Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരണം പറയാതെ മൂന്ന് ജഡ്ജിമാർ മാറി; നാലാം ജഡ്ജി കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് പറ്റില്ലെന്ന് പറഞ്ഞു; പരിഗണനാ വിഷയം മാറിയതോടെ അഞ്ചാമത്തെ ജഡ്ജിയും ഒഴിവായി; കമാൽപാഷയും പിന്മാറിയതോടെ കേസ് എടുത്തത് ഏഴാമത്തെ ജഡ്ജിയുടെ പരിഗണനയിൽ; ലീഗ് ബന്ധം ആരോപിച്ച് ജസ്റ്റിസ് ഉബൈദിനെതിരെ പ്രചരണം നടത്തിയെങ്കിലും രക്ഷകനായത് ഏഴാം ജഡ്ജി തന്നെ

കാരണം പറയാതെ മൂന്ന് ജഡ്ജിമാർ മാറി; നാലാം ജഡ്ജി കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് പറ്റില്ലെന്ന് പറഞ്ഞു; പരിഗണനാ വിഷയം മാറിയതോടെ അഞ്ചാമത്തെ ജഡ്ജിയും ഒഴിവായി; കമാൽപാഷയും പിന്മാറിയതോടെ കേസ് എടുത്തത് ഏഴാമത്തെ ജഡ്ജിയുടെ പരിഗണനയിൽ; ലീഗ് ബന്ധം ആരോപിച്ച് ജസ്റ്റിസ് ഉബൈദിനെതിരെ പ്രചരണം നടത്തിയെങ്കിലും രക്ഷകനായത് ഏഴാം ജഡ്ജി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള രാഷ്ട്രീയത്തിലെ അതികായകന്മാർ മേധാവിത്തത്തിന് വേണ്ടി നേർക്കുനേർ പോരാടിയതിന്റെ പരിണത ഫലമാണ് ലാവലിൻ അഴിമതി കേസ് എന്ന് കേരളത്തിലെ ഒട്ടുമിക്കവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന രാഷ്ട്രീയം ഇത്രയേറെ ചർച്ച ചെയ്ത മറ്റൊരു അഴിമതി കേസുണ്ടോ എന്ന കാര്യം പോലും സംശയത്തിലാണ്. ചാനലുകളുടെ തുടക്കത്തിൽ അവരുടെ അന്തിചർച്ചകളുടെ പ്രധാന വിഷയമായിരുന്നു പിണറായി വിജയന് പ്രതിക്കൂട്ടിലായ കേസ്. അതുകൊണ്ട് തന്നെ കോടതിക്ക് പോലും ഈ കേസിന്റെ സമ്മർദ്ദം നേരിടേണ്ടി വന്നു എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. കാരണം, കരുത്തനായ പിണറായി വിജയനെതിരായ കേസ് പരിഗണിക്കാൻ പോലും മടിച്ച് പിന്മാറിയ ജഡ്ജിമാർ നിരവധിയുണ്ട്.

കേസ് പരിഗണിക്കാൻ ബെഞ്ചുകൾ തേടി ഏറെ അലഞ്ഞ ശേഷമാണു ലാവ്ലിൻ കേസിൽ സിബിഐയുടെ റിവിഷൻ ഹർജി പരിഗണിക്കാൻ അഞ്ചാം ബെഞ്ചിനെ ലഭിച്ചത്. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിലുണ്ടായ സ്വാഭാവിക മാറ്റം അനുസരിച്ചു വീണ്ടും ബെഞ്ച് മാറി ഏഴാം ബെഞ്ചിൽ നിന്നാണ് ഒടുവിൽ വിധി വന്നത്. ഒടുവിൽ ജസ്റ്റിസ് പി ഉബൈദ് പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

സിബിഐ കോടതി പിണറായി വിജയനെ വിടുതൽ നൽകിയ ശേഷം കേസ് ഹൈക്കോടതിയുടെ പരിഗണനക്ക് വരുമെന്ന കാര്യം എല്ലാവർക്കും ഉറപ്പായിരുന്നു. എന്നാൽ, സിബിഐയുടെ മെല്ലപ്പോക്ക് നയം കാരണം കേസിൽ അൽപ്പം താമസമുണ്ടായി എന്നു മാത്രം. എന്തായാലും സിബിഐ കേസിൽ റിവിഷൻ ഹർജി നൽകിയത് 2014 ജനുവരി 31നായിരുന്നു. എന്നാൽ വിവാദമായ ഈ കേസിന്് ആദ്യം ബെഞ്ചുകൾ പോലും ലഭിച്ചില്ലെന്നതാണ് വസ്തുത. കേസ് ആദ്യം പരിഗണിച്ച ജസ്റ്റിസ് കെ.ഹരിലാൽ, ജസ്റ്റിസ് തോമസ് പി.ജോസഫ്, ജസ്റ്റിസ് എം.എൽ.ജോസഫ് ഫ്രാൻസിസ് എന്നിവരാണ് ആദ്യം പിന്മാറിയത്. കാരണം രാഷ്ട്രീയമാണെന്ന ആരോപണം അന്നേ ഉയർന്നിരുന്നു.

നാലാം ബെഞ്ചിന് മുന്നിൽ കേസ് എത്തിയപ്പോഴും കേൾക്കാൻ അവസരം ഉണ്ടായില്ല. ജസ്റ്റിസ് എൻ.കെ.ബാലകൃഷ്ണന്റെ ബെഞ്ചിലായിരുന്നു കേസ് എത്തിയത്. എന്നാൽ, ക്രമം എത്തും മുൻപേ കേസ് വിളിച്ച് അദ്ദേഹം പിന്മാറുന്ന കാര്യം അറിയിച്ചു. പിന്മാറുന്നതിനു കാരണം പറയാൻ ജഡ്ജിമാർക്കു ബാധ്യതയില്ലെങ്കിലും പതിവു തെറ്റിച്ച്, അദ്ദേഹം കാരണവും കുറിച്ചു: ''കോൺഗ്രസ് നേതാവും മന്ത്രിമാരുമായി അടുപ്പവുമുള്ള അഡ്വ. സി.കെ.ശ്രീധരന്റെ ജൂനിയറായിരുന്നു ഞാൻ. അതിനാൽ ഈ കേസ് പരിഗണിക്കുന്നത് ഉചിതമാവില്ല.''

ചീഫ് ജസ്റ്റിസിന്റെ ഉത്തരവു നേടി ഉച്ചയ്ക്കു തന്നെ പുതിയ ബെഞ്ചിൽ എത്തിക്കണമെന്നു ജസ്റ്റിസ് ബാലകൃഷ്ണൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ ഇടപെടലുണ്ടായി. ചടുലനീക്കങ്ങളുടെ ഒടുവിൽ ജസ്റ്റിസ് ബാലകൃഷ്ണന്റെ ബെഞ്ച് പിന്മാറിയ അതേദിവസം തന്നെ അഞ്ചാം ജഡ്ജിയെ കണ്ടെത്തി. അങ്ങനെ ജസ്റ്റിസ് കെ.രാമകൃഷ്ണന്റെ ബെഞ്ചിൽ കേസെടുപ്പിച്ചു. ഇതിനിടെ കേസ് കേൾക്കാൻ കൂട്ടാക്കാത്ത നടപടിക്കെതിരെ കെ സുധാകരൻ അടക്കമുള്ള നേതാക്കൾ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.

ആറാം ബെഞ്ചിൽ കേസ് കേൾക്കുമെന്നായിരുന്നു പൊതുധാരണ. എന്നാൽ, അതും മാറി. ജഡ്ജിമാരുടെ ഊഴം മാറിയതനുസരിച്ചു വീണ്ടും ബെഞ്ച് മാറി. മുൻ സർക്കാരിന്റെ കാലത്ത്, 2015 ഡിസംബറിൽ, കേസ് വേഗം പരിഗണിച്ചു തീർപ്പാക്കണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലായിരുന്ന ടി.ആസഫലി നൽകിയ ഹർജി ജസ്റ്റിസ് പി. ഉബൈദാണു പരിഗണിച്ചത്. തുടക്കത്തിൽ തന്നെ പ്രതികളെ കുറ്റവിമുക്തരാക്കുക വഴി വിചാരണക്കോടതി പരിധി കടന്നുവെന്ന സർക്കാരിന്റെയും സിബിഐയുടെയും വാദത്തിൽ കഴമ്പുണ്ടെന്നായിരുന്നു കോടതിയുടെ പ്രാഥമിക വിലയിരുത്തൽ.

പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിയുടെ നിലനിൽപ് സംശയകരമാണെന്നു വിലയിരുത്തിക്കൊണ്ട്, 2016 ഫെബ്രുവരി അവസാനം ഹർജി പരിഗണിക്കാൻ തീരുമാനിച്ചു. പിന്നീട് 2016 ഫെബ്രുവരി 25നു കേസ് പരിഗണിച്ചപ്പോൾ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് എതിർവാദമുയർന്നു. ലാവ്ലിൻ കേസ് ഉടൻ പരിഗണിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്നും കോടതിയെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. കേസ് മേയിലേക്കു മാറി.

പിന്നീട് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറിയതോടെ കേസ് ജസ്റ്റിസ് ബി. കെമാൽ പാഷയുടെ ബെഞ്ചിലെത്തി. 2016 ഡിസംബറിലെ ക്രിസ്മസ് അവധിക്കു ശേഷം സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായി ബെഞ്ച് മാറി വീണ്ടും ജസ്റ്റിസ് പി. ഉബൈദിന്റെ മുന്നിലെത്തുകയായിരുന്നു. ബാർകോഴ കത്തി നിന്ന സമയത്ത് ലീഗ് ബന്ധം ആരോപിച്ച് സി.പി.എം സൈബർ അണികൾ കടുത്ത വിമർശനം ഉയർത്തിയ ജഡ്ജിയാണ് പി ഉബൈദ്. എന്നാൽ, അന്നത്തെ വിമർശനങ്ങളൊന്നും കാര്യമാക്കാതെ അദ്ദേഹം സൗമ്യമായ നിലപാടെടുത്തു. ഇപ്പോൾ സിപിഎമ്മിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ നിർണയിക്കുന്ന കേസിൽ വിധി പ്രഖ്യാപിച്ചു.

കേസ് കേൾക്കുന്നതിന് ജഡ്ജിമാർ പിന്മാറിയ സംഭവം കേരളത്തിൽ ഏറെ നിർണായകമായിരുന്നു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അടക്കം ഈ കേസിൽ ഇടപെടലും നടത്തിയിരുന്നു. ആദ്യം കേസ് മുൻപിലെത്തിയ മൂന്നു ജഡ്ജിമാർ കേസ് പരിഗണിക്കുന്നതിൽ നിന്നു പിന്മാറിയതു നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ ചർച്ചയായി. 2014 ഫെബ്രുവരി നാലിനു രാവിലെ നാലാം ബെഞ്ചും കയ്യൊഴിഞ്ഞപ്പോൾ ഹൈക്കോടതി നേരിടുന്ന ഭരണഘടനാ പ്രതിസന്ധി എന്നുപോലും വിശേഷിപ്പിക്കപ്പെട്ടു.

മൂന്നു ജഡ്ജിമാർ പിന്മാറിയപ്പോൾ തന്നെ സത്യപ്രതിജ്ഞാ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ഗവർണർക്കു കത്തയച്ചിരുന്നു. തനിക്കു മുന്നിലെത്തുന്ന ഏതു കേസും പരിഗണിക്കുമെന്നും നീതി നടപ്പാക്കുമെന്നുമുള്ള ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഹൈക്കോടതിയുടെ അന്തസിനു കളങ്കം വരുത്തുന്ന നടപടിയാണു ജഡ്ജിമാരിൽ നിന്നുണ്ടായതെന്നാരോപിച്ചു ചീഫ് ജസ്റ്റിസിനും കത്തയച്ചു. കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരനാണ് ജഡ്ജിമാരുടെ പിന്മാറ്റത്തിനെതിരെ രംഗത്തെത്തിയ മറ്റൊരു നേതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP