Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്ര കത്തുന്നത് മൂന്നു നൂറ്റാണ്ടായുള്ള ദളിത് ഉന്നത വംശജരുടെ വഴക്കിന്റെ പേരിൽ; ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ ചുവട് ഉറപ്പിക്കാൻ കാരണമായ ഹൈന്ദവ തർക്കം വീണ്ടും ചൂടാകുന്നു; മഹാരാഷ്ട്രയിലെ ദളിത് വംശജർക്ക് വേണ്ടി പോരാടി അംബേദ്കറുടെ കൊച്ചുമകൻ: മാറാത്തക്കാർ തമ്മിലുണ്ടായ യുദ്ധത്തിന്റെ വിജയാഘോഷ വാർഷികം തെരുവ് യുദ്ധമായപ്പോൾ

മഹാരാഷ്ട്ര കത്തുന്നത് മൂന്നു നൂറ്റാണ്ടായുള്ള ദളിത് ഉന്നത വംശജരുടെ വഴക്കിന്റെ പേരിൽ; ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ ചുവട് ഉറപ്പിക്കാൻ കാരണമായ ഹൈന്ദവ തർക്കം വീണ്ടും ചൂടാകുന്നു; മഹാരാഷ്ട്രയിലെ ദളിത് വംശജർക്ക് വേണ്ടി പോരാടി അംബേദ്കറുടെ കൊച്ചുമകൻ:  മാറാത്തക്കാർ തമ്മിലുണ്ടായ യുദ്ധത്തിന്റെ വിജയാഘോഷ വാർഷികം തെരുവ് യുദ്ധമായപ്പോൾ

കെ ആർ ഷൈജുമോൻ

മുംബൈ: കഴിഞ്ഞ രണ്ടു ദിവസമായി മഹാരാഷ്ട്രയിലെ തെരുവുകൾ യുദ്ധക്കളത്തിനു സമാനമാണ്. അടിസ്ഥാന കാരണത്തിന് മൂന്നു നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. പുരാതന ഇന്ത്യയിലെ ഹൈന്ദവർക്കിടയിൽ ഉണ്ടായിരുന്ന കടുത്ത ജാതി വ്യവസ്ഥയുടെ ഭാഗമായി മാറാത്തയിലെ വരേണ്യ വർഗ്ഗവും ദളിതരും തമ്മിൽ ഉണ്ടായിരുന്ന ചേരി തിരിവിൽ നിന്നും ഉടലെടുത്ത തർക്കമാണ് ഒരു പരിധി വരെ ബ്രിട്ടീഷ്‌കാർക്ക് എളുപ്പത്തിൽ ഇന്ത്യയെ കീഴടക്കാനും സഹായകമായത്.

ഇതിനായി ചരിത്രം എടുത്തു പറയുന്ന മൂന്നു സവിശേഷ യുദ്ധങ്ങളാണ് ബ്രിട്ടീഷ് സൈന്യത്തിന് മറാത്താ സൈന്യവുമായി നടത്തേണ്ടി വന്നത്. ഇതിലെല്ലാം മാറാത്തയിലെ ഉന്നത വംശജരോടുള്ള വിദ്വേഷം മൂലം ദളിത് വിഭാഗങ്ങൾ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് എന്നാണ് പഠനങ്ങൾ പറയുന്നത്. അവസാന യുദ്ധമായ 1818 ജനുവരി ഒന്നിലെ യുദ്ധത്തിനെ 200 വാർഷിക ആഘോഷം നടത്തിയ ദളിതരെ ആക്രമിച്ചതാണ് ഇപ്പോൾ തെരുവ് യുദ്ധമായി മഹാരാഷ്ട്രയിൽ കത്തിപ്പടർന്നതും ഇന്നത്തെ മഹാരാഷ്ട്ര ബന്ദിലേക്കു നയിച്ചതും. മുംബൈ അടക്കമുള്ള നഗരങ്ങൾ ഇന്ന് ഏറെക്കുറെ നിശ്ചലമാകും എന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ദളിതരുടെ കൺകണ്ട ദൈവമായ ബി ആർ അബേംദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കർ തന്നെയാണ് ഇപ്പോൾ ദളിത് പക്ഷത്തിനു വേണ്ടി രംഗത്തുള്ളത്. പ്രധാന പട്ടണങ്ങളായ കോലാപ്പൂർ, പർബാനി, ലത്തൂർ, കൊങ്കൺ, അഹമ്മദാബാദ്, ഔറംഗബാദ്, ഹിങ്കോലി, നാന്ദെണ്ട, താനെ അടക്കമുള്ള പ്രദേശങ്ങൾ ഇന്ന് നിശ്ചലമായേക്കും. ദളിദ് വിഭാഗങ്ങളുടെ ശക്തി തെളിയിക്കാൻ 250 ഓളം സംഘടനകൾ ചേർന്നുള്ള പ്രതിഷേധമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ രൂപം കൊള്ളുന്നത്. എന്നാൽ എതിർ ഭാഗത്തുള്ളവർ ഇവരെ കരുതുന്നത് രാജ്യത്തെ ഒറ്റിയവർ എന്ന നിലയിലും. ദളിദ് സഹായം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ബ്രിട്ടന് ഇന്ത്യയെ കീഴടക്കി ഭരിക്കാൻ കഴിയുമായിരുന്നില്ല എന്ന് കരുതുന്നവർ ധാരാളമാണ്. ഈ ചേരി തിരിവ് തന്നെയാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കരുത്തായി മാറുന്നതും.

വിഭജന പൂർവ ഇന്ത്യയിലെ പ്രധാന പ്രദേശങ്ങൾ ഏറെക്കുറെ മറാത്താ വംശത്തിന്റെ കീഴിൽ ആയിരുന്നതിനാൽ ഇവരെ കീഴടക്കുക എന്നതായിരുന്നു ബ്രിട്ടീഷ് സൈന്യം നേരിട്ട പ്രധാന വെല്ലുവിളിയും. മറാത്താ രാജ വംശത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനതയായി കഴിഞ്ഞ ദളിതർ 28000 വരുന്ന സൈന്യത്തെ വെറും 500 പേരുടെ കരുത്തിൽ പൊരുതി തോൽപ്പിച്ച ധീര കഥയുടെ വീര്യം ഇന്നും മഹാരാഷ്ട്രയിലെ ദളിതരെ വീര്യം കൊള്ളിക്കുകയാണ്. ജലപനമില്ലാതെ ഒരു ദിവസത്തിലേറെ നീണ്ടു നിന്ന യുദ്ധമാണ് ബ്രാഹ്മണ മേധാവിത്യം തകർത്തു ബ്രിട്ടീഷ് സൈന്യത്തിന് ചുവടു ഉറപ്പിക്കാൻ സഹായകമായത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടീഷ് ഭരണം ആരംഭിക്കും മുൻപ് ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങൾക്കു വൻശക്തിയെ ധീരമായി ചെറുത്ത് നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിലും മറാത്താ പ്രദേശത്തു ജാതീയ മേൽക്കോയ്മ സൃഷ്ടിച്ച ചേരിതിരിവിൽ നുഴഞ്ഞു കയറാൻ വൈദേശിക ശക്തികൾക്കു കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.

ഒരു തരത്തിൽ ബ്രിട്ടീഷുകാരുടെ വരവ് തങ്ങളുടെ അടിച്ചമർത്തലിൽ നിന്നുള്ള വിമോചനമായി കരുതുക ആയിരുന്നു താഴെക്കിടയിലുള്ള ദളിദ് വംശജർ. ബ്രിട്ടൻ ഇന്ത്യയിൽ പൂർണ്ണമായും ആധിപത്യം നേടും മുൻപുള്ള ബ്രിട്ടീഷിന്ത്യ പ്രദേശവുമായുള്ള ഏറ്റുമുട്ടലുകൾ മറാത്താ ദേശക്കാർക്കു തുടരെ തുടരെ നടത്തേണ്ടി വന്നു. ഇത്തരത്തിൽ മൂന്നു പ്രധാന യുദ്ധങ്ങളിൽ അവസാനത്തേത് ആയിരുന്നു 1818 ൽ നടന്നത്. ഇതോടെയാണ് ബ്രിട്ടൻ ഏറെക്കുറെ പൂർണ്ണമായും ഇന്ത്യയെ കാൽക്കീഴിലാക്കിയത്. അവസാന ചെറുത്തു നിൽപ്പ് എന്ന നിലയിലാണ് പേഷ്വ സൈന്യം കോറിഗാവിൽ ബ്രിട്ടനെ എതിരിട്ടത്. ആ യുദ്ധത്തിലും തോറ്റതോടെ ആത്മ വിശ്വാസം നഷ്ടമായ ഇന്ത്യൻ നാട്ടുരാജ്യങ്ങൾ പരിപൂർണമായി ബ്രിട്ടന് അടിമപ്പെടുക ആയിരുന്നു. ഇപ്പോൾ ആ വിജയാഘോഷമാണ് ഇന്ത്യയിലെ പഴയ മാറാത്ത പ്രദേശങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത്.

1818 ലെ യുദ്ധം വാസ്തവത്തിൽ ഇന്ത്യക്കാർ തമ്മിൽ ആയിരുന്നു എന്നതാണ് കൂടുതൽ രസകരം. ബ്രിട്ടീഷ് സൈന്യം എന്നാണ് പേര് ഉണ്ടായതെങ്കിലും മഹർ പോരാളികൾ എന്ന പേരിൽ പേഷ്വാ സൈന്യവുമായി ഏറ്റുമുട്ടിയത് ഇന്ത്യൻ ദളിതർ തന്നെയായിരുന്നു. 20000 പടക്കുതിരകളും 8000 കാലാൾ സേനയും ഉണ്ടായിട്ടും ദളിത് സൈന്യം മുട്ടുവിറയ്ക്കാതെ പോരാടി. ഒടുവിൽ വിജയം ബ്രിട്ടന്റെ പേരിൽ കുറിച്ചിടുകയും ചെയ്തു. വിഭജന ഭരണത്തിന്റെ മറ്റൊരു കൗശല ബുദ്ധിയാണ് ബ്രിട്ടൻ മറാത്താ ദളിതരിലൂടെ നടപ്പാക്കിയത്. ഈ യുദ്ധത്തിന്റെ സ്മരണക്കായി നിർമ്മിച്ച യുദ്ധ സ്തൂപത്തിൽ 1927 ജനുവരി ഒന്നിന് അംബേദ്ക്കർ പുഷ്പാർച്ചന നടത്തിയത് മുതൽ ദളിതർ ഇവിടെ വാർഷിക ആഘോഷം സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ കരസേനയിൽ മഹർ റെജിമെന്റും ഈ യുദ്ധ സ്മാരകമായി രൂപമെടുത്തതാണ്.

മനുഷ്യരായി പോലും ജീവിക്കാൻ അനുവദിക്കാതിരുന്ന ജാതിമേൽക്കോയ്മയിൽ നിന്നും രൂപമെടുത്ത അസ്വസ്ഥതയാണ് മെഹറുകളെ വൈദേശികരുമായി കൂട്ടുകൂടാൻ പ്രേരിപ്പിച്ചത്. സ്വന്തം അസ്തിത്വം സ്ഥാപിച്ചെടുക്കാൻ നടത്തിയ പോരാട്ട വീര്യം ഇന്നും ഇന്ത്യൻ ദളിതരുടെ ആവേശമായി നിലനിൽക്കുന്നു എന്ന് കൂടിയാകും മഹാരാഷ്ട്ര ബന്ദിലൂടെ തെളിയിക്കപ്പെടുക. ഒരു പക്ഷെ ജാതീയമായി ഇന്ത്യ വിഭജിക്കപ്പെട്ടിലായിരുന്നെകിൽ ഒരിക്കലും ബ്രിട്ടനു ഇന്ത്യൻ മണ്ണിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുമായിരുന്നില്ല എന്ന് കൂടി ഓർമ്മിപ്പിക്കുകയാണ് കോറിഗാവ് യുദ്ധ വാർഷിക ചടങ്ങുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP