Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളി കുടിയന്മാർ ഇനി മാഹിയെയും കണ്ടു കൊതിക്കേണ്ട..! സുപ്രീംകോടതി ഉത്തരവോടെ മാഹിയിലെ ഭൂരിപക്ഷം മദ്യശാലകൾക്കും പൂട്ടുവീഴും; പുതിയ ഉത്തരവ് അനുസരിച്ച് ഇനി പ്രവർത്തിക്കുക 24 എണ്ണം മാത്രം; മദ്യപന്മാർക്കിത് പറുദീസാ നഷ്ടം

മലയാളി കുടിയന്മാർ ഇനി മാഹിയെയും കണ്ടു കൊതിക്കേണ്ട..! സുപ്രീംകോടതി ഉത്തരവോടെ മാഹിയിലെ ഭൂരിപക്ഷം മദ്യശാലകൾക്കും പൂട്ടുവീഴും; പുതിയ ഉത്തരവ് അനുസരിച്ച് ഇനി പ്രവർത്തിക്കുക 24 എണ്ണം മാത്രം; മദ്യപന്മാർക്കിത് പറുദീസാ നഷ്ടം

രഞ്ജിത് ബാബു

മാഹി: കേരളത്തിൽ ബാറുകൾ നിരോധിച്ചതോടെ മദ്യപാനികളുടെ പറുദീസയായി മാറിയതു കേരളത്തിനുള്ളിലെ കേരളം അല്ലാത്ത മാഹിയാണ്. നികുതി ഇളവും ഇവിടേക്ക് മദ്യപാനികളെ കൂട്ടത്തോടെ ആകർഷിച്ചു. എന്നാൽ, മദ്യശാലകളുടെ ദൂരപരിധി വിഷയത്തിൽ സുപ്രീം കോടതിയുടെ ഉത്തരവിനെതുടർന്ന് മാഹിയിലെ മദ്യ ശാലകൾ ഭൂരിഭാഗവും അടച്ചു പൂട്ടേണ്ടി വരുമെന്നാണു സൂചന.

എഴുപതിലേറെ ബാറുകളും മദ്യഷാപ്പുകളുമുള്ള പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ പുതിയ ഉത്തരവ് അനുസരിച്ച് ഇനി 24 എണ്ണത്തിന് മാത്രമേ പ്രവർത്തിക്കാനാവൂ. കണ്ണൂർ, കോഴിക്കോട് ദേശീയ പാതയിൽ മാഹി നഗരപരിധിയിൽ മാത്രം അമ്പതിലേറെ മദ്യഷാപ്പുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ദേശീയപാതയിലും സംസ്ഥാന ഹൈവേയിലുമാണ്. മാഹിയിൽ തന്നെപെട്ട പള്ളൂർ മേഖലയിൽ മാത്രമാണ് ഇനി മദ്യശാലകൾക്ക് പ്രവർത്തിക്കാനാകുകയുള്ളൂ.

പുതുച്ചേരി സർക്കാറിന്റെ പ്രധാന വരുമാനം മദ്യത്തിൽ നിന്നുള്ളതാണ്. അതുകൊണ്ടു തന്നെ ഗുണനിലവാരം കുറഞ്ഞതും മറ്റ് യാതൊരു പരിശോധനകളുമില്ലാതെ മാഹിയിൽ മദ്യം വിറ്റുവരുന്നതായി ആരോപണം നിലവിലുണ്ട്. പള്ളൂർ മേഖലയിൽ പാറാൽ, പന്തക്കൽ, മൂലക്കടവ്, എന്നിവിടങ്ങളിലാണ് അവശേഷിക്കുന്ന 24 മദ്യശാലകൾ നിലനിൽക്കുന്നത്. മദ്യപാനത്തിന് രഹസ്യ സ്വഭാവമുള്ളവരാണ് നേരത്തെ ഈ മേഖലയിൽ എത്താറുള്ളത്. കണ്ണൂർ, കോഴിക്കോട് ജില്ലകൾക്കകത്ത് ആകെയുള്ള ഒമ്പത് ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് മാഹി റീജിയണലിൽ പെടുക. എന്നിരുന്നാലും ഇവിടെ 74 മദ്യഷാപ്പുകളും ബാറുകളും പ്രവർത്തിക്കുന്നുണ്ടെന്നുള്ളത് അത്ഭുതമായി അവശേഷിക്കുന്നു.

ഉപഭോക്താക്കളിൽ മഹാ ഭൂരിപക്ഷവും കേരളീയരാണ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് ദൈനംദിനം ദേശീയ പാതക്കരികിലെ മദ്യശാലകളിലേക്ക് നിരവധിപേർ എത്തുന്നുണ്ട്. ദേശീയ പാതവഴി കടന്നു പോകുന്ന വാഹനങ്ങളിൽ പെട്രോളും ഡീസലും നിറക്കുന്നതിന്റെ മറവിൽ മൊത്തമായും ചില്ലറയായും മദ്യം വാങ്ങിക്കൊണ്ടു പോകുന്നതും പതിവാണ്. അടുത്ത കാലത്തായി അന്യ സംസ്ഥാന തൊഴിലാളികളും മാഹി മദ്യത്തിലേക്ക് ആകർഷിക്കപ്പെട്ട് എത്താറുണ്ട്. കേരളീയർക്ക് പുറമേ അന്യ സംസ്ഥാന തൊഴിലാളികളും മാഹിയിലെ തെരുവോരങ്ങളിൽ അലഞ്ഞു തിരിയുന്നത് മാഹി ജനതയിലും പ്രതിഷേധമുയർത്തിയിട്ടുണ്ട്.

മദ്യ പാനികളുടെ പറുദീസ എന്നറിയപ്പെടുന്ന മാഹിയിൽ 1985 ന് ശേഷം പുതിയ മദ്യ ശാലകൾക്ക് പോണ്ടിച്ചേരി സർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ നിലവിലുള്ള മദ്യശാലകളിൽ വിസ്തീർണ്ണം വർദ്ധിപ്പിച്ചും ഇരുനില കെട്ടിടമാക്കിയും മദ്യപന്മാരെ ആകർഷിച്ചു വരികയാണ്. ദേശീയ പാതയും സംസ്ഥാന പാതയും അല്ലാത്ത പ്രദേശത്തേക്ക് മാഹിയിൽ നിന്നും
മദ്യശാലകൾ മാറ്റിസ്ഥാപിക്കാൻ ലൈസൻസികൾ ശ്രമമാരംഭിച്ചു കഴിഞ്ഞു. ജില്ലാ റോഡുകളും മറ്റും ഉൾപ്പെടുന്ന പാറാൽ, പന്തക്കൽ, മൂലക്കടവ് എന്നിവിടങ്ങളിൽ മദ്യഷാപ്പുകൾ മാറ്റാനാണ് ശ്രമം നടക്കുന്നത്. ഗ്രാമീണ മേഖലകളിൽ ബാറുകൾ തുറക്കാൻ സുപ്രീം കോടതി വിധി പ്രകാരം തടസ്സമില്ലെന്നാണ് ലൈസൻസികൾ പറയുന്നത്. മാത്രമല്ല നിലവിലുള്ള തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള ശ്രമം സർക്കാർ തലത്തിൽ ചർച്ച ചെയ്ത് നേടിയെടുക്കാനും ലൈസൻസികൾ ശ്രമം നടത്തി വരികയാണ്. മാഹി മേഖലയിലെ ചെറിയ കവലകളിൽ പോലും മദ്യശാലകൾ വരുന്ന അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP