Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകൾക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചത് നിയമാനുസൃതം; നിയമപരമോ ധാർമികപരമോ ആയ യാതൊരു അപാകതയും അതിൽ ഇല്ല; കരുണയിൽ മാനേജ്‌മെന്റ് സീറ്റിന് ഫീസ് ഇനത്തിലുള്ളത് വലിയ കുറവും; സത്യാഗ്രഹം സ്വാശ്രയ വിരുദ്ധമല്ല: മകളുടെ പഠന വിവാദത്തിൽ ഷംസുദ്ദീൻ എംഎൽഎയ്ക്ക് പറയാനുള്ളത്

മകൾക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചത് നിയമാനുസൃതം; നിയമപരമോ ധാർമികപരമോ ആയ യാതൊരു അപാകതയും അതിൽ ഇല്ല; കരുണയിൽ മാനേജ്‌മെന്റ് സീറ്റിന് ഫീസ് ഇനത്തിലുള്ളത് വലിയ കുറവും; സത്യാഗ്രഹം സ്വാശ്രയ വിരുദ്ധമല്ല: മകളുടെ പഠന വിവാദത്തിൽ ഷംസുദ്ദീൻ എംഎൽഎയ്ക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സ്വാശ്രയ കോളേജുകൾക്കെതിരെ ആഹാരം കഴിച്ചു നിരാഹാരം ഇരിക്കുന്ന ലീഗ് എംഎൽഎ മകളെ സ്വാശ്രയ കോളേജിൽ ചേർത്തതു ലക്ഷങ്ങൾ മുടക്കിയാണെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. മുസഌംലീഗ് നേതാവും മണ്ണാർകാട് എംഎൽഎയുമായ എൻ ഷംസുദീൻ ആണ് തന്റെ മകൾക്ക് കോഴക്കോളേജിൽ പ്രവേശനം തരപ്പെടുത്തിയശേഷം നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാരുടെ സത്യഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് കിടക്കുന്നതെന്നായിരുന്നു ആക്ഷേപം. സോഷ്യൽ മീഡിയയിലാണ് ഇതു സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നത്. അതോടൊപ്പം തന്നെ വ്യാപക പ്രതിഷേധങ്ങളും ഉയർന്നു. ഇതോടെ എംഎൽഎ വിശദീകരണവുമായി രംഗത്ത് വന്നു. നിയമപരമോ ധാർമികമായോ ഒരു അപാകതയും തന്റെ മകളുടെ പഠനത്തിൽ ഇല്ലെന്നാണ് എംഎൽഎ പറയുന്നത്.

ഒരുകാലത്തും സംസ്ഥാന സർക്കാരുമായി സഹകരിക്കാതെ 100 ശതമാനം സീറ്റിലും സ്വന്തം നിലയിൽ ലക്ഷങ്ങൾ ഫീസ് വാങ്ങി പ്രവേശനം നടത്തുന്ന പാലക്കാട് കരുണ മെഡിക്കൽകോളേജിലാണ് ഷംസുദീൻ മകൾ ഷെഹർസാദിനെ എംബിബിഎസിന് ചേർത്തത്. 50 ശതമാനം സീറ്റ് സർക്കാരിന് കൊടുക്കാൻ തയ്യാറാകാത്ത സ്വകാര്യ മെഡിക്കൽകോളേജാണ് പാലക്കാട് കരുണ. എല്ലാസീറ്റും മാനേജ്‌മെന്റായി പരിഗണിച്ച് ലക്ഷങ്ങളാണ് ഇവിടെ വാർഷിക ഫീസ് ഈടാക്കുന്നത്. ഈ കോളേജിലെ പ്രവേശനം സുതാര്യമാകാത്തതിനാൽ മേൽനോട്ട സമിതിയായ ജസ്റ്റിസ് ജയിംസ് കമ്മിറ്റി രണ്ടുതവണ താക്കീത് നൽകി. ഈ കോളേജിലെ പ്രവേശന തിരിമറിക്കെതിരെ ജയിംസ് കമ്മിറ്റി മുമ്പാകെ നിരവധി പരാതി നിലവിലുണ്ട്. ഇവിടെയാണ് ലക്ഷങ്ങൾ നൽകി മകളെ എംബിബിഎസിന് ചേർത്തശേഷം ഉളുപ്പില്ലാതെ ജനങ്ങളെ വഞ്ചിക്കാനുള്ള കോൺഗ്രസിന്റെ സമരത്തിനൊപ്പം ചേർന്നതെന്നായിരുന്നു സോഷ്യൽ മീഡിയയുടെ ആക്ഷേപം. ഇതിനാണ് ഷംസുദ്ദീൻ മറുപടി നൽകുന്നത്.

മണ്ണാർക്കാട് എംഎൽഎയായ അഡ്വ.എൻ.ഷംസുദ്ദീന്റെ വിശദീകരണം ഇങ്ങനെ:

എന്റെ മകൾ സ്വാശ്രയ കോളേജിൽ പ്രവേശനം നേടിയതിനെ കുറിച്ച് സോഷ്യൽ മീഡിയകളിലും , മറ്റ് ചില മാദ്ധ്യമ ങ്ങളിലും തെറ്റിദ്ധാരണജനകമായ ചില പരമർശങ്ങൾ കാണുകയുണ്ടായി . കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിവിധ സ്വാശ്രയ കോഴ്‌സുകളിൽ പഠിക്കുന്നുണ്ട് . നിയമാനുസൃതം അപേക്ഷ നൽകിയപ്പോൾ മകൾക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചത് പാലക്കാട് കരുണ മെഡിക്കൽ കോളേജിൽ ആണ്. മറ്റ് നാല് കോളേജുകളിൽ നിന്ന് ബിഡിഎസിനും അലോട്ട്‌മെന്റ് ലഭിച്ചിരുന്നു.

കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ എല്ലാ വിഭാഗം കുട്ടികളും പഠിക്കുന്നുണ്ട് . ഭരണ പക്ഷത്തും , പ്രതിപക്ഷത്തുമുള്ള ജനപ്രതിനിധികളുടെ കുട്ടികൾ പഠിക്കുന്നുണ്ട്, മുമ്പ് പഠിച്ചിട്ടുമുണ്ട് . അതിൽ നിയമപരമോ ധാർമികപരമോ ആയ യാതൊരു അപാകതയും ഇല്ല . ഇപ്പോൾ കേരളത്തിൽ യുഡിഎഫിന്റ് നേതൃത്വത്തിൽ നടക്കുന്ന സമരം സ്വാശ്രയ മാനേജ്‌മെന്റ്കൾക്ക് സർക്കാർ കൂടുതൽ ഫീസ് വർദ്ധിപ്പിച്ച് നൽകിയതിനെതിരെ ആണ് സ്വാശ്രയ കോളേജുകൾക്ക് എതിരെ അല്ല . ഒരു യുഡിഎഫ് ജനപ്രതിനിധി എന്ന നിലയിൽ പാർട്ടിയും ,യുഡിഎഫും പറയുന്ന ഏതു പ്രക്ഷോഭത്തിൽ പങ്കെടുക്കുവാനും നേതൃത്വം നൽകുവാനും എനിക്കുള്ള ചുമതല എന്റെ മകൾ സ്വാശ്രയ കോളേജിൽ ആണ് പഠിക്കുന്നത് എന്നതുകൊണ്ട് എങ്ങിനെയാണ് നഷ്ടമാകുന്നത് എന്ന് മനസ്സിലാകുന്നില്ല .

എന്റെ മകൾ പ്രവേശനം നേടിയ കരുണ മെഡിക്കൽ കോളേജ് സർക്കാരുമായി കരാർ ഒപ്പിട്ടിട്ടില്ല എന്നത് ഒരു പുതിയ കാര്യമല്ല . സുപ്രീം കോടതി ന്യൂനപക്ഷ പദവി നൽകിയിട്ടുള്ള ഈ സ്ഥാപനം കഴിഞ്ഞ കുറെ വർഷങ്ങളായി സ്വന്തം നിലയിലാണ് പ്രവേശനം നടത്തുന്നത് . ഇന്നത്തെ സ്ഥിതിയിൽ കരാർ ഒപ്പിട്ട കോളേജുകളെക്കാൾ മാനേജ്‌മെന്റ് സീറ്റിന് ഫീസ് ഇനത്തിൽ ഇവിടെ വലിയ കുറവുമുണ്ട് . ഞാൻ പങ്കെടുത്ത സത്യാഗ്രഹം സ്വാശ്രയ വിരുദ്ധമല്ല , ഫീസ് വർദ്ധനവിനെതിരെയാണെന്നും മണ്ണാർക്കാട് എംഎൽഎയായ അഡ്വ.എൻ.ഷംസുദ്ദീൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP