Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത് ഗിറ്റാറിൽ വിസ്മയം തീർത്ത തൈക്കൂടം ബ്രിഡ്ജിലെ കലാകാരൻ; പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ അനുഗൃഹീത കലാകാരനായ മകൻ അപ്പുവെന്ന അശോക് നെൽസന്റെ കഥ

കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത് ഗിറ്റാറിൽ വിസ്മയം തീർത്ത തൈക്കൂടം ബ്രിഡ്ജിലെ കലാകാരൻ; പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ അനുഗൃഹീത കലാകാരനായ മകൻ അപ്പുവെന്ന അശോക് നെൽസന്റെ കഥ

ആവണി ഗോപാൽ

തിരുവനന്തപുരം: പഴയപാട്ടിന്റെ മാധുര്യം അൽപ്പം പ്രകമ്പനം കൊള്ളിക്കുന്ന വിധത്തിൽ ലഹരിയാക്കി മാറ്റുക.. യുവാക്കൾക്കിടയിൽ തരംഗം തീർക്കുന്ന തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിനെ അതിവേഗം ഹിറ്റാക്കിയതിലെ പ്രധാന ടെക്‌നിക് ഇതാണ്. ഈ സംഗീത സംഘത്തിൽ ആസ്വാദകർക്കിടയിൽ സംഗീതത്തിന്റെ പ്രകമ്പനം പകരുന്ന ഗിറ്റാറിസ്റ്റ് അശോക് നെൽസൺ എന്ന യുവാവാണ്. അശോക് നെൽസണെന്ന പേരിൽ സാധാരണക്കാർക്ക് അപരിചിതത്വം ഫീൽ ചെയ്‌തേക്കാം. സിപിഐ(എം) എന്ന വിപ്ലവപാർട്ടിയുടെ ഇന്ത്യയിലെ പരമോന്നത സമിതിയായ പോളിറ്റ്ബ്യൂറോ അംഗമായ എം എ ബേബിയുടെയും സഖാവ് ബെറ്റിയുടെയും പുത്രനായ അപ്പുവെന്ന യുവാവാണ് ഗിറ്റാറിൽ സംഗീതശിൽപ്പം തീർക്കുന്നതെന്ന് വന്നാൽ ഈ അപരിചതത്വം മാറിക്കിട്ടും.

കേരളത്തിനകത്തും പുറത്തും പ്രശസ്തരായ ഈ മ്യൂസിക് ട്രൂപ്പിലെ പ്രധാനിയാണ് കലാഹൃദയൻ കൂടിയായ എം എ ബേബിയുടെ മകൻ. ടെലിവിഷൻ ചാനലിൽ പിറന്നുവീണ് യുട്യൂബിൽ തരംഗമായാണ് 'തൈക്കൂടം ബ്രിഡ്ജ്' സംഗീത ലോകത്ത് അറിയപ്പെടുന്നത്. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തെങ്ങും അറിയപ്പെടുന്ന സംഗീത ബ്രാൻഡായി വളർത്തുന്നതിൽ അശോക് നെൽസന്റെ പങ്കും ചെറുതല്ല. ഗായക സംഘത്തിലെ ഏറ്റവും മികച്ച ഗിറ്റാറിസ്റ്റ് കൂടിയായ അശോക് നെൽസൺ കുടുംബ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗത്തിന്റെ മകനായ അപ്പു. ചങ്ങനാശേരി സ്വദേശി ആന്റണിയുടെ മകൾ സനിധയാണ് വധു.

കമ്മ്യൂണിസമെന്ന ആശയമായിരുന്നു പിതാവ് ബേബിയെയും ബെറ്റിയെയും തമ്മിൽ ഒരുമിപ്പിച്ചത് എങ്കിൽ തൈക്കൂടം ബ്രിഡ്ജായിരുന്നു മകന് ജീവിതസഖിയെ കണ്ടെത്താൻ വഴിതുറന്നത്. പ്രണയത്തിന് വഴിതുറന്ന അടുപ്പത്തിന് ഒടുവിൽ വിവാഹം വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിക്കുകയിരുന്നു. ഇരുവരുടെയും സുഹൃത്തായ ലക്ഷ്മി മേനോൻ വഴിയാണ് സനിധയും അപ്പുവും പരിചയപ്പെടുന്നതും പ്രണയത്തിലേക്ക് വഴിമാറിയതും.
ആറ്റിങ്ങലിൽ തൈക്കൂടം ബ്രിഡ്ജിന്റെ പരിപാടിക്കിടെയാണ് സനിധയും അശോക് നെൽസണും പരിചയപ്പെടുന്നത്. ലക്ഷ്മി വഴിയായിരുന്നു പരിചയപ്പെട്ടത്. നെൽസന്റെ ഗിറ്റാർ വായനയുടെ കടുത്ത ആരാധിക കൂടിയായിരുന്നു സനിധ. തുടർന്ന് വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 22ന് തിരുവനന്തപുരത്തെ എകെജി ഹാളിലാണ് വിവാഹം. ബി ഫാം വിദ്യാർത്ഥിനിയാണ് സനിധ.

കമ്മ്യൂണിസ്റ്റുകാരനും കലാസഹൃദയനുമായ പിതാവ് ബേബിയിൽ നിന്നും തന്നെയാണ് അപ്പു സംഗീതത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ കലാസംഘടനാ പ്രസ്ഥാനമായ സ്വരലയയുമായി അടുത്തബന്ധമായിരുന്നു ബേബിക്കുണ്ടായിരുന്നത്. ബേബിയുടെ സാംസ്കാരിക ബന്ധങ്ങളുടെ തുടർച്ചയാണ് മകൻ സംഗീതബാൻഡിന്റെ ഭാഗമായതും. കവിതാ കൃഷ്ണമൂർത്തിയുടെ ഭർത്താവും വയലിനിസ്റ്റുമായി എൽ സുബ്രഹ്മണ്യമാണ് വാദ്യസംഗീദോപകരണ വാദനത്തിൽ അപ്പുവിന്റെ ഗുരു. ഇദ്ദേഹത്തിന്റെ കീഴിൽ വയലിൻ അഭ്യസിച്ച അശോക് നെൽസൺ പിന്നീട് പഴയ ഈണങ്ങളെ വേഗസംഗീതവുമായി കോർത്തിണക്കുന്നതിലും പങ്കുവഹിച്ചു.

കോളേജ് കാലഘട്ടത്തിലും കലാരംഗത്ത് കഴിവു തെളിയിച്ചിട്ടുണ്ട് അശോക് നെൽസൺ. കോളേജ് പഠനകാലത്തും വാദ്യോപകരണ മത്സരരംഗത്ത് പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 1988 ജൂലൈ എട്ടിലെ പെരുമൺ ദുരന്തത്തിൽ നിന്നും രക്ഷപെട്ട് ജീവിതത്തിലേക്ക് തിരികെ കയറിയ വ്യക്തി കൂടിയാണ് അപ്പു. അപകടത്തിൽപ്പെട്ട ട്രെയിനിൽ അമ്മ ബെറ്റിക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു അപ്പു. നാലുവയസുകാരനായിരുന്നു അന്ന് അപ്പുവിന്. ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ വിവാഹത്തിൽ പങ്കെടുക്കാൻ തൃശൂരിൽനിന്നും കൊല്ലത്തേക്കു ഐലൻഡ് എക്സ്‌പ്രസിൽ തിരിച്ചപ്പോഴായിരുന്നു അപകടം. ചില കാരണങ്ങളാൽ ബേബി തലേന്ന് യാത്രമാറ്റിവച്ചു. ഭാര്യയോടും മകനോടും കൊല്ലത്തേക്കു പോകാൻ പറഞ്ഞു. സ്ലീപ്പർക്‌ളാസിലെ യാത്രക്കാരായിരുന്നു ഇവർ. മകനെ മടിയിലുറക്കി വാരിക വായിച്ചിരിക്കേയാണ് അപകടമുണ്ടായത്. അഷ്ടമുടിയുടെ അടിത്തട്ടിൽനിന്നും അത്ഭുതകരമായാണ് അന്ന് ഇരുവരും രക്ഷപ്പെട്ടത്. ഇതേക്കുറിച്ച് പിന്നീട് ബെറ്റി എഴുതുകയും ഉണ്ടായിട്ടുണ്ട്. അന്നത്തെ നാലു വയസുകാരനാണ് ഇന്ന് കേരളം അറിയുന്ന വാദ്യോപകരണ സംഗീതജ്ഞനായി മാറിയിരിക്കുന്നത്.

സംഗീതത്തിന് പുറമേ നിയമബിരുദധാരി കൂടിയാണ് അപ്പു. പതിനാലു ഗായകരും നാലു സാങ്കേതിക പ്രവർത്തകരും അടങ്ങുന്ന സംഗീത സംഘമാണ് ഇപ്പോഴത്തെ തൈക്കുടം ബ്രിഡ്ജ്'. അശോക് നെൽസണനെ കൂടാതെ ഗോവിന്ദ് മേനോൻ, മിഥുൻ രാജു, വിയാൻ ഫെർണാണ്ടസ്, അനീഷ് ടി.എൻ., റുഥിൻ തേജ്, വിപിൻ ലാൽ, ക്രിസ്റ്റീൻ ജോസ്, പീതാംബരൻ മേനോൻ, സിദ്ധാർത്ഥ് മേനോൻ, അനീഷ് കൃഷ്ണൻ, പിയൂഷ് കപൂർ, കൃഷ്ണ ബൊൻഗാനെ, നിള മാധവ് മഹാപാത്ര എന്നിവരാണ് ഈ ഗ്രൂപ്പിലെ പ്രധാന സംഗീതകാരന്മാർ.

മലയാളികളെക്കൂടാതെ മുംബൈയിൽനിന്നും ചെന്നൈയിൽനിന്നും ലക്‌നൗവിൽനിന്നും ഉള്ളവർ സംഘത്തിലുണ്ട്. നിരവധി വർഷങ്ങളായി സംഗീതരംഗത്ത് ഉണ്ടായിരുന്ന ഇവരെല്ലാം തൈക്കുടം പാലത്തിൽ അണിനിരന്നിട്ട് അധികകാലം ആയില്ല. എന്നാൽ നിത്യഹരിത മലയാളം ഗാനങ്ങളെ പാശ്ചാത്യ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ 'തൈക്കുടം ബ്രിഡ്ജ്' ആനയിച്ചപ്പോൾ എല്ലാവരും കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.

'പച്ചക്കറിക്കായ തട്ടിൽ...' പോലെയുള്ള പാട്ടുകളെയും നെൽസണും കൂട്ടരും പൊടിതട്ടിയെടുത്തും. പഴയ പാട്ടുകളുടെ പുനരവതരണമായ നൊസ്റ്റാൾജിയക്ക് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം ഇരുപത്തി അഞ്ചുലക്ഷത്തിനു മുകളിലെത്തി. എല്ലാവിഭാഗം സംഗീതാസ്വാദകരേയും ആകർഷിക്കാൻ കഴിഞ്ഞു എന്നതാണ് തൈക്കുടം ബ്രിഡ്ജിന്റെ വിജയത്തിനുപിന്നിൽ. മലയാളം സിനിമാഗാനങ്ങൾ, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതം പ്രശസ്ത സംഗീത സംവിധായകരുടെ സൂപ്പർഹിറ്റുകൾ എന്നിവയെല്ലാം തൈക്കൂടം ബ്രിഡ്ജ് പുനരാവിഷ്‌കരിക്കുന്നുണ്ട്. ഇതുകൂടാതെ 'അയലമത്തിചൂരകാരികണവകിളിമീൻ... എന്നുതുടങ്ങുന്ന ഫിഷ്‌റോക്ക് പോലുള്ള സ്വന്തം ഐറ്റങ്ങളും തൈക്കുടംകാരുടെ പാട്ടുപെട്ടിയിലുണ്ട്.

കൂട്ടായ്മയുടെ വിജയമാണ് തൈക്കൂടം ബ്രിഡ്ജിന്റേതാണ് അശോക് നെൽസണും കൂട്ടുകാരും പറയുന്നത്. അറിയപ്പെടുന്ന ബാൻഡായി കേരളത്തിന് അകത്തും പുറത്തുമായി പോകുന്ന സംഗീത സംഘത്തിന്റെ ഒപ്പമുള്ള യാത്രയിൽ ജീവിതപങ്കാളിയുടെ പിന്തുണ കൂടി ഉറപ്പിക്കുകയാണ് നെൽസൺ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP