Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കി ഡാമിനോട് ചേർന്ന് വൻകൈയേറ്റം: വൈദ്യുതി ബോർഡിന്റെ സ്ഥലം കൈയേറി വ്യക്തി നാലുനില കെട്ടിടം നിർമ്മിച്ചു: പഞ്ചായത്ത് കെട്ടിട നമ്പർ നൽകായിരുന്നിട്ടും വൈദ്യുതി കണക്ഷൻ കൊടുത്ത ബോർഡിന്റെ സഹായം: നിർമ്മാണം നടന്നിരിക്കുന്നത് നിയമങ്ങൾ മറികടന്ന്: പൊളിച്ചു മാറ്റാൻ ഉത്തരവിട്ടിട്ട് ഒരു വർഷമായിട്ടും നടപടിയില്ല

ഇടുക്കി ഡാമിനോട് ചേർന്ന് വൻകൈയേറ്റം: വൈദ്യുതി ബോർഡിന്റെ സ്ഥലം കൈയേറി വ്യക്തി നാലുനില കെട്ടിടം നിർമ്മിച്ചു: പഞ്ചായത്ത് കെട്ടിട നമ്പർ നൽകായിരുന്നിട്ടും വൈദ്യുതി കണക്ഷൻ കൊടുത്ത ബോർഡിന്റെ സഹായം: നിർമ്മാണം നടന്നിരിക്കുന്നത് നിയമങ്ങൾ മറികടന്ന്: പൊളിച്ചു മാറ്റാൻ ഉത്തരവിട്ടിട്ട് ഒരു വർഷമായിട്ടും നടപടിയില്ല

ശ്രീലാൽ വാസുദേവൻ

കട്ടപ്പന: ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്ന അഞ്ചുരുളിയിൽ വൈദ്യുതി വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കൈയേറി വ്യക്തി, റിസോർട്ടിനായി നാലു നില കെട്ടിടം നിർമ്മിച്ചു. പഞ്ചായത്ത് കെട്ടിട നമ്പർ നൽകിയില്ലെങ്കിലും വൈദ്യുതി കണക്ഷൻ നൽകി വൈദ്യുതി ബോർഡ് കൈ അയച്ചു സഹായിച്ചു. പരാതികൾ പലതു ചെന്നിട്ടും ഹിയറിങ്ങും അന്വേഷണവും മറ്റുമായി കൈയേറ്റക്കാരനെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് വകുപ്പുകൾ.

ഉപ്പുതറയിലെ ക്വാറി ഉടമ കെപിഎം സുനിലാണ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കെട്ടിടം നിർമ്മിച്ചത്. ഇതേ ഉദ്യോഗസ്ഥർ തന്നെയാണ് അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിക്കുന്നത് തടയാൻ ശ്രമിക്കുന്നതും. വൈദ്യുതി, വനം, തദ്ദേശ സ്വയം ഭരണ വകുപ്പുകളിലെ പ്രമുഖരെ സ്വാധീനിച്ചാണ് സുനിൽ തന്റെ കൈയേറ്റത്തിന് നിയമ പരിരക്ഷ ഉണ്ടാക്കാൻ നീക്കം നടത്തുന്നത് എന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി തഹസീൽദാരുടെ ഹിയറിങ്ങിൽ സുനിൽ ഹാജരാകാതിരിക്കുകയും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം റവന്യൂ വകുപ്പിന് നൽകുകയും ചെയ്തു.

ഒന്നര മാസത്തോളം മുമ്പാണ് സുനിലിന്റെ റിസോർട്ട് നിർമ്മാണം വാർത്തയായത്. അഞ്ചുരുളി മേഖലയിൽ സുനിൽ കൈവശം വച്ചിരിക്കുന്ന നിരവധിയേക്കർ സ്ഥലം ഇടുക്കി ജലാശയത്തിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നാണ് കിടക്കുന്നത്. വനമേഖലയാണെങ്കിലും വൈദ്യുതി വകുപ്പിനാണ് ജലാശയത്തോട് തൊട്ടുകിടക്കുന്ന ഭൂമിയുടെ അവകാശം. 3000 ഹെക്ടറോളം സ്ഥലമാണ് വൈദ്യുതി വകുപ്പിനുള്ളത്.

ജലാശയത്തിന്റെ പത്ത് ചെയിൻ (200 മീറ്റർ) ചുറ്റളവിൽ നിർമ്മാണങ്ങളൊന്നും പാടില്ലെന്നാണ് ചട്ടം. എന്നാൽ ഇത് പാടേ അവഗണിച്ച്, പരമാവധി ജലനിരപ്പുയരുമ്പോൾ താഴത്തേ നിലയിൽ നിന്നു കൈ കൊണ്ട് വെള്ളം കോരി എടുക്കാൻ കഴിയുന്ന തരത്തിലാണ് റിസോർട്ടിനായി കെട്ടിടം പണിതത്. നിർമ്മാണത്തിനായി പ്രദേശത്തു നിന്നു നിയമം ലംഘിച്ച് മരങ്ങളും മുറിച്ചു.

മുകളിലത്തെ നിലയിൽ തടിപ്പണികൾ നടക്കവേ ഇത് സംബന്ധിച്ച് വാർത്ത വന്നതോടെയാണ് സംഭവം പുറത്തായത്. തുടർന്നു കാഞ്ചിയാർ വില്ലേജ് ഓഫിസർ സോജൻ പുന്നൂസ് സ്ഥലം സന്ദർശിച്ച് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും നിർമ്മാണം തടയുകയും ചെയ്തു. വൈദ്യുതി വകുപ്പിന്റെ ഭൂമിയിലാണ് നിർമ്മാണമെന്നു കണ്ടതോടെ റിസോർട്ട് പൊളിച്ചു നീക്കാനും ഇടുക്കി തഹസീൽദാർ ഹിയറിങ് നടത്തി വിശദീകരണം തേടാനും കലക്ടർ ഉത്തരവായി.

2016 ജൂലൈ 27ന് നടത്തിയ ആദ്യ ഹിയറിങ്ങിൽ ഹാജരായ സുനിൽ രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. 15 ദിവസത്തെ സാവകാശം വാങ്ങി. ഹിയറിങ്ങിൽ പങ്കെടുക്കാതെ അഭിഭാഷകനെ അയയ്ക്കുകയും ഇനിയും കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും തഹസീൽദാർ അനുവദിച്ചിരുന്നില്ല.

താൻ കെട്ടിടം പണിതിരിക്കുന്നത് വൈദ്യുതി വകുപ്പിന്റെ ഭൂമിയിലല്ലെന്നാണ് ഇയാൾ നേരത്തെ ഇടുക്കി തഹസീൽദാർക്ക് സത്യവാങ്മൂലം നൽകിയിട്ടുള്ളത്. റീസർവെ ബ്ലോക്ക് 64-ൽപെട്ട സ്ഥലത്താണ് കെട്ടിടം എന്നാണ് അവകാശവാദം. എന്നാൽ കെഎസ്ഇബിയുടെ അധീനതയിലുള്ള ബ്ലോക്ക് 63-ൽ സർവെ നമ്പർ 1/2 ൽപെട്ട മൈനർ സർക്യൂട്ടിലാണ് കെട്ടിടമെന്ന് താലൂക്ക് സർവെയർ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന് കാഞ്ചിയാർ പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ടെന്നാണ് കൈവശക്കാരൻ പറയുന്നത്. എന്നാൽ പെർമിറ്റ് നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ വില്ലേജ് ഓഫീസറുടെ ആവശ്യപ്രകാരം നൽകിയ മറുപടിയിൽ പറഞ്ഞിട്ടുള്ളതാണ്.

കെഎസ്ഇബി കട്ടപ്പന സബ് ഡിവിഷനിൽപെട്ട ഇവിടേക്ക് ത്രീഫേസ് വൈദ്യുതി കണക്ഷൻ നൽകിയിട്ടുണ്ട്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കണക്ഷൻ നൽകിയിട്ടുള്ളത്. അയ്യപ്പൻ കോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ സമീപത്താണ് കെട്ടിടം. നിയമലംഘനം നടത്തി മരങ്ങൾ മുറിച്ചാണ് കെട്ടിടം പണിതത്. കെട്ടിടനിർമ്മാണം സംബന്ധിച്ച് വാർത്ത വന്നതിന് ശേഷം ഡിഎഫ്ഒ ഇതേക്കുറിച്ച് അന്വേഷണം നടത്തിയതോടെ മരം മുറിച്ചെന്ന് കേസെടുത്ത് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

ഇടുക്കി ഡാം സേണ്ടി റിസേർച്ച് വിഭാഗത്തിനാണ് ഭൂമിയുടെ സംരക്ഷണ ചുമതല. ഇവിടുത്തെ മരങ്ങൾ സംരക്ഷിക്കേണ്ടത് വനം വകുപ്പും അനധികൃത നിർമ്മിതികളും മറ്റും തടയേണ്ടത് വൈദ്യുതി-റവന്യൂ വകുപ്പുകളും പഞ്ചായത്തുമാണ്. വസ്തുത ഇതാണെങ്കിലും റവന്യൂ വകുപ്പ് മാത്രമാണ് ഉണർന്ന് പ്രവർത്തിച്ചത്. സുനിലിനെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും നിസാരമായ പിഴ ഒടുക്കിയാൽ മതിയാകും.

കെട്ടിടം പൊളിച്ചുമാറ്റാനുള്ള ഉത്തരവ് പാലിക്കാത്ത ഇയാൾക്കെതിരെ ക്രിമിനിൽ കേസെടുക്കാവുന്നതാണെങ്കിലും ബന്ധപ്പെട്ടവർ പരാതി നൽകാത്തതിനാൽ ഇക്കാര്യത്തിലും നടപടിയുണ്ടായിട്ടില്ല. സാമ്പത്തിക സ്വാധീനമുള്ള ഇയാൾ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപടികൾ വൈകിപ്പിച്ച്, റിസോർട്ട് പൊളിക്കുന്നത് തടയാനാണ് നീക്കം നടത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP