച്ചതായാണ് സൂചന. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP