Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുച്ചേരിയിൽ സാമ്പത്തിക പ്രതിസന്ധി: മാഹിയിൽ റേഷൻ മുടങ്ങിയിട്ട് മൂന്നുമാസം; ഗോതമ്പ് മുടങ്ങിയിട്ട് ആറുമാസം; മദ്യം ഊറ്റിക്കുടിക്കാനെത്തുന്നവർ അറിയുന്നുണ്ടോ മയ്യഴിയുടെ വിശപ്പ്

പുതുച്ചേരിയിൽ സാമ്പത്തിക പ്രതിസന്ധി: മാഹിയിൽ റേഷൻ മുടങ്ങിയിട്ട് മൂന്നുമാസം; ഗോതമ്പ് മുടങ്ങിയിട്ട് ആറുമാസം; മദ്യം ഊറ്റിക്കുടിക്കാനെത്തുന്നവർ അറിയുന്നുണ്ടോ മയ്യഴിയുടെ വിശപ്പ്

മാഹി: 'മാഹി' എന്ന പേരുകേട്ടാൽ ഇന്ന് കേരളീയർക്കൊരു കുളിരാണ്. കേരളീയർക്ക് ഒന്നാകെയെന്നു പറഞ്ഞുകൂടാ. കേരളത്തിലെ മദ്യപാനികൾക്ക് കുളിരേകുന്ന സ്ഥലം എന്ന് എടുത്തുപറയുകതന്നെ വേണം. ബാറുകളെല്ലാം അടച്ചുപൂട്ടിയപ്പോൾ മാവേലി എക്സ്‌പ്രസിലും മലബാർ എക്സ്‌പ്രസിലുമെല്ലാം ലോക്കൽ ടിക്കറ്റെടുത്ത് ഇവിടെയെത്തിയവർ ധാരാളമാണ്.

മയ്യഴിയുടെ തീരത്തെ സുന്ദരമായ നാടിനെക്കുറിച്ച് എം മുകുന്ദൻ പറഞ്ഞുതന്ന മാഹി അല്ല ഇന്നത്തെ മാഹി. ഇന്ന് മാഹി കാണാനെത്തുന്നവരുടെ ലക്ഷ്യം വേറെയാണ്. മദ്യപാനികളുടെ പറുദീസയായി മാറിയ മാഹിയിലെ ജനങ്ങൾ കഞ്ഞികുടിക്കുന്നത് എങ്ങനെയെന്ന് ഇതുവരെ ആരും അന്വേഷിച്ചിട്ടില്ല. മദ്യമൊഴുകുന്ന ഈ കേന്ദ്രഭരണപ്രദേശത്ത് റേഷൻ അരി വിതരണം നിലച്ചിട്ട് മൂന്നു മാസം പിന്നിടുന്നു. ഒരു ചാനലിലും പത്രത്തിലും ഇതിനെക്കുറിച്ച് ഒരു വരിപോലും വന്നു കണ്ടില്ല.

നൂറു കണക്കിനു മദ്യക്കടകളുള്ള മാഹിയിൽ 18 റേഷൻ കടകളാണുള്ളത്. എഫ്‌സിഐ വഴിയെത്തുന്ന അരിയും ഗോതമ്പുമാണ് മാഹിയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയം. 10 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും ഒരു കുടുംബത്തിന് നൽകിയിരുന്നു. ആറു മാസമായി ഗോതമ്പ് വിതരണം പൂർണ്ണമായും നിലച്ചു. ഗോതമ്പിന് പകരം എണ്ണയാണ് ഇപ്പോൾ നൽകുന്നത്. ജനുവരി മുതൽ അരി വിതരണവും നിർത്തി.

ഓൾ ഇന്ത്യ എൻ രംഗസ്വാമി കോൺഗ്രസ് ആണ് ഇപ്പോൾ പോണ്ടിച്ചേരി (പുതുച്ചേരി) ഭരിക്കുന്നത്. പുതുച്ചേരി സംസ്ഥാനത്തിന്റെ സാമ്പത്തിക മാന്ദ്യമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് സർക്കാർ പറയുന്നു. മുമ്പ് സംസ്ഥാനം ഭരിച്ച കോൺഗ്രസിനാണ് ഇന്നത്തെ അവസ്ഥയുടെ പൂർണ്ണ ഉത്തരവാദിത്തമെന്ന് എൻ ആർ കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. കോൺഗ്രസ് സർക്കാർ മാഹിയിലെ പൊതുവിതരണ സംവിധാനം പൂർണമായും തകർത്തുവെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം.

അരിവിതരണത്തിന് കരാറെടുത്ത പുതുച്ചേരി മില്ലിന് സർക്കാർ പണം നൽകാത്തതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് കോൺഗ്രസും ആരോപിക്കുന്നു. സംസ്ഥാനത്തിന്റെ ഭാഗമായ കാരയ്ക്കാൽ, യാനം, പുതുച്ചേരി എന്നിവിടങ്ങളിലായി സംസ്ഥാനത്തിന് ആവശ്യമായ നെല്ല് ഉൽപ്പാദിപ്പിക്കുന്നുണ്ട്. നെൽകൃഷി ഇല്ലാത്ത ഏക പ്രദേശം മാഹി മാത്രമാണ്. അതിനാൽതന്നെ മാഹിയുടെ ആവശ്യം പരിഗണിച്ച് ആവശ്യമായ അരി എത്തിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ കാണിക്കുന്നില്ല എന്ന സത്യം രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കിടയിലും തെളിഞ്ഞു നിൽക്കുകയാണ്. സൗജന്യ റേഷൻപോലും നിർത്തലാക്കി തങ്ങളെ പട്ടിണിക്കിടുന്ന സർക്കാരിനെതിരെ മാഹിയിൽ ജനരോഷം ശക്തമാകുകയാണ്.

കോൺഗ്രസിന്റേയും എൻആർ കോൺഗ്രസിന്റേയും വീഴ്ചകൾ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കാൻ സിപിഐ (എം) തീരുമാനിച്ചിട്ടുണ്ട്. അരിവിതരണം പുനഃസ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി സിപിഐ (എം) പ്രതിനിധി സംഘം മാഹി റീജണൽ അഡ്‌മിനിസ്‌ട്രേറ്റർക്ക് കത്ത് നൽകിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP