Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രത്യേക അപേക്ഷയും സത്യവാങ്മൂലവും സമർപ്പിച്ച് സമയം കളയില്ല; കർണ്ണാടക പൊലീസ് നിലപാട് കോടതി വിധിയുടെ അട്ടിമറിയെന്ന് സുപ്രീംകോടതിയെ ധരിപ്പിക്കും; അകമ്പടിക്ക് 18 ശതമാനം ജി.എസ്.ടിയടക്കം 14 ലക്ഷം അടക്കണമെന്നത് നീതി നിഷേധമെന്ന് പ്രശാന്ത് ഭൂഷൺ; കുഴഞ്ഞു മറിഞ്ഞ് മദനിയുടെ ജാമ്യം

പ്രത്യേക അപേക്ഷയും സത്യവാങ്മൂലവും സമർപ്പിച്ച് സമയം കളയില്ല; കർണ്ണാടക പൊലീസ് നിലപാട് കോടതി വിധിയുടെ അട്ടിമറിയെന്ന് സുപ്രീംകോടതിയെ ധരിപ്പിക്കും; അകമ്പടിക്ക് 18 ശതമാനം ജി.എസ്.ടിയടക്കം 14 ലക്ഷം അടക്കണമെന്നത് നീതി നിഷേധമെന്ന് പ്രശാന്ത് ഭൂഷൺ; കുഴഞ്ഞു മറിഞ്ഞ് മദനിയുടെ ജാമ്യം

കെ വി നിരഞ്ജൻ

കോഴിക്കോട്: മകന്റെ വിവാഹത്തിൽ പങ്കെടുക്കാനും മാതാവിനെ കാണാനും പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് സുപ്രീം കോടതി നൽകിയ ജാമ്യം വിവാദക്കുരുക്കിലേക്ക്. പൊലീസ് അകമ്പടി ചെലവിനായി ഭീമമായ തുകവേണമെന്ന് ആവശ്യപ്പെട്ട കർണാടക പൊലീസിന്റെ നടപടി ചോദ്യംചെയ്ത് മദനി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

സുപ്രീംകോടതിവിധിയെതുടർന്ന് ബംഗളൂരു പൊലീസ് കമീഷണർക്കുവേണ്ടി ഡെപ്യൂട്ടി പൊലീസ് കമീഷണർ ബംഗളൂരുവിലെ മദനിയുടെ അഭിഭാഷകൻ ഉസ്മാന് കൈമാറിയ കത്തും 14, 79,876 രൂപയുടെ ചെലവ് ബില്ലും ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വെക്കാനാണ് പ്രശാന്ത് ഭൂഷൺ നിർദേശിച്ചിരിക്കുന്നത്. നിലവിലുള്ള കോടതിവിധിയുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടാം. അതിനായി പ്രത്യേക അപേക്ഷയും സത്യവാങ്മൂലവും സമർപ്പിച്ച് സമയം കളയേണ്ട ആവശ്യവുമില്ല എന്നാണ് പ്രശാന്ത് ഭൂഷൺ സ്വീകരിച്ച നിലപാട്.

ഏറ്റവും ചുരുങ്ങിയ ചെലവ് മാത്രമേ മദനിയിൽ നിന്ന് ഈടാക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കുകയാണ് കർണാടക ചെയ്തിരിക്കുന്നതെന്നും ഇക്കാര്യം സുപ്രീംകോടതിയെ ധരിപ്പിക്കുകയാണ് വേണ്ടതെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നിയമോപദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് മദനിയുടെ അഭിഭാഷകനായ ഹാരിസ് ബീരാൻ പറഞ്ഞു. അതിനിടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വരുന്ന പി.ഡി.പി നേതാവ് മദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിനാൽ കർണാടക സർക്കാർ തുക കുറച്ചുകൊടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

മകളുടെ വിവാഹത്തിനായി മദനി വന്നപ്പോൾ കെട്ടിവെച്ച തുക തുച്ഛമായിരുന്നെന്നും ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാനും മൂത്തമകൻ ഉമർ മുഖ്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനും മദനി കേരളത്തിൽ പോകാതിരിക്കുക എന്നതാണ് കർണാടക പൊലീസ് ഭീമമായ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രശാന്ത് ഭൂഷൺ തന്നെ സുപ്രീംകോടതിയെ ധരിപ്പിക്കും. പൊലീസുകാരുടെ യാത്ര, ഭക്ഷണം, താമസം എന്നീ ചെലവുകൾ ഇതിനുപുറമെയാണെന്നും ബോധിപ്പിക്കും. കേരളം സന്നദ്ധമായാൽ ഇത്രയും ഭീമമായ ചെലവ് കാണിക്കുന്ന കർണാടക പൊലീസിനെ ഒഴിവാക്കി കേരളപൊലീസിന്റെ സുരക്ഷിതത്വത്തിൽ മ്ദനിയെ കൊണ്ടുവരാൻ കഴിയും.

മദനിക്ക് തിങ്കളാഴ്ചയാണ് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. എന്നാൽ, കേരളം സന്ദർശിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുന്ന കർണാടക പൊലീസിന്റെ ചെലവ് മദനി വഹിക്കണമെന്ന വിചാരണ കോടതി ഉത്തരവ് ന്യായമായ ഏറ്റവും ചുരുങ്ങിയ തുക മാത്രമേ ഈടാക്കാവൂ എന്ന ഉപാധിയോടെയാണ് സുപ്രീംകോടതി അംഗീകരിച്ചത്. ഇത് അട്ടിമറിച്ചാണ് സുരക്ഷ ഉറപ്പാക്കുന്ന ഒരു എ.സി.പിക്ക് മാത്രം എട്ട് മണിക്കൂറിന് 2824 രൂപ എന്ന തോതിൽ 13 ദിവസത്തേക്ക് രണ്ട് എ.സി.പി മാർക്ക് 2,20,272 രൂപ നൽകണമെന്നും ഈ സേവനത്തിന് 18 ശതമാനം ജി.എസ്.ടിയായി39,648.96 രൂപ നൽകണമെന്നും കർണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

19 പൊലീസുകാർക്കും കൂടി 12,24,132 രൂപ ചെലവായി കണക്കാക്കിയശേഷം അതിന്മേൽ 18 ശതമാനം ചരക്കുസേവനനികുതി 2,20,342.76 രൂപ കൂടി മൊത്തം തുക 14,44,475 രൂപ നൽകണമെന്നാണ് ബില്ലിലുള്ളത്. അതിനിടെ മദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ കർണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനൽകണമെന്ന് അദ്ദേഹം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. 2013-നും 2016-നും ഇടക്ക് മൂന്നു തവണ മഅ്ദനി വിചാരണത്തടവുകാരനായി കേരളം സന്ദർശിച്ചിരുന്നു.

ആദ്യ രണ്ടു തവണയും മ്ദനിയിൽനിന്ന് പണമൊന്നും ഈടാക്കിയില്ല. മൂന്നാം തവണ 50,000 രൂപ അടപ്പിച്ചു. ഇപ്പോൾ ചോദിക്കുന്ന തുക വളരെ കൂടിയതും മദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യവുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിനകത്തെ സുരക്ഷ ചുമതല സംസ്ഥാനം ഏറ്റെടുക്കാൻ തയാറാകുന്ന സാഹചര്യത്തിൽ കർണാടക പൊലീസിന് അധികം ചെലവ് വരില്ല. മഅ്ദനിക്ക് മാതാപിതാക്കളെ സന്ദർശിക്കാനും മകന്റെ വിവാഹത്തിൽ പങ്കെടുക്കാനും അവസരം നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP