Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഴയ 500 രൂപ നോട്ട് നൽകിയും പലരും പണം നൽകാതെ സദ്യയുണ്ടും മുങ്ങും; നാലു പേർ ചേർന്നു രണ്ടായിരത്തിന്റെ നോട്ട് നൽകും; ചിലർ നോട്ടു നൽകി ബാക്കി ചോദിക്കും...; വടക്കേ മലബാറിലെ കല്യാണങ്ങളെയും കുറിപ്പയറ്റിനെയും മങ്ങലേൽപിച്ച് നോട്ട് അസാധുവാക്കൽ

പഴയ 500 രൂപ നോട്ട് നൽകിയും പലരും പണം നൽകാതെ സദ്യയുണ്ടും മുങ്ങും; നാലു പേർ ചേർന്നു രണ്ടായിരത്തിന്റെ നോട്ട് നൽകും; ചിലർ നോട്ടു നൽകി ബാക്കി ചോദിക്കും...; വടക്കേ മലബാറിലെ കല്യാണങ്ങളെയും കുറിപ്പയറ്റിനെയും മങ്ങലേൽപിച്ച് നോട്ട് അസാധുവാക്കൽ

രഞ്ജിത് ബാബു

കണ്ണൂർ: കല്യാണത്തിനും ഗൃഹപ്രവേശത്തിനും വടക്കേ മലബാറിൽ കൊടുക്കൽ വാങ്ങൽ പതിവാണ്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും പരമ്പരാഗതമായി തുടരുന്ന ഈ രീതി ഒട്ടേറെ അനുഗ്രഹവുമാണ്. കല്യാണ ചെലവിന്റെ ഭാരത്തിൽ നിന്നും ഏറെക്കുറേ ആശ്വാസകരമാണ് ഈ ആചാരം.

എന്നാൽ നോട്ട് അസാധുവാക്കൽ മൂലം ഈ രീതിക്ക് നേരിട്ട ദുരിതം ചില്ലറയൊന്നുമല്ല. തലശ്ശേരി താലൂക്കിന്റെ തെക്കൻ മേഖലയിലും കോഴിക്കോട് ജില്ലയിലെ വടകര മേഖലയിലും നടക്കുന്ന കുറിപ്പയറ്റെന്ന ആചാരത്തിനും നോട്ടുനിരോധനം വിലങ്ങു തടിയായിരിക്കയാണ്. കല്യാണത്തലേന്നാണ് കണ്ണൂർ മേഖലയിൽ വീട്ടിലെത്തി കവർ നൽകുന്ന രീതിയുള്ളത്. സാധാരണക്കാർ 250 രൂപയും കുറച്ചു കൂടി ഉയർന്നവർ 500 രൂപയും കവറിൽ അടക്കം ചെയ്ത് ഗൃഹനാഥന് നൽകാൻ ഏൽപ്പിക്കുകയാണ് പതിവ്. അതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കും.

ചടങ്ങ് നടക്കുന്ന വീടിന്റെ ഉമ്മറത്തോ അല്ലെങ്കിൽ മറ്റൊരു മുറിയിലോ വിളക്കു തെളിച്ചു വച്ചാണ് പണം സ്വീകരിക്കുന്നത്. ഗൃഹനാഥൻ നേരിട്ടല്ല പണം സ്വീകരിക്കുക. വരന്റേയോ വധുവിന്റേയോ അല്ലെങ്കിൽ ഗൃഹപ്രവേശം നടത്തുന്നവരുടേയോ വീട്ടുകാർ ഏത് പാർട്ടിയിൽപ്പെട്ടവരാണോ ആ പാർട്ടിയുടെ പ്രാദേശിക നേതാക്കളാണ് വീട്ടുകാർക്കു വേണ്ടി പണം ശേഖരിക്കുവാനുള്ള സജ്ജീകരണവുമായി ഇരിക്കുക. മുന്നിൽ വെക്കുന്ന ഒരു മേശപ്പുറത്ത് വിളക്ക് തെളിച്ചിട്ടുണ്ടാകും. അതിനൊപ്പം ഒരു തളികയും. സിപിഐ.(എം.) കാരാണെങ്കിൽ ബ്രാഞ്ച് സെക്രട്ടറിയോ അയാൾ നിയോഗിക്കുന്നയാളോ ആണ് അവിടെ ഇരിക്കുക. കോൺഗ്രസ്സ് , ബിജെപി. കക്ഷികളാണെങ്കിൽ അവർ നിയോഗിക്കുന്നവരും ഇത്തരം ധനശേഖരണത്തിന് നേതൃത്വം നൽകും. പ്രത്യേക പാർട്ടിയില്ലാത്തവർ പ്രദേശത്തെ അറിയപ്പെടുന്നവരെ തന്നെ പണം സ്വരൂപിക്കാനിരുത്തും.

നോട്ട് അസാധുവാക്കലിൽ കല്ല്യാണ സീസണായതോടെ ഈ രംഗം ആകെ പ്രശ്നത്തിലാണ്. 250 തോ 300 രൂപ ഇത്തരം ആവശ്യങ്ങൾക്കു വേണ്ടി കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ചില്ലറ പോലും ലഭിക്കുന്നില്ല. അതിനാൽ ചിലർ 500 രൂപയുടെ പഴയ നോട്ട് കൊടുത്താണ് കാര്യം നടത്തുന്നത്. ഇത് പ്രതീക്ഷിക്കാത്ത നഷ്ടമാണ് കൊടുക്കുന്നയാൾക്ക് ഉണ്ടാകുന്നത്. എന്നാൽ ചില വിരുതന്മാർ പണം നൽകാതെ സദ്യ കഴിച്ച് മുങ്ങുന്നുമുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.

പാനൂർ, വടകര ഭാഗത്തെ കുറിപ്പയറ്റിൽ ആർക്കും പണം കൊടുക്കാതെ ഒഴിവാകാനാവില്ല. ആരും ഒഴിവാകാറുമില്ല. കാലാക്കാലമായി അവിടത്തെ ജനങ്ങൾ ഇത് അംഗീകരിക്കുന്നു. വിവാഹം , ഗൃഹപ്രവേശം, ഗൃഹ നിർമ്മാണം, കച്ചവട വിപുലീകരണം, കടം വീട്ടൽ എന്നിവക്കെല്ലാം ഈ മേഖലയിൽ ജാതി മത ഭേദമില്ലാതെ കുറിപ്പയറ്റ് നടത്താറുമുണ്ട്. ഇത് ന•യുള്ള ഒരു സമൂഹിക വ്യവസ്ഥിതിയാണെന്നും അന്യന്റെ ദുരിതത്തിൽ എല്ലാവരും പങ്കാളികളാകുന്ന അവസ്ഥയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും പ്രൊഫ. ടി. പ്രവീണ പറയുന്നു.

കുറിപ്പയറ്റിലാണെങ്കിലും കണ്ണൂരിലെ വിവാഹ -ഗൃഹ പ്രവേശന ചടങ്ങിലാണെങ്കിലും ഓരോരുത്തരും നൽകുന്ന തുക നൽകുന്നയാളുടെ പേരെഴുതി പുസ്തകത്തിൽ രേഖപ്പെടുത്തി വെയ്ക്കും. കുറിപ്പയറ്റുള്ള മേഖലകളിൽ ഒരാൾ എത്രയാണോ പണം നൽകിത് അയാൾക്ക് തിരിച്ചുനല്കുമ്പോൾ ഇന്നത്തെ വ്യവസ്ഥയനുസരിച്ച് 50 രൂപയെങ്കിലും കൂടുതലായി നൽകണം. ഇത് അംഗീകരിക്കപ്പെട്ട വ്യവസ്ഥയാണ്. പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട ആളുടെ പേര് നോക്കി അയാൾ എത്രയാണ് തനിക്ക് തന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വർദ്ധന. എന്നാൽ കണ്ണൂരിലെ ചടങ്ങുകളിൽ ഇത്തരം വ്യവസ്ഥകളില്ല.

കഴിവനുസരിച്ച് നൽകിയാൽ മതി. ഇപ്പോൾ ശരാശരി കണ്ണൂരിലെ ചടങ്ങുകളിൽ നൽകുന്നത് 250 മുതൽ 500 രൂപ വരെയാണ്. നോട്ട് നിരോധനം വന്നതോടെ ചിലർ പഴയ 500 രൂപ നൽകുന്നു. എന്നാൽ അതിനു താഴെ 250 രൂപ കൊടുക്കേണ്ടവർ ആകെ കുടുങ്ങുകയാണ്. ചില്ലറ കിട്ടാനുമില്ല. പഴയ നോട്ടും മാർക്കറ്റിൽ നിന്ന് പൂർണ്ണമായും ഒഴിവായതോടെ ഇത്തരം വിവാഹമുൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റി വെക്കപ്പെടുകയാണെന്ന് സിപിഐ.(എം )എളയാവൂർ ലോക്കൽ സെക്രട്ടറി സി.വിനോദ് പറയുന്നു.

സദ്യ കഴിഞ്ഞ് പണം കവറിലാക്കി നൽകാൻ എത്തിയ ആളുകൾ 2000 രൂപയുടെ പുതിയ നോട്ട് നൽകി ബാക്കി ആവശ്യപ്പെടുന്ന സംഭവം കൂടിയുണ്ടാകുന്നുണ്ട്. കല്യാണവീട്ടിൽ നിന്നും 250 രൂപയെടുത്ത് ബാക്കി നൽകാനാവാത്തതിനാൽ നാല് പേർ ചേർന്ന് 2000 ന്റെ ഒറ്റ നോട്ട് നൽകുന്ന പതിവും നടക്കുന്നുണ്ട്. നോട്ട് നിരോധനം ഇത്തരം ചടങ്ങുകൾക്ക് മങ്ങലേൽപ്പിച്ചതായി കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റി സെക്രട്ടറി സി. സന്തോഷ് കുമാറും പറയുന്നു. കല്ല്യാണ വീട്ടിൽ ധനശേഖരണത്തിനായി ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ് നോട്ട് നിരോധനം മൂലം ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP