Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സജീഷേട്ടാ.. ഞാൻ എന്റെ അവസാന യാത്രയിലാണെന്ന് തോന്നുന്നു; കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.. സോറി; മക്കളെ നന്നായി നോക്കണേ; പാവം കുഞ്ചു.. അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം: മരണത്തിന് കീഴടങ്ങും മുൻപ് എഴുതിയ കത്തിൽ ലിനി പറഞ്ഞത് ഇങ്ങനെ; ആതുരശുശ്രൂഷ ജീവിതലക്ഷ്യമായി കണ്ട യുവതിയുടെ വേർപാട് കേരളമനസ്സിൽ സൃഷ്ടിക്കുന്നത് തീരാവേദന; യുദ്ധത്തിനിടെ സൈനികൻ മരിച്ചാൽ കരയുന്നവർ തിരിച്ചറിയുക.. ആതുരസേവനവും പ്രാണൻകൊടുത്തും ജീവൻകാക്കുന്ന സേവനമാണെന്ന്

സജീഷേട്ടാ.. ഞാൻ എന്റെ അവസാന യാത്രയിലാണെന്ന് തോന്നുന്നു; കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.. സോറി; മക്കളെ നന്നായി നോക്കണേ; പാവം കുഞ്ചു.. അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം: മരണത്തിന് കീഴടങ്ങും മുൻപ് എഴുതിയ കത്തിൽ ലിനി പറഞ്ഞത് ഇങ്ങനെ; ആതുരശുശ്രൂഷ ജീവിതലക്ഷ്യമായി കണ്ട യുവതിയുടെ വേർപാട് കേരളമനസ്സിൽ സൃഷ്ടിക്കുന്നത് തീരാവേദന; യുദ്ധത്തിനിടെ സൈനികൻ മരിച്ചാൽ കരയുന്നവർ തിരിച്ചറിയുക.. ആതുരസേവനവും പ്രാണൻകൊടുത്തും ജീവൻകാക്കുന്ന സേവനമാണെന്ന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അതിർത്തി കാക്കുന്ന സൈനികൻ തന്റെ കർത്തവ്യത്തിനിടെ കൊല്ലപ്പെട്ടാൽ അതിനെ നമ്മൾ വീരമൃത്യുവായി കണക്കാക്കുന്നു. സത്യത്തിൽ സൈനികരുടേതിന് തുല്യമായ ജീവിതമല്ലേ ഓരോ ആരോഗ്യപ്രവർത്തകനും ചെയ്യുന്നത്. കോഴിക്കോട്ട് നിപാ വൈറസ് പനി ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് കടന്നുകയറിയ വൈറസിന് കീഴ്‌പ്പെട്ട ജീവൻ നഷ്ടപ്പെട്ട സിനിയെന്ന മാലാഖയുടെ മനസ്സിലും ഉണ്ടായിരുന്നു ഒരുപാട് സ്വപ്‌നങ്ങൾ. ആതുരസേവനം ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലായി സ്വീകരിച്ചവളായിരുന്നു ആ യുവതി. തന്റെ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴും പനിബാധിച്ച് എത്തിവയവരെ ഉറക്കമുപേക്ഷിച്ച് ശുശ്രൂഷിച്ചപ്പോഴും അവളറിഞ്ഞില്ല, ആ രോഗം തന്നിലേക്കും പടരുന്നുവെന്ന്.

രോഗം ബാധിച്ച് അവശയായപ്പോഴാണ് അറിയുന്നത്. താനും മരണത്തിന്റെ പാതയിലാണെന്ന്. ആ തിരിച്ചറിവിന്റെ നിമിഷത്തിൽ കുടുംബത്തെയോർത്തു. ഇനിയൊരു തിരിച്ചറിവില്ലെന്ന് മനസ്സിലായപ്പോൾ അവൾ ഇങ്ങനെ കുറിച്ചു. മക്കളെയോർത്ത ഒരു അമ്മയുടെ അവസാനത്തെ വരികൾ.

'സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry...
നമ്മുടെ മക്കളെ നന്നായി നോക്കണേ...
പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽകൊണ്ടുപോകണം...
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please...

with lots of love'

ആശുപത്രി ഐസിയുവിൽ മരണവുമായി മല്ലിടവെ അവൾ ഭർത്താവിന് എഴുതിയ കത്താണിത്. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പായപ്പോൾ ആ മാലാഖയുടെ മനസിൽ മക്കളും ഭർത്താവും കുടുംബവും മാത്രമായിരുന്നു. സ്വന്തം പ്രാണൻ തന്നെ ആപത്തിലാകാമെന്ന് മനസ്സിലാക്കി തന്നെ നൂറുകണക്കിന് നഴ്‌സുമാർ ഇപ്പോഴും കോഴിക്കോട്ടും മലപ്പുറത്തുമെല്ലാം പനിബാധിതരെ ശുശ്രൂഷിക്കുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപാ വൈറസ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ സ്വന്തം ശരീരത്തിലും വൈറസ് ബാധിച്ച് മരിച്ച ലിനി എന്ന നഴ്‌സിന് അവസാനമായി പറയാനുണ്ടായിരുന്നത് ഇത്രമാത്രം. കേരളം ഭയപ്പാടോടെ കാണുന്ന രോഗത്തെ ചെറുത്തുതോൽപ്പിക്കാൻ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ ഇത്തരത്തിൽ അഹോരാത്രം യത്‌നത്തിലാണ്. സ്വകാര്യ-സർക്കാർ സംവിധാനമെന്ന വേർതിരിവില്ലാതെ എല്ലാവരും ഓരോ ജീവനും രക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു. ഇതിനിടെയാണ് ലിനിയെ രോഗം കീഴ്‌പ്പെടുത്തുന്നതും അവർ മരിക്കുന്നതും. രണ്ടു പിഞ്ചോമനകളുടേയും പ്രിയതമന്റേയും മുഖം ഓർത്ത് ലിനി അവസാനമായി കുറിച്ച വരികൾ എല്ലാവരുടെയും മനസ്സിൽ നീറ്റലായി മാറുന്നു.

ജോലിക്ക് പോയ അമ്മ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അവരുടെ രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ. അഞ്ചും രണ്ടും വയസ്സുമാത്രമുള്ള പിഞ്ചോമനകൾ. അവർക്ക് അമ്മയുടെ മൃതദേഹം കാണാനോ ഒരു അന്ത്യചുംബനംപോലും നൽകാന പറ്റാത്ത സാഹചര്യമാണ് ഉണ്ടായത്. വൈറസ്ബാധ മൃതദേഹത്തിൽ നിന്ന് കൂടുതലായി പടരുമെന്ന സാഹചര്യം. അതോടെ മരണമടഞ്ഞ ലിനിയുടെ ദേഹം ആശുപത്രിയിൽ നിന്ന് നേരെ വൈദ്യുതി ശ്മശാനത്തിൽ എത്തിച്ച് സംസ്‌കരിച്ചു.

എന്നാൽ അമ്മ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആ പൊന്നുപൈതങ്ങൾ. അഞ്ചു വയസുകാരൻ റിഥുലിനും കുഞ്ഞനുജൻ രണ്ടുവയസുകാരൻ സിദ്ദാർഥിനും ഇപ്പോഴും അറിയില്ല തിരിച്ചുവരാത്ത ലോകത്തേക്ക് അമ്മ പോയെന്ന്. പ്രിയതമയുടെ സ്ഥിതിയറിഞ്ഞ് ആണ് ലിനിയുടെ ഭർത്താവ് സജീഷ് ഗൾഫിൽ നിന്ന് എത്തുന്നത്. വിദേശത്തുള്ള അച്ഛൻ പെട്ടെന്ന് നാട്ടിലെത്തിയ സന്തോഷത്തിലാണ് ഇപ്പോഴും റിഥുലും സിദ്ദാർഥും. അമ്മയെ കാണാതായപ്പോഴും അച്ഛൻ വന്ന സന്തോഷം. അവർക്കറിയില്ലല്ലോ.. ആ അമ്മ ഇനിയൊരിക്കലും വരില്ലെന്ന്.

ഇടയ്ക്കിടെ അമ്മയെ അന്വേഷിക്കുന്നു അവർ. ജോലിത്തരിക്ക് കാരണം ആശുപത്രിയിലാണെന്ന് മക്കളോട് പറയുന്നു സജീഷും ബന്ധുക്കളും. ഇളയമകൻ അമ്മയെ കാണണമെന്ന് പറഞ്ഞു വാശിപിടിച്ച് കരയുമ്പോൾ എന്തെങ്കിലും പറഞ്ഞു ആശ്വസിപ്പിക്കും. ഇടയ്ക്കിടെ വീട്ടിലേക്ക് ആൾക്കാരെത്തുന്നു. പതിവില്ലാതെ നാട്ടുകാരും പരിചയമില്ലാത്തവരും വീട്ടിലേക്ക് വരുമ്പോഴും എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആ കുഞ്ഞുങ്ങൾ.

ലിനിയുടെ ജീവിതലക്ഷ്യമായിരുന്നു ആതുര ശുശ്രൂഷ. അതിലാണ് തന്റെ കർമ്മമെന്ന് തിരിച്ചറിഞ്ഞ് ഇഷ്ടപ്പെട്ട് ആ ജോലിയിലേക്ക് എത്തുകയായിരുന്നു ലിനി. വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിലും ലോണെടുത്തു ബംഗളൂരു പവൻ സ്‌കൂൾ ഓഫ് നഴ്സിങ്ങിൽ നിന്ന് ബി.എസ്.സി നഴ്സിങ് പഠിച്ചു. വൻതുക വായ്പയെടുത്താണ് ലിനി പഠിച്ചത്. പഠനശേഷം കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ജോലി ചെയതു.

സ്വകാര്യ ആശുപത്രികളിലെ തുച്ഛശമ്പളം പഠിക്കാനായി എടുത്ത ലോൺപോലും തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. ലോൺ തിരിച്ചടവ് പോലും വിഷമമായി. അങ്ങനെയിരിക്കെയാണ് വടകര സ്വദേശിയായ സജീഷുമായുള്ള വിവാഹം നടന്നത്. ഇതിനിടെ ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം പദ്ധതി പ്രകാരം ദിവസ വേതനത്തിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ലഭിച്ചതോടെ കടങ്ങൾ വീട്ടാമെന്ന പ്രതീക്ഷയിലായി കുടുംബം.

ദിവസവേതനത്തിനുള്ള ജോലി ആയിരുന്നെങ്കിലും സ്വന്തം കാര്യം മാറ്റിവെച്ച് ഇഷ്ടപ്പെട്ട് നേടിയ തൊഴിലിൽ ആനന്ദം കണ്ടു ലിനി. നാട്ടുകാർക്കും ആശുപത്രിയിൽ എത്തുന്നവർക്കുമെല്ലാം മനസ്സിൽ ഇടംപിടിച്ച മാലാഖയായി ലിനി. രോഗീപരിചരണത്തിൽ ഏറെ ശ്രദ്ധിച്ചിരുന്ന ലിനി അങ്ങനെ ആ ആശുപത്രിയിലെ ഇഷ്ട നഴ്‌സായി മാറി. പക്ഷേ, ഒടുവിൽ ഈ ആത്മാർഥ സേവനത്തിന് ലഭിച്ച വിധി വേറൊന്നായിരുന്നു. സ്വന്തം ജീവൻ തന്നെയായിരുന്നു അതിന്റെ വില.

ബഹ്റൈനിൽ അക്കൗണ്ടന്റ് ആണ് സജീഷ്. ലിനി രോഗക്കിടക്കയിൽ ആണെന്ന് അറിഞ്ഞ് സജീഷ് പറന്നെത്തുമ്പോഴേക്കും പ്രിയതമയുടെ കൈപിടിക്കാൻപോലും ആകാത്ത അകലത്തായിരുന്നു ലിനി. ഒടുവിൽ കൈവശം കിട്ടിയത് ആ കത്തുമാത്രം. പ്രിയപ്പെട്ടവളെ ദൂരെനിന്നു ഒരുനോക്ക് കാണാനേ കഴിഞ്ഞുള്ളു. രോഗം പകരുമെന്ന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും പറഞ്ഞതോടെ പ്രിയതമയെ ഒന്നു തൊടാൻപോലും പറ്റാതെ സജീഷും മക്കളും കുടുംബവും നിസ്സഹായരായി. വെസ്റ്റ്ഹിൽ ഇലക്ട്രിക് ശ്മശാനത്തിൽ ലിനിയുടെ മൃതദേഹം അങ്ങനെ എരിഞ്ഞടങ്ങിയപ്പോൾ പോലും ആരും തിരിച്ചറിയുന്നില്ല. ആ മാലാഖയുടെ മനസ്സും അവരുടെ അർപ്പണബോധവും. എന്നാൽ അവരുടെ മഹത്വം തിരിച്ചറിയുന്നുണ്ട്... ആ മാലാഖയെ മനസ്സിലാക്കുന്നുണ്ട് അവരുടെ നന്മ തിരിച്ചറിയുന്നരും ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ നാമത്തിൽ സത്യപ്രതിജ്ഞചെയ്ത അതുപോലുള്ള ആയിരം മനസ്സുകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP