Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്തു കാലവർഷത്തിൽ 34 ശതമാനത്തിന്റെ കുറവ്; തുലാവർഷം 60 ശതമാനത്തിന്റെയും; പാലക്കാട് കുഴൽകിണറുകൾ കുഴിക്കാൻ നിയന്ത്രണം; ആയിരം അടി താഴ്‌ത്തിയിട്ടും ഭൂഗർഭജലം കിട്ടാതായി: കേരളം മുമ്പെങ്ങും ഉണ്ടാകാത്തവിധം കൊടും വറുതിയിലേക്ക്

സംസ്ഥാനത്തു കാലവർഷത്തിൽ 34 ശതമാനത്തിന്റെ കുറവ്; തുലാവർഷം 60 ശതമാനത്തിന്റെയും; പാലക്കാട് കുഴൽകിണറുകൾ കുഴിക്കാൻ നിയന്ത്രണം; ആയിരം അടി താഴ്‌ത്തിയിട്ടും ഭൂഗർഭജലം കിട്ടാതായി: കേരളം മുമ്പെങ്ങും ഉണ്ടാകാത്തവിധം കൊടും വറുതിയിലേക്ക്

പാലക്കാട്: കാലവർഷത്തിനു പിന്നാലെ തുലാവർഷവും ചതിച്ചതോടെ സംസ്ഥാനത്ത് ഇതിനു മുമ്പുണ്ടാകാത്ത തരത്തിൽ കൊടും വറുതിയുണ്ടാകുമെന്നുറപ്പായി. മഴലഭ്യതയിൽ ഇതിനു മുമ്പെങ്ങുമുണ്ടാകാത്തവിധം കുറവ് നേരിട്ടതോടെ കടുത്ത ആശങ്കയാണെവിടെയും. കൊടും വരൾച്ച ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന പാലക്കാട്ടെ ചിറ്റൂരിൽ കുഴൽക്കിണറുകൾ കുഴിക്കുന്നതിന് ഇപ്പോൾത്തന്നെ നിയന്ത്രണമേർപ്പെടുത്തി. ആയിരം അടി താഴ്‌ത്തിയിട്ടും കുഴൽകിണറുകളിൽ വെള്ളം കിട്ടാത്ത തരത്തിൽ ഭൂഗർഭജലവിതാനം താണിരിക്കുകയാണ്. ഇങ്ങനെ പോയാൽ മറ്റു ഭാഗങ്ങളിലേക്കും താമസിയാതെ കുഴൽകിണറുകൾക്കു നിയന്ത്രണം വരും.

പ്രധാന സീസണുകളായ കാലവർഷത്തിലും തുലാവർഷത്തിലും വലിയ കുറവാണു സംസ്ഥാനത്ത് ലഭിച്ചതെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. കാലവർഷമഴയിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് വന്നത് വയനാട്ടിലാണ് (59 ശതമാനം ) എറണാകുളം ജില്ലയിൽ 23 ശതമാനം കുറവുമാത്രമേ അനുഭവപ്പെട്ടുള്ളൂ. കാലവർഷത്തിൽ സംസ്ഥാനത്ത് 34 ശതമാനത്തിന്റെ കുറവാണുണ്ടായത്. മുമ്പ് കാലവർഷത്തിൽ കുറവ് വന്നിട്ടുള്ളത് 1918, 1978, 2002, 2012 വർഷങ്ങളിലായിരുന്നു. പക്ഷേ ഇക്കാലങ്ങളിലൊക്കെ തുലാവർഷമഴ ജലക്ഷാമത്തെ പ്രതിരോധിച്ചു.

തുലാവർഷമഴയിലാകട്ടെ, നവംബർ അവസാനം വരെ ലഭിക്കേണ്ട അളവിൽ 60.4 ശതമാനമാണ് കുറഞ്ഞത്. വടക്കൻ ജില്ലകളിലിത് 79.48 ശതമാനം വരെയായി. കോഴിക്കോട്ടാണ് തുലാവർഷമഴ ലഭ്യത ഏറെ കുറഞ്ഞത് (86.9 ശതമാനം). ഈ പട്ടികയിൽ നഷ്ടക്കുറവ് പത്തനംതിട്ടയിലാണ് ( 27.4 ശതമാനം). ഒക്ടോബറിൽ 289 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 105 മില്ലിമീറ്ററാണ്.നവംബറിൽ 158 മില്ലിമീറ്ററും ഡിസംബറിൽ 37 മില്ലിമീറ്ററുമാണ് ലഭിക്കേണ്ടത്.

വയനാട്, എറണാകുളം പാലക്കാട്, തൃശൂർ ജില്ലകളിലെ ഭൂഗർഭ ജലവിതാനത്തിൽ ആശങ്ക ജനിപ്പിച്ച് വൻകുറവാണുള്ളതെന്നു റിപ്പോർട്ടുകൾ പരിശോധിച്ചാൽ ബോധ്യമാകും. പാലക്കാട്ട് ചിറ്റൂരിൽ മാത്രമാണ് കുഴൽ കിണറുകൾക്ക് നിയന്ത്രണം നിലവിലുള്ളത്. അതിർത്തി ഗ്രാമങ്ങളിൽ കഴിഞ്ഞ വേനൽകാലത്ത് ഒരു കുടം വെള്ളത്തിന് 10 രൂപ വരെ നൽകേണ്ട അവസ്ഥയുണ്ടായിരുന്നു. കാലവർഷവും തുലാവർഷവും കൈവിട്ടതോടെ വരാനിരിക്കുന്ന കടുത്ത ജലക്ഷാമം നേരിടാൻ കുളങ്ങളും തോടുകളും സംരക്ഷിക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്.

നെൽപാടങ്ങൾ 6 മാസം വരെ വെള്ളം നിൽക്കുന്ന സ്ഥലമായതിനാൽ അക്ഷരാർത്ഥത്തിൽ തണ്ണീർതടങ്ങളാണ്. മണ്ണിലെ ബാഷ്പീകരണം തടയാൻ പുതയിടൽ പോലുള്ള പ്രതിരോധ തയ്യാറെടുപ്പുകൾ അനിവാര്യമാണ്. ജല സാക്ഷരത ഉറപ്പാക്കുകയും ജലനഷ്ടം കുറക്കാൻ ഡ്രിപ്പ് ഇറിഗേഷൻ പോലുള്ളവ പ്രോത്സാഹിപ്പിക്കുകയും വേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP