Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രാൻസിനായി യുദ്ധം ചെയ്തവരും മലയാളം പറയുന്നു! പനക്കാടൻ ബാലനും പള്ളൂരിലെ വാസുവും ദ്രൗപതിയും അടക്കം 32 മലയാളികൾ ആകാംഷയിൽ; മാഹിയിലും ഇത് തെരഞ്ഞെടുപ്പ് കാലം

ഫ്രാൻസിനായി യുദ്ധം ചെയ്തവരും മലയാളം പറയുന്നു! പനക്കാടൻ ബാലനും പള്ളൂരിലെ വാസുവും ദ്രൗപതിയും അടക്കം 32 മലയാളികൾ ആകാംഷയിൽ; മാഹിയിലും ഇത് തെരഞ്ഞെടുപ്പ് കാലം

രഞ്ജിത് ബാബു

മാഹി : ഫ്രഞ്ച് പ്രസിഡണ്ട് ആരാകുമെന്ന ആകാംക്ഷയിൽ കഴിയുകയാണ് മാഹിയിലെ 32 മലയാളികൾ. ഇന്നലെ പുലർച്ചയോടെ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ച് ഉറക്കമിളച്ച് കാത്തിരുന്നവർ ഒന്നാംഘട്ട വോട്ടെടുപ്പിൽ നിരാശരായി. മത്സരിച്ച പ്രധാന സ്ഥാനാർത്ഥികളിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ടുകൾ ലഭിച്ചിരുന്നില്ല.

ആദ്യഘട്ട വോട്ടെടുപ്പിൽ 50 ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചാൽ മാത്രമേ പ്രസിഡണ്ട് സ്ഥാനം ഉറപ്പാവുകയുള്ളൂ. ഒന്നാംഘട്ട വോട്ടെടുപ്പിൽ 25 ശതമാനം വോട്ടുപോലും പ്രധാന സ്ഥാനാർത്ഥികൾക്ക് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും ആദ്യ രണ്ട് സ്ഥാനക്കാർ വീണ്ടും വോട്ടെടുപ്പിനെ നേരിടേണ്ടി വരും. മാഹിയിലെ മലയാളികൾക്കും വീണ്ടും വോട്ട് ചെയ്യണം. മാഹിക്കാരായിരിക്കുമ്പോഴും ഇവിടെയുള്ള 32 പേർ ഇന്നും ഫ്രഞ്ച് പൗരന്മാരാണ്.

1954 ൽ മാഹിയുടെ മോചനം നടന്ന് ഫ്രഞ്ച്കാർ ഇന്ത്യ വിടുമ്പോൾ നടപ്പാക്കിയ ഉടമ്പടി പ്രകാരം 120 മയ്യഴിക്കാർക്ക് ഫ്രഞ്ച് പൗരത്വം നൽകപ്പെട്ടിരുന്നു. അതിൽ 58 പേർ ഇന്നും ജീവിച്ചിരിപ്പുണ്ട്. 32 പേർ മാഹിലും മറ്റുള്ളവർ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും വിദേശത്തുമായി കഴിയുന്നു. എന്നാൽ ഇവരെല്ലാവരും ഫ്രഞ്ച് പ്രസിഡണ്ടിന്റെ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താറുണ്ട്. മാഹിയിലെ ഫ്രഞ്ച് പൗരന്മാരിൽ ഏറ്റവും പ്രായം ചെന്നത് പനക്കാടൻ ബാലനും പള്ളൂരിലെ വാസുവുമാണ്. ഇവർ ഇരുവരും ഫ്രാൻസിനു വേണ്ടി യുദ്ധത്തിലണിനിരന്ന കരസേനക്കാരായിരുന്നു. ബാലന്റെ ഭാര്യയും മക്കളും ഒരു മരുമകളും ഇന്നും ഫ്രഞ്ച് പൗരന്മാരായുണ്ട്. വാസുവിന്റെ ഭാര്യ ദ്രൗപതിയും ഫ്രഞ്ച് പ്രസിഡണ്ടിന് വോട്ടു ചെയ്തവരാണ്.

മാഹിയിലെ ഫ്രഞ്ച് പൗരന്മാർ പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോൺസുലേറ്റിലെ ബൂത്തിലാണ്
വോട്ടു രേഖപ്പെടുത്തിയത്. പ്രായാധിക്യവും മറ്റ് അസൗകര്യങ്ങളും കാരണം പനക്കാടൻ ബാലൻ ഉൾപ്പെടെയുള്ളവർ പ്രോക്സി വഴിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇളമുറക്കാരനായ കുനിയിൽ ശ്യാമും പ്രോക്സിയെ നിയോഗിച്ചാണ് വോട്ടു രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യ തെരഞ്ഞെടുപ്പിൽ ഫ്രഞ്ച് പ്രസിഡണ്ട് സ്ഥാനത്തേക്ക് വോട്ട് ശതമാനം കുറഞ്ഞതിനാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ ഇമാനുവൽ മാക്രോണും (24.1 %) , മാരിൻ ലേ പെൻ (21.30 %) , എന്നിവർ മെയ് 7 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടണം. മാക്രോൺ വലതുപക്ഷ നിലപാടുകാരനും മാരിൻ തീവ്ര വലതുപക്ഷക്കാരിയുമാണ്.

വിദേശികൾക്കും കുടിയേറ്റക്കാർക്കും മാരിൻ അധികാരത്തിലെത്തിയാൽ ദോഷമുണ്ടാകുമെന്നതിനാൽ മാഹിയിലെ വോട്ടർമാർ മാക്രോണിനെയാണ് പിൻതുണക്കുന്നത്. എന്നാൽ ഇക്കാര്യം തുറന്ന് പറയാൻ ആരും തയ്യാറല്ല. ആറ് പതിറ്റാണ്ട് അടക്കിവാണ ഇടതു വലതു പാർട്ടികളെ അടിയറവു പറയിച്ചാണ് മറ്റ് രണ്ട് പാർട്ടികൾ തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ വോട്ടെടുപ്പിൽ പഴയ തലമുറയിലെ പ്രമുഖനായ പനക്കാടൻ ബാലന് ആവേശം കുറവാണ്. എങ്കിലും വോട്ടെടുപ്പിൽ നിന്ന് പിൻവാങ്ങില്ലെന്നും പൊതുവേ ഫ്രഞ്ചുകാർ നല്ലവരാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മാസാമാസം ഒരു ലക്ഷത്തോളം രൂപയും ആരോഗ്യ പരിപാലനത്തിന് ചികിത്സാ രേഖ സമർപ്പിച്ചാൽ മുഴുവൻ ചിലവും ഇന്നും ഫ്രഞ്ച് പൗരന്മാരെന്ന നിയിൽ അവർക്ക് നൽകുന്നുണ്ട്. അവിടുത്തെ ചോറാണ് ഞങ്ങൾ ഉണ്ണുന്നതെന്നും എന്നാൽ ഞങ്ങൾ ഇന്ത്യക്കാർ തന്നെയാകുമ്പോൾ ഫ്രാൻസ് നമ്മുടെ മാതൃ രാജ്യമാണെന്നും അവർ പറയുന്നു. സ്വകാര്യമായെങ്കിലും മിതവാദി പാർട്ടിയായ ഒൻ മാർഷിന്റെ സ്ഥാനാർത്ഥി മാക്രോൺ ജയിച്ചു കാണണമെന്നാണ് മാഹിയെ ഫ്രഞ്ച് വോട്ടർമാരുടെ ആഗ്രഹം.

മാഹിയിൽ ഫ്രഞ്ച് പൗരന്മാരുടെ കാര്യാലയമായ യുന്യോദ് ഫ്രാൻസദ് മായയിലെ അംഗങ്ങൾ ഒരുമിച്ച് തീരുമാനിച്ചാണ് വോട്ടുരേഖപ്പെടുത്തേണ്ട സ്ഥാനാർത്ഥിയെ കണ്ടെത്താറ്. ഇത്തവണയും അവർ അവിടെ ഒത്തു കൂടി രണ്ടാഴ്ച മുമ്പു തന്നെ തീരുമാനമെടുത്തിരുന്നു. എന്നാൽ അവരുടെ തീരമാനങ്ങളൊന്നും ബാഹ്യ ലോകത്തെ അറിയിക്കാറില്ല. വോട്ടെടുപ്പ് കഴിഞ്ഞ് ഫല പ്രഖ്യാപനം
വന്നാലും അമിതാഹ്ലാദമോ ആവേശമോ പ്രകടിപ്പിക്കാറില്ല.

വോട്ട് രേഖപ്പെടുത്താൻ അധികാരപ്പെടുത്തുന്ന പ്രോക്സികൾക്ക് ഒരു വർഷം വരെ ഫ്രഞ്ച് തെരഞ്ഞെടുപ്പ് നീണ്ടു പോയാലും വോട്ട് ചെയ്യാം. അതിന് നേരത്തെ തന്നെ വോട്ടർമാർ സമ്മതം നൽകിയിട്ടുണ്ട്. അതിനാൽ മെയ് 7 ന് നടക്കുന്ന തിരഞ്ഞെടുപ്പിലും പ്രോക്സികൾ തന്നെ വോട്ട് രേഖപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP