Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നക്‌സൽ വർഗീസ് വധക്കേസിൽ പ്രതിയായ ലക്ഷ്മണയ്ക്കു കേസ് നടത്താൻ ചെലവായ തുക നല്‌കേണ്ടതില്ലെന്നു പിണറായി സർക്കാർ; രണ്ടാം പ്രതിയായ മുൻ ഐജിക്കു പണം നല്കാൻ തീരുമാനിച്ചത് യുഡിഎഫ് ഗവൺമെന്റ്; ഇന്നത്തെ മന്ത്രിസഭാ തീരുമാനം വർഗീസിനെ കൊടും കുറ്റവാളിയാക്കിയതിലെ വിവാദം മറികടക്കാൻ

നക്‌സൽ വർഗീസ് വധക്കേസിൽ പ്രതിയായ ലക്ഷ്മണയ്ക്കു കേസ് നടത്താൻ ചെലവായ തുക നല്‌കേണ്ടതില്ലെന്നു പിണറായി സർക്കാർ; രണ്ടാം പ്രതിയായ മുൻ ഐജിക്കു പണം നല്കാൻ തീരുമാനിച്ചത് യുഡിഎഫ് ഗവൺമെന്റ്; ഇന്നത്തെ മന്ത്രിസഭാ തീരുമാനം വർഗീസിനെ കൊടും കുറ്റവാളിയാക്കിയതിലെ വിവാദം മറികടക്കാൻ

തിരുവനന്തപുരം: നക്‌സലൈറ്റ് നേതാവ് വർഗീനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മുൻ ഐ.ജി: കെ.ലക്ഷ്മണയ്ക്ക് കേസ് നടത്താൻ ചെലവായ തുക അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തേ ഉമ്മൻ ചാണ്ടി സർക്കാരാണ് പണം അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ, പണം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ പിന്നീടു തീരുമാനിക്കുമെന്നാണ് യുഡിഎഫ് സർക്കാർ ഉത്തരവിറക്കിയത്. ഇത് ലക്ഷ്മണ സമർപ്പിച്ച ബില്ലുകൾ പരിഗണിച്ച് പണം അനുവദിക്കാൻ ആഭ്യന്തരവകുപ്പ് ശിപാർശ ചെയ്‌തെങ്കിലും പിണറായി മന്ത്രിസഭ തള്ളുകയായിരുന്നു.

കേസ് നടത്താൻ തനിക്ക് 33 ലക്ഷം രൂപ ചെലവായെന്നും അതു അനുവദിക്കണമെന്നും കാണിച്ച് 2015 ലാണ് ലക്ഷ്മണ യുഡിഎഫ് സർക്കാരിന് അപേക്ഷ നല്കിയത്. ഇത് പരിഗണിച്ച സർക്കാർ 11.65 ലക്ഷം രൂപ അനുവദിക്കാൻ 2015 മാർച്ചിൽ തീരുമാനിച്ചെങ്കിലും പണം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവിറക്കിയത്. ലക്ഷ്മണ സമർപ്പിച്ച ബില്ലുകൾ പരിശോധിച്ച് എട്ടു ലക്ഷം രൂപ കൊടുക്കാൻ ആഭ്യന്തരവകുപ്പ് ശുപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ച ഇന്നത്തെ മന്ത്രിസഭായോഗമാണ് പണം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഹൈക്കോടതിയിൽ നല്കിയ സത്യവാങ്മൂലത്തിൽ വർഗീസിനെ കൊടും കുറ്റവാളിയെന്നു വിശേഷിപ്പിച്ച സംഭവം വിവാദമായതിനു പിന്നാലെയാണ് പിണറായി സർക്കാരിന്റെ ഈ തീരുമാനം.

വർഗീസ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയായിരുന്നു ലക്ഷ്മണ. ഡിവൈഎസ്‌പി ആയിരുന്ന ലക്ഷ്മണയുടെയും ഡിഐജി ആയിരുന്ന വിജയന്റെയും നിർദ്ദേശപ്രകാരം ഒന്നാം പ്രതി കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ വർഗീസിനെ വെടിവച്ചു കൊന്നുവെന്നാണ് കേസ്. രാമചന്ദ്രൻ നായർ വിചാരണയ്ക്കിടെ മരിച്ചു.

ലക്ഷ്മണയ്ക്ക് സിബിഐ കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2010 ഒക്ടോബർ മുതൽ രണ്ടേമുക്കാൽ വർഷത്തോളം അദ്ദേഹം ജയിലിൽ കഴിഞ്ഞു. എഴുപത്തഞ്ച് വയസ്സ് കഴിഞ്ഞ തടവുകാരെ വിട്ടയക്കാമെന്ന ചട്ടമനുസരിച്ച് 2013 ജൂലൈയിൽ ലക്ഷ്മണയെ സർക്കാർ ജയിൽമോചിതനാക്കി. തുടർന്നാണ് കേസ് നടത്തിപ്പ് ചെലവ് ആവശ്യപ്പെട്ട് അദ്ദേഹം സർക്കാരിനെ സമീപിച്ചത്.

കേസിൽ താൻ കുറ്റക്കാരനല്ലെന്നും സംഭവത്തിൽ താനുണ്ടെന്ന് വരുത്തിത്തീർത്തതിൽ ഗൂഢാലോചനയുണ്ടെന്നും ലക്ഷ്മണ ആരോപിച്ചിരുന്നു. 1970 ഫെബ്രുവരി പത്തിനാണ് വയനാട്ടിലെ തിരുനെല്ലി കാട്ടിൽ വച്ച് വർഗീസ് കൊല്ലപ്പെടുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്.

വർഗീസിനെ പിടികൂടി വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 1998 ൽ കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ വെളിപ്പെടുത്തുകായായിരുന്നു. ഇതേത്തുടർന്നാണ് സിബിഐ അന്വേഷണം വന്നതും ലക്ഷ്മണ അടക്കമുള്ളവർ കുറ്റക്കാരെന്ന് കണ്ടെത്തിയതും.

വർഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ അദ്ദേഹത്തിന്റ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ നക്‌സൽ വർഗീസ് കൊടുംകുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയത് വിവാദമായിരുന്നു.

വർഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുൻ ഐജി ലക്ഷ്മണയുടെ അപ്പീൽ സുപ്രീംകോടതി പരിഗണിക്കുന്നതിനാൽ നഷ്ടപരിഹാരത്തുക നൽകാൻ കഴിയില്ല എന്നായിരുന്നു സർക്കാർ വാദം. എന്നാൽ ലക്ഷ്മണയുടെ അപ്പീൽ 2016 ഫെബ്രുവരിയിൽ തന്നെ തീർപ്പായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പിന്നീട് പുറത്തുവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP