Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജസ്റ്റിസ് കെമാൽ പാഷയുടെ ബെഞ്ചിൽ നിന്ന് അവസാന നിമിഷം ലാവ്‌ലിൻ കേസ് ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചിലേക്ക് മാറ്റി; ഈ ആഴ്ച കേസ് പരിഗണിക്കുമ്പോൾ പ്രതീക്ഷയോടെ കോടിയേരി; കുറ്റവിമുക്തനാക്കിയ വിധി തള്ളി കേസ് എടുത്താൽ പിണറായിക്ക് പദവി ഒഴിയേണ്ടി വരുമെന്ന കണക്കുകൂട്ടലിൽ നീക്കങ്ങൾ സജീവം  

ജസ്റ്റിസ് കെമാൽ പാഷയുടെ ബെഞ്ചിൽ നിന്ന് അവസാന നിമിഷം ലാവ്‌ലിൻ കേസ് ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചിലേക്ക് മാറ്റി; ഈ ആഴ്ച കേസ് പരിഗണിക്കുമ്പോൾ പ്രതീക്ഷയോടെ കോടിയേരി; കുറ്റവിമുക്തനാക്കിയ വിധി തള്ളി കേസ് എടുത്താൽ പിണറായിക്ക് പദവി ഒഴിയേണ്ടി വരുമെന്ന കണക്കുകൂട്ടലിൽ നീക്കങ്ങൾ സജീവം   

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയേക്കാവുന്ന ലാവ്‌ലിൻ കേസിലെ റിവിഷൻ പെറ്റീഷൻ ഈയാഴ്ച ഹൈക്കോടതിയുടെ  പരിഗണനയ്‌ക്കെത്തുന്നു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജി ജസ്റ്റിസ് പി. ഉബൈദിന്റെ ബെഞ്ചിലാണ് ഈയാഴ്ച പരിഗണനയ്‌ക്കെത്തുന്നത്. കേസിൽ പിണറായിയെ കുറ്റ വിമുക്തനാക്കിയതിന് പ്രതികൂല വിധിയുണ്ടായാൽ കേരളത്തിലെ രാഷ്ട്രീയത്തിൽ അത് പുതിയ ചർച്ചകൾക്ക് വഴിതുറക്കാൻ കാരണമാകും. ലാവ്‌ലിൻ കേസിൽ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നുവെന്ന ഒറ്റ കാരണത്താലണ് ദീർഘകാലമായി തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിണറായി വിട്ടുനിന്നത്.

പാർട്ടി സംസ്്ഥാന സെക്രട്ടറി പദവിയിൽ തന്നെ ഏറെക്കാലം തുടർന്ന പിണറായി കേസിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെടുംവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. 2013 നവംബർ അഞ്ചിന് പിണറായിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി വിധി വന്നതിന്റെ അടിസ്ഥാനത്തിലാണ് അതിനുശേഷം നടന്ന ആലപ്പുഴയിലെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പാർട്ടി നേതൃത്വം ഒഴിഞ്ഞ് ഭരണ നേതൃത്വത്തിലേക്ക് വരാൻ പിണറായി തീരുമാനിക്കുന്നതും അതിന് പാർട്ടി അനുമതി നൽകുന്നതും.

കേസ് നീണ്ടുപോയിരുന്നെങ്കിൽ വി എസ് സർക്കാരിന്റെ കാലത്ത് ആഭ്യന്തരം കൈകാര്യംചെയ്ത് മന്ത്രിസഭയിൽ രണ്ടാമനായും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ ഉപനേതാവായും നിയോഗിക്കപ്പെട്ട കോടിയേരിക്ക് ഇക്കുറി മുഖ്യമന്ത്രിയാകാനുള്ള സാഹചര്യമുണ്ടായിരുന്നു. പക്ഷേ പിണറായിയെ കോടതി ലാവ്‌ലിൻ കേസിൽ കുറ്റവിമുക്തനാക്കിയതോടെ ഇതിനുള്ള സാഹചര്യം മാറുകയും പിണറായി തിരഞ്ഞെടുപ്പ് രംഗത്തേക്ക് കളംമാറുകയും ചെയ്തതോടെ പാർട്ടിയുടെ ചുമതലയിലേക്ക് കോടിയേരിക്ക് മാറേണ്ടിവന്നു.

പക്ഷേ, കേസ് വീണ്ടും കോടതിയുടെ പരിഗണനയിൽ എത്തിയതോടെ കോടിയേരി പക്ഷം പ്രതീക്ഷയിലാണ്. നേരത്തേ ജസ്റ്റിസ് ബി. കെമാൽപാഷയുടെ ബെഞ്ചാണു കേസ് പരിഗണിച്ചത്. നാളെ മുതൽ തുടർച്ചയായ ദിവസങ്ങളിൽ കേസ് പരിഗണിക്കാൻ ജസ്റ്റിസ് കെമാൽപാഷ തീരുമാനിച്ചിരുന്നു. ഇതോടെ കേസിൽ പെട്ടെന്ന് ഒരു തീരുമാനമുണ്ടാകുമെന്ന സൂചനകളും പുറത്തുവന്നു. പക്ഷേ, കേസ് ഇനി പുതിയ ബെഞ്ചാണ് പരിഗണിക്കുന്നത്. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ വരുന്ന സ്വാഭാവിക മാറ്റം അനുസരിച്ചാണു ക്രിസ്മസ് അവധിക്കുശേഷം ബെഞ്ച് മാറി ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചിലേക്ക് കേസ് എത്തുന്നത്.

പിണറായിക്ക് രാഷ്ട്രീയ സാഹചര്യങ്ങളിൽ മുൻതൂക്കം വരുന്ന കാലത്തെല്ലാം കേസ് കുത്തിപ്പൊക്കാൻ അതതുകാലത്തെ യുഡിഎഫ് സർക്കാരുകൾ നീക്കം നടത്തിയിരുന്നുവെന്ന ആക്ഷേപം സിപിഐ(എം) ഉന്നയിച്ചിരുന്നു. 2001ൽ എകെ ആന്റണി അധികാരത്തിൽ വന്നപ്പോൾ യുഡിഎഫ് എംഎൽഎമാർ എഴുതിക്കൊടുത്ത് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലാവ്‌ലിൻ വിഷയത്തിൽ ആദ്യമായി വിജിലൻസ് അന്വേഷണം വരുന്നത്.

പക്ഷേ, ഈ കേസിനെ പിന്നീട് പിണറായി തനിക്ക് ബദലായി ഉയരുമെന്ന് തോന്നുന്ന ഘട്ടങ്ങളിലെല്ലാം പാർട്ടി വേദികളിൽ സമർത്ഥമായി ഉന്നയിക്കുകയും തനിക്ക് അനുകൂലമായി കാര്യങ്ങളെ മാറ്റിയെടുക്കുകയും ചെയ്തത് വി എസ്  അച്യുതാനന്ദനാണ്. ലാവ്‌ലിൻ ഇടപാടിൽ 374 കോടി പാഴായിയെന്ന് സിഎജി റിപ്പോർട്ട് വരുന്നത് 2005 ജൂലായ് ഒമ്പതിനാണ്. ഇതിന് പിന്നാലെ ലാവ്‌ലിൻ കരാർ എൽ.ഡി.എഫിലും പാർട്ടിയിലും ചർച്ച ചെയ്തിട്ടില്ലെന്ന് വി എസ്. അച്യുതാനന്ദൻ പറഞ്ഞതോടെ വിഷയം കേരളത്തിൽ കോളിളക്കമുള്ള ചർച്ചയായി മാറി.

ഇതിനു പിന്നാലെ 2006 ഫെബ്രുവരി 28ന് ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ പ്രതിയാക്കാൻ തെളിവില്ലെന്ന് വിജിലൻസ് പ്രഥമ വിവര റിപ്പോർട്ട് തൃശ്ശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചതോടെ പിണറായി പക്ഷത്തിനും പാർട്ടിക്കും അത് ആശ്വാസമായി മാറി. സംസ്ഥാനം അസംബഌ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതിന് തൊട്ടുമുൻപേയായിരുന്നു ഇത്. യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് ആന്റണിയെ താഴെയിറക്കി ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി.

വിജിലൻസ് പിണറായിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയതിന് പിന്നാലെ കേസ് സിബിഐക്ക് വിടാൻ ഉമ്മൻ ചാണ്ടി സർക്കാർ അവസാന നാളുകളിൽ തീരുമാനിക്കുകയായിരുന്നു. വി എസ് അച്യുതാനന്ദന്റെ വെളിപ്പെടുത്തലും സിഎജി റിപ്പോർട്ടും ചൂണ്ടിക്കാട്ടി നടത്തിയ നീക്കത്തോടെ ആ അസംബഌ തിരഞ്ഞെടുപ്പിലും പിണറായി ഭരണരംഗത്തേക്ക് എത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം. കേസ് സിബിഐ ആദ്യം ഏറ്റെടുത്തില്ലെങ്കിലും കോൺഗ്രസിന്റെയും വിഎസിന്റെയും ലക്ഷ്യം വിജയിച്ചു.

പിന്നീട് കേസ് അന്വേഷിച്ച സിബിഐ വി എസ് സർക്കാർ അധികാരത്തിലിരിക്കെ 2009 ജൂൺ 11ന് പിണറായി വിജയൻ ഉൾപ്പടെ ഒൻപത് പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു. വിചാരണ നീണ്ടുപോയതോടെ പിന്നീട് നടന്ന അസംബഌ തിരഞ്ഞെടുപ്പിലും പിണറായി മത്സരരംഗത്തുനിന്ന് വിട്ടുനിന്നു. കേസ് വിചാരണ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് പിണറായി തന്നെയാണ് 2012 ഡിസംബറിൽ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേസ് പരിഗണിച്ച സിബിഐ കോടതി വിടുതൽ ഹർജികൾ ആദ്യം പരിഗണിക്കുകയും ഇതിന്റെ തുടർച്ചയായി 2013 നവംബറിൽ പിണറായി കുറ്റവിമുക്തനാക്കപ്പെടുകയുമായിരുന്നു.

പക്ഷേ, കഴിഞ്ഞ സർക്കാരിന്റെ അവസാന കാലമായപ്പോഴേക്കും വീണ്ടും യുഡിഎഫ് കേസിന് പുതുജീവൻ നൽകാൻ ശ്രമം തുടങ്ങി. കേസ് വേഗം തീർപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലായിരുന്ന ടി. ആസഫലി 2015 ഡിസംബറിൽ നൽകിയ ഹർജി ജസ്റ്റിസ് ഉബൈദാണു പരിഗണിച്ചത്. തുടക്കത്തിൽ തന്നെ പ്രതികളെ കുറ്റവിമുക്തരാക്കുക വഴി വിചാരണക്കോടതി പരിധി കടന്നുവെന്ന സർക്കാരിന്റെയും സിബിഐയുടെയും വാദത്തിൽ കഴമ്പുണ്ടെന്നായിരുന്നു കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിയുടെ നിലനിൽപ് സംശയകരമാണെന്നു വിലയിരുത്തിയ കോടതി 2016 ഫെബ്രുവരി അവസാനം കേസ് പരിഗണിക്കാൻ മാറ്റി.

പക്ഷേ, ഇക്കുറി പിണറായി വിട്ടുകൊടുക്കാൻ തയ്യാറില്ലായിരുന്നു. ഫെബ്രുവരി 25നു കേസ് പരിഗണിച്ചപ്പോൾ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് എതിർവാദമുയർത്തിയാണ് സിപിഐ(എം) കേസിനെ നേരിട്ടത്. ഇതോടെ ലാവ്‌ലിൻ കേസ് ഉടൻ പരിഗണിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്നും കോടതിയെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കരുതെന്നും വ്യക്തമാക്കി കോടതി കേസ് 2016 മേയിലേക്കു മാറ്റുകയായിരുന്നു. പിന്നീട് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറിയതോടെ ബെഞ്ച് മാറി. കെമാൽ പാഷയുടെ ബെഞ്ചിലെത്തിയ കേസ് ഈയാഴ്ച തുടരെയുള്ള ദിവസങ്ങളിൽ പരിഗണിക്കാനും വേഗം തീർപ്പുകൽപിക്കാനും അദ്ദേഹം തീരുമാനിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഉബൈദിന്റെ ബെഞ്ചിലേക്ക് മാറിയത്.

കുറ്റവിമുക്തനാക്കിയ സിബിഐ കോടതിവിധിക്ക് എതിരാണ് ഹൈക്കോടതിയുടെ തീരുമാനം വരുന്നതെങ്കിൽ പിണറായിക്കെതിരെ കോടിയേരി വിഭാഗം ശക്തമായി നീങ്ങിയേക്കുമെന്നാണ് സൂചന. എന്നാൽ മന്ത്രി എംഎം മണിയുടെ കാര്യത്തിൽ പാർട്ടി മറ്റൊരു നയമാണ് സ്വീകരിച്ചത് എന്നതിനാൽ കേസിൽ വീണ്ടും പ്രതിയാക്കപ്പെടുന്ന സാഹചര്യമുണ്ടായാലും പാർട്ടിയിലെ വിമർശനങ്ങളെ നേരിടാനുള്ള സാഹചര്യം പിണറായി ഒരുക്കിക്കഴിഞ്ഞു.

സമാനമായ സാഹചര്യത്തിൽ കുറച്ചുനാൾ മുമ്പ് വിചാരണക്കേസിൽ എംഎം മണിയെ കുറ്റവിമുക്തനാക്കണമെന്ന ഹർജി കോടതി തള്ളിയതോടെ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം പാർട്ടിയിൽ തന്നെ ഒരു വിഭാഗത്തിൽ നിന്നും ഘടകകക്ഷികളിൽ നിന്നും ഉയരുകയും പ്രതിപക്ഷം ഏറെ ഒച്ചപ്പാടുയർത്തുകയും ചെയ്തു. പക്ഷേ, മണിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച പാർട്ടി അദ്ദേഹത്തെ കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നതുവരെ മന്ത്രിയായി തുടരുന്നതിന് പ്രശ്‌നമില്ലെന്നാണ് വ്യക്തമാക്കിയത്. ലാവ്‌ലിൻ കേസിൽ എന്തു വിധി വന്നാലും ഇതേ നിലപാട് സ്വീകരിക്കാമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചതിന്റെ ആശ്വാസത്തിലാണ് പിണറായി പക്ഷം.

ലാവ്‌ലിൻ സംഭവങ്ങളുടെ നാൾവഴി ഇങ്ങനെ:

  • 1995ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രൂപീകരിച്ച കരാറിൽ മന്ത്രിസ്ഥാനത്തിരിക്കെ പിണറായി വരുത്തിയ മാറ്റം സംസ്ഥാസർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന സിഎജി റിപ്പോർട്ടും തുടർന്നുള്ള സിബിഐ അന്വേഷണവും ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കു കാരണമായത്.
  • 1994 മാർച്ച് 29: പള്ളിവാസൽ, പന്നിയാർ, ചെങ്കുളം വൈദ്യുതപദ്ധതികൾ നവീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം.
  • 1995 ഓഗസ്റ്റ് 10: പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ആധുനീകരണ പദ്ധതിക്ക് എസ്എൻസി ലാവ്‌ലിനും കമ്പനിയുമായി കേരള വിദ്യുച്ഛക്തി ബോർഡ് ധാരണാപത്രം ഒപ്പുവെയ്ക്കുന്നു. സി.വി. പത്മരാജനായിരുന്നു വൈദ്യുതിമന്ത്രി.
  • 1996 ഫെബ്രുവരി 24: പദ്ധതി നടത്തിപ്പിന് എസ്.എൻ.സി. ലാവ്‌ലിൻ കമ്പനിയെ കൺസൾട്ടന്റായി നിയമിച്ചുകൊണ്ട് കരാർ ഒപ്പിടുന്നു. അന്ന് എ.കെ.ആന്റണിമന്ത്രിസഭയിൽ ജി. കാർത്തികേയൻ വൈദ്യുതിമന്ത്രി.
  • 1996 മെയ് 20: ഇ.കെ. നായനാർ മുഖ്യമന്ത്രിയായി എൽ.ഡി.എഫ്. മന്ത്രിസഭ അധികാരത്തിലേറുന്നു. പിണറായി വിജയൻ വൈദ്യുതി മന്ത്രി.
  • 1996 സപ്തംബർ 16: വൈദ്യുത മേഖലയിലെ വികസനത്തെക്കുറിച്ച് പഠിക്കാൻ സിപിഐ(എം). പോളിറ്റ് ബ്യൂറോ അംഗം ഇ. ബാലാനന്ദന്റെ നേതൃത്വത്തിൽ സമിതിയെ നിയമിച്ചു.
  • 1996 ഒക്ടോബർ 23: പിണറായി വിജയൻ കാനഡ സന്ദർശിക്കുന്നു.
  • 1997 ഫെബ്രുവരി 2: ബാലാനന്ദൻ സമിതി റിപ്പോർട്ട് സമർപ്പിക്കുന്നു. പള്ളിവാസൽ, ചെങ്കുളം വൈദ്യുത പദ്ധതികൾ അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ 'ഭെല്ലി'നെ പരിഗണിക്കാമെന്നും നിർദ്ദേശം.
  • 1997 ഫെബ്രുവരി 10: സർക്കാരും ലാവ്‌ലിനുമായുള്ള അന്തിമ കരാർ ഒപ്പുവെയ്ക്കുന്നു. പദ്ധതി നവീകരണത്തിന് ഉപകരണങ്ങൾ വാങ്ങാനുള്ള ചുമതലകൂടി ലാവ്‌ലിനു നൽകി കരാർ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.
  • 1997 ജൂൺ 11: മുഖ്യമന്ത്രി ഇ.കെ. നായനാരും പിണറായി വിജയനും കാനഡ സന്ദർശിക്കുന്നു.
  • 1998 ഏപ്രിൽ 25: മലബാർ കാൻസർ സെന്ററിന് സാമ്പത്തികസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് കനേഡിയൻ സർക്കാരിന് കീഴിലെ കയറ്റുമതി വികസന കോർപ്പറേഷനുമായി കേരള സർക്കാർ ചർച്ച നടത്തുന്നു.
  • 1998 ജൂലായ് 6: കേരള സർക്കാരും കാനഡയിലെ കയറ്റുമതി വികസന കോർപ്പറേഷനുമായി വായ്പാകരാർ ഒപ്പുവെയ്ക്കുന്നു.
  • 2001: എ.കെ. ആന്റണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ യു.ഡി.എഫ്. എംഎ‍ൽഎ.മാർ എഴുതി ഒപ്പിട്ടുകൊടുത്തതനുസരിച്ച് ലാവ്‌ലിൻ കരാറിനെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്.
  • 2005 ജൂലായ് 9: ലാവ്‌ലിൻ ഇടപാട്: 374 കോടി പാഴായെന്ന് സി.എ.ജി. റിപ്പോർട്ട്.
  • 2005 ജൂലായ് 22: ലാവ്‌ലിൻ കരാർ എൽ.ഡി.എഫിലും പാർട്ടിയിലും ചർച്ച ചെയ്തിട്ടില്ലെന്ന് വി എസ്. അച്യുതാനന്ദൻ.
  • 2006 ഫെബ്രുവരി 28: ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ പ്രതിയാക്കാൻ തെളിവില്ലെന്ന് വിജിലൻസ്. പ്രഥമ വിവര റിപ്പോർട്ട് തൃശ്ശൂർ വിജിലൻസ് കോടതിയിൽ സമർപ്പിക്കുന്നു. വൈദ്യുതി ബോർഡിലെ മുൻ ചെയർമാനടക്കം ഒൻപത് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ശുപാർശ.
  • 2006 മാർച്ച് 1: ലാവ്‌ലിൻ അഴിമതി കേസ് അന്വേഷണം സിബിഐ.യ്ക്ക് വിടാൻ മന്ത്രിസഭായോഗം തീരുമാനിക്കുന്നു.
  • 2006 ജൂൺ 1: സിബിഐ. കൊച്ചി യൂണിറ്റ് പ്രാരംഭ അന്വേഷണം ആരംഭിക്കുന്നു.
  • 2006 ജൂലായ് 19: 'ക്രൈം' എഡിറ്റർ നന്ദകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിക്ക് ലാവലിൻ കേസ് അന്വേഷണം സിബിഐ. ഏറ്റെടുത്തിട്ടില്ലെന്ന് സർക്കാർ വിശദീകരണം.
  • 2006 നവംബർ 16:ലാവ്‌ലിൻ കേസ് അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് സിബിഐ. ഹൈക്കോടതിയെ അറിയിക്കുന്നു.
  • 2006 നവംബർ 22: സിബിഐ. അന്വേഷണം ആവശ്യമില്ലെന്ന് സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്ന് മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദൻ.
  • 2007 ജനവരി 16: ലാവ്‌ലിൻ കേസ് സിബിഐ. അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിടുന്നു.
  • 2007 ഫെബ്രുവരി 8: ലാവ്‌ലിൻ കേസ് സിബിഐ. ചെന്നൈ യൂണിറ്റ് അന്വേഷിക്കണമെന്ന് സിബിഐ. ഡയറക്ടർ ഉത്തരവിടുന്നു.
  • 2007 ഫെബ്രുവരി 13: സിബിഐ. ചെന്നൈ യൂണിറ്റ് പ്രഥമ വിവര റിപ്പോർട്ട് പ്രത്യേക കോടതിയിൽ സമർപ്പിക്കുന്നു.
  • 2008 ഫെബ്രുവരി 22: ലാവ്‌ലിൻ കരാർ മൂലം സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടായില്ലെന്ന് സിബിഐ.
  • 2008 മെയ് 18: പിണറായി വിജയനിൽനിന്ന് സിബിഐ. തെളിവെടുത്തു.
  • 2009 ജനവരി 22: ലാവ്‌ലിൻ കേസിൽ പ്രോസിക്യൂഷൻ അനുമതി തേടിക്കൊണ്ട് സിബിഐ. ചീഫ് സെക്രട്ടറിക്കും ഗവർണർക്കും കത്തയച്ചു.
  • 2009 ജനവരി 23: അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട് സിബിഐ. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പിണറായിയെ ഒമ്പതാം പ്രതിയാക്കി കുറ്റപത്രം.
  • 2009 ഫെബ്രുവരി 12: പ്രോസിക്യൂഷൻ അനുമതിക്കായി ഹൈക്കോടതി സർക്കാരിന് മൂന്നുമാസം സമയം നൽകി.
  • 2009 ഫെബ്രുവരി 14: പിണറായി വിജയന് പി.ബി.യുടെ പിന്തുണ. കേസ് രാഷ്ട്രീയപ്രേരിതമെന്ന് വിലയിരുത്തൽ.
  • 2009 ഫെബ്രുവരി 17: എ.ജി.യുടെ റിപ്പോർട്ട് കിട്ടിയാലുടൻ പ്രോസിക്യൂഷൻ സംബന്ധിച്ച നടപടിയെന്ന് മുഖ്യമന്ത്രി.
  • 2009 മാർച്ച് 28: പ്രോസിക്യൂഷൻ സംബന്ധിച്ച് മന്ത്രിസഭ ഉടൻ തീരുമാനിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്.
  • 2009 മെയ് 2: പിണറായിയെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന് എ.ജി.യുടെ നിയമോപദേശം.
  • 2009 മെയ് 3: എ.ജി.യുടെ ഉപദേശം അംഗീകരിക്കാൻ സിപിഐ(എം). സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
  • 2009 മെയ് 6: പ്രോസിക്യൂഷൻ അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭാതീരുമാനം. ഒന്നാം പ്രതി മോഹനചന്ദ്രനെയും പത്താം പ്രതി ഫ്രാൻസിസിനെയും പ്രോസിക്യൂഷനിൽനിന്ന് ഒഴിവാക്കി.
  • 2009 മെയ് 7: തീരുമാനം ഗവർണറെ അറിയിച്ചു.
  • 2009 മെയ് 8: വിവേചനാധികാരം പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് യു.ഡി.എഫ്. നേതാക്കളുടെ നിവേദനം.
  • 2009 മെയ് 10: ഗവർണർ ആവശ്യപ്പെട്ട കൂടുതൽ രേഖകൾ മുഖ്യമന്ത്രി കൈമാറി.
  • 2009 മെയ് 11: ആവശ്യപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ഗവർണറുടെ പത്രക്കുറിപ്പ്.
  • 2009 മെയ് 13: നിയമോപദേശം ചോർന്നതിന് എ.ജി.യെ മന്ത്രിസഭായോഗത്തിലേക്ക് വിളിച്ചുവരുത്തണമെന്ന് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. മന്ത്രിമാർ അനുകൂലിച്ചില്ല.
  • 2009 മെയ് 20: എ.ജി.യുടെ നിയമോപദേശത്തെപ്പറ്റി ഗവർണർ സിബിഐ.യുടെ മറുപടി തേടി.
  • 2009 ജൂൺ 1: പിണറായിയ്‌ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് സിബിഐ.യുടെ മറുപടി.
  • 2009 ജൂൺ 7: പ്രോസിക്യൂഷന് ഗവർണറുടെ അനുമതി.
  • 2009 ജൽവരി 21ന് മുന്മന്ത്രിയെ പ്രതി ചേർക്കാൻ സിബിഐ ഗവർണ്ണറുടെ അൽമതി തേടി
  • ജൂൺ 7ന് പിണറായിയെ പ്രാസിക്യൂട്ട് ചെയ്യാൻ ഗവർണ്ണർ അൽമതി നൽകി
  • ജൂൺ 11ന് പിണറായി വിജയൻ ഉൾപ്പടെ ഒൻപത് പേരെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു
  • 2012 ഡിസംബർ 24ന് വിചാരണ ഉടൻ ആരംഭിക്കണമെന്ന പിണറായിയുടെ ഹർജി തിരുവനന്തപുരം സിബിഐ കോടതി തള്ളി. പിണറായി ഹൈക്കോടതിയെ സമീപിച്ചു
  • ജൂൺ 18 വിചാരണ ഉടൻ ആരംഭിക്കാനും വിടുതൽ ഹർജികൾ ആദ്യം പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു
  • 2013 നവംബർ 5ന് പിണറായിയെ കുറ്റവിമുക്തനാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP