Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശിവസേനക്കാർ നടത്തിയ ചൂരൽ വടി പ്രയോഗത്തിൽ ബ്രേക്കിങ് ന്യൂസ് നൽകിയതും പൊലീസിനെതിരെ വാർത്ത നൽകി നടപടി എടുപ്പിച്ചതും നികേഷ് കുമാറിന്റെ പ്രതികാരമോ? മുൻ മാനേജറെ 29 ലക്ഷം വാങ്ങി കബളിപ്പിച്ചതിന്റെ പേരിൽ നൽകിയ പരാതിയിൽ റിപ്പോർട്ടർ എംഡിയെ ഒന്നാം പ്രതിയാക്കിയതിന്റെ പ്രതികാരം തീർത്തപ്പോൾ കഥ അറിയാതെ മറ്റു മാധ്യമങ്ങളും ആട്ടം കണ്ടെന്ന് ആക്ഷേപം

ശിവസേനക്കാർ നടത്തിയ ചൂരൽ വടി പ്രയോഗത്തിൽ ബ്രേക്കിങ് ന്യൂസ് നൽകിയതും പൊലീസിനെതിരെ വാർത്ത നൽകി നടപടി എടുപ്പിച്ചതും നികേഷ് കുമാറിന്റെ പ്രതികാരമോ? മുൻ മാനേജറെ 29 ലക്ഷം വാങ്ങി കബളിപ്പിച്ചതിന്റെ പേരിൽ നൽകിയ പരാതിയിൽ റിപ്പോർട്ടർ എംഡിയെ ഒന്നാം പ്രതിയാക്കിയതിന്റെ പ്രതികാരം തീർത്തപ്പോൾ കഥ അറിയാതെ മറ്റു മാധ്യമങ്ങളും ആട്ടം കണ്ടെന്ന് ആക്ഷേപം

അർജുൻ സി വനജ്

കൊച്ചി: മറൈൻ ഡ്രൈവിലെ ശിവസേനയുടെ ചൂരൽപ്രയോഗവും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പൊലീസിനെ സ്ഥലം മാറ്റിയതുമെല്ലാം കേരളം അറിഞ്ഞ വാർത്തകളാണ്. എന്നാൽ, ഈ സംഭവത്തിൽ നിന്നിൽ എന്തെങ്കിലും വിധത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ? സംഭവത്തെ തുടർന്ന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ ലക്ഷ്യം വെച്ച് കൃത്യമായ ചില നീക്കങ്ങൾ നടന്നുവെന്ന ആരോപണം പൊലീസുകാർക്കിടയിൽ ശക്തമാണ്. ചാനൽ മേധാവിക്കെതിരെയുള്ള കേസിൽ നീതിപൂർവ്വകമായ നടപടിയെടുത്തതിന് എസ്.ഐയ്‌ക്കെതിരെ അവസരം കിട്ടിയപ്പോൾ റിപ്പോർട്ടർ ചാനൽ പക വീട്ടുകയായിരുന്നു എന്നാണ് അമർഷത്തോടെ പൊലീസുകാർ പറയുന്നത്.

ചാനലിലെ മുൻ മാർക്കറ്റിങ് മാനേജരുടെ പരാതിയിൽ റിപ്പോർട്ടർ ചാനൽ എംഡി എംവി നികേഷ് കുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനുള്ള പ്രതികാരമായാണ് സെൻട്രൽ എസ്.ഐ വിജയ് ശേഖറിനെതിരെ റിപ്പോർട്ടർ ചാനൽ ശിവസേനയുടെ മറൈൻ ഡ്രൈവ് സംഭവത്തെക്കുറിച്ച് വാർത്ത നൽകിയതെന്നാണ് പൊലീസുകാർ തന്നെ പറയുന്നത്. സി.പി.എം സ്ഥാനാർത്ഥിയായതും കണ്ണൂരിലെ നേതാക്കളുമായുള്ള ബന്ധവും ഇതിനായി നികേഷ് ഉപയോഗപ്പെടുത്തിയെന്ന ആക്ഷേപവുമുണ്ട്.

മറൈൻ ഡ്രൈവിലെ നടപ്പാതയിൽ ഒന്നിച്ചിരുന്ന ആറോളം പേരെ ശിവസേനാ പ്രവർത്തകർ ചൂരൽ ഉപയോഗിച്ച് വിരട്ടിയോടിച്ച സംഭവമുണ്ടായത്്, പ്രതിഷേധക്കാർ ചൂരൽ ഉപയോഗിച്ച് അടിച്ചോടിച്ചപ്പോൾ പൊലീസുകാർ നോക്കിനിൽക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടർ ചാനൽ ബ്രേക്കിങ് ന്യൂസ് നൽകിയത്. എന്നാൽ ശിവസേനക്കാർ ചൂരൽ കൊണ്ട് പ്രകടനം നടത്തുകയും അടിക്കാൻ ഓങ്ങുകയും ചെയ്തുവെന്നല്ലാതെ ആരെയും മർദ്ദിച്ചിരുന്നില്ല. ഇക്കാര്യം ചാനലുകളുടെ വീഡിയോകളിൽ നിന്നെല്ലാം വ്യക്തമായിരുന്നു. ആരേയും പ്രതിഷേധക്കാർ ചൂരല് കൊണ്ട് മർദ്ദിച്ചിട്ടില്ലെന്നും, പ്രതിഷേധം അക്രമാസക്തമാകുമെന്ന് കണ്ടപ്പോൾ സെൻട്രൽ എസ്.ഐയും സംഘവും പ്രവർത്തകരെ പിൻതിരിപ്പിച്ചുവെന്നും സംഭവത്തിന് ദൃക്‌സാക്ഷികളായവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഷെയർ നൽകാമെന്ന വ്യവസ്ഥയിൽ 29 ലക്ഷം രൂപ എംവി നികേഷ് കുമാർ സെയിൽസ് വിഭാഗം മേധാവി ആർ രാധാകൃഷ്ണനിൽ നിന്ന് കൈപ്പറ്റിയെന്നും പിന്നീട് ഷെയർ നൽകിയില്ലെന്നും കാട്ടിയുള്ള പരാതി ഡിജിപിക്കു നൽകിയപ്പോൾ രാധാകൃഷ്ണന്റെ പരാതി അന്വേഷണത്തിനായി സെൻട്രൽ സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. സെൻട്രൽ എസ്.ഐ വിജയ് ശേഖറാണ് എംവി നികേഷ് കുമാറിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസ് ഇപ്പോൾ അന്വേഷണ ഘട്ടത്തിലാണ്. പരാതിക്കാരിൽ നിന്നും മൊഴിയെടുത്തു. തെളിവുകൾ ശേഖരിച്ചു. നികേഷിനെതിരെ ശക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചെന്നാണ് വിവരം. അതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ നികേഷ് കുമാർ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നതായും ആരോപണമുണ്ട്.

റിപ്പോർട്ടർ ടിവിയിൽ 2012 സെപ്റ്റംബർ മുതൽ 2016 ഫെബ്രുവരി വരെ ജോലി ചെയ്തതിന് നൽകേണ്ട ശമ്പളവും ആനുകൂല്യവും കൃത്യമായി കണക്ക് നോക്കി നികേഷ് കുമാർ നൽകിയിട്ടില്ല എന്നും രാധാകൃഷ്ണൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. സേവന നികുതി അടയ്ക്കാത്തതിന് 2015 മാർച്ച് 23ന് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങൾ മുത്തൂറ്റ് ഫിനാൻസിൽ പണയപ്പെടുത്തി നികേഷ് കുമാറിന് നൽകിയതായും രാധാകൃഷ്ണന്റെ പരാതിയിൽ പറയുന്നുണ്ട്. ഈ കേസിൽ നീതിപൂർവകമായി അന്വേഷിച്ചതിന്റെ പകയുള്ളതിനാലാണ് മറൈൻ ഡ്രൈവ് സംഭവത്തിൽ റിപ്പോർട്ടർ ചാനൽ അതിശയോക്തി കലർന്ന റിപ്പോർട്ട് നൽകിയതെന്ന പരാതി പൊലീസുകാർക്കിടയിലുണ്ട്.

പൊലീസിനു മുന്നിൽ ശിവസേനക്കാർ ചൂരലിനടിച്ചുവെന്നു ബ്രേക്കിങ് ന്യൂസ് ആദ്യം കൊടുത്തതുകൊണ്ട്, വിരട്ടിയോടിച്ചുവെന്ന് ആദ്യം റിപ്പോർട്ട് ചെയ്ത മറ്റു ചാനലുകളും റിപ്പോർട്ടർ ചാനലിനു പിന്നാലെ പോകാൻ നിർബന്ധിതരാകുകയായിരുന്നുവത്രേ. സത്യത്തിൽ ശിവസേന വരുംമുമ്പുതന്നെ സ്ഥലത്തെത്തിയ പൊലീസ് യുവതിയുവാക്കളെ പരമാവധി ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്തു പ്രതിഷേധക്കാർ എത്തുന്നതിന് മുമ്പു തന്നെ പൊലീസ് സംഘം നടപ്പാതയിൽ എത്തി സ്ഥിതി ശാന്തമാക്കിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് ആളുകളെ അവിടെ നിന്നം മാറ്റുകയുമുണ്ടായി. ശിവസേനക്കാർ ഇറങ്ങിയപ്പോഴും അനിഷ്ടസംഭവങ്ങളുണ്ടാകാതെ നോക്കിയതും പൊലീസാണ്. പ്രതിഷേധക്കാർ മറൈൻ ഡ്രൈവിൽ ഉണ്ടായിരുന്ന ദമ്പതിമാരെപ്പോലും വെറുതെ വിട്ടില്ലെന്നും, അവർക്ക് നേരെ അസഭ്യവർഷം നടത്തിയെന്നും വ്യാജവാർത്തകളുണ്ടായെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ആരോപിക്കുന്നത്.

ഇപ്പോൾ പൊലീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. മറ്റു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെയടക്കം എട്ടു പേരെയാണ് എ.ആർ ക്യാമ്പിലേക്ക് സംഭവദിവസം രാത്രി സ്ഥലം മാറ്റിയത്. സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ ബാബുവും മറ്റൊരു ഉദ്യോഗസ്ഥനുമാണ് സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ഓഫീസർമാർ. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എസ്.ഐയ്ക്കും സംഘത്തിനും സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷ്ണർ വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട് നൽകിയത്.

2009-10 ൽ ഷാഡോ എസ്.ഐ ആയാണ് വിജയ് ശേഖർ സർവ്വീസ് ആരംഭിക്കുന്നത്. തുടർന്ന് നോർത്ത് എസ്.ഐ ആയി മൂന്ന് വർഷം, പാലരിവട്ടത്ത് ഒരു വർഷം, കളമശ്ശേരി എസ്. ഐയായി ഒരു വർഷവും സേവനം അനുഷ്ഠിച്ചു. തുടർന്നാണ് സെൻട്രൽ സ്റ്റേഷനിൽ എസ് ഐയായി എത്തിയത്. നോർത്ത് സ്റ്റേഷനിൽ എസ്.ഐ ആയിരിക്കുമ്പോൾ ലോഡ്ജിൽ വെച്ച് നടന്ന കൊലപാതകത്തിൽ കാര്യമായ തെളിവുകൾ ഇല്ലാതിരുന്നിട്ടും 5 ദിവസത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണ മികവിന്റെ പേരിൽ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചിരുന്നു.

പെൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുക, മറൈൻഡ്രൈവിലെ കുടചൂടി പ്രേമം നിർത്തലാക്കുക തുടങ്ങിയ മുദ്രവാക്യങ്ങളുമായാണ് ഇരുപതോളം വരുന്ന ശിവസേനാ പ്രവർത്തകർ ഹൈക്കോടതിക്ക് സമീപത്തെ മറൈൻ ഡ്രൈവ് നടപ്പാതയിൽ ചൂരലുമായി പ്രകടനം നടത്തിയത്. പ്രതിഷേധ പരിപാടി നേരത്തെ തന്നെ പ്ലാൻ ചെയ്ത് മാധ്യമങ്ങളെ അറിയിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് മാധ്യമങ്ങളെ ശിവസേന പ്രതിഷേധ പരിപാടി അറിയിക്കുന്നത്. ശിവസേനയുടെ പരിപാടി ആയതിനാലും വേണ്ടത്ര ആളുകൾ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലും പരിപാടിയെ അധികം മാധ്യമങ്ങളും ഗൗനിച്ചില്ല. മംഗളം ടിവി, റിപ്പോർട്ടർ ടിവി, ന്യൂസ് 18 മലയാളം എന്നി ദൃശ്യമാധ്യമങ്ങളും എ.എൻ.ഐ, പിടിഐ തുടങ്ങിയ ഏജൻസികളും ചില മുഖ്യധാരാ പത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫേഴ്‌സും മാത്രമാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP