Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളിനെ സ്വന്തമാക്കാൻ പള്ളി ശ്രമിച്ചു; സന്യാസി സമൂഹത്തിന്റെ എതിർപ്പിന് നേതൃത്വം കൊടുത്തു; അങ്ങനെ സഭയുടെ കണ്ണിലെ കരടായി; കൂടെ നിന്നവരും കാലുമാറിയപ്പോൾ സിസ്റ്റർ ടീന ഒറ്റപ്പെട്ടു

കൊച്ചി: 2008 ലാണ് സഭയുമായുള്ള സിസ്റ്റർ ടീനയുടെ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. അക്കാര്യങ്ങൾ സിസ്റ്റർ ടീന വിശദീകരിക്കുകയാണ്. 2007 മാർച്ച് മാസത്തിൽ സിസ്റ്റർ ടീനയുടെ ചേച്ചി സിസ്റ്റർ ആനി ജെയ്‌സ് സി എം സി സന്യാസിനി സമൂഹത്തിന്റെ കീഴിലെ ചമ്പക്കരയിലെ സെന്റ് ജോർജ് എയ്ഡഡ് സ്‌കൂളിൽ നിന്നും അദ്ധ്യാപികയായി വിരമിച്ചു. ഈ സ്‌കൂളിൽ പഠിപ്പിക്കുന്ന കാലത്ത് സി.ആനി ജെയ്‌സിന്റെ നേതൃത്വത്തിൽ ഇവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിക്കുകയും ഈ സ്‌കൂളിന് നേരിടേണ്ടിവന്ന പ്രതിസന്ധികളെയെല്ലാം വിജയകരമായി തരണം ചെയ്യുകയും ചെയ്തു. ഇതുമൂലം സിസ്റ്റർ ആനിജെയ്‌സിനെ കുറിച്ച് സി എം സി സന്യാസിനി സമൂഹത്തിന് വലിയ മതിപ്പുണ്ടായി.

തുടർന്ന് മെയ്മാസത്തിൽ സഭ സി.ആനി ജെയ്‌സിനെ ഞാറയ്ക്കലുള്ള സെന്റ് ജോസഫ് സി ബി എസ് ഇ സ്‌കൂളിന്റെ പ്രിൻസിപ്പാൾ ആയി നിയമിച്ചു. ഈ സമയം ഞാറക്കൽ പള്ളിയും സന്യാസിനി സമൂഹവും തമ്മിൽ ലിറ്റിൽ ഫ്ളാവർ ഹൈസ്‌കൂളിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം ആരംഭിച്ചിരുന്നു. ഈ രണ്ടു സ്‌കൂളുകളും തൊട്ടടുത്തായാണ് പ്രവർത്തിച്ചിരുന്നത്. സി.ആനി ജെയ്‌സ് സി ബി എസ് ഇ സ്‌കൂളിന്റെ പ്രൻസിപ്പാളായി ചുമതല ഏറ്റെടുത്ത സമയത്ത് സി എം സി പ്രൊവിൻഷാൽ ഹൗസിലേയ്ക്ക് അതിരൂപത കച്ചേരിയിൽ നിന്ന് ഒരു കത്തു ലഭിച്ചു.കത്തിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു ഞാറയ്ക്കലിലെ സെന്റ് ജോസഫ് സിബിഎസ്ഇ സ്‌കൂൾ ഞാറയ്ക്കൽ പള്ളിയുടെ കീഴിലുള്ള ലിറ്റിൽ ഫ്‌ലവർ ഹൈസ്‌കൂളിന്റെ പ്രവർത്തനത്തിന് തടസ്സമാകുന്നു

അതിനാൽ സി ബി എസ് ഇ സ്‌കൂളും ഇവിടെ പ്രവർത്തിക്കുന്ന കന്യാസ്ത്രി മഠവും അവിടെ നിന്നും മാറ്റണം എന്ന് പരാതി ലഭിച്ചിരിക്കുന്നു, ഇതിനു മറുപടി പറയണമെന്ന്. ഈ കത്തു വായിച്ച സി എം സി സന്യാസിനി സമൂഹം ഒന്നടങ്കം ഞെട്ടി. 1940 കളിൽ സി എം സി സമൂഹത്തിലെ കന്യാസ്ത്രികൾ സ്ഥാപിച്ച സ്‌കൂളാണ് ഇപ്പോൾ പള്ളിയുടെ സ്‌കൂളെന്ന അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. അന്നത്തെ ഞാറയ്ക്കൽ പള്ളി വികാരി ഫാ. ആന്റണി ചിറപ്പണത്താണ് സ്‌കൂളിൻ മേൽ അവകാശവാദം ഉന്നയിച്ച് പരാതി നൽകിയിരിക്കുന്നത്. ഉടൻ തന്നെ പ്രൊവിൻഷ്യൽ കൗൺസിൽ ചേർന്ന കാര്യങ്ങൾ ചർച്ച ചെയ്തു. പഴയ രേഖകളും ആധാരങ്ങളും എല്ലാം പരിശോധിച്ചു രേഖകൾ പ്രകാരം ലിറ്റിൽ ഫ്ഌവർ സ്‌കൂൾ കന്യാസ്ത്രികളുടേത് തന്നെ. പക്ഷേ വർഷങ്ങൾക്ക് മുമ്പ് 1945ൽ ഇടവ വികാരി ആയിരുന്ന ഫാ.കുരുവിള പഞ്ഞിക്കാരനെ തന്നെ സ്‌കൂളിന്റെ മാനേജർ ആക്കണമെന്ന് അന്നത്തെ മദറിനോട് ആവശ്യപ്പെട്ട പ്രകാരം മദർ അച്ചനെ മാനേജർ ആയി നിയമിച്ചു.

ഇക്കാര്യം ഞാറയ്ക്കൽ മഠത്തിലെ ക്രോണിക്കളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്നു വന്ന പള്ളി വികാരികളെല്ലാം സ്‌കൂളിന്റെ മാനേജർമാരായി തുടർന്നു വരികയായിരുന്നു(.തസ്തികകൾ വിറ്റ് പണം വാങ്ങുകയായിരുന്നു ഇവരുടെ പ്രധാന ജോലി) പ്രൊവിൻഷ്യൽ കൗൺസിലിന്റെ തീരുമാനപ്രകാരം കന്യാസ്ത്രികൾ അന്നത്തെ എറണാകുളം അതിരൂപത ഓക്‌സിലറി ബിഷപ്പ് ആയിരുന്ന മാർ തോമസ് ചക്യാത്തിനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് അതിരൂപത ഇക്കാര്യം പരിശോധിക്കാൻ ഒരു ഏഴംഗ റെഗുലേറ്ററി കമ്മീഷനെ നിയമിച്ചു. കമ്മീഷൻ നടത്തിയ പഠനത്തിൽ സ്‌കൂൾ കന്യാസ്ത്രികളുടേതാണന്ന് കണ്ടെത്തി. ഇതേ തുടർന്ന് മാനേജർ സ്ഥാനത്ത് നിന്ന് ഞാറയ്ക്കൽ പള്ളി വികാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് സി എം സി സമൂഹം ഡി പി ഐയ്ക്ക് കത്തുകൊടുത്തു. വീണ്ടും മാർ തോമസ് ചക്യാത്ത് സിസ്റ്റർമാരെ ചർച്ചയ്ക്ക് വിളിച്ചു.

ചർച്ചയ്ക്കിടയിൽ ബിഷപ്പ് സ്‌കൂൾ പള്ളിയുടേതാണന്ന് കാണിക്കുന്ന ഒരു വ്യാജരേഖ കന്യാസ്ത്രീകളെ കാണിച്ചിട്ടു പറഞ്ഞു 'ഈ രേഖ പ്രകാരം സ്‌കൂൾ പള്ളിയുടേതാണ് അതുകൊണ്ട് നിങ്ങൾ സ്‌കൂൾ പള്ളിക്ക് വിട്ടുകൊടുക്കുക പിന്നെ ഈ രേഖയുടെ കാര്യം നിങ്ങൾ ആരോടും പറയരുതെന്ന് താക്കീതും. കന്യാസ്ത്രികൾ അത് അംഗീകരിക്കാതെ വന്നപ്പോൾ ബിഷപ്പ് ഭീക്ഷണിയുടെ സ്വരത്തിലേയ്ക്ക് മാറി. ഞാറയ്ക്കലിലെ ജനം നിങ്ങളെ തല്ലുമ്പോൾ നിങ്ങൾ എന്റെ അടുക്കൽ വന്ന് സ്‌കൂൾ പള്ളിയുടേതാണന്ന് എഴുതി തരും.' സ്‌കൂൾ മാനേജർ സ്ഥാനത്ത് നിന്ന് പള്ളി വികാരിയെ മാറ്റുന്നതിനുള്ള പേപ്പറുകൾ ശരിയാക്കാൻ കന്യാസ്ത്രികൾ ചുമതലപെടുത്തിയത് സിസ്റ്റർ ടീനയുടെ ചേച്ചി സി.ആനി ജെയ്‌സിനെയാണ് ഇക്കാര്യത്തിനായി സി.ആനി തിരുവനന്തപുരത്ത് എത്തിയപ്പോൾ പേപ്പറുകൾ എല്ലാം ശരിയാണ് പക്ഷേ ഓഡർ ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിഎം എ ബേബിയുടെ ഓഫീസിലാണെന്ന് ഡിപിഐ ഓഫീസിൽ നിന്ന് അറിയിച്ചു .

ഇതിനു ശേഷം പലതവണ സി.ആനിക്ക് ഫോണിലൂടെ വധ ഭീക്ഷണി ഉണ്ടായി തിരുവനന്തപുരത്തായിരുന്ന സിസ്റ്റർ ആനി ഇക്കാര്യം സി.ടീനയെ വിളിച്ചു പറഞ്ഞു. സി.ടീന സി പി എമ്മിന്റെ അന്നത്തെ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ കണ്ട് കാര്യം പറഞ്് മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്‌കൂൾമാനേജരെ മാറ്റിക്കൊണ്ടുള്ള ഓഡർ ഇറക്കിച്ചു. ഇതാണ് സി.ടീനയോട് ആദ്യം കത്തോലിക്ക സഭയ്ക്ക് ദ്യേഷ്യം ഉണ്ടാവാനുള്ള കാരണം. സ്‌കൂൾ നിയമപരമായി കന്യാസ്ത്രികളുടേതായി മാറിയതോടെ അന്നത്തെ മദർ ജനറാൽ സി.എഡ്വേർഡ് ഞാറയക്കൽ പള്ളി വികാരിയെ കണ്ട് കാര്യങ്ങൾ സമാധാനപൂർവ്വം അവസാനിപ്പിക്കാൻ ഞാറയ്ക്കൽ പള്ളിയിലെത്തി. എന്നാൽ പള്ളി വികാരിയും ഇടവക അംഗങ്ങളും ചേർന്ന് ഏഴുമണിക്കൂറോളം മദറിനെ പള്ളിയിൽ ബന്ധിയാക്കി വച്ചു.

സ്‌കൂൾ പള്ളിക്കു നൽകുന്നതായി എഴുതികൊടുത്തതിനു ശേഷം രാത്രി 9.30ഓടെയാണ് അവർ മദറിനെ വിട്ടയച്ചത്. എന്നാൽ പിറ്റേ ദിവസം മദർ ഡി പി ഐയ്ക്ക് വീണ്ടും കത്തു കൊടുത്തു തന്നെ ബന്ധിയാക്കിയാണ് പള്ളിവികാരി സ്‌കൂളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന്. ഇതിൽ കലി പൂണ്ട പള്ളിവികാരി ഫാ.പോൾ കരിയാറ്റിയും ഫാ.ബിന്റോ കിലുക്കനും ഗുണ്ടകളുടെ സഹായത്തോടെ 2009 ജനുവരി 25 ന് രാവിലെ 8.30ന് മാരക ആയുധങ്ങളുമായി ഞാറയ്ക്കൽ മഠത്തിന്റെ ഗേറ്റ്് പൊളിച്ച് അകത്തു കടന്ന് അവിടെ ഉണ്ടായിരുന്ന സിസ്റ്റർ റെയ്‌സിയേയും അനാഥാലയത്തിലെ അന്തേവാസികളേയും ആക്രമിച്ചു.

ഇത് അക്കാലത്ത് വലിയ വാർത്ത ആയതാണ്. ഈ സംഭവം അറിഞ്ഞ സിസ്റ്റർ ടീന അരമനയിലെത്തി ബിഷപ്പുമാരെ കാണാൻ ശ്രമിച്ചു.എന്നാൽ അവരെ ആരെയും കാണാൻ കഴിഞ്ഞില്ല. ദുഃഖിതയായ സിസ്റ്റർ ടീന മദറിന്റെ അടുക്കൽ എത്തി സന്യാസിനി സമൂഹത്തിൽ നിന്ന് സ്വയം വിരമിക്കലിന് അപേക്ഷ കൊടുത്തു.എന്നാൽ മദർ ടീനയെ ആശ്വസിപ്പിച്ച് അപേക്ഷ അപ്പോൽ തന്നെ കീറികളഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരിക്കുന്ന സി.റെയ്‌സിയുടെ അടുത്തെത്തി അച്ചന്മാർക്കും സഭാ അധികാരികൾക്കുമെതിരെ ക്രിമിനൽ കേസ് കൊടുപ്പിച്ചു. ഉടൻ തന്നെ മദർ ജനറാളിന്റെ വിളിയെത്തി ബിഷപ്പുമാരുമായി കൂടിക്കാഴ്ചക്കെത്തണം. തുടർന്ന് മദറും മാർ എടയന്ത്രത്തും മാർ ചക്യാത്തുമായി കൂടിക്കാഴ്ച.

അവിടെ വച്ച് ബിഷപ്പുമാർക്ക് ഒരു ആവശ്യമെ പറയാനുള്ളു സ്‌കൂൾ പള്ളിക്ക് വിട്ടു കൊടുക്കണം.സി.ടീന ഞാറയ്ക്കൽ പ്രശ്‌നത്തിൽ നിന്നും ഒഴിവാകണം. രണ്ടും ടീന നിരസിച്ചുവെന്നു മാത്രമല്ല തിരുവസ്ത്രമണിഞ്ഞ് ബിഷപ്പുമാരും അച്ചന്മാരും കാണിക്കുന്ന തോന്നിവാസത്തെ ചോദ്യം ചെയ്യുകയും ചെയ്തു. വീണ്ടു കേസുമായി മുന്നോട്ട് പോകുന്നു.ബിഷപ്പുമാരും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അവർ സന്യാസിനി സമൂഹത്തെ സ്വാധീനിച്ച് വരുതിയിൽ കൊണ്ടുവന്നു. സന്യാസിനി സമൂഹം മെല്ലെ സി.ടീനയെ കയ്യൊഴിയാൻ തുടങ്ങി.അങ്ങനെ ഇരിക്കെ ഒരു ദിവസം പ്രൊവിൻഷ്യൽ കൗൺസിലർ സി.ലീന പോൾ ഒരു സർക്കുലർ ഇറക്കി ഞാറയ്ക്കൽ പ്രശ്‌നത്തിന്റെ കാരണക്കാരി സി.ടീനയാണെന്നായിരുന്നു സർക്കുലർ. തകർന്നു പോയ സി.ടീന അധികാരികളുടെ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിൽ സഭയിൽ നിന്നു വിരമിക്കുന്നതായി കാണിച്ച് വീണ്ടും കത്തു കൊടുത്തു.

12 ദിവസത്തിനുള്ളിൽ ഇതിന് അംഗീകാരം നൽകി സഭ റീ സ്‌ക്രിപ്റ്റ് അയച്ചു. എന്നാൽ ടീന ഇത് ഒപ്പിട്ടു വാങ്ങാൻ തയ്യാറായില്ല. കാനോനിക നിയമം അനുസരിച്ച് സി.ടീന ഇത് ഒപ്പിട്ടു വാങ്ങിയാൽ മാത്രമെ അവർ സന്യാസിനി സമൂഹത്തിലെ അംഗമാകാതിരിക്കൂ.ഇതിനു ശേഷം സഭയും കന്യാസ്ത്രികളും ചേർന്ന് സി.ടീനയെ പുകച്ചു പുറത്തു ചാടിക്കാനുള്ള പദ്ധതികൾ തുടങ്ങുകയായിരുന്നു
(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP