Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയക്കെടുതിയെ നേരിടാൻ കേരളത്തിന് സഹായം ഒഴുകുന്നു; ദുരിതം നേരിടാൻ 20 കോടി പ്രഖ്യാപിച്ച് മഹാരാഷ്ട്ര; പത്ത് കോടി നൽകുമെന്ന് ഗുജറാത്തും; ബിജെപി ഇതര സംസ്ഥാനങ്ങൾ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രഖ്യാപനവുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും; പ്രളയജലത്തിൽ മുങ്ങുന്ന കേരളത്തെ കൈപിടിച്ചുയർത്താൻ വിദേശികളും ഇന്ത്യക്കാരും ഒരുമിക്കുന്നു

പ്രളയക്കെടുതിയെ നേരിടാൻ കേരളത്തിന് സഹായം ഒഴുകുന്നു; ദുരിതം നേരിടാൻ 20 കോടി പ്രഖ്യാപിച്ച് മഹാരാഷ്ട്ര; പത്ത് കോടി നൽകുമെന്ന് ഗുജറാത്തും; ബിജെപി ഇതര സംസ്ഥാനങ്ങൾ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രഖ്യാപനവുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും; പ്രളയജലത്തിൽ മുങ്ങുന്ന കേരളത്തെ കൈപിടിച്ചുയർത്താൻ വിദേശികളും ഇന്ത്യക്കാരും ഒരുമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത വിധത്തിൽ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുകയാണ്. വിദേശത്തു നിന്നും സ്വദേശത്തു നിന്നും രാജ്യത്തിന് സഹായം പ്രവഹിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കേന്ദ്രസർക്കാർ ദുരിതാശ്വാസത്തിന് നൽകുന്ന ഫണ്ട് അപര്യാപ്തമാണെന്ന ആരോപണങ്ങൾക്കിടെയാണ് വിവിധ കോണുകളിൽ നിന്നും സഹായം എത്തുന്നതും. പ്രവാസി മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ് കേരളത്തിന് സഹായഹസ്തം നീട്ടിയത്. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും സഹായങ്ങളുമായി എത്തിയിരുന്നു. എങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ അത്തരമൊരു സഹായം പ്രഖ്യാപിക്കാത്തത് സൈബർ ലോകത്ത് വിമർശനവും ഉയർത്തി. എന്നാൽ, ആ വിമർശനത്തിലും കഴമ്പില്ലെന്ന് വ്യക്തമാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സഹായഹസ്തവുമായി രംഗത്തെത്തി.

ഗുജറാത്ത് സർക്കാറും മഹാരാഷ്ട്ര സർക്കാറും കേരളത്തിന് ധനസഹായം വാഗ്ദാനം ചെയ്തു കൊണ്ട് രംഗത്തെത്തി. കേരളത്തിന് പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായമായി 20 കോടി രൂപ നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. നേരത്തെ, അഞ്ചു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ തുക അനുവദിക്കാൻ ഇന്നു തീരുമാനിക്കുകയായിരുന്നു. കഴിയാവുന്ന സഹായം കേരളത്തിനു നൽകാൻ തയാറാകണമെന്നു ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. വടകര സ്വദേശിയായ മഹാരാഷ്ട്ര അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എൻ. വാസുദേവൻ ആണ് കേരള സർക്കാരുമാരുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയുടെ ദുരിതാശ്വാസ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മഹാഷ്ട്ര സർക്കാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗുജറാത്ത് സർക്കാറും കേരളതതിന് ധനസഹായം വാഗ്ദാനം ചെയ്തത്. പത്ത് കോടി നല്കുമെന്നാണ് ഗുജറാത്ത് സർക്കാറിന്റെ പ്രഖ്യാപനം. ഇരു സർക്കാറുകൾ കൂടാതെ തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, ഡൽഹി, കർണാടക, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് ധനസഹായവുമായെത്തിയത്. രണ്ട് കോടി മുതൽ 25 കോടി വരെയാണ് ഈ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന് സഹായം ലഭിച്ചത്. കോൺഗ്രസും ആം ആദ്മി പാർട്ടിയും അടക്കം ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവയെല്ലാം.

ദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മുന്നൂറിലേറെ പേരാണ്. ആയിരക്കണക്കിന് ആളുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വെള്ളവും ഭക്ഷണവുമില്ലാതെ അവശനിലയിലാണ്. മൂന്ന് ലക്ഷത്തോളം പേർ കിടപ്പാടം നഷ്ടപ്പെട്ട ദുരിതാശ്വാസ ക്യാംപുകളിലാണ്. നൂറ് വർഷത്തിനിടയിൽ കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനുള്ള എല്ലാ അപേക്ഷകളും നിർദ്ദേശങ്ങളും കേന്ദ്രം ഇതുവരെയും അംഗീകരിച്ചിട്ടില്ല.

നേരത്തെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി യു.എ.ഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്തെത്തിയിരുന്നു. ട്വിറ്ററിൽ അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമാണ് അദ്ദേഹം അഭ്യർത്ഥന നടത്തിയത്. കേരളത്തിലെ ദുരന്ത തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കേരളം പ്രളയത്തിലൂടെ കടന്നുപോകുകയാണെന്നും പുണ്യമാസത്തിൽ ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ദുരിതബാധിതരെ സഹായിക്കാൻ യു.എ.ഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ച് പ്രവർത്തിക്കും.അടിയന്തര സഹായം നൽകാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.ഇയുടെ വിജയത്തിന് കേരള ജനത എക്കാലത്തും ഉണ്ടായിരുന്നു. അതുകൊണ്ട് പ്രളയ ബാധിതരെ സഹായിക്കാനും പിന്തുണയ്ക്കാനും പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കേരളത്തിന് അടിയന്തര സഹായമായി അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാൽ വെള്ളം ഇറങ്ങിയ ശേഷമേ യഥാർത്ഥ നഷ്ടം കണക്കാക്കാൻ പറ്റു. അടിയന്തരമായി 2000 കോടി രൂപയുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മെയ് 29-ന് തുടങ്ങിയ പേമാരിയിൽ 357 പേർ ഇതുവരെ മരണപ്പെട്ടു. 40,000 ഹെക്ടറലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകൾ പൂർണ്ണമായും 26,000 ത്തിലധികം വീടുകൾ ഭാഗികമായും തകർന്നു. 3,026 ക്യാമ്പുകളിലായി ഇപ്പോൾ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകർന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്.

രക്ഷാപ്രവർത്തനത്തിന് അടിയന്തരമായി 20 ഹെലിക്കോപ്റ്ററുകളും എഞ്ചിനുള്ള 600 ബോട്ടുകളും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എൻ.ഡി.ആർ.എഫിന്റെ 40 ടീമുകളെയും ആർമി ഇ.ടി.എഫിന്റെ 4 ടീമുകളെയും നേവിയുടെ 10 ടീമുകളെയും അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസേനാവിഭാഗങ്ങളുടെ കൂടുതൽ വിഭാഗങ്ങളുടെ സേവനം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP