Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലബാർ സിമന്റ്‌സിന്റെ ലോജിസ്റ്റിക് ഹബ് എംഡി പത്മകുമാറിന്റെ മറ്റൊരു തട്ടിപ്പെന്ന് ആക്ഷേപം; പ്രൊജക്റ്റ് റിപ്പോർട്ടുപോലുമില്ലാതെ അനുമതി നൽകിയ പദ്ധതി കെട്ടിടമില്ലാതെ ഉദ്ഘാടനം ചെയ്ത് ഉമ്മൻ ചാണ്ടി സർക്കാർ; സിഐടിയു നേതാവിന്റെ പരാതി കണ്ടില്ലെന്നു നടിച്ച് എൽഡിഎഫ് സർക്കാരും

മലബാർ സിമന്റ്‌സിന്റെ ലോജിസ്റ്റിക് ഹബ് എംഡി പത്മകുമാറിന്റെ മറ്റൊരു തട്ടിപ്പെന്ന് ആക്ഷേപം; പ്രൊജക്റ്റ് റിപ്പോർട്ടുപോലുമില്ലാതെ അനുമതി നൽകിയ പദ്ധതി കെട്ടിടമില്ലാതെ ഉദ്ഘാടനം ചെയ്ത് ഉമ്മൻ ചാണ്ടി സർക്കാർ; സിഐടിയു നേതാവിന്റെ പരാതി കണ്ടില്ലെന്നു നടിച്ച് എൽഡിഎഫ് സർക്കാരും

പാലക്കാട്: കൊച്ചിൻ തുറമുഖ ട്രസ്റ്റിന്റെ ഏഴേക്കർ ഭൂമി പാട്ടത്തിനെടുത്ത് സിമന്റ്് ലോജിസ്റ്റിക് ഹബ് സ്ഥാപിക്കാൻ നടത്തിയ നീക്കം മലബാർ സിമന്റ്‌സ് എംഡി കെ പത്മകുമാറിന്റെ മറ്റൊരു തട്ടിപ്പിന്റെ ഭാഗമായിരുന്നെന്ന് ആരോപണം. സമഗ്രമായ പ്രൊജക്റ്റ് റിപ്പോർട്ടുപോലുമില്ലാതെ കൊച്ചിൻ പോർട് ട്രസ്റ്റിന്റെ ഭൂമി 58 കോടി വായ്പയെടുത്ത് നൽകി പാട്ടത്തിനെടുത്തിട്ടും അവിടെ ഒരു കെട്ടിടം പോലും ഇതുവരെ ഉയർന്നില്ല. ഇതോടെ സമഗ്രമായി ഒരു പദ്ധതിറിപ്പോർട്ടുപോലും നൽകാതെ പദ്ധതി തുടങ്ങിയത് കോടികൾ തട്ടാനാണെന്ന ആരോപണമാണ് ഉയരുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയോടെയാണ് ഇതുസംബന്ധിച്ച് വൻ പ്രചാരണം മലബാർ സിമന്റ്‌സ് നൽകിയത്. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമുള്ള സിമന്റ് വിതരണം കാര്യക്ഷമമാക്കാൻ സിമന്റ് ഹബ് സഹായിക്കുമെന്നായിരുന്നു പ്രചരണം. മൂന്നുലക്ഷം ടൺ വാർഷികശേഷിയുള്ള പ്ലാന്റ്  സ്ഥാപിക്കുമെന്നും സിമന്റ് ഉൽപാദനത്തിനായി അസംസ്‌കൃത വസ്തുക്കൾ കൊച്ചി തുറമുഖംവഴി ഇറക്കുമതി ചെയ്യുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇതിനായി 160 കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. നാലുവർഷത്തേക്ക് പലിശരഹിത വായ്പ അനുവദിക്കണമെന്ന മലബാർ സിമന്റ്‌സിന്റെ ആവശ്യവും സർക്കാർ അംഗീകരിച്ചിരുന്നു.

മലബാർ സിമന്റ്‌സ് എം.ഡി കെ.പത്മകുമാർ കൂടി ഡയറക്ടറായ നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽ എന്ന സ്ഥാപനം തയ്യാറാക്കിയ ഒരു റിപ്പോർട്ടിന്റെ ബലത്തിലാണ് ഇത്രയും വലിയൊരു പദ്ധതിക്ക് മുൻ സർക്കാർ അനുമതി നൽകിയത്. പ്രഖ്യാപിച്ച് ഒരുവർഷത്തിനുശേഷം പദ്ധതി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യു.ഡി.എഫ് സർക്കാരിന്റെ കാലാവധി തീരുംമുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്‌തെങ്കിലും ബന്ധപ്പെട്ട സ്ഥലത്ത് ഒരുവിധ നിർമ്മാണ പ്രവർത്തനവും ഇതുവരെ തുടങ്ങിയിട്ടില്ല.തുറമുഖ ട്രസ്റ്റിന്റെ ഏഴേക്കർ ഭൂമിയാണ് പാട്ടത്തിനെടുത്തത്. പ്രോജെക്ട് റിപ്പോർട്ട് മുതലിങ്ങോട്ടു കോഴയും കമ്മീഷനും രാഷ്ട്രീയനേതാക്കളുടെ അഴിമതിയും ലക്ഷ്യമിടുന്ന പദ്ധതിയാണിതെന്നു ഇതോടെ വ്യക്തമാകുന്നു.

വിദേശത്തുനിന്നും ബൾക്ക് സിമന്റ് കൊണ്ടുവന്ന് മലബാർ സിമന്റ്‌സിന്റെ ലേബലിൽ പായ്ക്ക് ചെയ്തു വിൽക്കുന്നതിനും ക്ലിങ്കർ ഇറക്കുമതി ചെയ്ത് പൊടിച്ച് പായ്ക്ക് ചെയ്തു വിൽക്കുന്നതിനും ലക്ഷ്യമിട്ടാണ് ഹബ് ആരംഭിച്ചത്. പദ്ധതിക്ക് 160 കോടിയുടെ ചെലവ് വരുമെന്നു മുകളിൽ പറഞ്ഞ ഏജൻസിയാണ് കണക്കാക്കിയത്.അല്ലാതെ ഒരു തരത്തിലുള്ള പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കിയിട്ടില്ല. മൂന്നു ലക്ഷം ടൺ വാർഷിക ശേഷിയുള്ള പ്ലാന്റ്് സ്ഥാപിച്ച് കമ്പനിയുടെ വിപണി 25 ശതമാനം വർധിപ്പിക്കുകയെന്നതാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതർ പറയുന്നു. 

ഇപ്പോൾ 10 ശതമാനം വിപണി മാത്രമാണ് മലബാർ സിമന്റ്‌സിനുള്ളത്. സ്ഥലത്തിന്റെ പാട്ടത്തുക മൂന്നു വർഷത്തേക്ക് മുൻകൂർ നൽകുന്നതിന് സ്വകാര്യ ബാങ്കിൽ നിന്നും 58 കോടി രൂപ വായ്പയെടുത്ത് തുറമുഖ ട്രസ്റ്റിനു നൽകി. മലബാർ കമ്പനിയുടെ ആസ്തികൾ പണയംവച്ചാണ് വായ്പയെടുത്തത്. ഇതിനുവേണ്ടി ചട്ടങ്ങൾ മറികടന്ന് കമ്പനിയുടെ അക്കൗണ്ടും നിക്ഷേപവും സ്വകാര്യ ബാങ്കിലേക്ക് മാറ്റി.

ബൃഹത്തായ പദ്ധതിയെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പാട്ടത്തിനെടുത്ത സ്ഥലത്ത് ഒരു ഓഫീസ് പോലും തുടങ്ങിയിട്ടില്ല. പകരം ഒരു ഹോട്ടലിലാണ് ഇപ്പോൾ സിമന്റ് ഹബിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്്. വിദേശത്തുനിന്നും കൊണ്ടുവരുന്ന ക്ലിങ്കർ പോലും ഇവിടെ സംഭരിക്കുന്നില്ല എന്നതാണ് സത്യം. പകരം ക്ലിങ്കർ പോർട്ട് ട്രസ്റ്റിന്റെ ഷെഡിലാണ് ഇടുന്നത്. ഇതിന് വീണ്ടും വാടക നൽകുന്നുവെന്നതാണ് മറ്റൊരു വിരോധാഭാസം.

ഇപ്പോൾ ഹബിനായി പാട്ടത്തിനെടുത്ത ഭൂമിയിൽ എന്തെല്ലാം നിർമ്മാണം നടത്തണമെന്ന് പോലും ആർക്കും നിശ്ചയമില്ല. എത്ര സൈലോ(വലിയ ഗോഡൗൺ) വേണമെന്നു പോലും അറിയില്ല. നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസ് എന്ന ഏജൻസിയെ സഹായിക്കാൻ ഡയറക്ടർ കൂടിയായ പത്മകുമാർ കൊണ്ടുവന്ന പദ്ധതികൊണ്ട് പ്രയോജനം കിട്ടിയതുകൊച്ചിൻ തുറമുഖ ട്രസ്റ്റിനാണ്. അവർക്ക് 58 കോടി രൂപ ചുളുവിൽ പാട്ടത്തുകയായി ലഭിച്ചു. അന്ന് പോർട്ട് ട്രസ്റ്റിന്റെ ചുമതലയുണ്ടായിരുന്ന പോൾ ആന്റണിയുടെ സഹകരണത്തോടെയാണ് പത്മകുമാർ പദ്ധതിക്കായി നീക്കം നടത്തിയത്. ഇന്നദ്ദേഹം വ്യവസായ വകുപ്പിന്റെ ചുമതല വഹിക്കുന്ന സെക്രട്ടറിയാണ്.

നാല് വിജിലൻസ് കേസിൽ പ്രതിയായിട്ടും പത്മകുമാറിനെ മാറ്റാതെ സംരക്ഷിക്കുന്നതിന്റെ പിന്നിൽ പുതിയ സർക്കാരിലും ചിലർ മുന്നിൽ നിൽക്കുന്നതായി തൊഴിലാളികളും ബന്ധപ്പെട്ടവരും ആരോപിക്കുന്നുണ്ട്. സിമന്റ് ലോജിസ്റ്റിക് ഹബുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നതായും ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും മലബാർ സിമന്റ്‌സിലെ സിഐടി.യു യൂണിയൻ ഭാരവാഹി എസ്.ബി.രാജു മുൻ സർക്കാരിന്റെ കാലത്ത് തന്നെ വിജിലൻസിന് പരാതി നൽകിയെങ്കിലും അന്നത്തെ വിജിലൻസ് മേധാവി അന്വേഷണത്തിന് അനുമതി നൽകിയില്ല. സർക്കാർ മാറിയിട്ടും ഈ പരാതിക്ക് അനക്കമുണ്ടായിട്ടില്ല.

പുതിയ സർക്കാർ വന്നശേഷവും മലബാർ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട് വന്ന ആരോപണങ്ങളിൽ തെളിവുണ്ടായിട്ടും വിജിലൻസ് കേസെടുക്കാതിരുന്നതിനെ കോടതി ശക്തമായി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തന്നെ ഇടപെടുകയും രണ്ടു കേസുകൾ മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ലാമിനേറ്റഡ് ബാഗ് ഇറക്കുമതി നടത്തിയ കേസിലായിരുന്നു ഇത്. വിവാദ വ്യവസായി വി എം രാധാകൃഷ്ണനും പത്മകുമാറും ഉൾപ്പെടെ 11 പേരെ പ്രതികളാക്കിയാണ് വിജിലൻസ് ഈ കേസുകൾ എടുത്തിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP