Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫിന് വിനയായത് എജി ദണ്ഡപാണി ആയിരുന്നുവെങ്കിൽ ഇടതിന് വിനയാവുക സൂപ്പർ എജി എംകെ ദാമോദരൻ എന്ന് തീർച്ച; ഐസ്‌ക്രീം കേസിൽ വിഎസിനെതിരെ നിലപാടെടുപ്പിച്ച മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സാന്റിയാഗോ മാർട്ടിന് വേണ്ടി കോടതിയിൽ; അനധികൃത സ്വത്ത് കേസിൽ മാർട്ടിനെ ഇനി കേരളം പിന്തുണച്ചേക്കും

യുഡിഎഫിന് വിനയായത് എജി ദണ്ഡപാണി ആയിരുന്നുവെങ്കിൽ ഇടതിന് വിനയാവുക സൂപ്പർ എജി എംകെ ദാമോദരൻ എന്ന് തീർച്ച; ഐസ്‌ക്രീം കേസിൽ വിഎസിനെതിരെ നിലപാടെടുപ്പിച്ച മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സാന്റിയാഗോ മാർട്ടിന് വേണ്ടി കോടതിയിൽ; അനധികൃത സ്വത്ത് കേസിൽ മാർട്ടിനെ ഇനി കേരളം പിന്തുണച്ചേക്കും

കെ വി നിരഞ്ജൻ

കൊച്ചി: കഴിഞ്ഞ നായനാർ സർക്കാറിന്റെ കാലത്ത് ഭരണത്തിന്റെ എല്ലാ ശോഭയും കെടുത്തിക്കളഞ്ഞത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിക്കുനേരെയുണ്ടായ ആരോപണങ്ങൾ ആയിരുന്നെങ്കിൽ ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമ ഉപദേഷ്ടാവായ മുതിർന്ന അഭിഭാഷകനുമായ അഡ്വ.എം.കെ ദമോദരനുനേരെയാണ് ഒന്നിനുപിറകെ ഒന്നായി ആരോപണങ്ങൾ വരുന്നത്. ഐസ്‌ക്രീം പാർലർകേസ് സി.ബി.എ അന്വേഷിക്കണമെന്ന വി.എസിന്റെ ഹരജിയിൽ മുൻസർക്കാറിന്റെ അതേ നിലപാട് എടുക്കാൻ പിണറായി സർക്കാറിനെ പ്രേരിപ്പിച്ചത് ദാമോദരാനാണെന്ന ആരോപണം നിലനിൽക്കെ, അദ്ദേഹം വീണ്ടും വിവാദത്തിൽപെട്ടിരിക്കയാണ്.

ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന് വേണ്ടി സംസ്ഥാന സർക്കാറിനെതിരെ അഡ്വ. ദാമോദരൻ ഹൈക്കോടതിയിൽ ഹാജരായത് നിയമവൃത്തങ്ങളെ അമ്പരപ്പിച്ചിരിക്കയാണ്. അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്‌സ്‌മെന്റ് നടപടി തടയണമെന്നാവശ്യപ്പെട്ട് മാർട്ടിൻ നൽകിയ ഹരജിയിലാണ് എം.കെ. ദാമോദരൻ ഹാജരായത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ഇടവെക്കും. വി.എസിന് ശക്തമായ എതിർപ്പുള്ളയാളാണ് ദാമോദരൻ. ഐസ്‌ക്രീം കേസിലുണ്ടായ തിരച്ചടിയുടെ അടിസ്ഥാനത്തിൽ വി എസ് ദാമോദരനെതിരെ പാർട്ടിക്ക് പരാതി നൽകാനിരിക്കെയാണ് മാർട്ടിൻ ബന്ധം പുറത്താവുന്നതും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള എം.കെ ദാമോദരനാണ് ലാവലിൽകേസിൽ അദ്ദേഹത്തിനുവേണ്ടി ഹാജരായതും.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന ദണ്ഡപാണിയും സമാനമായ വിവാദങ്ങളിൽ ചെന്ന് ചാടിയിരുന്നു. കേരളത്തിന് വിരുദ്ധമായ കേസുകളിൽ ദണ്ഡപാണിയുടെ ഭാര്യയും മകനും ഹാജരായതായിരുന്നു കാരണം. പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ ദാമോദരനാകും എജി എന്ന് ഏവരും കണക്ക് കൂട്ടി. എന്നാൽ ലാവ്‌ലിൻ കേസുള്ളതിനാൽ അദ്ദേഹം മാറി നിന്നു. പകരം ശിഷ്യനായ സുധാകർ പ്രസാദിനെ അഡ്വക്കേറ്റ് ജനറലാക്കി. എങ്കിലും ദാമോദരൻ തന്നെയാകും സൂപ്പർ എജിയെന്ന വാദവും ശക്തമായി. അതിനിടെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി ദാമോദരനെ നിയമിച്ചത്. ഇതോടെ നിയമകാര്യങ്ങളിൽ സർക്കാരിന്റെ ഉപദേശകൻ ദാമോദരനുമായി. അതുകൊണ്ടാണ് ദാമോദരന്റെ നീക്കങ്ങൾ വിവാദങ്ങൾക്ക് കാരണമാകുന്നത്.

പുതിയ വിവാദത്തെപ്പറ്റി ദാമോദരൻ പ്രതികരിച്ചിട്ടില്ല. അതേമസയം ഒരു ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിലുള്ള സ്വാഭാവികമായുള്ള തന്റെ ജോലിയാണ് ഇതെന്ന വാദത്തിലാണ് അദ്ദേഹത്തിന്റെ ഓഫീസ്. മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എന്നത് ശമ്പളമുള്ള ഒരു തസ്തികയല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.പക്ഷേ സർക്കാറിനെതിരെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് കോടതിയിലത്തെുന്നതിന്റെ വൈരുദ്ധ്യവും അധാർമ്മികതയാണ് വി എസ് അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സിപിഐ(എം) നേതൃത്വത്തിനുമുന്നിലും പരാതിയായി എത്തിയിട്ടുണ്ട്.അതിനാൽ രണ്ടിൽ ഏതെങ്കിലും ഒന്ന് ഒഴിവാക്കാൻ ദാമോദരൻ നിർബന്ധമാവുമെന്നാണ് അറിയുന്നത്.

മാർട്ടിൻ ഉൾപ്പെട്ട തട്ടിപ്പുകേസുകളിൽ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്‌കോടതി നിലപാടിനുമെതിരെ സർക്കാർ നൽകിയിട്ടുള്ള റിവിഷൻ ഹരജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ മാർട്ടിന് വേണ്ടി ഹൈക്കോടതിയിലത്തെിയത്. സിബിഐ നിലപാടറിയാൻ ഹരജി ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ തിങ്കളാഴ്ചത്തേക്ക് മാറ്റി. ലോട്ടറി നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റ കൃത്യംതന്നെ ഇല്ലാതിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റവും നിലനിൽക്കില്ലെന്നും നിയമവിരുദ്ധമായാണ് സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നുമാണ് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഹരജിക്കാരൻ മറ്റ് പ്രതികൾക്കൊപ്പം ചേർന്ന് സിക്കിം സർക്കാറിലെ ചില ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി സിക്കിം സർക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

എന്നാൽ, കുടിശ്ശിക വരുത്തിയിട്ടില്ലെന്ന് സിക്കിം സർക്കാർ രേഖാമൂലം സ്ഥിരീകരിച്ചിട്ടുള്ളതാണ്. നഷ്ടമുണ്ടാകുന്നവരാണ് ഇത്തരം കേസുകളിൽ പരാതി നൽകേണ്ടത്. കേരള സർക്കാറിന് ഹരജിക്കാരൻ ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല. കേസുകൾ സർക്കാർ് സംവിധാനത്തിന്റെ ദുരുപയോഗമാണെന്നും ദാമോദരൻ വാദിച്ചു. സിബിഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ അനധികൃത പണമിടപാടിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ജോ. ഡയറക്ടർ ജപ്തി നടപടികൾ ആരംഭിച്ചത്. ഈ നടപടികൾ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ലോട്ടറി നിയന്ത്രണ നിയമലംഘനം അനധികൃത പണമിടപാട് സംബന്ധിച്ച കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരാത്തതിനാൽ ജപ്തി ഉത്തരവ് നിലനിൽക്കില്ലെന്ന് എം.കെ. ദാമോദരൻ കോടതിയെ അറിയിച്ചു.

നടപടിക്കെതിരെ അഡ്ജുഡിക്കേറ്റിങ് അഥോറിറ്റി മുമ്പാകെ ഹരജിക്കാരന്റെ സ്ഥാപനത്തിന്റെ അപ്പീൽ നിലവിലുള്ള സാഹചര്യത്തിൽ ഹരജി ഹൈക്കോടതിയിൽ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തുടർന്നാണ് സിബിഐയുടെ നിലപാട് തേടിയ കോടതി കേസ് മാറ്റിയത്. 23 കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിയും ഇതിന് കീഴ്‌കോടതി അനുമതി നൽകിയതും റദ്ദാക്കണമെന്നാവശ്യപ്പെടുന്ന റിവിഷൻ ഹരജിയാണ് സർക്കാർ നൽകിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലുള്ള രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് കേസ് മറ്റൊരുദിവസം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. ഇതിനിടെയാണ് സാന്റിയാഗോ മാർട്ടിന്റെ ഹരജി കോടതിയിലത്തെിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP