Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാറ്റൂർ കുരിശുമുടിയുടെ താഴ്‌വാരത്ത് വനം വകുപ്പിന്റെ 75 സെന്റ് സ്ഥലം കൈയേറി അനധികൃതമായി ടാർ ചെയ്തു; പള്ളി റെക്ടർക്കും മൂന്നു ട്രസ്റ്റിമാർക്കുമെതിരെ കേസ്; ഒത്താശ ചെയ്ത പ്രാദേശിക രാഷ്ട്രീയ നേതാക്കളും കുരുക്കിൽ; വനംവകുപ്പ് വാടകയ്ക്ക് നൽകിയ സ്ഥലം കാലാവധി കഴിഞ്ഞും പള്ളി അധികൃതർ കൈവശം വെച്ചു

മലയാറ്റൂർ കുരിശുമുടിയുടെ താഴ്‌വാരത്ത് വനം വകുപ്പിന്റെ 75 സെന്റ് സ്ഥലം കൈയേറി അനധികൃതമായി ടാർ ചെയ്തു; പള്ളി റെക്ടർക്കും മൂന്നു ട്രസ്റ്റിമാർക്കുമെതിരെ കേസ്; ഒത്താശ ചെയ്ത പ്രാദേശിക രാഷ്ട്രീയ നേതാക്കളും കുരുക്കിൽ; വനംവകുപ്പ് വാടകയ്ക്ക് നൽകിയ സ്ഥലം കാലാവധി കഴിഞ്ഞും പള്ളി അധികൃതർ കൈവശം വെച്ചു

പ്രകാശ് ചന്ദ്രശേഖർ

മലയാറ്റൂർ: മലയാറ്റൂർ പള്ളിയിലെ വൈദികനും മൂന്നു ട്രസ്റ്റിമാർക്കുമെതിരെ വനഭൂമി കയ്യേറിയതിന് വനംവകുപ്പ് കേസെടുത്തു. കുരിശുമുടിയുടെ താഴ്‌വാരത്ത് മെറ്റൽ വിരിച്ചിരുന്ന 75 സെന്റോളം വരുന്ന പാർക്കിങ് ഗ്രൗണ്ട് ടാർ ചെയ്തതിനോടനുബന്ധിച്ചാണ് പള്ളി റെക്ടർ ഫാ സേവ്യർ തേലക്കാട്ട്, ട്രസ്റ്റിമാരായ ജോബി, ജോണി, ദേവസിക്കുട്ടി, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ജോസ്, യൂത്ത് കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായ മനോജ് മുല്ലശേരി, കരാറുകാരൻ സുധി എന്നിവർക്കെതിരേ വനം വകുപ്പ് കേസെടുത്തിട്ടുള്ളതെന്നു കാലടി പ്രകൃതി പഠനകേന്ദ്രം അസിസ്റ്റന്റ് കൺസർവേറ്റർ പി എൻ പ്രേംചന്ദർ അറിയിച്ചു. ഇവരിൽ ജോസും മനോജും നിർമ്മാണപ്രവർത്തനത്തിനെതിരേ നടപടിയെടുക്കാനെത്തിയ വനം വകുപ്പ് അധികൃതരെ തടയാൻ ശ്രമിച്ചവരാണ്.

പ്രകൃതി പഠനകേന്ദ്രത്തിന്റെ അധികാരപരിധിയിൽ ഉൾപ്പെടുന്ന കുരുശുമുടി ഫോറസ്റ്റ് സ്‌റ്റേഷൻ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ മാസം 14, 15 തീയതികളിലായിരുന്നു ടാറിങ് നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തി, നിർമ്മാണപ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെന്നും കേസ് നടപടികൾ ഉണ്ടായാലും തങ്ങൾ റോഡ് നിർമ്മാണവുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു ഈ സമയം സ്ഥലത്തുണ്ടായിരുന്ന പള്ളിഭരണ സമിതി അംഗങ്ങളുടെയും കരാറുകാരൻ അടക്കമുള്ളവരുടെയും പ്രതികരണമെന്നും ഇതേത്തുടർന്ന് താൻ വിവരം ഉന്നതാധികൃതരെ അറിയിക്കുകയായിരുന്നെന്നും കുരിശുമുടി സെക്ഷനിലേ ഫോറസ്റ്റർ ശ്രീകാന്ത് വ്യക്തമാക്കി.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്ത പ്രമുഖരാഷ്ട്രീയ കക്ഷിയിലെ ഏതാനും പേരും കേസിൽ പ്രതികളാണ്. കുരിശുമുടി ഉൾപ്പെടുന്ന ആറര ഏക്കറോളം വരുന്ന സ്ഥലം വനംവകുപ്പിൽ നിന്നും പള്ളി അധികൃതർ ദശാബ്ദങ്ങൾക്കു മുമ്പ് വാടകയ്‌ക്കെടുത്തിരുന്നു. ഇതു സംബന്ധിച്ച എഗ്രിമെന്റിന്റെ കാലാവധി കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഭൂമി പള്ളി കൈവശം വയ്ക്കുകയും പെരുന്നാൾ കാലത്ത് ലേലം ചെയ്തു നൽകി വൻതുക മുതൽകൂട്ടുകയും ചെയ്തുവരികയായിരുന്നെന്നാണ് വനംവകുപ്പധികൃതർ നൽകുന്ന വിവരം.

ഇവിടെ കൈവശം വച്ചിട്ടുള്ള ഭൂമിയുടെ ഇരട്ടി അളവിൽ ഭൂമി മണ്ണാർക്കാട് ഡിവിഷനിൽപ്പെടുന്ന അട്ടപ്പാടിയിൽ നൽകാമെന്ന് പള്ളിഅധികൃതർ വനംവകുപ്പുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും ഈ കൈമാറ്റം നടക്കുന്നതോടെ ഇപ്പോൾ പള്ളി കൈവശം വച്ചിട്ടുള്ള മലയാറ്റൂർ കുരിശുമുടിയും ചുറ്റുമുള്ള പ്രദേശങ്ങളും പള്ളിക്ക് സ്വന്തമാവുമെന്നുമാണ് വനംവകുപ്പിലെ ഉന്നതർ വ്യക്തമാക്കുന്നത്. സെന്റിന് ലക്ഷങ്ങൾ വിലവരുന്ന ആറര ഏക്കറോളം സ്ഥലം വിട്ടുനൽകുമ്പോൾ തിരിച്ച് അട്ടപ്പാടിയിൽ പള്ളി വനംവകുപ്പിന് വിട്ടുനൽകുമെന്ന് പറയപ്പെടുന്ന 13 ഏക്കറിനേക്കുറിച്ച് ഇതുവരെ കൃത്യമായ വിവരമൊന്നും അധികൃതരുടെ പക്കൽ ലഭിച്ചിട്ടില്ലന്നാണ് സൂചന.

വിവാദമായ ടാറിംഗിന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനസമ്മതവും ഉണ്ടായിരുന്നെന്നാണ് പരക്കെയുള്ള ആരോപണം. ടാറിങ് നടന്ന് ദിവസങ്ങൾക്കുള്ളിൽ സ്ഥലത്തെത്തിയ വനംവകുപ്പ് തലവൻ എസ് സി ജോഷി സ്ഥലത്തെത്തി രണ്ടുദിവസം മേഖലയിൽ ഉണ്ടായിരുന്നു. ടാറിങ് നടക്കവേ തന്നേ വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുക്കാനും അനധികൃത കയ്യേറ്റത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയവരെ അറസ്റ്റുചെയ്യാനും സാഹചര്യം ഉണ്ടായിരുന്നിട്ടും കീഴ്ഘടകത്തിലെ ഉദ്യോഗസ്ഥർ ഇതിന് തയ്യാറാവാതിരുന്നത് ജോഷിയുടെ ഇടപെടൽ മൂലമായിരുന്നെന്നാണ് ആരോപണം. മലയാറ്റൂർ കുരിശുമുടിയിലെ അനധികൃത പ്രവർത്തനങ്ങളുടെ പേരിൽ വൻതോതിൽ സാമ്പത്തീക നേട്ടമുണ്ടാക്കുന്ന ഒരു ലോബി തന്നെ വനംവകുപ്പിന്റെ ഉന്നത തലങ്ങളിലുണ്ടെന്നും ആക്ഷേപം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP