Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാടുനന്നാക്കുന്നവർ എന്ന് മേനി നടിക്കുന്നവരുടെ കൂട്ടത്തല്ലും തെറിവിളിയും കണ്ട് മൂക്കത്ത് വിരൽവച്ച് മലപ്പുറംകാർ; സമ്മേളനത്തെ 'ദുരന്തമായി' വിശേഷിപ്പിച്ച് പത്രക്കാരുടെ പേക്കൂത്ത് നേരിട്ട് കണ്ടവർ; നാരായണന്റെ ധാർഷ്ട്യമാണ് എല്ലാത്തിനും കാരണമെന്ന് ഒരുവിഭാഗം; മൃഷ്ടാന്നം മദ്യവും ഭക്ഷണവും വിളമ്പി അഴിഞ്ഞാടുന്ന ഈ നാണംകെട്ട പരിപാടിയിലേക്ക് ഇനിയില്ലെന്ന് നിഷ്പക്ഷരും; പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിലെ കൂട്ടത്തല്ലിന്റെ ചിത്രങ്ങൾ മറുനാടന്

നാടുനന്നാക്കുന്നവർ എന്ന് മേനി നടിക്കുന്നവരുടെ കൂട്ടത്തല്ലും തെറിവിളിയും കണ്ട് മൂക്കത്ത് വിരൽവച്ച് മലപ്പുറംകാർ; സമ്മേളനത്തെ 'ദുരന്തമായി' വിശേഷിപ്പിച്ച് പത്രക്കാരുടെ പേക്കൂത്ത് നേരിട്ട് കണ്ടവർ; നാരായണന്റെ ധാർഷ്ട്യമാണ് എല്ലാത്തിനും കാരണമെന്ന് ഒരുവിഭാഗം; മൃഷ്ടാന്നം മദ്യവും ഭക്ഷണവും വിളമ്പി അഴിഞ്ഞാടുന്ന ഈ നാണംകെട്ട പരിപാടിയിലേക്ക് ഇനിയില്ലെന്ന് നിഷ്പക്ഷരും; പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിലെ കൂട്ടത്തല്ലിന്റെ ചിത്രങ്ങൾ മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: നാടുനന്നാക്കുന്നവർ എന്ന് മേനിനടിക്കുന്ന പത്രപ്രവർത്തകരുടെ തനിസ്വരൂപംകണ്ട് ഞെട്ടിയിരിക്കുകയാണ് മലപ്പുറംകാർ. പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്‌ള്യുജെയുടെ സംസ്ഥാന സമ്മേളനം ഇന്നലെ കൂട്ടത്തല്ലിലും പരസ്പരമുള്ള തെറിവിളിയിലും കലാശിച്ചതോടെ ഇവർ ഇത്തരക്കാരാണോ എന്ന് മുക്കത്ത് വിരൽവച്ചുപോയി നാട്ടുകാർ. രണ്ടുദിവസമായി മലപ്പുറം റോസ് ലോഞ്ചിൽ നടന്ന കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനമാണ് ഇക്കുറി അടിച്ചുപിരിഞ്ഞത്.

പ്രതിനിധി സമ്മേളനം രണ്ടാംദിവസം വൈകുന്നേരം ആയതോടെ ജനറൽ സെക്രട്ടറിയുടെ മറുപടി പ്രസംഗത്തിനിടെ തെറ്റായ പരാമർശങ്ങൾ നടത്തിയതിൽ പ്രതിഷേധിച്ച് ഒരു സംഘം അംഗങ്ങൾ വേദിയിൽ കയറി സെക്രട്ടറിയെ കൈകാര്യംചെയ്യുകയായിരുന്നു. ഇത് തടയാൻശ്രമിച്ചവർക്കും പൊതിരെ തല്ലുകിട്ടി. പിന്നീട് കൂട്ടയടിയും തെറിവിളിയുമായി സമ്മേളനം അലങ്കോലമാകുകയും ചെയ്തു. പത്തോളം പേർക്ക് പരിക്കേൽക്കുകയും സംഭവം കണ്ടുനിന്ന ഒരംഗം നെഞ്ചുവേദനയെ തുടർന്ന ്കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു.

എല്ലാത്തിനും കാരണം യൂണിയൻ ജനറൽ സെക്രട്ടറി സി നാരായണന്റെ ധാർഷ്ട്യമാണെന്ന് ഒരു വിഭാഗം പത്രപ്രവർത്തകർ ആരോപിക്കുന്നു. ചില പ്രവർത്തകർ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ഏകപക്ഷീയമായി സെക്രട്ടറി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നാണ് ആരോപണം. ഇതിന് മറുപടി നൽകി അംഗങ്ങൾ പ്രസംഗിച്ചതോടെ അവരെ പറയാൻ അനുവദിക്കാതെ തടയുകയായിരുന്നു.

മാത്രമല്ല, സെക്രട്ടറി അച്ചടക്കലംഘനമെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടിൽ പരാമർശിച്ചവരുടെ പേരുകളിൽ അന്വേഷണം പോലും നടന്നിരുന്നില്ല. ഇതിന് പുറമെ ഡൽഹി ഘടകവുമായി ബന്ധപ്പെട്ട് നടന്ന ഉയർന്ന അഴിമതി ആരോപണത്തിലും സീനിയർ പത്രപ്രവർത്തകൻ വി വി ബിനുവിന് എതിരെ ഒരു സംഘം ആസൂത്രിതമായി നടത്തിയ ജാതീയ അധിക്ഷേപത്തിലും കുറ്റക്കാരെ വെള്ളപൂശുന്ന നിലപാടാണ് നാരായണനും സംസ്ഥാന നേതൃത്വവും സ്വീകരിച്ചതെന്നാണ് ആക്ഷേപം. ഈ നിലപാട് നാരായണൻ സമ്മേളനത്തിലും തുടർന്നതോടെയാണ് ഇത് ചോദ്യംചെയ്ത് അംഗങ്ങളിൽ പലരും പ്രതിഷേധവുമായി എഴുന്നേറ്റതും പിന്നീട് തർക്കത്തിലേക്കും കൂട്ടത്തല്ലിലേക്കും കാര്യങ്ങൾ വഴിമാറിയതും.

അതേസമയം, സംഭവം വലിയ ചർച്ചയായിരിക്കുകയാണ് നാട്ടുകാർക്കിടയിലും സോഷ്യൽ മീഡിയയിലും. ലക്ഷങ്ങൾ അണികളുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ ചെറിയ വീഴ്ചകൾപോലും വിചാരണ ചെയ്യുന്നവരുടെ തനിനിറം നേരിട്ടുകണ്ടതോടെയാണ് നാട്ടുകാരും ഞെട്ടിപ്പോയത്. സമ്മേളനം സമാപിച്ചെങ്കിലും അതിലുണ്ടായ പ്രശ്‌നങ്ങളും പത്രക്കാരുടെ പ്രകടനവും വലിയ ചർച്ചയുമായി. സമ്മേളനത്തിൽ പങ്കെടുത്ത നിഷ്പക്ഷരായ പ്രതിനിധികൾ പോലും ആകെ അമ്പരന്നാണ് ഇന്നലെയുണ്ടായ സംഭവങ്ങളോട് പ്രതികരിക്കുന്നത്. പലരും ഫേസ്‌ബുക്ക് പോസ്റ്റുമിട്ടു.

ഇവർ ഇത്തരക്കാരാണെന്ന് വിചാരിച്ചില്ലെന്ന് ചിലർ. മേലിൽ ഇത്തരം പരിപാടിയുമായി മലപ്പുറത്തേക്ക് വന്നുപോകരുതെന്ന് മറ്റുചിലർ. മലപ്പുറത്ത് പത്രക്കാരുടെ തമ്മിൽത്തല്ല് അറിഞ്ഞ് എത്തിയവരിൽ പലരും പ്രതികരിച്ചത് ഇങ്ങനെ. പ്രദേശത്തെ രാഷ്ട്രീയക്കാരെയും സാംസ്‌കാരിക പ്രവർത്തകരെയും അടക്കം ഉൾപ്പെടുത്തി രൂപീകരിച്ച സംഘാടക സമിതിയും ഇന്നലത്തെ സംഭവങ്ങൾ കണ്ട് അമ്പരന്നുപോയി.

നിരവധി സമ്മേളനങ്ങൾക്ക് സാക്ഷ്യം വഹിച്ച നാടാണ് മലപ്പുറം. ആതിഥേയരെ സ്വീകരിക്കുകയെന്നത് മലപ്പുറത്തുകാർക്കും ഹരമുള്ള കാര്യവുമാണ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറത്ത് നടന്ന പത്ര പ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനം സമാപിച്ചപ്പോൾ ഇങ്ങനൊരു സമ്മേളനം മലപ്പുറത്തിനി വേണ്ടെന്നാണ് നാട്ടുകാരും സംഘാടക സമിതിയും പറയുന്നത്. ലോകത്തുള്ള അനീതികളെല്ലാം എഴുതുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ സംസ്ഥാന സമ്മേളനം കൂട്ടത്തല്ലിനും തെറിവിളിക്കും വേദിയായി എന്നതിനാൽ ഇനി ഇങ്ങനെയൊരു പരിപാടിക്ക് ഈ വഴി വരേണ്ടെന്ന് നാട്ടുകാർ പറയുന്നു.

ആരെയും നാണിപ്പിക്കുന്നതായിരുന്നു മാതൃകയാകേണ്ട മാധ്യമ പ്രവർത്തകരുടെ തന്നെ സമ്മേളനത്തിൽ അരങ്ങേറിയത്. സമ്മേളനത്തിൽ പങ്കെടുത്ത വനിതാ മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെയും സംഘാടകരേയും മാത്രമല്ല നാണിപ്പിച്ചത് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പോലും ഒരു വിഭാഗം മാധ്യമ പ്രവർത്തകരുടെ പേക്കൂത്ത് കണ്ട് മൂക്കത്ത് വിരൽ വെച്ചു പോയി.

മദ്യപിച്ച് അഴിഞ്ഞാടാനുള്ള ഇത്തരം വേദികളിലേക്ക് ഇനിയില്ല

'ഇങ്ങനെയൊരു സമ്മേളനത്തിൽ പങ്കെടുത്തതിൽ ലജ്ജിക്കുന്നു. ഇനിയേതായാലും ഈ കാർണിവലിലേക്ക് ഇല്ലെന്ന് വ്യക്തിപരമായ തീരുമാനം ഞാനെടുത്തുകഴിഞ്ഞു. സഹിക്കാവുന്നതിലും അപ്പുറമാണ് ഈ അനുഭവം. മദ്യപന്മാർക്കും അഴിഞ്ഞാട്ടക്കാർക്കും ക്രിമിനലുകൾക്കുമായി സംസ്ഥാന തലത്തിൽ കുടുംബ സംഗമങ്ങളോ അല്ലെങ്കിൽ മദ്യസൽക്കാരമോ ഫുഡ് ഫെസ്റ്റോ വേറെ നടത്തുന്നതാണ് നല്ലത്.' - സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വന്ന ഒരു മുതിർന്ന മാധ്യമ പ്രവർത്തകന്റെ കുറിപ്പ് ഇങ്ങനെ ആയിരുന്നു. സമ്മേളനം ഇന്നലെ സമാപിച്ചെങ്കിലും ചർച്ചകൾക്ക് ഇതോടെ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. സമ്മേളനത്തിൽ മുഴുവൻ സമയം ചെലവിട്ട പ്രതാപ് ജീവിതത്തിലെ ദുരനുഭവമായാണ് ഇതിനെ വിശേഷിപ്പിച്ചത്. 'നിലനിൽപ്പ് സമരം' എന്ന പത്രപ്രവർത്തകരുടെ ഗ്രൂപ്പിലാണ് പ്രതാപ് തന്നെ സ്വന്തം പേരിൽ കുറിപ്പിട്ടത്. സംസ്ഥാന തലത്തിലെ പത്രപ്രവർത്തകരുടെ വാട്സ് ആപ്പ് കൂട്ടായ്മ കൂടിയാണിത്. പ്രതാപ് ഇട്ട പോസ്റ്റ് മിനുട്ടുകൾക്കുള്ളിൽ മറ്റ് ഗ്രൂപ്പുകളിലും വലിയ ചർച്ചയായിക്കഴിഞ്ഞു.

പ്രതാപിന്റെ കുറിപ്പ് ഇപ്രകാരം: പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ രണ്ടുദിവസവും പൂർണമായി പങ്കെടുത്തു. കഴിഞ്ഞ വർഷം ഏറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിലും പ്രതിനിധിയായി മുഴുവൻ സമയവും പങ്കെടുത്തിരുന്നു. ജീവിതത്തിലെ ദുരനുഭവങ്ങളിൽ ഒന്നായിരുന്നു, മലപ്പുറം സമ്മേളനത്തിലെ രണ്ടാം ദിനം. പ്രത്യേകിച്ചും ഉച്ചയ്ക്കുശേഷമുള്ള സെഷൻ. പ്രതിനിധികളുടെ ചർച്ചയ്ക്ക് ജനറൽ സെക്രട്ടറിക്ക് മറുപടി പറഞ്ഞുതീർക്കാൻ പറ്റാത്ത സ്ഥിതി കണ്ട് ലജ്ജിക്കേണ്ടിവന്നു. തീരുമാനിച്ചുറപ്പിച്ച വിധം ചിലർ ചേർന്ന് സമ്മേളന നടപടികൾ അലങ്കോലപ്പെടുത്തുകയായിരുന്നു. സ്റ്റേജിലേക്ക് ചാടിക്കയറിയ ചില വേന്ദ്രന്മാർ സമ്മേളനാധ്യക്ഷനായ മുൻ സംസ്ഥാന പ്രസിഡണ്ട് ഗഫൂർക്കയിൽനിന്ന് മൈക്ക് തട്ടിപ്പറിക്കാനും നോക്കി. അതിലൊരാൾ ഡയസിൽ കയറി മൈക്കിൽ പലതും വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഉന്തും തള്ളും പിടിവലിയും നടന്നപ്പോൾ പലർക്കും പരിക്കേറ്റിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു. ആദ്യദിവസം തന്നെ കലാപത്തിന് വഴിമരുന്നിട്ട മംഗളം പത്രത്തിലെ ഒരു മാന്യൻ, തന്റെ വിലപിടിപ്പുള്ള കണ്ണട പൊട്ടിപ്പോയെന്ന് സങ്കടം പറഞ്ഞത് എന്റെ അരികിൽ നിന്നായിരുന്നു. മാനസിക വിഭ്രാന്തി പിടിപെട്ടവരെപ്പോലെയായിരുന്നു പലരുടേയും പെരുമാറ്റം. കേരളത്തിലെ സീനിയർ പത്രപ്രവർത്തകനായ ദേശാഭിമാനിയിലെ ഒരു മാന്യനാണ് ജനറൽ സെക്രട്ടറി സി നാരായണനെതിരെ ആക്രോശവുമായി ആദ്യം സ്റ്റേജിലേക്ക് പാഞ്ഞുകയറിയത്. തങ്ങൾക്കിഷ്ടപ്പെട്ട വിധത്തിൽ മറുപടി കിട്ടാഞ്ഞതാണ് ഈ ക്രിമിനലുകളെ പ്രകോപിപ്പിച്ചത്. എന്തും സംഭവിക്കാവുന്ന ഘട്ടമായപ്പോൾ സമ്മേളനാധ്യക്ഷന് സമ്മേളന നടപടികൾ അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിക്കേണ്ടിയും വന്നു.

വലിയ അടിപിടിയിൽ കലാശിക്കാഞ്ഞത്, സമാധാനപ്രിയരായ ചിലരുടെ സമയോചിതമായ ബലപ്രയോഗത്താലായിരുന്നു. ചുരുക്കത്തിൽ വൃത്തികെട്ട രീതിയിലായിരുന്നു പല മുതിർന്ന പ്രതിനിധികളുടേയും പെരുമാറ്റം. വനിതകളുൾപ്പെടെയുള്ള പ്രതിനിധികൾ കേൾക്കെ കേട്ടാലറക്കുന്ന തെറിയും ഈ മാന്യന്മാർ വിളിച്ചുപറയുന്നുണ്ടായിരുന്നു. തർക്കം ഒന്നടങ്ങിയതോടെ മൈക്കിനു മുന്നിലെത്തിയ പ്രമേയകമ്മിറ്റി അംഗം കോഴിക്കോടുനിന്നുള്ള സോഫിയ ബിന്ദ് ഈ നടപടിക്കെതിരെ മൈക്കിലൂടെ പ്രതിഷേധിച്ചപ്പോൾ അവർക്കെതിരെയും ആക്രോശിക്കുന്നവരെ കാണാനായി.

അഭിഭാഷകർ മാത്രമല്ല, നാട്ടുകാരാകെ സമ്മേളനവേദികളിലേക്ക് കടന്നുവന്ന് ഈ ക്രിമിനലുകളെ നിലക്കുനിർത്തുന്ന കാലം വിദൂരമല്ല. എതായാലും ഇന്നു നടക്കുന്ന വിധത്തിൽ ഇനി സംസ്ഥാന സമ്മേളനങ്ങൾ നടത്താൻ കഴിയില്ലെന്ന് ഇന്നലെയുണ്ടായ അനുഭവത്തിൽനിന്ന് സംഘടനാ നേതാക്കൾ മനസ്സിലാക്കണം. കണ്ട ക്രിമിനലുകളെ മുഴുവൻ സമ്മേളനത്തിനായി ഒരിടത്ത് വിളിച്ചുവരുത്തി, മൃഷ്ടാന്നം ഭക്ഷണവും മദ്യവും വിളമ്പി, ഇനിയെത്രകാലം ഇങ്ങനെ സമ്മേളനങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിയും? അടിയന്തരമായി ആലോചിക്കേണ്ട വിഷയമാണിത്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഗൗരവത്തിൽ നടത്തേണ്ടതായിരിക്കണം സമ്മേളന നടപടികൾ. മദ്യപന്മാർക്കും അഴിഞ്ഞാട്ടക്കാർക്കും ക്രിമിനലുകൾക്കുമായി സംസ്ഥാന തലത്തിൽ കുടുംബ സംഗമങ്ങളോ അല്ലെങ്കിൽ മദ്യസൽക്കാരമോ ഫുഡ് ഫെസ്റ്റോ വേറെ നടത്തുന്നതാണ് നല്ലത്.

ഇങ്ങനെയൊരു സമ്മേളനത്തിൽ പങ്കെടുക്കേണ്ടിവന്നതിൽ ലജ്ജിക്കുന്നു. സമ്മേളന സംഘാടനരീതികൾ മാറാത്ത കാലത്തോളം ഇനിയേതായാലും ഈ കാർണിവലിലേക്ക് ഇല്ലെന്ന് വ്യക്തിപരമായ തീരുമാനം ഞാനെടുത്തുകഴിഞ്ഞു. സഹിക്കാവുന്നതിലുമപ്പുറമാണ് ഈ അനുഭവം. (പ്രതാപ് വി കെ, മീഡിയവൺ)'

എല്ലാത്തിനും കാരണം സെക്രട്ടറിയുടെ ധാർഷ്ട്യമെന്ന് ഒരു വിഭാഗം

സംസ്ഥാന സമ്മേളത്തിലുടനീളം അസ്വാരസ്യം ഉയരുകയും കലാശക്കൊട്ട് കൂട്ടയടിയിൽ കലാശിക്കുകയും ചെയ്തതിന് പൂർണ ഉത്തരവാദി സംസ്ഥാന സെക്രട്ടറി സി.നാരായണനാണെന്ന് ഒരു വിഭാഗം പത്രപ്രവർത്തകർ കുറ്റപ്പെടുത്തുന്നു. നാരായണന്റെ ഏകപക്ഷീയ നിലപാടും ധാർമികതയ്ക്ക് നിരയ്ക്കാത്ത തരത്തിലുള്ള ഇടപെടലുമാണ് സമ്മേളനം അലങ്കോലമാകാൻ കാരണമായത്. പത്രപ്രവർത്തകരുടെ സംഘടനയ്ക്ക് അപക്വമായ നേതൃത്വം സാമൂഹിക-രാഷ്ട്രീയ മേഖലക്ക് തന്നെ വലിയ ഭീഷണിയാകുമെന്ന ആശങ്കയോടെയാണ് സമ്മേളനം കൂട്ടയടിയോടെ സമാപിച്ചത്. മറ്റുള്ള ഭാരവാഹികളെയൊന്നും വിശ്വാസത്തിലെടുക്കാതെ നാരായണൻ ഏകപക്ഷീയമായി തയ്യാറാക്കിയ റിപ്പോർട്ട് തന്നെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചവരിൽ മൃഗീയ ഭൂരിപക്ഷവും തള്ളിയെന്ന് അവർ പറയുന്നു.

നാരായണന്റെ ഇടപെടലെന്ന് അദ്ദേഹം തന്നെ സ്വയം വിശേഷിപ്പിച്ച ഏതാനും പരിപാടികൾ നീട്ടിവലിച്ച് 20 പേജിൽ ഒതുക്കിയാണ് ഒരു വലിയ സംഘടനയുടെ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടായി അവതരിപ്പിച്ചത് എന്നത് തന്നെ നാണക്കേടായി. ഇത് അംഗങ്ങൾ എല്ലാം തന്നെ ചോദ്യം ചെയ്യുകയും ചെയ്തു. അച്ചടക്കലംഘനമെന്ന് ആരോപിച്ച് നാരായണൻ വി എസ് ശ്യാംലാൽ, ലെസ്ലി ജോൺ, പ്രിൻസ് പാങ്ങാടൻ, ജിനേഷ് പൂനത്ത് എന്നിവർക്കെതിരേ തീർത്തും തെറ്റിധാരണാജനകവും ഏകപക്ഷീയവുമായ ആരോപണങ്ങൾ റിപ്പോർട്ടിൽ ഉന്നയിച്ചതാണ് സമ്മേളനത്തെ പ്രക്ഷുബ്ദമാക്കിയതിന് പ്രധാന കാരണമായത്. സോഷ്യൽ മീഡിയായിൽ സംഘടനയെ അപഹസിക്കുകയും തെരഞ്ഞെടുപ്പിനെ ആകെ ചോദ്യം ചെയ്യുകയും ചെയ്തതായി അറിഞ്ഞിട്ടുണ്ടെന്നാണ്, രേഖയായി മാറിയ, അച്ചടിച്ച് അംഗങ്ങൾക്ക് വിതരണം ചെയ്ത പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്.

സമ്മേളനത്തിന്റെ ആദ്യ ദിവസം ജിനേഷ് പൂനത്താണ് ഇതിനെതിരേ ആഞ്ഞടിച്ചത്. ഫെയ്ബുക്കിലോ യൂണിയന്റെ മറ്റേതെങ്കിലും സാമൂഹ്യ മാധ്യമത്തിലോ ഇത്തരത്തിൽ സംഘടനയെ അപഹസിക്കുന്ന തരത്തിൽ പോസ്റ്റിട്ടതായി തെളിയിക്കാൻ നാരായണനെ വെല്ലുവിളിച്ച ജിനേഷ് പൂനത്ത്, അല്ലാത്തപക്ഷം, നാരായണനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും വ്യക്തമാക്കി. ജിനേഷിന്റെ പ്രസംഗത്തിന് സദസ് ഒന്നടങ്കം കൈയടിയോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. അപ്പോൾ തന്നെ മറുപടി പറയണമെന്നും അംഗങ്ങൾ ഒന്നടങ്കം മറുപടി പറയണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

മംഗളം ദിനപത്രത്തിലെ ജീവനക്കാരുടെ ആദ്യന്തര വിഷയങ്ങൾ ചർച്ച ചെയ്യുന്ന 'മംഗളം സെൽ ' എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ നാരായണന്റെ ഇഷ്ടക്കാരനും സംസ്ഥാന വരണാധികാരിയും സർവ്വോപരി മംഗളം സെൽ അംഗവുമായ വിജയ കുമാരനെതിരേ ജിനേഷ് പോസ്റ്റിട്ടു എന്നു പറഞ്ഞ കാര്യങ്ങൾ വേദിയിൽ നിന്ന് നാരായണൻ വായിക്കുകയായിരുന്നു. ഈ സമയം പത്രപ്രവർത്തകരെ കൂടാതെ, രാത്രിയിലെ സംഗീത പരിപാടിക്ക് വേദിയൊരുക്കാനും മറ്റുമായി വന്നവരടക്കം പുറത്ത് നിന്ന് എത്തിയവരുമുണ്ടായിരുന്നു.

ഒരു പത്രസ്ഥാപനത്തിന്റെ ഇന്റേണൽ ഗ്രൂപ്പിൽ, തെരഞ്ഞെടുപ്പിനേയോ യൂണിയനേയോ ഒന്നും തന്നെ, ആ പത്രസ്ഥാപനത്തിലെ അംഗത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റ് സംസ്ഥാന സമ്മേളന വേദിയിൽ സംസ്ഥാന സെക്രട്ടറി വായിച്ചതിനെ ചൊല്ലിയാണ് പ്രശ്‌നം രൂക്ഷമായത്. മംഗളത്തിലെ ജീവനക്കാരെ മാത്രമല്ല മൊത്തം പത്രപ്രവർത്തകരെ അപഹേളിക്കുന്നതിന് തുല്യമായി ഇതെന്ന വാദവുമായി ഒരു വിഭാഗം എഴുന്നേറ്റു. സമ്മേളനത്തിന് ഇടയിൽ നാരായണന്റെ ഏകപക്ഷീയമായ നിലപാടുകൾ ചോദ്യം ചെയ്ത മറ്റുള്ളവരും ഇതോടൊപ്പം കൂടി. ഇതോടെ സമ്മേളനം ബഹളത്തിൽ മുങ്ങി. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കങ്ങൾ പിന്നീട് കൂട്ടയടിയിൽ കലാശിക്കുകയായിരുന്നു.

റിപ്പോർട്ടിനെതിരേ ആഞ്ഞടിച്ച പ്രിൻസ് പാങ്ങാടൻ, തനിക്കെതിരായ പരാമർശം നീക്കായില്ലെങ്കിൽ യോഗസ്ഥലം വിട്ട് പോകില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമ്മേളനത്തിന് എത്താതിരുന്ന ശ്യാംലാൽ ഫെയ്‌സ് ബുക്കിലൂടെയാണ് നാരായണനെ വീണ്ടും വെല്ലുവിളിച്ചത്. തന്റെ ഇഷ്ടക്കാർക്കെതിരെ പരാമർശം നടത്തിയാൽ അതിനെ സംഘടനയെ അപഹസിക്കലായി ചിത്രീകരിച്ച് വിശദീകരണം പോലും തേടാതെ സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ അച്ചടക്ക ലംഘനമായി എഴുതി ചേർത്തതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. സമാപന സമ്മേളനത്തിന് തൊട്ടുമുമ്പായി വേദിയിലേക്ക് ഓടി കയറിയ ജിനേഷ്, റിപ്പോർട്ടിൽ നിന്ന് പേര് നീക്കം ചെയ്താ്തിച്ചെങ്കിൽ സ്റ്റേജിൽ കിടന്ന് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇതോടെ പ്രതിഷേധം അണപൊട്ടിയൊഴുകി. സദസിലെ കൂട്ടയടി വേദിയിലേക്ക് പടർന്നു. നാരായണനെ പത്രപ്രവർത്തകർ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. ഒരാൾക്ക് നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീണു. എട്ട് പത്രപ്രവർത്തകർക്ക് പരുക്കേറ്റു. ഇതിനിടെ ജിനേഷിന്റെ പേര് റിപ്പോർട്ടിൽ നിന്ന്‌നീക്കം ചെയ്യുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് രംഗം ശാന്തമായത്. ഇതോടൊപ്പം ഡൽഹിയിലെ അഴിമതിയും ജാതീയ അധിക്ഷേപവും ഉൾപ്പെടെ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാമെന്നും സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP