Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചുവർഷത്തേക്ക് ലക്ഷ്മി നായർ അക്കാഡമി പരിസരത്ത് എത്തില്ലെന്ന് ഉറപ്പിച്ച് ചോദിച്ചതെല്ലാം നേടി വിജയം ആഘോഷിച്ച് എസ്എഫ്‌ഐ; ഒരു ഞായറാഴ്ചയെത്തി സമരം ഹൈജാക്ക് ചെയ്ത് എസ്എഫ്‌ഐ കാര്യംനേടിയപ്പോൾ വെട്ടിലായത് സംയുക്തസമിതിയും ബിജെപിയും; രാജിയെന്ന സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങി സമരം തുടരുന്നതിലെ അനൗചിത്യവും ചർച്ചയാകുന്നു

അഞ്ചുവർഷത്തേക്ക് ലക്ഷ്മി നായർ അക്കാഡമി പരിസരത്ത് എത്തില്ലെന്ന് ഉറപ്പിച്ച് ചോദിച്ചതെല്ലാം നേടി വിജയം ആഘോഷിച്ച് എസ്എഫ്‌ഐ; ഒരു ഞായറാഴ്ചയെത്തി സമരം ഹൈജാക്ക് ചെയ്ത് എസ്എഫ്‌ഐ കാര്യംനേടിയപ്പോൾ വെട്ടിലായത് സംയുക്തസമിതിയും ബിജെപിയും; രാജിയെന്ന സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങി സമരം തുടരുന്നതിലെ അനൗചിത്യവും ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഴ്ചകൾ നീണ്ട സമരത്തിനൊടുവിൽ പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജിയെന്ന സാങ്കേതികത്വമൊഴിച്ച് എല്ലാ ആവശ്യങ്ങളും നേടിയെടുത്ത് എസ്എഫ്‌ഐ ലോ അക്കാഡമിക്കെതിരെ നടത്തിയ സമരത്തിൽ നിന്ന പിന്മാറുമ്പോൾ കൂടെ സമരം നടത്തിവന്ന വിദ്യാർത്ഥി സംഘടനകളുടെയും സമരമുഖത്തുള്ള ബിജെപിയുടേയും നിലപാടുകൾ ചർച്ചയാവുന്നു.

ആവശ്യങ്ങൾ നേടിയെടുത്ത് സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐ സമരത്തിൽ നിന്ന് പിന്മാറുമ്പോൾ ലോ അക്കാദമി പ്രിൻസിപ്പാൾ ലക്ഷ്മി നായരുടെ രാജിയിൽ കുറഞ്ഞൊരു പരിഹാരമില്ലെന്ന് പ്രഖ്യാപിച്ച് എസ്എഫ്‌ഐ ഒഴിച്ചുള്ള വിദ്യാർത്ഥി സംഘടനകൾ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ലോ അക്കാദമിയിൽ സംയുക്ത വിദ്യാർത്ഥി സമരം തുടങ്ങിയതിന് ശേഷം സമരത്തിലേക്ക് എത്തിയ എസ്എഫ്‌ഐ വിദ്യാർത്ഥി സമൂഹത്തെ വഞ്ചിച്ചുവെന്ന് ആണ് എഐഎസ്എഫ് ആരോപിക്കുന്നത്. അഞ്ച് വർഷത്തേക്ക് ലക്ഷ്മി നായരെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്ന് നീക്കുന്നതല്ല, രാജിവെക്കണമെന്നതാണ് വിദ്യാർത്ഥി ഐക്യം ആവശ്യപ്പെട്ടതെന്ന് എഐഎസ്എഫും കെഎസ്‌യുവും പ്രതികരിച്ചു. രാജി ആവശ്യത്തിൽ നിന്ന് അഞ്ച് വർഷത്തെ പ്രിൻസിപ്പാളിന്റെ ഒഴിവാക്കലെന്ന ഒത്തുതീർപ്പ് ഫോർമുലയിലേക്ക് എസ്എഫ്‌ഐ മലക്കം മറിഞ്ഞുവെന്നും മറ്റ് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു.

എസ്എഫ്‌ഐ സമരത്തിൽ നിന്ന് പിന്മാറുകയും വിദ്യാർത്ഥികളുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായി നാളെ അക്കാഡമിയിൽ കഌസുകൾ തുടങ്ങുമെന്ന് മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. ഇതോടെ ഇനിയും സമരം തുടരുമെന്ന പ്രഖ്യാപിച്ച സംഘടനകളുടേയും വി മുരളീധരനിലൂടെ നിരാഹാരം തുടരുകയും ചെയ്യുന്ന ബിജെപിയുടേയും നിലപാടുകളും ചർച്ചയായി മാറുകയാണ്.

സംസ്ഥാനവ്യാപകമായി സമരം വ്യാപിപ്പിക്കുമെന്ന് കെഎസ് യു. കെഎസ് യുവും എഐഎസ്എഫും അടക്കം വിദ്യാർത്ഥി സംഘടനകളാണ് സംയുക്ത വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിച്ചതെന്നും ഇതിനിടയിലേക്ക് പാതിയിൽ വന്നു കയറിയ എസ്എഫ്‌ഐ എന്തധികാരത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് അറിയില്ലെന്നായിരുന്നു സമരമുഖത്തുള്ള എഐഎസ്എഫ് പ്രതിനിധിയുടെ പ്രതികരണം. എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ബിജെപിയും സത്യഗ്രഹം നടത്തുന്ന വി മുരളീധരനും വ്യക്തമാക്കി. മറ്റ് വിദ്യാർത്ഥി സംഘടനകൾ സമരം അവസാനിപ്പിക്കുന്നത് വരെ ബിജെപിയും സമരത്തിന് പിന്തുണ നൽകുമെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്.

എന്നാൽ സാങ്കേതികമായി രാജി എന്ന കാര്യം നേടിയില്ലെന്നതൊഴിച്ച് മറ്റെല്ലാ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചെന്നും അതുകൊണ്ടാണ് സമരം അവസാനിപ്പിക്കുന്നതെന്നും എസ്എഫ്‌ഐ നേതാക്കൾ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി എല്ലാ വിഭാഗം വിദ്യാർത്ഥി സംഘടനകളുമായും മാനേജ്‌മെന്റ് ചർച്ച നടത്തിയിരുന്നു. വിദ്യാർത്ഥികൾ മുന്നോട്ടുവച്ച 17 ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. ലക്ഷ്മിനായർ പ്രിൻസിപ്പൽ പദവി രാജിവയ്ക്കണമെന്ന ആവശ്യം മാത്രമാണ് അതേപടി അംഗീകരിക്കാതിരുന്നത്. ഇതിന് മാനേജ്‌മെന്റിന് സാങ്കേതികമായി തടസ്സവുമുണ്ട്.

കാരണം പദവി രാജിവയ്ക്കുകയെന്നത് അവർ വിചാരിച്ചാലേ നടക്കൂ. അവർ രാജിവയ്ക്കില്ലെന്ന് തീർത്തു പറയുന്നതുകൊണ്ടാണ് സമരം ഇത്രയും നീണ്ടതും. എന്നാൽ അവരെ അഞ്ചുവർഷത്തേക്ക് പ്രിൻസിപ്പൽ പദവിയിൽ നിന്ന് നീക്കാനുള്ള തീരുമാനമാണ് മാനേജ്‌മെന്റ് കൈക്കൊണ്ടിട്ടുള്ളത്. ഈ അഞ്ചുവർഷം അവർ ക്യാമ്പസിൽ വരാത്തവിധം ഫാക്കൾട്ടിയായി പോലും ലക്ഷിനായർ തുടരില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

ഇതിനൊരു മറുവശവുമുണ്ട്. ഒരു സ്റ്റാഫ് സ്വയം രാജിവച്ച് മാറുന്നില്ലെങ്കിൽ അവരെ മാറ്റാൻ ഇത്തരമൊരു നടപടി മാത്രമേ മാനേജ്‌മെന്റിന് സാധ്യമാകൂ. ലക്ഷ്മിനായരെ പുറത്താക്കുകയെന്നതല്ലാതെ പിരിച്ചുവിടുകയെന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് മാനേജ്‌മെന്റ് കൈക്കൊണ്ടത്. ഇത് ലക്ഷ്മിനായർ അഞ്ചുവർഷത്തേക്ക് ക്യാമ്പസിൽ ഉണ്ടാവില്ലെന്ന ഉറപ്പ് പരിഗണിച്ച് എസ്എഫ്‌ഐ അംഗീകരിക്കുകയായിരുന്നു.

പ്രിൻസിപ്പലായി മാത്രമല്ല, ഫാക്കൾട്ടിയായി പോലും ലക്ഷ്മിനായർ അക്കാഡമിയിലെത്തിയാൽ തങ്ങൾക്കെതിരെ പ്രതികാര നടപടിയുണ്ടായേക്കുമെന്ന ആശങ്കയും കുട്ടികൾക്കുണ്ടായിരുന്നു. എന്നാൽ അഞ്ചുവർഷത്തേക്ക് ഒരു സ്ഥാനത്തും അക്കാഡമിയിൽ ലക്ഷ്മിനായർ ഉണ്ടാവില്ലെന്ന ഉറപ്പ് ലഭിച്ചത് എസ്എഫ്‌ഐ മുഖവിലയ്‌ക്കെടുത്ത് സമരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം, ലക്ഷ്മിനായരുടെ രാജിയെന്ന കടുംപിടിത്തവുമായി നിന്നത് മാത്രമല്ല എസ്എഫ്‌ഐ ഒഴികെയുള്ള സംഘടനകളേയും ബിജെപിയേയും സമരരംഗത്ത് തുടരാൻ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. സമരംതുടങ്ങി ദിവസങ്ങൾ കഴിഞ്ഞാണ് എസ്എഫ്‌ഐ സമരത്തിന് എത്തുന്നത്. എന്നാൽ അവരുമായി നടന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകുകയും ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് അവർക്ക് മാനേജ്‌മെന്റ് ഉറപ്പുനൽകുകയും ചെയ്തത് മറുപക്ഷത്തെ ശരിക്കും വെട്ടിലാക്കി.

പ്രിൻസിപ്പലിനെ നീക്കിയെന്ന തീരുമാനം എസ്എഫ്‌ഐ ഒറ്റയ്ക്ക് പ്രഖ്യാപിച്ചതോടെ സമരത്തിന്റെ മൈലേജ് അവർ കൊണ്ടുപോകുന്ന സ്ഥിതിയാണ് ഉണ്ടായത്. അതിനാൽ തന്നെ അതിന്റെ ചുവടുപിടിച്ച് തങ്ങളും സമരം അവസാനിപ്പിച്ചാൽ അത് ക്ഷീണമാകുമെന്ന് കണ്ട് മറ്റുള്ളവർ സമരം തുടരുന്ന സ്ഥിതിയിലേക്ക് എത്തുകയായിരുന്നു.

ഇപ്പോഴത്തേ അവസ്ഥയിൽ ഇനി ലക്ഷമിനായർ അക്കാഡമിയിലേക്ക് എത്തില്ലെന്നതുൾപ്പെടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലക്ഷ്മിനായർ രാജിവയ്ക്കണമെന്ന് ഉറപ്പിച്ച് ആവശ്യപ്പെട്ട് സമരം തുടർന്നാൽ അത് അനന്തമായി നീളുന്ന സ്ഥിതിയിലേക്കാണ് പോകുകയെന്ന സംശയവും ഉയർന്നിട്ടുണ്ട്. കാരണം രാജിവയ്ക്കുകയെന്നത് ലക്ഷ്മിനായരുടെ വ്യക്തിപരമായ തീരുമാനമാണ്.

അവർക്കെതിരെ വിദ്യാർത്ഥി പീഡനത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ഒരു സ്വകാര്യ സ്ഥാപനമെന്ന നിലയിൽ പ്രവർത്തിക്കുന്ന അക്കാഡമിയിൽ അവരെ പിരിച്ചുവിടാൻ മാത്രമുള്ള കുറ്റങ്ങൾ തെളിയിക്കപ്പെടുകയും വേണം. തനിക്കെതിരെ നടപടിയെടുത്താൽ അത് ചോദ്യംചെയ്ത് ലക്ഷ്മിനായർക്ക് കോടതിയെ സമീപിക്കാനുമാകും.

ഇതെല്ലാം പരിഗണിച്ചാണ് അവർ അക്കാഡമിയിലേക്ക് അഞ്ചുവർഷം എത്തില്ലെന്ന ഉറപ്പിൽ എസ്എഫ്‌ഐ തൽക്കാലം പ്രശ്‌നപരിഹാരത്തിന് സമ്മതിച്ചത്. ലക്ഷ്മിനായർ രാജിവയ്ക്കാതെ അഞ്ചുവർഷത്തെ ലീവെടുത്ത് മാറിനിന്നാൽപോലും സമരം തുടരുമെന്ന് പ്രഖ്യാപിച്ച മറ്റു സംഘടനകൾ വെട്ടിലാവുന്ന സ്ഥിതിയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP