Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിദ്യാർത്ഥികൾ ആവശ്യം നേടിയ ആശ്വാസത്തിൽ സമരത്തിൽ നിന്നും പിന്മാറിയെങ്കിലും ലോ അക്കാദമിയെ രാഷ്ട്രീയക്കാർ വെറുതേ വിടില്ല; ഭൂമി തിരിച്ചു പിടിക്കാൻ ആവശ്യപ്പെട്ട് 'സിംഗൂർ' മോഡൽ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് ബിജെപി; കാമ്പസിൽ വീടുവച്ച് കഴിയുന്ന കോലിയക്കോടിനെ പടിയിറക്കാൻ കച്ചകെട്ടിയ വിഎസും പോരാട്ടം തുടരും; അച്ഛന്റെ പേരിൽ കണക്കു തീർക്കാൻ ഉറപ്പിച്ച് കെ മുരളീധരനും

വിദ്യാർത്ഥികൾ ആവശ്യം നേടിയ ആശ്വാസത്തിൽ സമരത്തിൽ നിന്നും പിന്മാറിയെങ്കിലും ലോ അക്കാദമിയെ രാഷ്ട്രീയക്കാർ വെറുതേ വിടില്ല; ഭൂമി തിരിച്ചു പിടിക്കാൻ ആവശ്യപ്പെട്ട് 'സിംഗൂർ' മോഡൽ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് ബിജെപി; കാമ്പസിൽ വീടുവച്ച് കഴിയുന്ന കോലിയക്കോടിനെ പടിയിറക്കാൻ കച്ചകെട്ടിയ വിഎസും പോരാട്ടം തുടരും; അച്ഛന്റെ പേരിൽ കണക്കു തീർക്കാൻ ഉറപ്പിച്ച് കെ മുരളീധരനും

തീരുവനന്തപുരം: 29 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥി സംഘടനകൾ തീരുമാനിച്ചുവെങ്കിലും ലോ അക്കാദമി വിഷയം അവസാനിക്കില്ല. പ്രിൻസിപ്പൽ ലക്ഷ്മി നായരെ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ തുടങ്ങിയ സമരത്തിന്റെ മാനം പലഘട്ടത്തിലായി മാറിയിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലോ അക്കാദമിക്ക് സർക്കാർ പണ്ട് നല്കിയ ഭൂമിയെ ചൊല്ലിയുള്ള ആരോപണങ്ങളാണ്. ഭൂമി വിഷയം ഏറ്റെടുത്ത് കൂടുതൽ സമരപരിടപാടികൾക്ക് ബിജെപി പദ്ധതിയിടുന്നുണ്ട്. ഇതോടൊപ്പം സിപിഎമ്മിലെ മുതിർന്ന സഖാവും ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനുമായ വി എസ്. അച്യുതാനന്ദനും ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിൽനിന്നു പിന്മാറിയിട്ടില്ല. ഭൂമി തിരിച്ചെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങുന്ന ബിജെപിക്കൊപ്പം വിഎസിന്റെ എതിർപ്പും കൂടി ചേരുമ്പോൾ ലോ അക്കാദമി കേരളത്തിലെ സിപിഎമ്മിന്റെ സിംഗൂർ ആകുമോയെന്നാണു കണ്ടറിയേണ്ടത്.

സിപിഎമ്മിനെ സംബന്ധിച്ച് തൊട്ടതെല്ലാം പിഴച്ച മണ്ണാണ് ബംഗാളിലെ സിംഗൂർ. ഫലഭൂയിഷ്ഠമായ ഇരുപ്പൂകൃഷി വയലുകൾ ടാറ്റയ്ക്ക് കാർ നിർമ്മാണശാലയ്ക്കായി തിരഞ്ഞെടുത്തു നൽകി ജനഹിതത്തെ അവഗണിച്ചതായിരുന്നു അവർക്ക് പറ്റിയ വീഴ്ച. പല നേതാക്കളും എതിർത്തെങ്കിലും മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും വ്യവസായമന്ത്രിയായിരുന്ന നിരുപം സെന്നും ഇത് അവഗണിച്ച് ഏകപക്ഷീയമായി മുന്നോട്ടുപോയി. മൂന്നര പതിറ്റാണ്ടുകാലം തുടർച്ചയായി അധികാരത്തിലിരുന്ന സിപിഐ(എം) തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോട് തോൽക്കുന്നതും സംസ്ഥാനത്ത് ക്രമേണ ദുർബലമാകുന്നതുമായ കാഴ്ചയാണ് പിന്നീട് കണ്ടത്.

ലോ അക്കാദമി ഭൂമിയെ ചോല്ലിയുള്ള എതിർപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ്. അച്യുതാനന്ദനും രണ്ടു തട്ടിലാണ്. ഭൂമി തിരിച്ചെടുക്കണമെന്ന് വിഎസും എടുക്കാൻ പറ്റില്ലെന്ന് പിണറായിയും ആവർത്തിക്കുമ്പോൾ പാർട്ടിക്കുള്ളിൽ വീണ്ടും ചേരിപ്പോര് തലപൊക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇതോടൊപ്പം സിപിഐയും സിപിഎമ്മിനെതിരെ മുറുമുറുപ്പ് ഉയർത്തുകയും സംസ്ഥാന ജനറൽ സെക്രട്ടറി കാനം അടക്കമുള്ള നേതാക്കൾ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.

1967ലാണ് തിരുവനന്തപുരത്ത് സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ നിയമ വിദ്യാഭ്യാസ സ്ഥാപനമായ കേരള ലോ അക്കാദമി ലോ കോളജ് സ്ഥാപിക്കപ്പെട്ടത്. പേരൂർക്കടയിൽ സർക്കാർ പാട്ടത്തിനു നൽകിയ 11 ഏക്കർ 49 സെന്റ് സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. സിപിഐ നേതാവ് എം.എൻ. ഗോവിന്ദൻ നായർ മന്ത്രിയായിരിക്കുമ്പോഴാണ് ലോ അക്കാദമിക്ക് ഭൂമി പാട്ടത്തിനു നല്കിയത്. 30 വർഷം ലോ അക്കാദമി പ്രവർത്തിച്ചത് പാട്ടഭൂമിയിലാണ്. പിന്നീട് 1984ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയും പി.ജെ. ജോസഫ് റവന്യൂ മന്ത്രിയുമായിരുന്ന കാലത്തു ചേർന്ന മന്ത്രിസഭായോഗമാണ് ഭൂമി അക്കാദമിക്ക് പതിച്ചുനൽകാൻ തീരുമാനിച്ചത്.

ചട്ടപ്രകാരം മൂന്ന് ഏക്കർ ഭൂമി മതി കോളേജിന്. എന്നാൽ കോളജ് ഡയറക്ടറായ നാരായണൻ നായർ പതിനൊന്ന് ഏക്കർ ഭൂമി കൈവശം വച്ചിരിക്കുന്നു. ഇതിൽ എട്ട് ഏക്കറോളം ഭൂമിയിൽ നാരായണൻ നായരുടെ വീടാണ്. ഇതിനോട് ചേർന്ന് അദ്ദേഹത്തിന്റെ സഹോദരനും മുതിർന്ന സിപിഐ(എം) നേതാവും മുൻ എംഎൽഎയുമായ കോലിയക്കോടിനും വീടുണ്ട്. സഹോദരങ്ങൾ രണ്ടു പേരും ആഡംബര വീടുണ്ടാക്കി തിരുവനന്തപുരത്തെ കണ്ണായ പേരൂർക്കടയിൽ കഴിയുന്നതായാണ് ആരോപണം.

ലോ അക്കാദമി ഭൂമിയിലെ ക്രമക്കേട് സംബന്ധിച്ച് വി എസ്. അച്യുതാനന്ദൻ നല്കിയ പരാതിയിൽ സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് നടന്നതായാണു കണ്ടെത്തിയത്. അക്കാദമിക്കു മുന്നിൽ നിരാഹാര സമരം നടത്തിയ ബിജെപി നേതാവ് വി.മുരളീധരനും ഭൂമി വിനിയോഗത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി നല്കിയിരുന്നു.

ഭൂമിയിൽ അനധികൃത കെട്ടിടങ്ങളുണ്ടെന്നാണ് തഹസിൽദാരും ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറുമടങ്ങുന്ന സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സഹകരണ ബാങ്കും ജല അഥോറിറ്റിയുടെ കെട്ടിടവും പ്രവർത്തിക്കുന്നത് അക്കാദമിയുടെ ഭൂമിയിലാണ്. ഇതിന് പിന്നിലായി പുതിയ കെട്ടിടങ്ങളുടെ നിർമ്മാണവും നടക്കുന്നു. ഡയറക്ടർ, പ്രിൻസിപ്പൽ എന്നിവരുടെ ക്വാർട്ടേഴ്സുകളും ഗവേണിങ് ബോഡിയിലെ ചില അംഗങ്ങളുടെ വീടും ഇതേ ഭൂമിയിലാണ്. വിദ്യാഭ്യാസ ആവശ്യത്തിന് സർക്കാർ പതിച്ചുനൽകിയ സ്ഥലത്ത്, മറ്റു കെട്ടിടങ്ങൾ സ്ഥാപിക്കുന്നത് ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഇത്രയൊക്കെ കണ്ടെത്തലുകൾ ഉണ്ടായെങ്കിലും ലോ അക്കാദമി ഭൂമി തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വി എസ് അച്യുതാനന്ദൻ പരാതി നല്കിയതിനു പിന്നാലെ ലോ അക്കാദമി ഭൂമി വിഷയത്തിൽ അന്വേഷണമില്ലെന്നു പിണറായി പ്രഖ്യാപിച്ചിരുന്നു. ലോ അക്കാദമി ഭൂമിയുടെ മുൻ ഉടമസ്ഥനായ നടരാജപിള്ളയെ ഏതോ ഒരു പിള്ള എന്നും പിണറായി വിശേഷിപ്പിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടു തെറ്റാണെന്നും ഭൂമി തിരിച്ചുപിടിക്കേണ്ടത് സർക്കാരിന്റെ കടമായാണെന്നും വി എസ് മറുപടി നല്കി. ഭൂമിവിഷയത്തിൽ അന്വേഷണം നടക്കുമെന്ന് സിപിഐയുടെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും തൊട്ടു പിന്നാലെ പ്രഖ്യാപിച്ചു.

എന്നാൽ ഭൂമി തിരിച്ചെടുക്കാനാവില്ലെന്നാണു വീണ്ടും പിണറായി ആവർത്തിച്ചത്. വി എസ്. അച്യുതാനന്ദന്റെയും സിപിഐയുടെയും എതിർപ്പുകൾ കണക്കിലെടുക്കാതെ ഇക്കാര്യത്തിൽ മുന്നോട്ടു പോകാനാണ് പിണറായി തീരുമാനിച്ചത്. സർ സിപിയുടെ കാലത്ത് കണ്ടുകെട്ടപ്പെടുകയും കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേ വിലവാങ്ങി പതിച്ചു നല്കുകയും ചെയ്ത ഭൂമി തിരിച്ചെടുക്കാനാവില്ലെന്ന ന്യായമാണ് പിണറായി ഉയർത്തിയത്. മുൻ ഉടമസ്ഥനായ നടരാജപിള്ളയുടെ അനന്തിരാവകാശികൾക്ക് ഭൂമി തിരിച്ചു നല്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

ഇത്തരത്തിൽ പുതിയ മാനത്തിലേക്കെത്തിയ വിഷയത്തിൽനിന്ന് വി എസ് പിന്മാറാൻ സാധ്യതയില്ല. അക്കാദമി ഡയറക്ടർ നാരായണൻ നായരുടെ സഹോദരനായ കോലിയക്കോട് കൃഷ്ണൻ നായർ സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തന്റെ മടങ്ങിവരവിനെ എതിർത്തതിലുള്ള പകയും വിഎസിന് ഇക്കാര്യത്തിലുണ്ട്. ജനസമ്മതിയുള്ള വിഎസിന് അച്ഛടക്ക ലംഘനത്തിന്റെ പേരിൽ ചെറിയ താക്കീതു മാത്രം നല്കി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ കേന്ദ്രകമ്മിറ്റി നിർദ്ദേശം നല്കിയെങ്കിലും പിണറായിയുടെ വിശ്വസ്തനായ കോലിയക്കോട് അപ്രതീക്ഷിതമായി എതിർപ്പ് ഉന്നയിച്ചിരുന്നു. പിണറായിയുടെ മറ്റു വിശ്വസ്തരായ എം വി ജയരാജനും പി.ജയരാനും ഇതോടൊപ്പം വിമർശനം ഉന്നയിച്ചു.

ഇതിനിടെ അപ്രതീക്ഷിതമായി കോലിയക്കോടിനെ ആക്രമിക്കാൻ വിഎസിനു ലഭിച്ച അവസരമായിരുന്നു ലോ അക്കാദമി ഭൂമി വിഷയം. വിദ്യാർത്ഥി സമരത്തിനു പിന്തുണയുമായി ആദ്യം ലോ അക്കാദമി സമരവേദിയിൽ എത്തിയപ്പോൾ മുതൽ വി എസ് ചൂണ്ടിക്കാട്ടിയത് ഭൂമിയുടെ ദുർവിനിയോഗമായിരുന്നു. കോലിയക്കോടിനെ ലക്ഷ്യമിട്ടു തന്നെയായിരുന്നു വിഎസിന്റെ നീക്കങ്ങൾ.

അക്കാദമി ഡയറക്ടർ നാരായണൻ നായർ ഭൂമിയിൽ നടത്തിയ ചട്ടലംഘനം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് വിസിനോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഭൂമി വിഷയത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വീണ്ടും ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. വി എസ് പാർട്ടിക്കും മുഖ്യമന്ത്രിക്കും എതിരേ ശക്തമായി രംഗത്തെത്തിയാൽ വിഷയം കത്തിപ്പടരാനുള്ള സാധ്യത ഏറെയാണ്.

ഇതോടൊപ്പമാണ് ബിജെപിയും ഭൂമി വിഷയത്തിന്റെ പേരിൽ പുതിയ പോർമുഖം തുറക്കാൻ തയ്യാറെടുക്കുന്നത്. സിപിഎമ്മിൽ ഭിന്നതയുള്ള വിഷയത്തിൽ തങ്ങൾക്ക് ഏറെ ലാഭം കൊയ്യാനാകുമെന്ന കണക്കുകൂട്ടൽ ബിജെപിക്കുണ്ട്. വരും നാളുകളിൽ ആസൂത്രിതമായ സമരപദ്ധതികളിലൂടെ വിഷയം കൂടുതൾ ശക്തമാക്കി പൊതുസമൂഹത്തിൽ അവതരിപ്പിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നേതൃത്വം ആലോചിക്കുന്നത്.

ലോ അക്കാദമി നിലനിൽക്കുന്ന പേരൂർക്കട ഉൾപ്പെടുന്ന വട്ടിയൂർക്കാവ് നിയോജമണ്ഡലം എംഎൽഎ കെ. മുരളീധരനും ഭൂമി വിഷയം ശക്തമായി ജനങ്ങളിലേക്കെത്തിക്കാൻ പദ്ധതിയിടുന്നുണ്ട്. മുരളീധരന്റെ അച്ഛൻ കരുണാകരനാണ് ഭൂമി ലോ അക്കാദമിക്ക് പതിച്ചു നല്കിയത്. ഇത് അറിയാതെയല്ല മുരളീധരൻ കോളജിനു മുന്നിൽ നിരാഹാര സമരത്തിനിരുന്നത്. അച്ഛന്റെ പേരിലുള്ള കണക്കു തീർക്കാൻ അദ്ദേഹവും ശക്തമായി രംഗത്തുണ്ടാകുമെന്നാണു സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP