Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽ വളർത്തിയാലും അലർച്ച മുഴങ്ങിക്കേൾക്കും; മനുഷ്യനെ കണ്ടാൽ വാലാട്ടുന്ന പുലിയുടെ യജമാനൻ നഗരവാസിയല്ല; കുടകിലെ റിസോർട്ടിൽ നിന്ന് ചാടിയതോ എന്നും സംശയം; സർക്കസ്സുകാരും നിരീക്ഷണത്തിൽ; കണ്ണൂരിൽ പിടികൂടിയ ശാന്തൻ പുലിയുടെ നിഗൂഡത മാറുന്നില്ല

വീട്ടിൽ വളർത്തിയാലും അലർച്ച മുഴങ്ങിക്കേൾക്കും; മനുഷ്യനെ കണ്ടാൽ വാലാട്ടുന്ന പുലിയുടെ യജമാനൻ നഗരവാസിയല്ല; കുടകിലെ റിസോർട്ടിൽ നിന്ന് ചാടിയതോ എന്നും സംശയം; സർക്കസ്സുകാരും നിരീക്ഷണത്തിൽ; കണ്ണൂരിൽ പിടികൂടിയ ശാന്തൻ പുലിയുടെ നിഗൂഡത മാറുന്നില്ല

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂരിൽ പിടികൂടിയ പുലിയെ കുറിച്ചുള്ള ദുരൂഹതകൾ മാറുന്നില്ല. പുലിയെ കുറിച്ച് ഇനിയും വ്യക്തതയായിട്ടില്ല. സർക്കസ് കൂടാരങ്ങളിൽ പുലി ഉൾപ്പെടെയുള്ള മൃഗങ്ങളെ പ്രദർശനങ്ങളിൽ നിന്ന് ഒഴിവാക്കിയപ്പോൾ അത്തരം മൃഗങ്ങളെ ചിലർ എടുത്തു വളർത്തിയിരുന്നു. ഒരു പക്ഷേ അത്തരത്തിലുള്ള പുലിയോ അവയുടെ കുഞ്ഞോ ആകാനാണ് സാധ്യതയെന്ന് പേര് വെളിപ്പെടുത്താത്ത ഒരു മുൻ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കണ്ണൂർ നഗരത്തിലോ അതിനു പുറത്തോ ആരെങ്കിലും പുലിയെ വളർത്തിയിരുന്നെങ്കിൽ അതിന്റെ അലർച്ച അടുത്ത പ്രദേശങ്ങളിലൊക്കെ കേട്ടേനെ. അങ്ങനെ ആരും കേൾക്കാത്ത സാഹചര്യത്തിൽ നഗരത്തിലെ ഏതോ സമ്പന്നൻ വളർത്തിയതാണെന്ന തരത്തിലുള്ള കുപ്രചരണങ്ങൾ വിഡ്ഢിത്തമായി കരുതാം. കണ്ണൂർ ജില്ലക്ക് തൊട്ടു കിടക്കുന്ന കർണാടക കുടകിലെ ചില റിസോർട്ടുകളിൽ പുലിയെ വളർത്തുന്നുണ്ടെന്ന വിവരമുണ്ട്. അവിടെ നിന്നും ചാടിപ്പോന്നതാണ് കണ്ണൂരിലെ പുലിയെന്ന സംശയവുമുണ്ട്. കർണ്ണാടകത്തിലെ കാഴ്ചബംഗ്ലാവിൽ നിന്നും പുലികൾ പുറത്തുപോയ സംഭവവും ഉണ്ടായിട്ടുണ്ട്.

വളർത്തുപുലിയെന്ന വാദം മുറുകുമ്പോഴും പുലി എത്തിപ്പെട്ടതിന്റെ യഥാർത്ഥവിവരം അറിവായിട്ടില്ല. കൊങ്കൺ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ പുലി വരുന്നത് സർവ്വസാധാരണമാണ്. പശുക്കളേയും മറ്റും കൊന്നു തിന്നുന്ന പ്രശ്നത്തിൽ അവിടത്തെ ഗ്രാമസഭകൾ പ്രതിഷേധം അറിയിക്കാറുണ്ട്. കൊങ്കൺ പാത വന്നപ്പോഴും അവിടെ പുലിശല്യം കൂടിയിരിക്കയാണ്. നിർത്തിയിട്ട ഗുഡ്സ് വാഗണിന്റെ മുകളിൽ കയറുന്ന ശീലവും പുലികൾക്കുണ്ട്. അങ്ങിനെ ട്രെയിൻ വഴി എത്തപ്പെട്ട പുലിയാണെങ്കിൽ കണ്ണൂരിലെ റെയിൽവേ ട്രാക്കിനടുത്ത് ഭയപ്പെടാതെ കഴിയാം.

കണ്ണൂരിൽ നിന്നും പിടികൂടിയ പുലി ശാന്തസ്വഭാവക്കാരനായിരുന്നു. ശല്യപ്പെടുത്തിയവരെ കാര്യമായി അക്രമിച്ചുമില്ല. സർക്കസുമായി ബന്ധപ്പെട്ട ചില കുടുംബങ്ങൾ കണ്ണൂരിലുണ്ട്. അവരെ ചുററിപ്പറ്റി സംശയങ്ങളും വളരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് അന്വേഷണവും വനം വകുപ്പിന്റെ നിരീക്ഷണവും നടന്നു വരുന്നുണ്ട്. ഇതുവരേയും ഇക്കാര്യത്തിൽ വസ്തുത പുറത്തുകൊണ്ടുവരാനായിട്ടില്ല.

കണ്ണൂർ നഗരത്തിന് ഏറ്റവും അടുത്തു വനമുള്ളത് ഇരട്ടിക്കപ്പുറമാണ്. രാത്രി സമയത്ത് വനത്തിൽനിന്നിറങ്ങിവരുന്ന പുലി സാധാരണ ഗതിയിൽ 150 കിലോ മീറ്റർ വരെ ദൂരം താണ്ടും. രാത്രിസമയം കൊണ്ടു തന്നെ വനത്തിൽനിന്നിറങ്ങി വനത്തിൽ തിരിച്ചെത്തും. എന്നാൽ പുലി നാട്ടിലിറങ്ങുമ്പോൾ അതിന്റെ ലക്ഷണങ്ങൾ പുറത്തറിയും. പ്രധാനമായും പട്ടികൾ ഓരിയിടുകയും പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. പട്ടികളുടെ കൂട്ടക്കരച്ചിൽ മറ്റു ജീവികൾക്കു കൂടിയുള്ള അപകടസിഗ്‌നലാണ്. ഇങ്ങനെ രാത്രികാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലൂടെ കടലോരം വരെ പുലികൾ സഞ്ചരിക്കാറുണ്ട്. മുൻകാലങ്ങളിൽ പുലികളുടെ സഞ്ചാരം മനസ്സിലാക്കിയ പട്ടികൾ ഓരിയിടുമ്പോൾ യക്ഷികളുടെ സാന്നിധ്യമാണെന്ന് കരുതി ഭയപ്പെടുന്നവരുണ്ട്. ആരും ഇത് അറിയാറില്ലെന്ന് മാത്രം.

എന്നാൽ രാത്രികാലങ്ങളിൽ വന്ന് 1999 ലും 2011 ലും കണ്ണൂർനഗരത്തിൽ പെട്ടുപോയ പുലികളുണ്ട്. 1999 ൽ വീട്ടിനകത്ത് പോലും പുലി പെട്ടുപോയിരുന്നു. വളപട്ടണം പുഴ വഴിയാണ് കണ്ണൂരിൽ ഇങ്ങനെ പുലി എത്താറ്. പ്രജനനകാലത്ത് നഗര പ്രദേശങ്ങളിൽ പുലികളെത്തുന്നത് ആസാം, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പതിവാണ്. എന്നാൽ കണ്ണൂരിൽ പിടികൂടപ്പെട്ട പുലി വളർത്തുപുലിയോ കാട്ടുപുലിയോ എന്ന വിവാദം കൊഴുക്കുകയാണ്. കണ്ണൂരിൽ നിന്ന് പിടിച്ച പുലി വളർത്ത് മൃഗമാണെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുലിയെ തേടി വനംവകുപ്പ് നേരിട്ട് ഇറങ്ങിയത്.

കണ്ണൂരിൽ നിന്ന് നെയ്യാർഡാം മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച പുലി ഓമനമൃഗത്തിനു സമാനമായ രീതിയിൽ പെരുമാറിയതോടെയാണ് സംശയം ജനിച്ചത്. ജീവനുള്ള ആടിനെയും മുയലിനെയും പുലിക്ക് ഭക്ഷിക്കാൻ നൽകിയെങ്കിലും ഒരു മുയലിനെ കൊന്ന പുലി അതിനെ തിന്നാൻ കൂട്ടാക്കിയില്ല. മാത്രമല്ല, ആടുമായി മുട്ടിയുരുമ്മി സൗഹൃദത്തിലാവുകയും ചെയ്തു. പുലിയുടെ അസാധാരണമായ പെരുമാറ്റത്തെ തുടർന്ന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. കെ. ജയകുമാർ പുലിയെ നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് പുലിയുടെ സ്വാഭവാത്തിലെ മാറ്റങ്ങൾ തെളിഞ്ഞത്. ജയകുമാറിന്റെ റിപ്പോർട്ടിൽ പുലിയെ ആരോ വളർത്തിയതാകാമെന്ന് പറയുന്നുണ്ട്.

പുലിയുടെ രോമത്തിന്റെ നിറം മറ്റ് പുലികളിൽനിന്ന് അൽപം വ്യത്യാസമുള്ളതാണ്. ഇത് ഷാമ്പൂപോലുള്ള എന്തെങ്കിലും പദാർഥം ഉപയോഗിച്ച് കുളിപ്പിച്ചതിനെ തുടർന്നുള്ളതാകാമെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം. കെ. ജയകുമാറിന്റെ റിപ്പോർട്ട് പ്രകാരമുള്ള അന്വേഷണമാണ് സുനിൽ പാമിഡിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. കഴിഞ്ഞ മാർച്ച് അഞ്ചിന് ഉച്ചക്കുശേഷമാണ് കണ്ണൂർ തായത്തെരു റെയിൽവേ മേൽപ്പാലത്തിനു സമീപം പുലിയെ കണ്ടത്. പുലിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. മയക്ക് വെടിവച്ചാണ് വനപാലകർ ഇതിനെ പിടിച്ചത്. പുലിയെ പിടികൂടിയ ഉടൻ തന്നെ സുഖ ചികിത്സ നൽകി കാട്ടിലേക്ക് തുറന്ന് വിടാൻ നെയ്യാർ വന്യ ജീവി സങ്കേതത്തിലെ സിംഹ സഫാരി പാർക്കിൽ എത്തിക്കുകയായിരുന്നു.

ഈ പുലിയെ കാട്ടിൽ തുറന്ന് വിട്ടാൽ ഒന്നുകിൽ ഇരപിടിക്കാൻ കഴിയാതെ വിശന്നു വലഞ്ഞു അത് ചാവുമെന്ന് വനപാലകർ തിരിച്ചറിഞ്ഞു. അല്ലെങ്കിൽ മറ്റു പുലികളോ ജന്തുക്കളോ ഇതിനെ ആട്ടി ഓടിക്കും. വനംവന്യം ജീവി നിയമ പ്രകാരം് ഷെഡ്യൂൾ ഒന്നിൽപെടുന്ന പുലിയെ വീട്ടിലോ നാട്ടിലോ വളർത്തുന്നതും വനത്തിൽ നിന്നും കടത്തി കൊണ്ടുവരുന്നതും ഗുരുതരമായ കുറ്റമാണ്. കാട്ടിൽ നിന്നാണ് ഈ പുലിയെ നാട്ടിലെത്തിച്ചതെങ്കിൽ ബന്ധപ്പെട്ട റെയ്ഞ്ച് ഓഫീസർ അടക്കം ഒരു ഡസനിലധികം ഉദ്യഗസ്ഥരുടെ തൊപ്പി തെറിക്കും. അന്വേഷണം ഉണ്ടാവാതിരിക്കാൻ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ മറുവാദവും ഉയർത്തുന്നുണ്ട്.

ഇതിന് വേണ്ടിയാണ് സർക്കസു കമ്പിനിക്കാർ ഉപേക്ഷിച്ചതോ ഉത്തരേന്ത്യയിൽ നിന്നും സമാന സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട് ഗുഡ്സ് ട്രയിനിൽ കണ്ണൂരിലെത്തിയതോ ആവാമെന്ന വാദം ഉയർത്തുന്നതെന്നും വിലയിരുത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP