Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ളാഹ ഗോപാലന്റെ പ്രവചനം ഫലിക്കുന്നു: ഗോപാലനില്ലാത്ത ചെങ്ങറ സമരഭൂമിയിൽ തമ്മിലടിയും കലഹവും; അധികാര വടംവലിയും അടിച്ചമർത്തലുമായി സമരഭൂമി കലാപക്കളമാകുമ്പോൾ നുഴഞ്ഞുകയറി പിടിച്ചെടുക്കാൻ സർക്കാർ നീക്കം

ളാഹ ഗോപാലന്റെ പ്രവചനം ഫലിക്കുന്നു: ഗോപാലനില്ലാത്ത ചെങ്ങറ സമരഭൂമിയിൽ തമ്മിലടിയും കലഹവും; അധികാര വടംവലിയും അടിച്ചമർത്തലുമായി സമരഭൂമി കലാപക്കളമാകുമ്പോൾ നുഴഞ്ഞുകയറി പിടിച്ചെടുക്കാൻ സർക്കാർ നീക്കം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എന്റെ ജാതിക്കാർ വിവരദോഷികളാണ്. ഒരു കുപ്പി കള്ളുണ്ടെങ്കിൽ ഇവന്മാരെക്കൊണ്ട് എന്തും ചെയ്യിക്കാം. ഇങ്ങനെയുള്ളവന്മാരെ നയിച്ചു കൊണ്ടുപോവുക എന്നത് ഒരു പ്രയാസമാണ്. നല്ല ഒരു നേതാവില്ലെങ്കിൽ ഇവന്മാർ തമ്മിലടിച്ചു മരിക്കും-കേരളം കണ്ട ഏറ്റവും വലിയ ഭൂസമരമായ ചെങ്ങറയിൽ നേതൃത്വം നൽകിയ ളാഹ ഗോപാലന്റെ വാക്കുകളാണിത്. വർഷങ്ങൾക്ക് മുൻപ് ഗോപാലൻ പറഞ്ഞ ഈ വാക്കുകൾക്ക് ഒരു പ്രവചനത്തിന്റെ സ്വഭാവമുണ്ടായിരുന്നു. ഇന്നിപ്പോൾ അത് ചെങ്ങറയിൽ യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്. സമരഭൂമിയിൽ നിന്നും ഗോപാലനെ ചവിട്ടിപ്പുറത്താക്കി. തുടർന്ന് നേതൃത്വം ഏറ്റെടുത്തവർ തമ്മിൽ അടിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും വെട്ടും കുത്തും അടിയും നടക്കുന്ന സമരഭൂമിയിലേക്ക് പൊലീസ് വലതുകാൽ വച്ച് കയറിക്കഴിഞ്ഞു. ഇനി എല്ലാം എളുപ്പമാണ്. ഒരു സംഘടിത നീക്കത്തിലൂടെ സർക്കാരിനെ കൈയേറ്റക്കാരെ ഒഴിപ്പിക്കാം. ഒരു തുള്ളി ചോര പോലും ചിന്താതെ.

ളാഹ ഗോപാലന്റെ കാലത്ത് ഇങ്ങനെ അല്ലായിരുന്നു. എത്ര ഉന്നതനായ പൊലീസുകാരനോ ജില്ലാ കലക്ടറോ മന്ത്രിയോ വരട്ടെ, സമരകവാടം കണ്ട് തിരിച്ചു മടങ്ങാം. തോക്കും ലാത്തിയും ബയണറ്റുമൊക്കെയായി വന്ന പൊലീസ് സമരക്കാരുടെ ഐക്യദാർഢ്യത്തിന് മുന്നിൽ അറ്റൻഷൻ അടിച്ചു മടങ്ങി. ഇന്ന് അതിനെല്ലാം മാറ്റം വന്നിരിക്കുന്നു. ആറു മാസം മുൻപ് ചെങ്ങറ സമരനായകൻ ളാഹ ഗോപാലനെ സമരക്കാർ ചവിട്ടിപ്പുറത്താക്കി. മാരകമായ രോഗങ്ങളുമായി ളാഹ ഗോപാലൻ പത്തനംതിട്ടയിലെ സാധുജന വിമോചനവേദിയുടെ ആസ്ഥാനത്ത് ആസന്നമരണനായി കഴിയുന്നു. ഈ രാജാവിന്റെ പ്രജകൾ സമരഭൂമിയിൽ തമ്മിലടിച്ച് ഒടുങ്ങുന്നു. ശ്രീകൃഷ്ണന്റെ കാലശേഷം യാദവകുലം മുടിഞ്ഞതു പോലെ.

സമരഭൂമിയിൽ സംഘട്ടനവും വെട്ടും കുത്തും പതിവാണ്. ദുർമരണങ്ങളും പീഡനവുമെല്ലാം നടക്കുന്നു. പുറംലോകമറിയുന്നത് കുറച്ചു മാത്രം. കഴിഞ്ഞ 14 ന് ഇപ്പോഴത്തെ സമരനേതാവും സംഘവും 17 വയസുള്ള അന്തേവാസിയെ കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. അഞ്ജലി ഭവനിൽ ഉണ്ണിയുടെ മകൻ വിനോദിനെയാണ് മുറിവേൽപ്പിച്ചത്.

ചെങ്ങറ സമരഭൂമിയിലെ ഇപ്പോഴത്തെ നായകൻ പത്തനാപുരം പന്തേരിക്കൽ മാങ്കോട് ടി.ആർ. ശശി (45), ഇലന്തൂർ ഹരിജൻ കോളനിയിൽ സന്തോഷ് (39), ചടയമംഗലം ഉടയന്നൂർ കാട്ടാമ്പള്ളിൽ തടത്തിൽ ചരുവിള പുത്തൻ വീട്ടിൽ സോമരാജൻ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ളാഹ ഗോപാലനെ സമരഭൂമിയിൽനിന്ന് പുറത്താക്കിയതിനു ശേഷം ഇവിടെ സംഘർഷം പതിവാണ്. ടി.ആർ. ശശി ചുമതലയേറ്റെങ്കിലും ഇയാളെ അംഗീകരിക്കാത്ത ഒരു വിഭാഗം ഇവിടെയുണ്ട്. ഇതിന്റെ പേരിൽ ചേരിതിരിഞ്ഞ് ഇവിടെ ആക്രമണം പതിവാണ്. ഇതിന്റെ ഭാഗമായിട്ടാണ് വിനോദിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം സമരഭൂമിയിലെ കവാടം അജ്ഞാത സംഘം തകർത്തു.

24-ാം കൗണ്ടറിലെ പ്രവേശന കവാടത്തിലെ ചെക്ക് പോസ്റ്റിന് നേരെയായിരുന്നു അക്രമം. മദ്യനിരോധന മേഖല എന്ന് എഴുതിയിരുന്ന ബോർഡ് എടുത്തുമാറ്റി. കവാടത്തിൽ സൂക്ഷിച്ചിരുന്ന രജിസ്റ്റർ നശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും സാധുജന വിമോചന സംയുക്ത സമരസമിതി പ്രവർത്തകർക്ക് ഇതിൽ പങ്കുണ്ടെന്നാണ് സംശയമെന്ന് നിലവിൽ ഭരണം നിയന്ത്രിക്കുന്ന അംബേദ്കർ സ്മാരക മാതൃകാ ഗ്രാമവികസനസമിതി ജോയിന്റ് സെക്രട്ടറി സുകുമാരൻ പറഞ്ഞു. ഒരു സ്ത്രീക്ക് ഗുരുതരമായ പരുക്കുണ്ട്. സംഭവത്തെ തുടർന്ന് കലക്ടർക്കും എക്‌സൈസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.

24 ന് രാവിലെ പത്തിനും രാത്രിയിലുമായിട്ടായിരുന്നു സംഭവം. കോളനിയിലെ താമസക്കാരനും സാധുജനവിമോചന സംയുക്ത സമരസമിതി പ്രവർത്തകനുമായ കൊല്ലം വിനോദിനോടൊപ്പം എത്തിയ ഒരു സംഘം 24 ന് രാവിലെ പത്തുമണിയോടെ സമരകവാടം കടന്ന് അക്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. പ്രവേശന കവാടം തകർത്ത സംഘം അവിടെയുണ്ടായിരുന്നു രജിസ്റ്റർ നശിപ്പിച്ചു. ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന ഷൈജു ഭവനിൽ മീനാക്ഷിക്ക് അക്രമത്തിൽ ഗുരുതരപരുക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ പതിനാലിന് നടന്ന സംഭവങ്ങളുടെ പ്രതികാരമായി പ്രത്യാക്രമണം നടത്തുകയായിരുന്നുവത്രെ. എന്നാൽ പ്രവർത്തകനെ കുത്തി എന്ന പ്രചാരണം സത്യവിരുദ്ധമാണെന്ന് അംബേദ്കർ സ്മാരക മാതൃകാ ഗ്രാമ വികസന സമിതി പ്രവർത്തകർ പറയുന്നു.

പത്തുവർഷം മുമ്പ് സമരനേതാവ് ളാഹഗോപാലൻ നേതൃത്വം നൽകിയ സാധുജന വിമോചന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ഹാരിസൺ മലയാളം കമ്പനി കൈവശപ്പെടുത്തിയിട്ടുള്ള ചെങ്ങറ തോട്ടം കൈയേറി കുടിൽ കെട്ടി സമരം ആരംഭിച്ചത്. പിന്നീട് കേരളം കണ്ട ഏറ്റവും വലിയ ഭൂസമരമായി ഇതുമാറി. ഇതിനിടെ കഴിഞ്ഞ ഇടതു സർക്കാർ ചെങ്ങറ സമരക്കാർക്ക് ഭൂമി വാഗ്ദാനം ചെയ്ത് കുറച്ചാളുകളെ അവിടെ നിന്നും മാറ്റിയെങ്കിലും അവരിൽ പലർക്കും ഇതുവരെ വാസയോഗ്യമായ ഭൂമി കണ്ടെത്തി കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ചെങ്ങറയിൽ താമസമാക്കിയ ഭൂരഹിതർക്കു വേണ്ടി ളാഹ ഗോപാലൻ സമരം തുടർന്നതിന്റെ ഫലമായി അവിടെ സ്ഥിരം വാസസ്ഥലങ്ങൾ ഉയർന്നു. ഇതിനിടെ ളാഹ ഗോപാലനെതിരെ ചിലർ കടുത്ത എതിർപ്പുമായി രംഗത്തെത്തി. എതിർപ്പ് ശക്തമായതോടെ ഗോപാലൻ ചെങ്ങറയിൽ നിന്നും പിന്മാറി. ഇതോടെയാണ് ഭൂരിഭാഗം വരുന്ന ഒരു വിഭാഗം അംബേദ്കർ സ്മാരക മാതൃകാ ഗ്രാമവികസന സമിതി രൂപീകരിച്ചത്. മറ്റൊരു വിഭാഗം സാധുജന വിമോചന സംയുക്ത സമരസമിതിയുടെ ഭാഗമായി നിലകൊണ്ടു. ഈ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ഇപ്പോൾ ചെങ്ങറയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

ചെങ്ങറ സമരക്കാർക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായഭിന്നത മുതലാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നറിയുന്നു. ഭൂരഹിതർ കൈവശം വച്ചിട്ടുള്ള ഭൂമി പിടിച്ചെടുത്ത് ഹാരിസണ് നൽകുകയെന്നതാണ് സർക്കാർ ലക്ഷ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP